Read Time:13 Minute

അനു പോള്‍

Emory University, Georgia, USA

നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ്‌ വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട  പുസ്തകമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി എഴുതിയ The Gene :  An Intimate History.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ യൂറോപ്പിൽ ജീവിച്ചിരുന്ന ഒരു അഗസ്റ്റീനിയൻ സന്ന്യാസിയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമുന്നേറ്റങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന Gene therapy യും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും കാൻസർ ചികിത്സകനും ആയ  ഡോ.സിദ്ധാർത്ഥ മുഖർജിയുടെ ” The Gene :  An Intimate History ” പറയുന്നത് ആ കഥയാണ്.

ഡോ.സിദ്ധാർത്ഥ മുഖർജി

കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലൂടെ ജനിതകശാസ്ത്രം കടന്നുവന്ന നാൾവഴികൾ ഒരു ശാസ്ത്രജ്ഞന്റെ അവഗാഹത്തോടെയും  ഒരു ചരിത്രകാരകന്റെ കാഴ്ചപ്പാടോടെയും  വിവരിച്ചിരിക്കുന്ന, ഒരു non – fiction classic എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകം ആണിത് . Genetics ന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗോർ മെൻഡൽ തന്റെ സന്ന്യാസാശ്രമത്തിലെ പയറുചെടികളിൽ  നടത്തിയ നിരീക്ഷണങ്ങളിലൂടെ ജീവന്റെ രഹസ്യസന്ദേശങ്ങളെപറ്റി നേടിയ ആദ്യത്തെ അറിവുമുതൽ, ഭാവിയുടെ സാധ്യതയായ “Transhumanism” എന്ന ആശയം വരെ എത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ടിന്റെ അന്വേഷണങ്ങളുടെ ചരിത്രം ആണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം.

തന്റെ കുടുംബത്തെ തലമുറകളായി പിന്തുടരുന്ന ഒരു മാനസികരോഗത്തിന്റെ ചിത്രം ഈ പുസ്തകത്തിൽ ഗ്രന്ഥകർത്താവ് വിവരിക്കുന്നുണ്ട്. ബംഗാൾ വിഭജനവും അതേത്തുടർന്നുണ്ടായ പലായനവും അനിശ്ചിതാവസ്ഥയും ഒക്കെ തന്റെ കുടുംബത്തിൽ ചിലരെ  മതിവിഭ്രമത്തിലേക്കു തള്ളിവിട്ടതിനെപ്പറ്റി പരാമർശിച്ചുകൊണ്ട്, ആത്മകഥാംശത്തോടെയാണ് ഈ പുസ്തകത്തിന്റെ തുടക്കം.

1947 സെപ്റ്റംബര്‍ -ഇന്ത്യാ പാക്ക് വിഭജനകാലത്തെ അഭയാര്‍ത്ഥി പ്രവാഹം – ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച്ച കടപ്പാട് : www.npr.org

തന്റെയും ജീവിതത്തിന്റെ മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാവുന്ന ഒരു വാൾ പോലെ നിൽക്കുന്ന, സ്വന്തം ജനിതകഘടനയിൽ  എഴുതി വെച്ചിട്ടുണ്ടാവാൻ ഇടയുള്ള ഈ ഒരു രോഗസാധ്യതയെപറ്റി  അസാധാരണമായ നിർമമതയോടെ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. തന്റെ ജനിതകപാരമ്പര്യത്തെക്കുറിച്ചു ഓർമിക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലെന്നു അദ്ദേഹം പറയുന്നു. ഒരുപക്ഷെ ഇതാവാം ഇത്രയ്ക്കു ഉജ്ജ്വലമായ ഈ രചനക്ക് പ്രധാനപ്രചോദനം എന്ന് തോന്നിപ്പോകുന്നു.

ഒരു Genetics ടെക്സ്റ്റ് ബുക്കിൽ പരാമർശിക്കപ്പെടുന്ന മിക്ക കണ്ടുപിടിത്തങ്ങളിലേക്കും നീളുന്ന കൗതുകകരമായ പിന്നാമ്പുറകഥകൾ ഇത്ര ആഴത്തിലും പരപ്പിലും  വിവരിച്ചിട്ടുള്ള മറ്റൊരു പുസ്തകം ഉണ്ടെന്നു തോന്നുന്നില്ല. ഒരു കുറ്റാന്വേഷണകഥ പോലെ ജീവരഹസ്യത്തിന്റെ ചുരുളഴിയിക്കാൻ പല കാലങ്ങളിലും പല ദേശങ്ങളിലും നിന്ന് നിരവധി മനുഷ്യർ ഒത്തുചേർന്ന് കൈപിടിച്ചതിന്റെ  മനോഹരചിത്രം ഇതിലുണ്ടെന്നതാണ് ഈ പുസ്തകത്തെ അമൂല്യമായ ഒരു വായനാനുഭവം ആക്കി മാറ്റുന്നത്.

ഒരു ജൈവശാസ്ത്രപഠിതാവ്‌ അറിഞ്ഞിരിക്കാൻ ഇടയുള്ള കാര്യങ്ങൾ തന്നെ ആണ് ഇതിൽ കൂടുതലും പറയുന്നത്. എന്നാൽ പല പ്രധാനകണ്ടുപിടിത്തങ്ങളിലേക്കും നയിച്ച അപ്രധാനമെന്നു തോന്നുന്ന ചെറിയ കാര്യങ്ങളോ അവക്ക് സമാന്തരമായി സംഭവിച്ചു കൊണ്ടിരുന്ന മറ്റുപ്രധാനസംഭവങ്ങളോ ഒന്നും ഒരു സാധാരണ അക്കാഡമിക് നിലവാരമുള്ള പുസ്തകത്തിൽ പരാമർശിച്ചുവെന്നു വരില്ല.

ഉദാഹരണത്തിന് ഈ പുസ്തകം വായിക്കുമ്പോൾ തോന്നുന്ന കൗതുകകരമായ ഒരു സംശയം ഇതാണ്. ഒന്നിലേറെ തവണ ശ്രമിച്ചിട്ടും ഒരു ഹൈസ്കൂൾ അദ്ധ്യാപകൻ ആകാൻ ഉള്ള പരീക്ഷ ജയിക്കാൻ മെൻഡലിനു സാധിച്ചിരുന്നില്ല. ഒരു പക്ഷെ   അദ്ദേഹത്തിന് ആ പരീക്ഷ ജയിക്കാൻ സാധിച്ചിരുന്നെങ്കിലോ? നീണ്ട എട്ടുവർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷം ആണ് ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിലേക്കു മെൻഡൽ എത്തിച്ചേരുന്നത്. കൂടുതൽ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്ന അധ്യാപനം പോലൊരു തൊഴിലിൽ അദ്ദേഹം മുഴുവൻസമയവും വ്യാപൃതനായിരുന്നെന്നെങ്കിൽ ജനിതകശാസ്ത്രത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നോ? ഒരുപക്ഷെ Genetics എന്ന ശാസ്ത്രശാഖയുടെ തുടക്കം വീണ്ടും വൈകുമായിരുന്നിരിക്കാം.

 ഗ്രിഗർ മെൻഡൽ (1822 -1884)  കടപ്പാട് :.famousscientists.org

സമകാലികരായിരുന്നെങ്കിലും ജീവശാസ്ത്രത്തിലെ അതികായരായ മെൻഡലും ഡാർവിനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടിയില്ല. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചു മെൻഡൽ അറിഞ്ഞിരുന്നു. മറിച്ചു, മെൻഡലിന്റെ കണ്ടെത്തലുകൾ ലോകം അറിഞ്ഞത് അദ്ദേഹത്തിന്റ മരണശേഷം ആണ്. ഒരുപക്ഷെ മറിച്ചൊന്നു സംഭവിച്ചിരുന്നെങ്കിലോ? തീർച്ചയായും ഡാർവിന്റെ ചിന്തകൾക്ക് കൂടുതൽ കൃത്യതനൽകാൻ മെൻഡലിന്റെ കണ്ടുപിടിത്തങ്ങൾ കാരണം ആകുമായിരുന്നിരിക്കാം.

ചാള്‍സ് ഡാര്‍വിന്‍

ജീവശാസ്ത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരുമുന്നേറ്റമായിരുന്നു 1953 -ൽ ലണ്ടനിലെ കാംബ്രിഡ്‌ജ് സർവകലാശാലയിൽ വെച്ച് വാട്സണും ക്രിക്കും ചേർന്ന് ഡിൻഎ-യുടെ ഘടന കണ്ടെത്തിയത്. എന്നാൽ അതിനു അവരെ ഏറ്റവും സഹായിച്ചതാവട്ടെ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എന്ന ഗവേഷകയുടെ ചില കണ്ടെത്തലുകൾ ആണ്. റോസലിൻഡ് ഫ്രാങ്ക്‌ളിൻ എടുത്ത ” ഫോട്ടോ 51 ” എന്ന് അടയാളപ്പെടുത്തിയ ഒരു X – ray ക്രിസ്റ്റലോഗ്രഫി ചിത്രം ആണ് DNA -യുടെ പിരിയൻ ഗോവണി എന്ന ആശയത്തിലേക്ക് എത്താൻ അവരെ സഹായിച്ചത്. ഉദ്വേഗജനകമായ ഒരു നോവൽ പോലെ ആ സംഭവങ്ങൾ അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിക്കുന്നുണ്ട്.

റോസലിൻഡ് ഫ്രാങ്ക്‌ളിൻ

മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് Human genome project ന്റെ പൂർത്തീകരണം. 2000 – ജൂൺ 26- നു ഈ സംരംഭം പൂർത്തീകരിച്ചതായി പ്രഖ്യാപിക്കപ്പെടുമ്പോൾ യഥാർത്ഥത്തിൽ അതിന്റെ പണികൾ മുഴുവൻ പൂർത്തീകരിച്ചില്ലായിരുന്നുവെന്നു നമ്മിൽ എത്രപേർക്കറിയാം? എന്തിനാവാം പിന്നെ അത്രയ്ക്കും തിടുക്കത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽക്ലിന്റൺ പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രാൻസിസ് കോളിന്സിന്റെയും ക്രെയ്ഗ് വെന്ററിന്റേയും സാനിധ്യത്തിൽ അത് നിർവഹിച്ചത്? അതിന്റെ പിന്നിൽ ഒരു മത്സരകഥയുണ്ട്. ക്രെയ്ഗ് വെന്റർ എന്ന ശാസ്ത്രജ്ഞന്റെ സ്വകാര്യകമ്പനിയായ Celera യും ഗവണ്മെന്റ് ഫണ്ടോടു കൂടി പ്രവർത്തിക്കുന്ന NIH- ലെ ശാസ്ത്രജ്ഞരും തമ്മിൽ നടന്ന, വാക്പോരുകൾ ഉൾപ്പെട്ട, യുദ്ധസമാനായ ഒരു മത്സരത്തിന്റെ കഥയാണത്. ഒരു സ്വകാര്യകമ്പനി ഇത്രയും പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തതിന്റെ ഒരേ ഒരു അവകാശി ആയാലുള്ള അപകടം മണത്തറിഞ്ഞ ബിൽ ക്ലിന്റൺ ഒരു മധ്യവർത്തിയെ വെച്ച് ഇരുകൂട്ടരെയും സന്ധിസംഭാഷണത്തിനു വിളിക്കുന്നതും ഒടുവിൽ ഇരുവരും ഒരു സമവായത്തിലെത്തിച്ചേരുന്നതും ശാസ്ത്രചരിത്രത്തിലെ തന്നെ നിർണായകമായ മുഹൂർത്തങ്ങൾ ആണ്.

 

അമേരിക്കയിലെ National Institutes of Health (NIH) ന്റെ നേതൃത്വത്തില്‍ നടന്ന Human Genome Project ന്റെ കരട് റിപ്പോര്‍ട്ടിന്റെ പ്രഖ്യാപനം  2000 ജൂണ്‍ 26ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നിര്‍വഹിക്കുന്നു. NIH ന്റെ ഡയറക്ടര്‍ Francis S. Collins സമീപം കടപ്പാട് : mayoclinic.org

കുതിച്ചും കിതച്ചും ജനിതകശാസ്ത്രം അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും ചികിത്സ സാധ്യമാവാതിരുന്ന രോഗങ്ങളെ ജീൻതെറാപ്പിയിലൂടെ നേരിടാൻ നാം പ്രാപ്തരായിക്കൊണ്ടിരിക്കുന്നു. അത്തരം വാർത്തകൾ പത്രമാധ്യമങ്ങളിലൂടെ നമ്മുടെ അരികിലും എത്തുന്നുണ്ട്. ചിലപ്പോൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ ആ വാർത്തകൾ ഇതുവരെ കടന്നുപോയിട്ടുണ്ടാവാം. എന്നാൽ നമുക്ക് വളരെയധിയകം ഇഷ്ടമുള്ള ഒരു Netflix പരമ്പരയുടെ  തുടർച്ചപോലെ  ശാസ്ത്രനേട്ടങ്ങളെ കൗതുകത്തോടെ പിന്തുടരാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കും.

ശാസ്ത്രം എന്നാൽ സാങ്കേതികത്വം നിറഞ്ഞ കുറെ കണ്ടുപിടുത്തങ്ങളും അവയുടെ വിവരണങ്ങളും മാത്രമല്ല, പ്രത്യേകിച്ചും ജനിതകശാസ്ത്രം പോലെ ഒരു വിഷയം. മറ്റേതൊരു ശാസ്ത്രശാഖയും പോലെതന്നെ ആഴത്തിലറിയുമ്പോൾ തെളിഞ്ഞുവരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ Genetics-നുമുണ്ട്.  അവയെ വളരെ വിശദമായി തന്നെ പരാമർശിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത.

ബുദ്ധിശക്തി എന്നത് വംശപരമായ ഒരു ഗുണം  ആണെന്ന മിഥ്യാധാരണയെ തകർക്കാൻ ഏറ്റവും സഹായിച്ചിട്ടുള്ളത് ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങൾ ആണ്.

ജനിതകശാസ്ത്രത്തിന്റെ മറപിടിച്ചു ഭരണകൂടങ്ങൾ നടത്താൻ തുനിഞ്ഞിറങ്ങിയ Eugenics movement നെക്കുറിച്ചും അതിൽ ഒളിഞ്ഞിരുന്ന മനുഷ്യാവകാശലംഘനങ്ങളെകുറിച്ചും വിവരിക്കുന്ന ഭാഗങ്ങളിൽ മനുഷ്യപക്ഷത്തു നിന്ന് ചിന്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ മനസ്സ് നമുക്ക് കണ്ടെത്താൻ സാധിക്കും.

Second International Eugenics Conference(1921) ന്റെ ലോഗോ കടപ്പാട് wikipedia.org

ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ സ്വന്തം നേട്ടങ്ങൾക്കായി, ‘നമ്മളും അവരും’ എന്നിങ്ങനെ മനുഷ്യർ തമ്മിലുള്ള വ്യത്യാസങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ, 99.9 % ജനിതകസാമ്യമുള്ള ” “ഹോമോസേപിയൻസ്” എന്ന ഒരു species -ലെ അംഗങ്ങളാണ് നാമെല്ലാം എന്ന ലളിതമായ സത്യത്തിനു ജനിതകശാസ്ത്രം അടിവരയിടുന്നു.

നമ്മുടെ പ്രവൃത്തികളെയും സ്വഭാവസവിശേഷതകളെയും നല്ലൊരളവ്‌ വരെ സ്വാധീനിക്കുന്ന ജനിതകത്തെക്കുറിച്ചു ആഴത്തിലറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാം.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗരയൂഥത്തിന്റെ രഹസ്യം തേടി ലൂസി ട്രോജൻ ഛിന്നഗ്രഹങ്ങളിൽ
Next post സൂപ്പര്‍ സ്‌പേസ്‌ ടെലസ്‌ക്കോപ്പുകള്‍
Close