Read Time:39 Minute

മനുഷ്യവംശം ഒരു ആഗോളപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുപക്ഷെ നമ്മുടെ തലമുറ നേരിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയതാണിത്. വരാനിരിക്കുന്ന ആഴ്ചകളില്‍ വ്യക്തികളും സര്‍ക്കാരുകളും എടുക്കുന്ന തീരുമാനങ്ങളായിരിക്കും വരും വര്‍ഷങ്ങളില്‍ ലോകഗതിയെ നിര്‍ണയിക്കുക. ആരോഗ്യസംവിധാനങ്ങള്‍ മാത്രമല്ല നമ്മുടെ സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ഇപ്രകാരം പുനര്‍നിര്‍ണയം ചെയ്യപ്പെട്ടേക്കാം. സത്വരവും ഖണ്ഡിതവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട  സമയമാണ്. അത്തരം തീരുമാനങ്ങളുടെ ദൂരവ്യാപകഫലങ്ങള്‍ കൂടി മുന്‍കൂട്ടി കഴിയണമെന്ന് മാത്രം. വിവിധ ഗത്യന്തരങ്ങളില്‍ ഒന്നു തെരഞ്ഞെടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകും. തല്‍ക്കാലം മുമ്പിലുളള പ്രശ്നം പരിഹരിച്ചാല്‍ മാത്രം പോരാ, ഈ കൊടുങ്കാറ്റടങ്ങുമ്പോള്‍ ഏതുതരം ലോകമായിരിക്കും നമുക്ക് മുന്നിലവശേഷിക്കുക എന്ന ചോദ്യം സ്വയം ചോദിക്കുക കൂടി ചെയ്യണം.

തീര്‍ച്ചയായും ഈ കൊടുങ്കാറ്റ് ശമിക്കും. മനുഷ്യര്‍ ഈ പ്രതിസന്ധിയേയും അതിജീവിക്കും. നമ്മില്‍ ബഹുഭൂരിപക്ഷം പേരും അന്നും ജീവനോടെ ഉണ്ടാവുകയും ചെയ്യും. പക്ഷെ നാം അന്നു വസിക്കുന്ന ലോകം  ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കും.

ഹ്രസ്യകാലത്തേയ്ക്ക്  സ്വീകരിക്കുന്ന അടിയന്തിര നടപടികള്‍ പലതും പിന്നീട് ജീവിതത്തില്‍ സ്ഥാവരയാഥാര്‍ത്ഥ്യങ്ങളായി  മാറാറുണ്ട്. അടിയന്തിരാവസ്ഥകളുടെ പൊതുപ്രകൃതമാണത്. ചരിത്ര പ്രക്രിയകളെ അത് അതിവേഗം മുന്നോട്ടടിക്കും. സാധാരണഗതിയില്‍ നിരവധി വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം കൈക്കൊളളുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍ക്കൊണ്ട് എടുക്കേണ്ടിവന്നേക്കാം. പൂര്‍ണരൂപത്തില്‍ വികസിച്ചിട്ടില്ലാത്തതും താരതമ്യേന അപകടകരവുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ട അവസ്ഥ വന്നു എന്നും വരാം. കാരണം ഒന്നും ചെയ്യാതിരിക്കുന്നത് ഇതിലും വലിയ അപകടങ്ങളിലേയ്ക്ക് വഴിവെച്ചേക്കാം. എന്നിരിക്കെ മറ്റെന്ത് പോംവഴി? ലോകരാഷ്ട്രങ്ങള്‍ വമ്പിച്ച തോതിലുളള സാമൂഹികപരീക്ഷണങ്ങള്‍ക്കുളള ഗിനിപ്പന്നികളായി മാറുന്ന അവസ്ഥയാണുണ്ടാവുന്നത്. എല്ലാവരും വീട്ടിലിരിക്കുകയും അകലം പാലിച്ചുകൊണ്ട് ആശയവിനിമയം നടത്തുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കും? സ്കൂളുകളിലും സര്‍വ്വകലാശാലകളിലും ഓണ്‍ലൈന്‍ അദ്ധ്യയനം മാത്രമായാല്‍ എന്തുണ്ടാകും? സാധാരണഗതിയില്‍ സര്‍ക്കാരുകളും വ്യാപാരവ്യവസായ ലോകവും വിദ്യാഭ്യാസ അധികാരികാരികളുമൊത്ത് ഇത്തരം പരീക്ഷണങ്ങള്‍ സമ്മതിച്ചു തരില്ല .പക്ഷെ, ഇത് സാധാരണ സമയമല്ലല്ലോ.

ഈ പ്രതിസന്ധിഘട്ടത്തില്‍ നാം രണ്ട് സുപ്രധാന തിരെഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നുണ്ട്. ആദ്യത്തേത് സര്‍വ്വാധിപത്യത്തിന്റെ നീരിക്ഷണം, പൗരശാക്തീകരണം എന്നിവയിലേത് എന്നതു സംബന്ധിച്ചാണ്. രണ്ടാമത്തേതില്‍ ദേശീയമായ ഒറ്റപ്പെടലോ,  സാര്‍വദേശീയ സഹാനുഭവമോ എന്നതിലൊന്നും തിരഞ്ഞെടുക്കാം.

നിരീക്ഷണം എന്ന യാഥാര്‍ഥ്യം

‌ഈ പകര്‍ച്ച വ്യാധിയെ തടഞ്ഞുനിര്‍ത്താന്‍ എല്ലാവരും ചില നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. രണ്ടു വിധത്തില്‍ ഇത് സാധിതമാകും. സര്‍ക്കാര്‍ ജനങ്ങളെ നീരിക്ഷിക്കുകയും നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നതാണ് ഒന്ന്. മനുഷ്യചരിത്രത്തില്‍ മുമ്പൊരിക്കലും സാധിച്ചിട്ടില്ലാത്ത വിധം എല്ലാവരേയും എല്ലാ സമയവും നിരീക്ഷിക്കുന്നതാകുന്ന സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. അമ്പതുവര്‍ഷം മുന്‍പ്  റഷ്യന്‍ ചാരസംഘടനയാന കെ.ജി ബിക്ക്  240 കോടി സോവിയറ്റ് പൗരന്മാരെ 24 മണിക്കൂറിലും നീരിക്ഷിക്കുക എന്നത് അസാധ്യമായിരിക്കുന്നു. കിട്ടിയ നിരീക്ഷണ ഫലങ്ങളെ ഫലപ്രദമായി അപഗ്രഥിക്കാനും കെ.ജി.ബി.അശക്തമായിരുന്നു. കാരണം കെ.ജി.ബി യ്ക്ക് ആശ്രയിക്കാനുണ്ടായിരുന്നത് മനുഷ്യരെ മാത്രമായിരുന്നു. ഓരോ പൗരന്റേയും പുറകേ ഓരോ ഏജന്റിനെ വീതം അയക്കാനൊവില്ലല്ലോ. എന്നാല്‍ ഇന്നത്തെ സര്‍ക്കാരുകള്‍ സര്‍വ്വവ്യാപികളായ സെന്‍സറുകളും ശക്തമായ അല്‍ഗോരിതങ്ങളുമാണുപയോഗിക്കുന്നത്. മജ്ജയും മാംസവുമുളള ചാരന്മാരെയല്ല. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ ഇതിനകം തന്നെ പല സര്‍ക്കാരുകളും ഇത്തരം അത്യാധുനിക നിരീക്ഷണോപരണങ്ങള്‍ പ്രയോഗിച്ചു തുടങ്ങി. ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം ചൈനയുടേതു തന്നെ. ജനങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെ സൂക്ഷമമായീ നിരീക്ഷിച്ചു. ലക്ഷക്കണക്കിനു ക്യാമറകളെ ആശ്രയിച്ചും ശരീരോഷ്മാവും ശാരീരികാവസ്ഥയും കൃത്യമായി അധികാരികള്‍ക്ക് നിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ചൈനയ്ക്കു കഴിഞ്ഞു. ഇങ്ങനെ കൊറോണ വൈറസ് ബാധിതരെ വളരെ വേഗത്തില്‍ കണ്ടെത്താനായി എന്നുമാത്രമല്ല അവരുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും സാധിക്കുകയും ചെയ്തു. രോഗബാധിരരുമായുളള ശാരീരിക അകലം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്ന ഒട്ടനവധി മൊബൈല്‍ ആപ്പുകളും പ്രചാരത്തിലായി. ഇത്തരം സാങ്കേതിക വിദ്യകള്‍ കിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല കാണാവുന്നത്. സാധാരണഗതിയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഉപയോഗിക്കാറുളള നിരീക്ഷണ സാങ്കേതിക വിദ്യകള്‍ കൊറോണ വൈറസ് രോഗികളെ കണ്ടെത്താനായി ഉപയോഗിക്കാന്‍ ഇസ്രയേലി സെക്യൂരിറ്റി ഏജന്‍സിയിക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു അടിയന്തിര ഉത്തരവിലൂടെ അധികാരം നല്‍കുകയുണ്ടായി.

ഇതിലൊന്നും വലിയ പുതുമയില്ലെന്ന് നിങ്ങള്‍ വാദിച്ചേക്കാം. കാരണം അടുത്തകാലത്തായി വൃക്തികളെ നീരിക്ഷിക്കാനും അവരെ പലവിധത്തില്‍ സ്വാധീനിക്കാനുമായി സര്‍ക്കാരുകളും കോര്‍പ്പറേഷനുകളും അങ്ങേയറ്റം പരിഷ്കൃതമായ സാങ്കേതിക വിദ്യകള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇത് ശരിയാണെന്നിരിക്കിലും നാം ജാഗരുകരായിരുന്നില്ലെങ്കില്‍  ഈ മഹാമാരിക്കാലം ജനതാ നിരീക്ഷണത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച സമയമായി കണക്കാക്കപ്പെടും.  ഇത്രകാലവും വലിയതോതില്‍ ജനങ്ങളെ നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ കൈക്കൊളളാതിരുന്ന രാജ്യങ്ങളില്‍ അതുപയോഗിക്കുന്നത് സര്‍വ്വസാധാരണമായി തീരും എന്നതാണ് ഒരു കാരണം. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായത് ഇക്കാലമത്രയും വളരെ ഉപരിപ്ലവമായിരുന്ന നിരീക്ഷണ സമ്പ്രദായം ഒരു അവശ്യനടപടിയായി, യാഥാര്‍ത്ഥ്യമായി നാടകീയമായി മാറും എന്നതാണ്.

ഇതുവരെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിങ്ങളുടെ വിരല്‍ അമര്‍ത്തുമ്പോള്‍ എന്താണ് നിങ്ങള്‍ തുറക്കുന്നത് അല്ലെങ്കില്‍ തിരയുന്നത് എന്നുമാത്രമേ സര്‍ക്കാര്‍ ശ്രദ്ധിക്കാറുളളൂ. എന്നാല്‍ കൊറോണ വൈറസിന്റെ സ്വപ്നത്തോടെ,താല്‍പ്പര്യങ്ങള്‍ മാറുകയായി.ഇപ്പോള്‍ നിങ്ങളുടെ വിരലുകളുടെ താപനിലയും രക്തസമ്മര്‍ദ്ദവും വരെ അറിയാന്‍ അധികാരികള്‍ക്കും ഔത്സുക്യമുണ്ട്.

അടിയന്തിരാവസ്ഥ എന്ന പുഡ്ഡിംഗ്

നിരീക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നാം എവിടെ നില്‍ക്കുന്നു എന്നത് നമുക്ക് വലിയ ധാരണയൊന്നുമില്ല. ഇതിനു കാരണം എങ്ങനെയാണ് നാം നിരീക്ഷിക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചോ വരുംവര്‍ഷങ്ങളില്‍ നിരീക്ഷണ രീതികള്‍ എന്തായിത്തീരും എന്നതു സംബന്ധിച്ചോ നമുക്ക് ആര്‍ക്കും ഒരു അറിവും ഇല്ല എന്നതുതന്നെയാണ്. നിരീക്ഷണ സാങ്കേതിക വിദ്യ ശരവേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. കേവലം പത്ത് വര്‍ഷം മുന്‍പ് സയന്‍സ് ഫിക്ഷന്‍ എന്നു വിസ്മയിച്ചിരുന്ന കാര്യങ്ങള്‍ ഇന്ന് പഴങ്കഥകളായി മാറി. ഒരു സാങ്കല്‍പ്പിക സാഹചര്യത്തിലൂടെ ഇത് വ്യക്തമാക്കാം. എല്ലാ പൗരന്മാരും അവരുടെ ഹൃദയമിടിപ്പിന്റെ നിരക്കും ശരീരോഷ്മാവും ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കുന്ന ഒരു ബയോമെട്രിക് കൈവള ധരിക്കണമെന്ന് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ.  കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ തങ്ങളുടേതായ അല്‍ഗോരിതങ്ങളിലൂടെ അപഗ്രഥിക്കും. നിങ്ങള്‍ അറിയുന്നതിനു മുമ്പുതന്നെ നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടോ എന്ന് അവര്‍ കണ്ടെത്തും. നിങ്ങള്‍ ആരെയെല്ലാം കണ്ടു , എവിടെയെല്ലാം പോയി എന്നെല്ലാമുളള വിവരങ്ങള്‍ നൊടിയിടയില്‍ സര്‍ക്കാര്‍  മനസ്സിലാക്കും. ഇതിലൂടെ രോഗവ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാന്‍ അനായാസമായി സാധിക്കും. ദിവസങ്ങള്‍ക്കുളളില്‍ പകര്‍ച്ചവ്യാധി തീര്‍ത്തും നിയന്ത്രണാധീതമാവുകയും ചെയ്യും. ഗംഭീരമായിരിക്കും അല്ലേ?

ഇതിനൊരു മറുപുറമുണ്ട്. ഭീകരമായ മാനങ്ങളുളള നിരീക്ഷണ സമ്പ്രദായത്തിന് സമ്മതിയും മാന്യതയും ലഭിക്കും എന്നതാണ് ഇതില്‍ പ്രധാനം. ഞാന്‍ ഫോക്സ് ന്യൂസാണോ സി.എന്‍.എന്‍ ആണോ കാണാന്‍ തെരഞ്ഞെടുക്കുന്നത് എന്നതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വിവരം ലഭിച്ചാല്‍, എന്റെ രാഷ്ട്രീയവീക്ഷണത്തെ സംബന്ധിച്ചും എന്റെ വ്യക്തിത്വത്തെ സംബന്ധിച്ചും ചില ഉള്‍ക്കാഴ്ചകള്‍ നിങ്ങള്‍ക്കു ലഭിക്കും. ഞാന്‍ വീഡിയോകള്‍ കണ്ടുക്കൊണ്ടിരിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പിന്റേയും ശാരീരികോഷ്മാവിന്റേയും രക്തസമ്മര്‍ദ്ധത്തിന്റേയും നിരക്കുകള്‍ നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ എന്നെ ചിരിപ്പിക്കുന്നതും കരയിക്കുന്നതും കോപാകുലനാക്കുന്നതും എന്തെല്ലാം തരം ദൃശങ്ങളാണ് അല്ലെങ്കില്‍ വിവരങ്ങളാണെന്ന അറിവും നിങ്ങള്‍ക്കും കിട്ടും.

പനിയും ചുമയും പോലുളള ജീവശാസ്ത്രപരമായ പ്രതിഭാസങ്ങളാണ് കോപവും സ്നേഹവും സന്തോഷവും വിരസതയുമെല്ലാം എന്നു മനസിലാക്കുന്നത്  പ്രധാനമാണ്. ചുമ കണ്ടുപിടിക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിരിയും കണ്ടെത്താനാവും. മനുഷ്യരുടെ ബയോമെട്രിക് വിവരങ്ങള്‍ വമ്പിച്ച തോതില്‍ ശേഖരിക്കാന്‍ സര്‍ക്കാരുകള്‍ക്കുംകോര്‍പ്പറേഷനുകള്‍ക്കും കഴിഞ്ഞാല്‍ പിന്നെ, നമ്മുടെ വികാരവിചാരങ്ങള്‍ പ്രവചിക്കാന്‍ മാത്രമല്ല അവയെ തങ്ങള്‍ക്കിഷ്ടമുളള വിധത്തില്‍ കൈകാര്യം ചെയ്യാനും അനായാസമായി സാധിക്കും. നമ്മെ നമുക്കറിയുന്നതിനേക്കാള്‍ കൃത്യമായി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും. പിന്നെ അവര്‍ക്കിഷ്ടപ്പെട്ട സാധനങ്ങള്‍ അതൊരു ഉല്‍പ്പന്നമാവാം, രാഷ്ട്രീയക്കാരനാവാം നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുക അവര്‍ക്ക് നിഷ്പ്രയാസമായിരിക്കും. ബയോമെട്രിക് നിരീക്ഷണ വിദ്യയുടെ മുന്നില്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഹാക്കിംഗ് തന്ത്രങ്ങള്‍ ശിലായുഗകാലത്തിലേതാണ്. എല്ലാ പൗരന്മാരും ബയോമെട്രിക് കൈവളകള്‍ ഇരുപത്തിനാല് മണിക്കൂറും ധരിക്കണമെന്ന ഒരു നിബന്ധന വടക്കന്‍ കൊറിയയില്‍ 2030 ല്‍ പ്രാബല്യത്തില്‍ വരുന്നുവെന്ന് സങ്കല്‍പ്പിക്കുക. ഒരു നേതാവിന്റെ പ്രസംഗം കേട്ടുക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ കോപിഷ്ഠനായതിന്റെ വൃക്തമായ തെളിവുകള്‍ ബയോമെട്രിക് സംവിധാനം പിടിച്ചെടുത്താല്‍ അതോടെ നങ്ങളുടെ കഥ കഴിഞ്ഞതു തന്നെ. ഒരു അടിയന്തിര ഘട്ടത്തില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണ് ബയോമെട്രിക് നിരീക്ഷണമെന്നും നിങ്ങള്‍ വാദിക്കുമായിരിക്കും. എന്നാല്‍ അടിയന്തിരാവസ്ഥ കഴിഞ്ഞാലും നില തുടരുക എന്നൊരു ചീത്ത സ്വഭാവമുണ്ട് താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക്; പ്രത്യേകിച്ച് മറ്റൊരു അടിയന്തിരാവസ്ഥ തിരനോട്ടം നടത്തിത്തുടങ്ങിയെങ്കില്‍. 1948ല്‍ സ്വാതന്ത്രത്തിനുവേണ്ടിയുളള യുദ്ധം നടന്നുക്കൊണ്ടിരിക്കെ, എന്റെ രാജ്യമായ ഇസ്രായേലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. പത്രസ്വാതന്ത്രത്തിനുമേലുളള നിയന്ത്രണവും ഭൂമിപിടിച്ചെടുക്കലും തൊട്ട് പുഡ്ഡിംഗ് (ഒരു മധുര പലഹാരം) ഉണ്ടാക്കാനുളള പ്രത്യേക ചട്ടങ്ങള്‍ (ഞാന്‍ കളി പറയുകയല്ല) വരെ ഇതിന്റെ നിലവില്‍വന്നു. സ്വാതന്ത്ര്യം നേടിയിട്ട് എത്രയോ കാലമായി. എന്നാല്‍ അടിയന്തിരാവസ്ഥ ഇതുവരെ പിന്‍വലിച്ചിട്ടില്ലാ. അക്കാലത്തെ പല ”താല്‍ക്കാലിക” നിയന്ത്രണങ്ങളും ഇന്നും അതേപടി തുടരുന്നു.(‘പുഡ്ഡിംഗ്’ നിയമം എന്തായാലും 2011ല്‍ പിന്‍വലിച്ചു).

കൊറോണ വൈറസ് ബാധ നിശ്ലേഷം ഇല്ലാതായാലും ചില ഭരണകൂടങ്ങളെങ്കിലും ബയോമെട്രിക് നിരീക്ഷണ സമ്പ്രദായം തുടരാന്‍ സാധ്യതയുണ്ട്. അതിനു പല കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിച്ചേക്കും. കൊറോണ വ്യാപനത്തിന്റെ ഒരു രണ്ടാം വരവ് ഉണ്ടായേക്കുമെന്നോ, മദ്ധ്യ ആഫ്രിക്കയില്‍ പുതിയ എബോള രോഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നോ. ഇതൊന്നുമല്ലെങ്കില്‍ വേറെന്തെങ്കിലും. സംഗതി മനസ്സിലായല്ലോ. കഴിഞ്ഞ കുറച്ചുകാലമായി ഉഗ്രമായി നടന്നുക്കൊണ്ടിരിക്കുന്ന സ്വകാര്യതയ്ക്കുമേലുളള വലിയ യുദ്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവാകാം കൊറോണ വൈറസ് പ്രതിസന്ധി. കാരണം സ്വകാര്യത വേണോ ആരോഗ്യം വേണോ എന്ന് ചോദിച്ചാല്‍ ആരോഗ്യം മതിയെന്നേ ആരും പറയൂ.

സോപ്പ് പോലീസ്

സ്വാകര്യത വേണോ ജീവന്‍ വേണോ എന്ന ചോദ്യം തന്നെയാണ് അടിസ്ഥാന പ്രശ്നം. ഏതെങ്കിലും ഒന്ന് എന്ന തെരഞ്ഞെടുപ്പിന്റെ  പ്രശ്നം ഉദിക്കുന്നതേയില്ലാ. സ്വകാര്യതയും ആരോഗ്യവും ഒരേ സമയം ആസ്വദിക്കാന്‍ നമുക്ക് കഴിയും, കഴിയണം. സര്‍വ്വാധിപത്യത്തിന്റെ നിരീക്ഷണരാജിനു പകരം പൗരസമൂഹത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കൊറോണ വ്യാപനത്തിന് തടയിടാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും നമുക്ക് കഴിയണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ദിശയിലുളള ശ്രമങ്ങള്‍ തായ്വാന്‍ ,ദക്ഷിണകൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വിജയം കാണുന്നതായി നാം കേള്‍ക്കുന്നു. രോഗികളെ കണ്ടെത്താനായുളള ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ വ്യാപകമായ രോഗനിര്‍ണയ പരിശോധനകള്‍, സത്യസന്ധമായ വിവരം നല്‍കല്‍, പ്രബുദ്ധരായ ജനങ്ങളുടെ സമ്പൂര്‍ണ സഹകരണം എന്നിവയായിയുന്നു ഈ രാജ്യങ്ങളുടെ തുറിപ്പുചീട്ടുകള്‍. വളരെ കേന്ദ്രീകൃതമായ നിരീക്ഷണ സമ്പ്രദായവും കര്‍ശനമായ ശിക്ഷാമുറകളും കൊണ്ടു മാത്രമേ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവൂ എന്ന ചിന്ത തെറ്റാണ്. ജനങ്ങള്‍ക്ക് വിശ്വാസമുളള ഭരണാധികാരികള്‍ അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ വസ്തുതകള്‍ ശാസ്ത്രീയമായി വിശദീകരിക്കുമ്പോള്‍ അവര്‍ അത് യഥാവിധി  അനുസരിച്ചുക്കൊളളും. അവരെന്തു ചെയ്യുന്നുവെന്ന് വീക്ഷിക്കാന്‍ ഒരു വല്യേട്ടന്‍(Big Brother 1984 എന്ന നോവലിലെ എല്ലാം നിരീക്ഷിക്കുന്ന സര്‍വ്വാധിപതി -വിവ) ആവശ്യം അപ്പോള്‍ ഉദിക്കുന്നതേയില്ലാ.

വസ്തുതകള്‍ ശരിയായി ഗ്രഹിച്ചവരും സ്വയം പ്രചോദിപ്പിക്കപ്പെട്ടവരുമായ ഒരു ജനതയാണ് അഞ്ജരും ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കപ്പെടുന്നവരുമായ ജനതയേക്കാള്‍ ശക്തരും കാര്യശേഷിയുളളവരും ആയിരിക്കുക.

കൈകള്‍ സോപ്പിട്ടുകഴുകുന്ന കാര്യമെടുക്കുക. മനുഷ്യന്റെ ശുചിത്വരംഗത്തെ ഏറ്റവും വലിയ കാല്‍വെയപ്പാണിതെന്ന് നിസംശയം പറയാം. ഈയൊരു ലളിതമായ പ്രവ്യത്തി ഓരോ വര്‍ഷം ലക്ഷക്കണക്കിനു ജീവനാണ് രക്ഷിക്കുന്നത്. ഇത് പണ്ടേതുടര്‍ന്നുവന്നിരുന്ന ഒരു ശീലമായാണ് നാം കാണുന്നതെങ്കിലും സത്യത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇത് പ്രചാരത്തിലായത്. കൈ സോപ്പുപയോഗിച്ച് കഴുകുന്നതിന്റെ പ്രാധാന്യം ശാസ്ത്രഞ്ജര്‍ മനസിലാക്കിയത് അപ്പോഴാണ്. അതിനുമുന്‍പ് ശാസ്ത്രക്രിയ ചെയ്തിരുന്ന ഡോക്ടര്‍മാര്‍ പോലും കൈക്കഴുകാതെയാണ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തതിലേയ്ക്ക് പോയിരുന്നത്. ഇന്ന് കോടിക്കണക്കിനാളുകള്‍ ദിവസേന കൈ സോപ്പിട്ട് കഴുകുന്നുണ്ട്. പോലീസിനെ പേടിച്ചല്ല, മറിച്ച് അതിന്റെ പ്രാധാന്യം മനസിലാകുന്നത്കൊണ്ട്. രോഗകാരണങ്ങളായ വൈറസുകളും ബാക്ടീരിയകളും പോലുളള സൂക്ഷ്മജീവികളെ കഴുകിക്കളയാന്‍ സോപ്പിനു കഴിയും എന്നതുകൊണ്ട് ഞാനും എന്റെ കൈകള്‍ സോപ്പിട്ട് കഴുകുന്നു. ഇത്തരത്തിലുളള അനുസരണയും സഹകരണവും ഉറപ്പുവരുത്താന്‍ വിശ്വാസം ആവശ്യമാണ്. ശാസ്ത്രത്തെ, ഭരണകൂടങ്ങളെ മാധ്യമങ്ങളെ വിശ്വസിക്കുമ്പോഴാണ് ജനം ഇതിനെല്ലാം തയ്യാറാവുക.

ജനങ്ങള്‍ക്ക് ശാസ്ത്രത്തിലും, ഭരണക്കൂടങ്ങളിലും, മാധ്യമങ്ങളിലുമുളള വിശ്വാസത്തെ സമീപകാലത്തായി നിരുത്തരവാദികളായ രാഷ്ട്രീയക്കാര്‍ തന്നെ, ജനങ്ങള്‍ സ്വയമേവ എല്ലാം നന്നായി ചെയ്തു കൊളളുമെന്ന് വിശ്വാസിക്കാനാവില്ലെന്നു വാദിച്ചുകൊണ്ട് സര്‍വ്യാധിപത്യത്തിലേക്കു നീങ്ങാന്‍ കോപ്പുകൂട്ടുന്നു.

വര്‍ഷങ്ങളായി നശിച്ചുകൊണ്ടിരിക്കുന്ന വിശ്വാസം ഒരു രാത്രി കൊണ്ട് തിരിച്ചുപിടിക്കുക എന്നത് സാധാരണ നിലയില്‍ അസാധ്യമാണ്. പക്ഷെ ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്നത് സാധാരണ നിലയല്ലല്ലോ. പ്രതിസന്ധിഘട്ടത്തില്‍ പെട്ടെന്നുളള മനോഭാവമാറ്റം സാധ്യമാണ്. സഹോദരങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും വക്കാണവും പതിവാണെങ്കിലും ഒരു അടിയന്തിര സന്ദര്‍ഭം ഉദയം കൊളളുമ്പോള്‍ പരസ്പരം സഹായിക്കാനായി ഓടിയെത്തുന്നതും അതുവരെ കാണാത്ത പരസ്പരവിശ്വാസവും ചങ്ങാത്തവുമെല്ലാം പ്രത്യക്ഷമാവുന്നതും നാം കാണാറില്ലേ ? ഇപ്പോഴും സമയമൊട്ടും വൈകിയിട്ടില്ലാ. ഒരു നിരീക്ഷണ ഭരണക്രമത്തിനു പകരം ജനങ്ങള്‍ക്ക് ശാസ്ത്രത്തിലും ഭരണകൂടങ്ങളിലും മാധ്യമങ്ങളിലുമുളള വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇനിയും ശ്രമം തുടരാവുന്നതേയുളളൂ. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും നമുക്ക് കഴിയണം. പക്ഷെ അത് ജനങ്ങളെ ശക്തിപ്പെടുത്താനായിരിക്കണമെന്നു മാത്രം. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുക്കൊണ്ട് എന്റെ ശരീതോഷ്മാവും രക്തസമ്മര്‍ദ്ധവും അളക്കുന്നതിനോട് ഞാന്‍ എതിരല്ല. പക്ഷെ ഈ വിവരം കൈവശമാക്കി ഭരണകൂടം അതിന്റെ ശക്തിയും സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുകയില്ല. ഈ വിവരങ്ങള്‍ വൃക്തിഗതമായ തീരുമാനങ്ങള്‍ എടുക്കാനാവശ്യമായ പ്രബുദ്ധത നേടാന്‍ എനിയ്ക്ക് സഹായമായിരിക്കേണ്ടവയാണ്, സര്‍ക്കാര്‍ ഉത്തരവാദിത്തപൂര്‍ണമായ നടപടികള്‍ കൈക്കൊളളാനും ഈ വിവരങ്ങള്‍ സഹായകമാകണം.

എന്റെ ആരോഗ്യനില ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ എനിയ്ക്കു കഴിയുമ്പോള്‍, ഞാന്‍ മറ്റുളളവരുടെ ആരോഗ്യത്തിന് അപകടമാവുന്നുണ്ടോ എന്ന കരുതലെടുക്കാനും എന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സ്വഭാവസവിശേഷതകള്‍ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കാനും ഞാന്‍ പ്രാപ്തനാകുന്നു.

അതുപോലെ കൊറോണ വ്യാപനത്തെ സംബന്ധിച്ച ഏറ്റവും വിശ്വസനീയമായ സ്ഥിതി വിവരക്കണക്കുകള്‍ കാണാനും വിലയിരുത്താനും എനിയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ എന്നോട് പറയുന്നത് സത്യമാണോ എന്നും വൈറസിന്റെ വ്യാപനത്തിനെതിരായ സര്‍ക്കാര്‍ നടപടികള്‍ ശരിയായ ദിശയിലാണോ എന്നും എനിയ്ക്കറിയാനാവും.
നിരീക്ഷണത്തെപ്പറ്റി കേള്‍ക്കുമ്പോഴൊക്കെ ഒരു കാര്യം ഓര്‍ക്കുക. നിരീക്ഷണ സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍ക്കാരിന് ജനതയെ നിരീക്ഷിക്കാന്‍ മാത്രമല്ല കഴിയുക. മറിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ജനങ്ങള്‍ക്കും ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും.

പൗരത്വത്തെ സംബന്ധിച്ചുളള ഒരു സുപ്രധാന പരീക്ഷണമാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെന്ന് അങ്ങനെ വ്യക്തമാവുന്നു. വരും നാളുകളില്‍ നാമോരോരുത്തരും സ്വാര്‍ത്ഥമതികളായ രാഷ്ട്രീയക്കാരെക്കാളും അടിസ്ഥാന രഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളേക്കാളുമുപരി ശാസ്ത്രീയമായ വിവരങ്ങളും ആരോഗ്യ വിദഗ്ദ്ധരേയും വിശ്വാസിക്കണം. ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് കൈക്കൊളളാന്‍ കഴിയുന്നില്ലെങ്കില്‍,ആരോഗ്യവും ജീവനും രക്ഷിക്കാനുളള ഏകമാര്‍ഗമാണെന്നു കരുതി അമൂല്യമായ സ്വാതന്ത്ര്യം തീറെഴുതിക്കൊടുക്കുകയായിരിക്കും സംഭവിക്കുന്നത്.

ആഗോള പ്രവര്‍ത്തനപദ്ധതി വേണം

നാം അഭിമുഖീകരിക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് ദേശരാഷ്ട്രങ്ങളുടെ ഒറ്റപ്പെടലോ സര്‍വ്വദേശീയമായ ഐക്യപ്പെടലോ എന്നതു സംബന്ധിച്ചാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ പകര്‍ച്ചവ്യാധിയും അതു സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ആഗോളപ്രശ്നങ്ങളാണ്. ആഗോള സഹകരണത്തിലൂടെ മാത്രമേ അവ ഫലപ്രദമായി പരിഹരിക്കാനാവൂ.

ഏറ്റവും പ്രധാനമായത്, വൈറസിനെ തോല്‍പ്പിക്കാന്‍ നാം വിവരങ്ങള്‍ ആഗോളതലത്തില്‍ പങ്കുവെച്ചേ തീരൂ. വൈറസുകളുടെ മേല്‍ മനുഷ്യനുളള മേല്‍ക്കൈയ്യും അതുതന്നെയാണ്. ചൈനയിലെ കൊറോണ വൈറസിന് അമേരിക്കയിലുളള വൈറസിനോട് മനുഷ്യരെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച ഉപായങ്ങള്‍ പറഞ്ഞുകൊടുക്കാനാകില്ല. എന്നാല്‍ വൈറസിനെതിരായ പോരട്ടത്തില്‍ ആവശ്യമായ അമൂല്യമായ വിവരങ്ങള്‍ അമേരിക്കക്ക് കൈമാറാന്‍ ചൈനയ്ക്ക് കഴിയും. മിലാനിലെ ഒരു ഡോക്ടര്‍ രാവിലെ നടത്തുന്ന ഒരു കണ്ടുപിടിത്തം അന്നു വൈകുന്നേരം തന്നെ ടെഹ്റാനില്‍ മനുഷ്യജീവനുകള്‍ രക്ഷിച്ചേക്കാം.
പല നയങ്ങളില്‍ ഏതു പിന്തുടരണം എന്നറിയാതെ ആശയക്കുഴപ്പം ബാധിച്ചിരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന് കൃത്യമായ ഉപദേശം നല്‍കാന്‍, ഒരു മാസം മുമ്പ് ഇതേ അവസ്ഥ നേരിട്ട കൊറിയക്ക് സാധിക്കും. പക്ഷെ ഇതിനെല്ലാം വേണ്ടത് ആഗോളസഹകരണത്തിന്റെയും വിശ്വാസത്തിന്റേതുമായ ഒരു അന്തരീക്ഷമാണ്.

വിവരങ്ങള്‍ പരസ്പരം കൈമാറാനും വിനയപൂര്‍വ്വം ഉപദേശങ്ങള്‍ ആരായാനും രാജ്യങ്ങളെല്ലാം തയ്യാറാകണം. ലഭിക്കുന്ന വിവരങ്ങളും അറിവുകളും ഉത്തമവിശ്വാസത്തോടെ സ്വീകരിക്കുക എന്നതും പ്രധാനമാണ്. രോഗനിര്‍ണയകിറ്റും ശ്വസനോപകരണങ്ങളുമടക്കമുളള വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനും ആഗോളതലത്തില്‍ ശ്രമങ്ങളുണ്ടാവണം. ഓരോ രാജ്യങ്ങളും സ്വന്തമായി ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കാനും പൂഴ്ത്തിവെയ്ക്കാനും  ഇടയാക്കുന്നതിനു പകരം ആഗോളതലത്തില്‍ നിര്‍മാണത്തിനും വിതരണത്തിനും നടപടിയുണ്ടായാല്‍ വിതരണം കൂടുതല്‍ നീതിപൂര്‍വ്വമാകും. യുദ്ധകാലത്ത് രാജ്യങ്ങള്‍ സുപ്രധാനഉല്‍പ്പാദന വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കുന്നുണ്ടല്ലോ. അതുപോലെ ,കൊറോണ വൈറസിനെതിരായ ആഗോള മനുഷ്യന്റെ യുദ്ധത്തില്‍ പ്രധാനപ്പെട്ട വ്യവസായങ്ങള്‍’ ‘മനുഷ്യവല്‍’‘ക്കരിക്കേണ്ടതുണ്ട്. കൊറോണ വ്യാപനം അത്ര വ്യാപകമല്ലാത്ത ധനിക രാജ്യങ്ങള്‍ വ്യാപനം ഗുരുതരമായ ദരിദ്രരാജ്യങ്ങളിലേക്ക് വിലയേറിയ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ കയറ്റി അയക്കാന്‍ സന്നദ്ധരായിരിക്കണം.  തങ്ങള്‍ക്കെന്തെങ്കിലും സഹായം ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ മറ്റു രാജ്യങ്ങള്‍ തുണക്കെത്തുമെന്നുള്ള വിശ്വാസം അവര്‍ക്കുണ്ടായിരിക്കുകയും വേണം.

ആരോഗ്യ പ്രവര്‍ത്തകരും ഇത്തരത്തില്‍ സംഘടിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കൊറോണബാധ അത്രഭീകരമല്ലാത്ത രാജ്യങ്ങള്‍ തങ്ങളുടെ ആരോഗ്യപ്രവര്‍ത്തകരെ രോഗം വ്യാപകമായ രാജ്യങ്ങളിലേക്ക്  അയക്കാന്‍ തയ്യാറാവണം. ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട്. കൊറോണ വൈറസ് രോഗചികിത്സയില്‍ അമൂല്യമായ അനുഭവജ്ഞാനംഈ സേവനത്തിലൂടെ അവര്‍ക്ക് നേടാനാകും. രോഗത്തിന്റെ വ്യാപനദിശ മാറുമ്പോള്‍ വൈദ്യസഹായവും വിപരീതദിശയില്‍ ഒഴുകുന്നുവെന്ന് ഉറപ്പുവരുത്താനാകണം.

സാമ്പത്തികരംഗത്തും ആഗോളസഹകരണം അങ്ങേയറ്റം ആവശ്യമായ അവസ്ഥയാണുള്ളത്. നമ്മുടെ സമ്പദ് വ്യവസ്ഥയും വിതരണശ്യംഖലയും അങ്ങേയറ്റം ആഗോളവത്കരിക്കപ്പെട്ടതായതുകൊണ്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യങ്ങള്‍ സ്വന്തം കാര്യം മാത്രം നോക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ അനന്തരഫലം സങ്കല്‍പ്പിക്കാനാവാത്ത തോതില്‍ ഭീകരമായിരിക്കും. ആഗോള പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും. അതുകൊണ്ടുതന്നെ ഒരു ആഗോള പ്രവര്‍ത്തന പദ്ധതി നമുക്ക് അത്യന്താപേക്ഷിതമാണ്. എത്രയും വേഗത്തില്‍.

വേറൊരു പ്രധാന ആവശ്യം യാത്രാകാര്യങ്ങളില്‍ ആഗോളധാരണയുണ്ടാകുക എന്നതാണ്. എല്ലാ അന്താരാഷ്ട്രാ യാത്രാസംവിധാനങ്ങളും ഒറ്റയടിക്ക് നിര്‍ത്തിവെക്കുന്നത് കൊറോണക്കെതിരായ യുദ്ധത്തെ സഹായിക്കുകയില്ലെന്ന് മാത്രമല്ല, ആഗോളതലത്തില്‍ നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയനേതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരുള്‍പ്പെട്ട  ഒഴിച്ചുകൂടാനാവാത്തയാത്രക്കാര്‍ക്ക് കുറഞ്ഞതോതിലെങ്കിലും യാത്ര ചെയ്യാന്‍ എല്ലാ രാജ്യങ്ങളും തമ്മില്‍ ധാരണ ഉണ്ടാക്കണം. യാത്രക്കാര്‍ക്ക് നിശിതമായ ആരോഗ്യ പരിശോധന നടത്തിവേണം ഇത്തരം യാത്രകള്‍ അനുവദിക്കുന്നത്. കര്‍ശനമായ ആരോഗ്യപരിശോധനയ്ക്ക് വിധേയമായാണ് യാത്രക്കാര്‍ വിമാനം കയറുന്നതെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരെ സധൈര്യം സ്വീകരിക്കാം. ദൗര്‍ഭാഗ്യവശാല്‍ ഇതൊന്നും ഒരു രാജ്യവും അനുവര്‍ത്തിക്കുന്നില്ല. ഒരു സാമൂഹിക ജാഢ്യം അന്താരാഷ്ട്ര സമൂഹത്തെയാകെ ഗ്രഹിച്ചതുപോലെ. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ലോകനേതാക്കന്മാര്‍ അടിയന്തിരമായി ഒത്തുചേര്‍ന്ന് ഒരു പ്രവര്‍ത്തനപരിപാടി ഉണ്ടാക്കുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല. G7 രാജ്യത്തലവന്മാരുടെ വീഡിയോ ഉച്ചകോടി നടന്നെങ്കിലും അതില്‍  കാര്യമായി ഒന്നും സംഭവിച്ചുമില്ല.

2008ലെ ആഗോളസാമ്പത്തിക പ്രതിസന്ധിയും 2014 ലെ എബോള വൈറസ് പകര്‍ച്ച വ്യാധിയും പോലെയുള്ള ആഗോള പ്രതിസന്ധി ഘട്ടത്തില്‍ ഒരു ലോകനേതാവിന്റെ സ്ഥാനം ഏറ്റെടുക്കേണ്ട ആമേരിക്ക പക്ഷെ അത് ചെയ്യുന്നില്ല. മനുഷ്യരുടെ ഭാവിയേക്കാള്‍, ലോകത്തിന്റെ ഭാവിയേക്കാള്‍ വലുത് തങ്ങളുടെ രാജ്യത്തിന്റെ മഹിമയാണെന്നാണ് ആ രാജ്യത്തിന്റെ ഇപ്പോഴുള്ള സമീപനം.

ലോകനേതൃത്വം മാത്രമല്ല ഏറ്റവും അടുത്ത സഖ്യകക്ഷികളെക്കൂടി അമേരിക്ക  കൈവെടിഞ്ഞിരിക്കുന്നു. യൂറോപ്യന്‍ യൂണിയനുമായി തങ്ങള്‍ എടുക്കാന്‍ പോകുന്ന കര്‍ശനനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല എന്നു മാത്രമല്ല യൂറോപ്യന്‍ യൂണിയനെ അറിയിക്കാതെയാണ് അവിടെനിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് 19 ന് എതിരായുള്ള വാക്സിന് മേലുള്ള കുത്തകാധികാരം കിട്ടാനായി ഒരു ജര്‍മന്‍ കമ്പനിക്ക് നൂറുകോടി അമേരിക്കന്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ജര്‍മനിയെക്കൂടി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. അമേരിക്കന്‍ ഭരണകൂടം ഇപ്പോഴത്തെ നിലപാട് കൈവെടിഞ്ഞ് ഒരു ആഗോള പ്രവര്‍ത്തനപദ്ധതിയുമായി അമേരിക്ക വരികയാണെങ്കില്‍ പോലുംം ആരെങ്കിലും അമേരിക്കയെ വിശ്വസിക്കുമോ എന്ന് സംശയമാണ്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാത്ത, പറ്റിയ തെറ്റുകള്‍ സമ്മതിക്കാത്ത എപ്പോഴും മറ്റുള്ളവരെ പഴിക്കുക മാത്രം ചെയ്യുന്ന, നല്ലതിന്റെയെല്ലാം പിതൃത്വം ഏറ്റെടുക്കാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത ഒരു നേതാവിനൊപ്പം ആര്‍ക്കും കൂടാനാവില്ല.

അമേരിക്ക പിന്മാറിയിടത്തെ ശൂന്യത നികത്താന്‍ മറ്റാരെങ്കിലും മുന്നോട്ടു വന്നില്ലെങ്കില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ വലിയ തിരിച്ചടിയുണ്ടാകും. ഈ മഹാമാരിയുടെ ബാക്കിപത്രം വരാനിരിക്കുന്ന എത്രയോകാലം അന്താരാഷ്ട്ര ബന്ധങ്ങളെ കലുഷിതമാക്കുകയും ചെയ്യും. എല്ലാ പ്രതിസന്ധികളും അവസരങ്ങള്‍ കൂടിയാണ്. ആഗോളതലത്തിലുള്ള അനൈക്യം സൃഷ്ടിക്കാവുന്ന അപകടത്തെപറ്റി മനുഷ്യരാശിയെ ബോധവത്കരിക്കാന്‍ കോവിഡ് മഹാമാരി ഉതകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മനുഷ്യന്‍ ഒരു തീരുമാനമെടുക്കേണ്ട ദശാസന്ധിയിലാണ് നാമിന്ന് ഉള്ളത്. അനൈക്യത്തിന്റെ പാത തുടരണോ, അതോ ആഗോള ഐക്യദാര്‍ഢ്യത്തിലേക്കുള്ള പുതിയ പാതയിലൂടെ സഞ്ചരിക്കണോ ?, അനൈക്യത്തിലേക്കാണ്  പോക്കെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി അനന്തമായി തുടരുമെന്ന് മാത്രമല്ല ഭാവിയില്‍ ഇതിനേക്കാള്‍ ഭീഷണമായി പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. എന്നാല്‍ സാര്‍വ്വദേശീയമായ സൗഹാര്‍ദ്ദത്തിലേക്ക് എത്തിച്ചേരാന്‍ നമുക്ക് കഴിഞ്ഞാല്‍ കൊറോണക്കെതിരായ യുദ്ധം നാം വിജയിക്കുക തന്നെ ചെയ്യും. 21ാം നൂറ്റാണ്ടില്‍ നാം അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ മഹാമാരികള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യരാശി നേടാന്‍ പോകുന്ന വിജയങ്ങളുടെ മുന്നോടിയായിരിക്കും ഈ മഹാവിജയം.



ഇസ്രായേല്‍ ചരിത്രകാരനും സർവ്വകലാശാല ചരിത്ര അധ്യാപകനുമാണ് യുവാൽ നോഹ ഹരാരി സാപിയന്‍സ് , ഹോമോദിയൂസ് 21ാം നൂറ്റാണ്ടിലെ 21 പാഠങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് – ഈ 2020 മാര്‍ച്ച് 20 ന് എഴുതിയത്. The world after coronavirus ഇംഗ്ലീഷിലുള്ള ലേഖനം വായിക്കാം

വിവര്‍ത്തനം : കെ. പ്രദീപ് കുമാര്‍

വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ്.എസ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 8
Next post ഇന്ന് മുതല്‍ കാണാം – അന്താരാഷ്ട്ര ബഹിരാകാശനിലയം
Close