

ഭൂകമ്പങ്ങൾ ഭൂമിയോടൊപ്പം പിറന്നതാണെങ്കിലും അവ എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ വിശകലനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയിലാകട്ടെ, അത്തരം അറിവുകൾ തുലോം വിരളമാണുതാനും. ഈയൊരു സാഹചര്യത്തിലാണ് പ്രസിദ്ധ ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ.സി പി രാജേന്ദ്രനും ചേർന്നെഴുതിയ ‘മുഴങ്ങുന്ന ഭൂമി: ഭൂകമ്പങ്ങളുടെ ഇന്ത്യൻ കഥ (The Rumbling Earth, The story of Indian Earthquakes) എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്.
പതിമൂന്ന് അധ്യായങ്ങളോടൊപ്പം ഗ്രന്ഥകർത്താക്കളുടെ ആമുഖവും ഉപസംഹാരവും കൂടാതെ, പ്രസിദ്ധ ഭൗമ ശാസ്ത്രജ്ഞനായ പ്രൊഫ. ഡാൻ മെക്കീൻസി (Dan Mekenzie കേം ബ്രിഡ്‌ജ് സർവകലാശാല)യുടെ അവതാരികയും ചേർന്ന് സമ്പുഷ്ടമായൊരു ഗ്രന്ഥമാണിത്. ജോലി സംബന്ധമായി നേരത്തേതന്നെ ആരംഭിച്ച തുടർഗവേഷണമാണ്, ഒരു ജീവിതസപര്യയായി ഗ്രന്ഥകർത്താക്കൾ ഇന്നും തുടർന്ന് മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന്റെ ഒരു ഘട്ടത്തിൽ. ഇതിനകമുണ്ടായ അനുഭവ സാക്ഷ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. അതുകൊണ്ടുതന്നെ, ഭൗമശാസ്ത്രരംഗത്തെ ഒരു അടിസ്ഥാന സംഭാവനയായും പാഠപുസ്തകമായും ഇതിനെ കണക്കാക്കാവുന്നതാണ്.
ഭൂകമ്പങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കുമ്പോൾത്തന്നെ, സാധാരണ വായനയും സാധ്യമാക്കുന്ന ചരിത്രപരമായ വിശകലനമാണ് ഇതിൽ സ്വീകരിച്ചത്. ആദ്യത്തെ നാല് അധ്യായങ്ങളിൽ ശാസ്ത്രീയ കാര്യങ്ങൾക്കാണ് ഊന്നല്ലെങ്കിലും അതിന്റെ ആഖ്യാനരീതി ലളിതമാണ്. പിന്നീട്, ലോകത്തിലെ അനുഭവങ്ങളോടൊപ്പം ഇന്ത്യയിൽ ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഭൂകമ്പ/സുനാമി ചരിത്രത്തെ പഴയതും പുതിയതുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു. രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയെപ്പോലെ, ഭൗമ ശാസ്ത്രം നമ്മുടെ സ്‌കൂൾ-കോളേജ് പഠനങ്ങളിൽ ഉൾപ്പെടാത്തതിനെപ്പറ്റി പലയിടത്തും ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ഫലകചലന സിദ്ധാന്ത (Plate techntonic theory) ത്തോടെയാണ് ഭൂകമ്പ കാലനിർണ്ണയത്തിന്റെ വിശകലനം ശാസ്ത്രീയമായി ആരംഭിക്കുന്നത്. 1960 കളിലാണ് ഈ രംഗത്ത് കൂടുതൽ സംഭാവനകൾ ഉണ്ടാകുന്നത്. ഇതേത്തുടർന്ന് ആദ്യകാല ഭൂകമ്പ/സുനാമി അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ (Palioreismology, Archeo reismology എന്നിങ്ങനെ), പുതിയ രീതിശാസ്ത്രത്തെ മുൻനിർത്തി വികസിച്ചുവന്നതും വലിയ സാധ്യതകൾക്കിടയാക്കിയിരിക്കുന്നു. ഇന്ത്യയിൽ നേരത്തെ, ഭൂകമ്പ/സുനാമികളുണ്ടായ പലഭാഗങ്ങളിലും ഇതര രാജ്യങ്ങളിലും നേരിൽ നടത്തിയ സന്ദർശനങ്ങളും പ്രാഥമിക തെളിവ് ശേഖരണവും അവയിൽ പുതിയ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി നടത്തിയ വിശകലനങ്ങളുമെല്ലാം കൂടിച്ചേരുന്നതിനാൽ ഈ ഗ്രന്ഥത്തിലെ വാദമുഖങ്ങൾ കൂടുതൽ ആധികാരികത പകരുന്നവയാണ്.
1988-1993 കാലത്തെ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പഠനത്തോടെ (സൗത്ത് കരോലീമന സർവകലാശാല, യു എസ്)യാണ് ഗ്രന്ഥ കർത്താക്കൾ ഈ മേഖലയിൽ കൂടുതൽ സജീവമാകുന്നത്. സർവകലാശാല പ്രവർത്തിക്കുന്ന ചാർലസ്റ്റർലസ്റ്റൺ (Charleston) എന്ന പ്രദേശംതന്നെ ഇത്തരം പഠനങ്ങൾക്ക് ഉചിതമായ ഭൂ ഉടമയായിരുന്നു. 1993-ൽ ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം ലാത്തൂർ, ഭൂജ്, ഷില്ലോങ്, അരുണാചൽപ്രദേശ്, നേപ്പാൾ, ഹിമാലയൻ താഴ്വരകൾ, അന്തമാൻ-നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ വിശദമായ യാത്രയും പഠനങ്ങളും നടത്തി. ഇന്ത്യക്ക് പുറത്താണെങ്കിൽ, ചിലി, അലാസ്‌ക്, ഇന്തോനേഷ്യ, ജപ്പാൻ, തായ്‌ലന്റ്, ഇറാൻ, ശ്രീലങ്ക എന്നിവിടങ്ങളിലെ അനുഭവങ്ങളും പഠനവിധേയമാക്കി. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ശാസ്ത്രീയമായ നിരീക്ഷണ പരീക്ഷണങ്ങളുടെ പിന്തുണയിലും ഭാവിയിലേക്കുള്ള ഇടപെടൽ സാധ്യതകളും നിർദേശങ്ങളുമാണ് ഗ്രന്ഥത്തിന്റെ അവസാനത്തെ രണ്ട് അധ്യായങ്ങൾ; അതാകട്ടെ, പ്രത്യേകിച്ചും ഇന്ത്യൻ അവസ്ഥയെ മുൻനിർത്തിയാണുതാനും.
ഈ ഗ്രന്ഥം വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാമെന്ന് കരുതുന്നു.
- ഭൂകമ്പങ്ങളെയും അതിന്റെ ശാസ്ത്രത്തേയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നു.
- ഫലകചലന സിദ്ധാന്തത്തിന്റെ പരിണാമവും ഭൂകമ്പത്തെ ബന്ധപ്പെടുത്തിയുള്ള അതിന്റെ വളർച്ചയും
- Poleo Seismology, Archeo Seismology എന്നീ രീതിശാസ്ത്രങ്ങളുടെ ഉപയോഗവും സാധ്യതകളും
- പുതിയ രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലുണ്ടായ ഭൂകമ്പ/സുനാമികളുടെ കാലനിർണ്ണയം
- ജനങ്ങൾ ഉണ്ടാക്കിവെയ്ക്കുന്ന നിർമ്മാണക്കെടുതികൾ, വൻകിട അണക്കെട്ടുകളുടെ റിസർവോയറുകളടക്കം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കുന്നു.
- കൃത്യമായ പ്രവചനം അസാധ്യമാണെങ്കിലും, ശാസ്ത്രം ഇതിനകം കൈവരിച്ച നേട്ടങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ, സർക്കാർ നേത്യത്വത്തിൽ ജനപങ്കാളിത്തത്തോടെ, ചെയ്യാവുന്ന മുൻകരുതലുകളുടെ ആവശ്യകത വ്യക്തമാക്കുന്നു. ഒപ്പം വിദ്യാർഥികളിലടക്കം നടക്കേണ്ടുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളിൽ അടിവരയിടുന്നു.
അവതാരികയിൽ പ്രൊഫ. മെക്കീൻസി ഇപ്രകാരം പറയുന്നു. “വളരെ വലിയ ആഘാതങ്ങൾക്കിടയാക്കുന്ന ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്, യാതൊരു മുന്നറിയിപ്പില്ലാതെയും കൃത്യമായ ഇടവേളകൾ ഇല്ലാതെയുമാണെങ്കിലും രാഷ്ട്രീയ നേതൃത്വമോ ജനങ്ങൾതന്നെയോ അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുള്ള നിർമ്മാണ രീതികൾ പാലിക്കുന്നില്ല.” അതുകൊണ്ടാണ്, കൂടുതൽ ആളപായങ്ങളും സ്വത്തു നാശവും ഉണ്ടാകുന്നത്. ഇവയൊക്കെ സംബന്ധിച്ച ബോധവൽക്കരണം നടക്കേണ്ടത് കുട്ടികളിലാണെന്നും അദ്ദേഹം പറയുന്നു. അത് ക്രമത്തിൽ സമൂഹത്തിൻ്റെ പൊതുബോധമായി പരിണമിക്കേണ്ടിയിരിക്കുന്നു.
റിച്ചർ സ്കെയിലിൽ 5-ൽ താഴെ രേഖപ്പെടുത്തുന്ന 1500 ഓളം ഭൂകമ്പങ്ങൾ ഒരു വർഷമുണ്ടാകുന്നുണ്ട്. അവ മിക്കതും കടലിലോ ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിലോ ആയതിനാൽ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള ഹിമാലയ സാനുക്കളിൽ പലപ്പോഴും ചെറിയ കമ്പനങ്ങൾ ഉണ്ടാകാറുണ്ട്. ഡൽഹിയിലും കേരളത്തിലെ വടക്കാഞ്ചേരിയിൽപ്പോലും ചെറിയ കമ്പനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ഒന്നാമത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നു. രണ്ടാമത്തെ അധ്യായത്തിൽ ഗ്രന്ഥകർത്താക്കളുടെ ഗവേഷണ ദൗത്യത്തിൽത്തുടങ്ങി, ഭൂകമ്പ ശാസ്ത്രത്തിന്റെ വളർച്ചക്കൊപ്പം നടത്തിയ യാത്രകൾ വിശദീകരിക്കുന്നു. ചാൾസ് ഡാർവിന്റെ ചില രേഖപ്പെടുത്തലുകളെപ്പറ്റിയാണ് മൂന്നാം അധ്യായം തുടങ്ങുന്നത്. ധാരാളം പഠനങ്ങൾ ഇവിടെ ഉദ്ധരിക്കുന്നുണ്ടെങ്കിലും, ഊന്നൽ ഫലകചലന സിദ്ധാന്തത്തിലാണ്. ഹിമാലയ സാനുക്കളിലെ കമ്പന ചരിത്രവും ജോഷിമഠ് വർത്തമാനകാല ഹിമാലയൻ അനുഭവങ്ങളും ഇവിടെ വിശദീകരിക്കുന്നു. തുടർന്ന്. ഇന്ത്യൻ അനുഭവങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിൽ, കൊയ്‌ന (റിസർവേയർ ബന്ധിതം), കച്ചിലെ ‘ദൈവത്തിന്റെ തിട്ട’, (Allah Bund) എന്നിവയും ചർച്ച ചെയ്യുന്നു. സുമാത്രയിൽ ആരംഭിച്ച്, കേരളത്തിലെ ആലപ്പുഴയിൽവരെ എത്തിയ 2004 ലെ സുനാമി ആഘാതങ്ങളും വിശദീകരിക്കുന്നു.

ഇത്തരം ഫീൽഡ് അനുഭവങ്ങൾക്കു ശേഷം ഭൂകമ്പ/സുനാമി ആഘാതങ്ങൾ കുറയ്ക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകളിലാണ് അവസാന അധ്യായങ്ങൾ കേന്ദ്രീകരിക്കുന്നത്. ‘ഭൂകമ്പങ്ങൾ ആരെയും ഇല്ലാതാക്കുന്നില്ല. എന്നാൽ, കെട്ടിടങ്ങൾ ഇല്ലാതാക്കുന്നുണ്ട്’ എന്ന ആപ്തവാക്യത്തെ സാധുകരിക്കുന്ന മനുഷ്യ നിർമ്മാണത്തിന്റെ ആഘാതങ്ങൾ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഹിമാലയം, അന്തമാൻ എന്നിവിടങ്ങളിൽ ശാസ്ത്രം ഏറെ മുന്നേറിയിട്ടും അവയെ പ്രയോഗിക്കാൻ വിമുഖത കാണിക്കുന്ന രാഷ്ട്രീയ സമീപനത്തെ ചോദ്യം ചെയ്യുന്നു. മാത്രമല്ല, മുൻകാല അനുഭവങ്ങളും നടപ്പുരീതികളും പരിശോധിക്കുമ്പോൾ ഹിമാലയത്തിൽ വലിയൊരു കമ്പനി സാധ്യത പതിയിരിക്കുന്നതായി പറയുന്നു. ലഭ്യമായ അറിവുകളെ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തും പരിസ്ഥിതിയും സംരക്ഷിക്കാൻ ഈ ഗ്രന്ഥം വിവിധ പ്രസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നു. ഉണർന്ന് പ്രവർത്തിച്ചതുവഴി നാശനഷ്ടം ഗണ്യമായികുറച്ച ചിലിയുടെ അനുഭവവങ്ങളും ഒന്നും ചെയ്യാതിരുന്ന നേപ്പാളിന്റെ അനുഭവങ്ങളും ഉദാഹരണങ്ങളായി നൽകുന്നു. നേരത്തെ, വൻ ദുരന്തത്തിൽ പതിനായിരങ്ങൾ ഇല്ലാതായ ചിലിയിൽ 2015-ൽ വലിയ ഭൂകമ്പമുണ്ടായപ്പോഴും (മരണം 13) ആക്കം കുറയ്ക്കാൻ കഴിഞ്ഞു.
ഈ ഗ്രന്ഥത്തിന്റെ അവസാന വാചകംതന്നെ ഇങ്ങനെയാണ്, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കൽ പ്രയാസമാണ്. എന്നാൽ, അവക്കെതിരെ കരുതലെടുക്കാവുന്നതാണ്. മാത്രമല്ല, ഭൂകമ്പ പ്രക്രിയ സംബന്ധിച്ച് ലഭ്യമായ ശാസ്ത്രീയ ധാരണകൾ, ഈ രംഗത്ത് ഒറ്റയായും കൂട്ടായുമുള്ള യുക്തിസഹമായ തീരുമാനങ്ങളെടുക്കാൻ സഹായകവുമാണ്. ശാസ്ത്രം ലഭ്യമാക്കിയ അറിവുകളെ പ്രയോഗിക്കാനും പുതിയ അറിവുകൾ കണ്ടെത്താനും അപകടങ്ങളുടെ ആഘാതം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ തുടരുകയുമാണ് ഇന്ന് വേണ്ടത്. അതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും അഭ്യർഥനയും.
