ജനാലയിൽ ഗ്ലാസ്സിന് പകരം സുതാര്യമായ മരപ്പാളികൾ ആയാലോ? സമീപഭാവിയിൽ ഇത്തരം അതിശയങ്ങൾ പ്രതീക്ഷിക്കാമെന്ന് പഠനങ്ങൾ. മരങ്ങളുടെ താപചാലകത വളരെ കുറവായതുകൊണ്ട് ഇവ കെട്ടിടങ്ങളിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം ഗ്ലാസ്സുകൾ വെളിച്ചത്താടൊപ്പം താപത്തെയും കടത്തിവിടുന്നു. മരങ്ങളെ സുതാര്യമാക്കാൻ വളരെ ലളിതമായ ഒരു ആശയം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. മരത്തിന്റെ നിർമ്മാണ ഘടകങ്ങളായ സെല്ലുലോസും ലിഗ്നിനും ആണ് സുതാര്യതയെ തടസ്സപ്പെടുത്തുന്നത്, ലിഗ്നിൻ പ്രകാശത്തെ ആഗിരണം ചെയ്യുകയും അവയിലെ ക്രോമോഫോറുകളുടെ സാന്നിധ്യം മരത്തിനു തവിട്ടുനിറം പ്രധാനം ചെയ്യുകയും ചെയ്യുന്നു. സെല്ലുലോസ് അടങ്ങിയ തടിയിലെ നാരുകൾ ഹോളോ ട്യൂബ് ഘടനയിലാണ് കാണപ്പെടുന്നത്. ഇവയിൽ തട്ടി പ്രകാശവിസരണം സംഭവിക്കുകവഴിയും സുതാര്യതയ്ക്കു ഭംഗം വരുന്നു.
എളുപ്പത്തിൽ ലഭ്യമായ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് കോമോഫോറുകളുടെ ഘടനയിൽ മാറ്റം വരുത്തുമ്പോൾ അവയ്ക്ക് പ്രകാശത്തെ ആഗിരണം ചെയ്യാനോ തടികൾക്കു തവി ട്ടുനിറം പകരാനോ സാധിക്കുന്നില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഹൈഡ്രജൻ പെറോക്സൈഡ് തേച്ചു പിടിപ്പിച്ച മരത്തിൽ പ്രകാശം പതിക്കുമ്പോൾ മരത്തിന്റെ നിറം തവിട്ടിൽ നിന്ന് വെള്ളയിലേക്ക് മാറുന്നു. ഇതേ രാസപ്രക്രിയ ആണ് തടിയുടെ പൾപ്പിനെ ബ്ലീച് ചെയ്ത് പേപ്പർ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. ഇതിനു പുറമെ സെല്ലുലോസ് നാരുകളിൽ തട്ടിയുള്ള വിസരണം ഒഴിവാക്കാൻ ഈ ട്യൂബുകളിൽ റെസിൻ നിറയ്ക്കുക വഴി മരത്തിന്റെ സുതാര്യത കൂട്ടാൻ കഴിയുന്നു. ഈ ആശയം മരത്തിന്റെ വലിയ പാളികളിലേക്കും പ്രയോഗിക്കാൻ കഴിയും, ഇത്തരത്തിൽ ഗ്ലാസ്സിന് പകരം സമീപ ഭാവിയിൽ ജനലുകളിലും കെട്ടിടങ്ങളിലും സുതാര്യമായ മരങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
എഴുത്ത് : ഡോ.ദീപ കെ.ജി.
അധികവായനയ്ക്ക്
- Transparent wood is coming, and it could make an energy-efficient alternative to glass
- Solar-assisted fabrication of large-scale, patternable transparent wood
- Transparent wood for functional and structural applications
- New horizons for cellulose nanotechnology