പുസ്തകം ആരംഭിക്കുന്നത് 2004 മെയ് 19 നാണ്. മുപ്പത് വയസ്സുള്ള കാര്‍ലാ റീഡ്, 2 കുട്ടികളുടെ അമ്മ. കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍. അവര്‍ക്ക് അസാധാരണമായ ഒരു തലവേദന. തലയില്‍ മരവിപ്പ്. ഭീകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു എന്നൊരു തോന്നല്‍. ഒരു മാസം മുമ്പ് ഒരു ദിവസം പുറത്ത് ചില പോറലുകളുണ്ടായി. പെട്ടെന്ന് വന്നുപോയി, പാടുകള്‍ ബാക്കിയായി. മോണകള്‍ വെള്ള നിറമായി. വളരെ ചുറുചുറുക്കോടെ കുട്ടികളുടെ ഇടയില്‍ ഓടിനടന്നിരുന്ന ആള്‍ക്ക് തീരെ നടക്കാനാകാതെയായി. ഫിസിഷ്യനെ സമീപിച്ചെങ്കിലും ഒന്നും പിടികിട്ടിയില്ല. മെയ് 19 ന് ക്ലിനിക്കില്‍ പോയി. രക്തം പരിശോധിക്കാനെടുത്തു. നിറവും കൊഴുപ്പുമില്ലാത്ത ദ്രാവകം. തിരികെപോരുന്നു. അടുത്ത ദിവസം നഴ്സ് രക്തം ഒന്നുകൂടി എടുക്കണം, ഉടനെ വരണമെന്ന് അറിയിക്കുന്നു.
ഗ്രന്ഥകര്‍ത്താവ് മെയ് 21 ന് ജോലിചെയ്യുന്ന ഹോസ്പിറ്റലിലേക്കുള്ള യാത്രയില്‍, ട്രെയിനില്‍ ഇരിക്കുമ്പോള്‍ അടിയന്തിര സന്ദേശം ലഭിക്കുന്നു. 14 ആം നിലയിലെ കാന്‍സര്‍ വാര്‍ഡില്‍ പുതിയൊരു രോഗിയുണ്ട് – ലൂക്കീമിയയാണ് – വന്നാല്‍ ഉടനെ കാണണം. അദ്ദേഹം അന്ന് ഓങ്കോളജി വിഭാഗത്തില്‍ ഫെലോഷിപ്പ് തുടങ്ങി 10 മാസമേ ആകുന്നുള്ളു. അവശയായ ക്ലാരയെ പരിശോധിച്ച ശേഷം പറഞ്ഞു. നമുക്ക് ഭേദമാക്കാം. രക്ഷപ്പെടാന്‍ ഉള്ള സാദ്ധ്യത 30% ആണ്.
അടുത്ത ചിത്രം കുറച്ച് പിറകിലേതാണ്. 1947. ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ബേസ്മെന്റിലെ ഒരു കുടുസ്സു മുറി. രാസവസ്തുക്കള്‍ നിറച്ച ജാറുകളുടെ ഇടയില്‍ ഫോര്‍മലിന്‍ ഗന്ധം നിറഞ്ഞു നില്‍ക്കുന്നു. മുകളിലെ കാന്‍സര്‍ വാര്‍ഡുകളില്‍ നിന്ന് ഒരു കുഴലിലൂടെ കിട്ടുന്ന ശരീരഭാഗങ്ങളും ശരീരവും കീറിമുറിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുന്ന ഒരാള്‍ – 20 കൊല്ലമായി ഈ പണി തുടങ്ങിയിട്ട്. അദ്ദേഹം ഒരു പാത്തോളജിസ്റ്റാണ്. ഒരു രോഗിയെ പോലും ചികിത്സിച്ചിട്ടില്ല. അതാണ് സിഡ്നി ഫാര്‍ബര്‍. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നയച്ച ഒരു പാഴ്സല്‍ കാത്തിരിക്കുകയാണ്. അതു ലഭിച്ചിട്ടുവേണം താന്‍ മൈക്രോസ്കോപ്പിലൂടെ തിരിച്ചറിഞ്ഞ സാമ്പിളുകളില്‍ നിന്ന് പുതിയൊരു ഇടപെടല്‍ നടത്താന്‍ – മുകളിലെ വാര്‍ഡുകളിലെ ശരിയായ രോഗിയെ കാണണം, ചികിത്സിക്കണം.
ഇനി അല്പം പഴയ ചരിത്രത്തിലേക്കാണ്. 1847 ലാണ് സ്കോട്ട് ലന്റിലെ ഒരു ഫിസിഷ്യന്‍ ജോന്‍ ബെന്നെറ്റും 24 കാരനായ ജര്‍മ്മന്‍ റിസര്‍ച്ചര്‍ റുഡോള്‍ഫ് വിര്‍ച്ചോയും വെളുത്ത രക്താണുവിലുണ്ടാകുന്ന മാറ്റവും അമിത വളര്‍ച്ചയും തിരിച്ചറിയുന്നത്. വിര്‍ച്ചോ അതിന് ലുക്കീമിയ എന്ന പേരുകൊടുത്തു. ഗ്രീക്ക് പദം ലൂക്കോസ് -വെളുപ്പ്. മനുഷ്യശരീരവും മറ്റെല്ലാ സസ്യ ജന്തുജാലങ്ങളും സെല്ലുകള്‍ കൊണ്ടുണ്ടാക്കിയതാണെന്നും സെല്ലുകളില്‍ നിന്ന് സെല്ലുകളുണ്ടാകുന്നു എന്നുമുള്ള സെല്ലുലാര്‍ തിയറി വിര്‍ച്ചോ യുടേതാണ്. ചില സെല്ലുകള്‍ അസാധാരണരീതിയില്‍ വളരുന്നുവെന്നും അദ്ദേഹം കണ്ടെത്തി. അതിനെ നിയോപ്ലാസിയ എന്നു വിളിച്ചു. കാന്‍സര്‍ എന്ന പദം പിന്നീടാണ് വരുന്നത്.
ബോൺ മാരോയിലാണ് ബ്ലഡ് സെല്ലുകളുണ്ടാകുന്നത്. ഒരാളുടെ രക്തത്തില്‍ ഒരു മൈക്രോലിറ്ററില്‍ ശരാശരി 5,000 ശ്വേതരക്താണുക്കളാണെങ്കില്‍ കാര്‍ലയുടെത് 90,000 ആയിരുന്നു. ഫാര്‍ബര്‍ ഉന്നം വച്ചത് ലൂക്കീമിയ ചികിത്സ ആയിരുന്നു. ഏറ്റവും പ്രയാസകരവും ഏറ്റവും പ്രതീക്ഷാരഹിതവും ആയ കുട്ടികളിലെ ലൂക്കീമിയ. ലൂക്കീമിയ അളക്കാം എന്നതാണ് ആകെയുള്ള ആശ്വാസം. പെനിസിലിന്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയെല്ലാം വരുന്നത് നാല്പതുകളിലാണ്. ഇത് ഫാര്‍ബറിന് പുതിയ ചില പ്രതീക്ഷകള്‍ നല്‍കി. കാന്‍സറിനെക്കുറിച്ച് പുതിയൊരു രീതിയില്‍ ചിന്തിക്കാമെന്ന് കരുതി. മറ്റു കാന്‍സറുകളുടെ ആകെയുള്ള മുഖ്യ ചികിത്സ സര്‍ജറിയാണ്. ഇതിനത് പറ്റില്ലല്ലോ. അമേരിക്കയില്‍ 1911 ല്‍ 70,000 പേര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞിരുന്നു. 1927 ല്‍ അത് 1,15,000 ആയി.
ചികിത്സയ്ക്കോ റിസര്‍ച്ചിനോ ഫണ്ട് ലഭ്യമായിരുന്നില്ല. മാത്യു നീലി എന്നയാളുടെ ഏറെക്കാലമായുള്ള ശ്രമഫലമായിട്ടാണ് 1957 ല്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട് നിലവില്‍ വരുന്നത്. ഫണ്ടിനുള്ള പരിശ്രമങ്ങള്‍ തഴയപ്പെട്ടു. ലോകയുദ്ധം അതിനു വിഘാതമായി. മാധ്യമങ്ങളും പൊതുജനവും കാന്‍സര്‍ ചര്‍ച്ചചെയ്യാതായി. ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ച സ്ത്രീകളുടെ ഒരു കൂട്ടായ്മ സഹായമര്‍ത്ഥിച്ച് പരസ്യം കൊടുക്കാന്‍ സമീപിച്ചപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞത് “സോറി, ഞങ്ങളുടെ പേജുകളില്‍ ബ്രെസ്റ്റ് എന്നോ കാന്‍സര്‍ എന്നോ അച്ചടിക്കാന്‍ കഴിയില്ല” എന്നാണ്.
ലൂക്കീമിയ ഒരു അനാഥരോഗമായിരുന്നു. ഫിസിഷ്യന്റെ കൈയ്യില്‍ മരുന്നൊന്നുമില്ല, സര്‍ജന് ഒന്നും ചെയ്യാനുമില്ല. എന്തെങ്കിലും സാധ്യത ഹീമറ്റോളജിയില്‍ മാത്രം. തിരിച്ചറിയാനെങ്കിലും കഴിയും. ഫാര്‍ബറിനൊപ്പം 20 കൊല്ലം മുമ്പുണ്ടായിരുന്ന മിനോട്ട് രക്തത്തെ പരിശോധിച്ച് അനീമിയ തിരിച്ചറിഞ്ഞിരുന്നു. അതിന് വൈറ്റമിന്‍ ബി 12 ഫലപ്രദമായിരുന്നു.
ബോംബേയിലെ കോട്ടന്‍ മില്ലിലെ തൊഴിലാളി സ്ത്രീകളില്‍ (1920 കളില്‍) പോഷകാഹാരക്കുറവുമൂലം ഒരുതരം അനീമിയ കണ്ടെത്തി. അവിടെ ബി 12 ഫലം കണ്ടില്ല. ഇംഗ്ലീഷുകാരിയായ ലൂസി വില്‍സ് അത് മാര്‍മൈറ്റ് ഉപയോഗിച്ച് ഭേദമാക്കി. അതില്‍ ഫോളിക്ക് ആസിഡ് ആയിരുന്നു. സെല്ല് ഡിവൈഡ് ചെയ്യുമ്പോള്‍ ഡിഎന്‍എ മുറിക്കാന്‍ ആവശ്യമായ വസ്തു ആയിരുന്നു. ബോണ്‍ മാരോ ഒരു ദിവസം 300 ബില്യന്‍ പുതിയ സെല്ലുകളാണ് ഉണ്ടാക്കുന്നത്. ഫോളിക് ആസിഡിന്റെ അഭാവത്തില്‍ അപൂര്‍ണ്ണമായ ബ്ലഡ് സെല്ലുകളുണ്ടാകുന്നതായി മനസ്സിലായി.
ഫാര്‍ബര്‍ ലുക്കീമിയ ബാധിച്ച കുട്ടികളില്‍ ഫോളിക് ആസിഡ് പ്രയോഗിച്ചെങ്കിലും വിപരീതഫലമാണുണ്ടായത്. എങ്കിലും കാന്‍സറിനെ ചെറുക്കാന്‍ ഒരു രാസവസ്തു ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. ഇതിന് പരിഹാരം ഉണ്ടാക്കിയത് ഒരു സുഹൃത്തായ യെല്ല പ്രഗഡ സുബ്ബറാവു ആയിരുന്നു. ഫാര്‍ബര്‍ ഒരു ജൂതനായതിനാല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ബേസ്മെന്റില്‍ തളയ്ക്കപ്പെട്ടുവെങ്കില്‍ ഇന്ത്യാക്കാരനായതിനാല്‍ സുബ്ബറാവുവിന് മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി കിട്ടാതെ പോയി. അതിനാല്‍ ചില രാസവസ്തുുക്കളുണ്ടാക്കുക എന്ന പരിശ്രമത്തിലേര്‍പ്പെട്ടു. ഫോളിക് ആസിഡും അതിനെതിരായി പ്രവര്‍ത്തിക്കുന്ന ആന്റിഫോളേറ്റും ഉണ്ടാക്കി. യെല്ലയുടെ കൈയ്യില്‍ നിന്നാണ് കാത്തിരുന്ന മരുന്നുപായ്ക്കറ്റ് ഫാര്‍ബറിന് കിട്ടിയത് – (പി.എ.എ. – ടെറോയില്‍ ആസ്പാര്‍ട്ടിക് ആസിഡ്). കെമിക്കല്‍ തെറാപ്പി, അഥവാ കീമോതെറാപ്പിയുടെ തുടക്കമായിരുന്നു അത്. 1947 ആഗസ്റ്റ് 16 ന് രണ്ടു വയസ്സുകാരനായ റോബര്‍ട്ട് സാന്‍ഡ്ലര്‍ ന് മരുന്നു കുത്തിവച്ചു. രോഗം മൂര്‍ച്ഛിച്ചു. എന്നാല്‍ ഉടനേതന്നെ പിഎഎയുടെ മറ്റൊരു വകഭേദം ലഭിച്ചു. അത് വേഗം തന്നെ ഫലം കാണിച്ചു. 1948 ജനുവരി 13 ന് പയ്യന്‍ സ്വയം നടന്നുവന്നു, വീല്‍ചെയറൊന്നുമില്ലാതെ. തന്റെ ഇരട്ടസഹോദരനുമായി യാതൊരു വ്യത്യാസവും ഇല്ലാതെ. ബോണ്‍ മാരോ പരിശോധനില്‍ രോഗം സമ്പൂര്‍ണ്ണമായും മാറിയതായി കണ്ടെത്തി. ആദ്യമായാണ് ഒരാളുടെ ലൂക്കീമിയ ചികിത്സയിലൂടെ ഭേദമാകുന്നത്. ഫാര്‍ബറിനെ തേടി നിരവധി രോഗികള്‍ എത്താന്‍ തുടങ്ങി. ( ഈ പുസ്തകം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് റോബര്‍ട്ട് സാന്‍ഡ്ലര്‍ നാണ്.)
ചരിത്രവഴികളിലൂടെ പിന്നെയും പുറകോട്ടുപോവുകയാണ്. 2500 ബിസിയിലേതെന്നു കരുതുന്ന ഈജിപ്ഷ്യന്‍ പാപ്പിരസ് രേഖയില്‍ 48 കേസുകള്‍ പറയുന്നുണ്ട്. വിശദാംശങ്ങള്‍ക്കുശേഷം ഇപ്രകാരം പറയുന്നു – ചികിത്സ ഇല്ല
ഗ്രീക്ക് ഹിസ്റ്റോറിയന്‍ ഹിറഡോട്ടസ് ബിസി 400 ല്‍ പേഴ്സ്യയിലെ റാണി അറ്റോസ യുടെ സ്തനാര്‍ബുദത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പെറുവിന്റെ തെക്കേ അറ്റത്തുള്ള ചിരിബിയന്‍ വംശത്തില്‍ പെട്ടവരുടെ ശരീരങ്ങള്‍ കണ്ടെത്തുകയും അവരില്‍ നിരവധി ഭാഗങ്ങളില്‍ കാന്‍സര്‍ ബാധിച്ചിരുന്നതായി കാണുകയും ചെയ്തു.
മെഡിക്കല്‍ ലിറ്ററേച്ചറില്‍ കാന്‍സറിനെ സൂചിപ്പിക്കുന്ന ആദ്യ പദം കാര്‍കിനോസ് എന്നാണ്. 400ബിസിയിൽ. ക്രാബ് എന്നതിന്റെ ഗ്രീക്ക് പദം. കാന്‍സര്‍ ബാധയ്ക്കു ചുറ്റും ഉണ്ടാകുന്ന വീര്‍ത്ത രക്തക്കുഴലുകള്‍ ആണ് പേരിന് കാരണം. ശരീരത്തിലുണ്ടാകുന്ന ട്യൂമറിനെ സൂചിപ്പിക്കാന്‍ ഭാരം എന്നര്‍ത്ഥം വരുന്ന ഓങ്കോസ് എന്ന ഗ്രീക്ക് പദം ഉപയോഗിച്ചു. അതില്‍ നിന്നാണ് ഓങ്കോളജി രൂപപ്പെട്ടത്.
1793 ല്‍ മാത്യു ബെയ്ലി ഒരു അനാട്ടമി പുസ്തകം ഇറക്കി. മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ അതില്‍ വിശദീകരിക്കുന്നുണ്ട്. 1846 ല്‍ അനസ്തേഷ്യ നിലവില്‍ വരുന്നു. ഫ്രാന്‍സില്‍ ലൂയി പാസ്ചര്‍ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നു. സ്കോട്ടലന്റില്‍ ജോസഫ് ലിസ്റ്റര്‍ എന്ന സര്‍ജന്‍ മുറിവ് പഴുക്കാതിരിക്കാന്‍ കാര്‍ബോളിക് ആസിഡ് ഉപയോഗിക്കുന്നു. ഇതെല്ലാം കാന്‍സര്‍ സര്‍ജറി കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
വിയന്നയിലെ ഒരു ഡോക്ടരായ ബില്‍റോത്ത് 1867 കളില്‍ ശരീരത്തില്‍ ഏതവയവത്തിലുമുള്ള കാന്‍സറും സര്‍ജറിയിലൂടെ നീക്കം ചെയ്യാമെന്ന് തെളിയിക്കുന്നു. എന്നാല്‍ ചില രോഗികളില്‍ രോഗം വീണ്ടും വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ ഭാഗം നീക്കംചെയ്യേണ്ടിവന്നു. ഇവിടെയാണ് സ്റ്റുവാര്‍ട്ട് ഹാള്‍സ്റ്റെഡ് എന്ന സര്‍ജന്‍ ന്യൂയോര്‍ക്കില്‍ രംഗപ്രവേശനം ചെയ്യുന്നത്. രോഗം വീണ്ടും വരുന്നത് ഒഴിവാക്കാനായി കൂടുതല്‍ ആഴത്തില്‍ സര്‍ജറി നടത്തുക എന്ന രീതി കൊണ്ടുവരുന്നു. 1880 മുതല്‍ അദ്ദേഹം ഇത് വ്യാപകമാക്കി. “റാഡിക്കല്‍ സര്‍ജറി” എന്നു വിളിച്ചു. ദശകങ്ങളോളം ഇത് ലോകം മുഴുവനും പ്രയോഗിക്കപ്പെട്ടു.
റോൺജന്‍ 1895 ല്‍ എക്സ്റേ കണ്ടുപിടിച്ചു. അടുത്ത കൊല്ലം തന്നെ ചിക്കാഗോയിലെ ഒരു മെഡിക്കല്‍ സ്റ്റുഡന്റ് എമില്‍ ഗ്രബ്ബേ അത് ബ്രെസ്റ്റ് കാന്‍സറില്‍ പ്രയോഗിച്ചു. ആദ്യരോഗി മരിച്ചെങ്കിലും പടരാത്ത, ലോക്കലായി മാത്രമുള്ള, കാന്‍സറിന് ഇത് ഫലപ്രദമാണെന്നു തെളിഞ്ഞു. 1900കളില്‍ മേരി ക്യൂറി റേഡിയം കണ്ടുപിടിച്ചു, അതോടെ റേഡിയം കാന്‍സര്‍ രോഗമുള്ളിടത്ത് തുന്നിവയ്ക്കാന്‍ പോലും ആരംഭിച്ചു. എന്നാല്‍ റേഡിയേഷന്‍ പുതിയ കാന്‍സറിന് കാരണമായി.
കൃത്യമായി കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ക്കായുള്ള അന്വേഷണവും തുടങ്ങി. 1850 കളില്‍ കോട്ടണ്‍ ബിസിനസ് ഇംഗ്ലണ്ടില്‍ വളര്‍ന്നു. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും കോട്ടണ്‍ ഇറക്കുമതി ചെയ്ത് വസ്ത്രങ്ങളാക്കി തിരിച്ചയയ്ക്കുന്ന വ്യവസായം. അതോടെ ചായങ്ങളുടെ ഒരു വലിയ ലോകം തുറന്നു. ജര്‍മ്മനിയില്‍ ഡൈ ഇന്‍ഡസ്ട്രി അനേകം കെമിക്കലുകളുണ്ടാക്കി. കൃത്രിമമായി യൂറിയ കണ്ടുപിടിച്ചു. അത് രാസവ്യവസായ സാദ്ധ്യതകള്‍ സീമാതീതമാക്കി. കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന രാസവസ്തുക്കളുണ്ടാക്കാമെന്ന മോഹം ഒരു മെഡിക്കല്‍ സ്റ്റുഡന്റായ പോള്‍ എള്‍റിച്ചിന് ഉണ്ടായി. നൂറുകണക്കിന് രാസവസ്തുക്കള്‍ ഡൈ ഇന്‍ഡസ്ട്രിയില്‍ നിന്ന് കൊണ്ടുവന്ന് പരീക്ഷണങ്ങള്‍ നടത്തി. സിഫിലിസ് ഉണ്ടാക്കുന്ന മൈക്രോബിനെ തളയ്ക്കാന്‍ അതിലൊന്നിന് കഴിഞ്ഞു. “മാജിക് ബുള്ളറ്റ്” എന്നാണ് അതിനെ വിളിച്ചത്. അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു.
1915 – ഒന്നാം ലോകയുദ്ധം. അതില്‍ വലിയതോതില്‍ ഉപയോഗിച്ച വിഷവാതകമാണ് മസ്റ്റാര്‍ഡ് ഗ്യാസ്. രണ്ടാം ലോകയുദ്ധത്തിലും ഇതുപയോഗിച്ചു. മരിച്ചവരുടെ ശവപരിശോധനകളില്‍ ഇത് കാന്‍സര്‍ സെല്ലുകളെ നശിപ്പിച്ചതായി കണ്ടെത്തി. അത് 6മെര്‍ക്യാപ്ടോപ്യൂരിന്‍ ആണ്, 6എം.പി. ഇത് ചില ലൂക്കീമിയ സെല്ലുകളേയും നശിപ്പിച്ചു.
പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനായി അമേരിക്കയില്‍ രൂപീകരിച്ച ഒരു ഫണ്ട് ശേഖരണ രീതി ഫാര്‍ബറിനെ ആകര്‍ഷിച്ചു. ചില്‍ഡ്രന്‍സ് കാന്‍സര്‍ റിസര്‍ച്ചിനും ഫണ്ട് അനിവാര്യമാണ്. അക്കാലത്താണ് ഐയ്നര്‍ ഗുസ്റ്റാഫ്സണ്‍ (Einar Gustafson) എന്ന ബാലന്‍ ചികിത്സയ്ക്കെത്തുന്നത്. വയറുവേദനയ്ക്ക് ഓപ്പറേറ്റ് ചെയ്തപ്പോഴാണ് ലിംഫോമ ആണെന്നറിയുന്നത്. അവനെ ഫാര്‍ബറിനടുത്ത് എത്തിക്കുന്നു. അതിജീവന സാദ്ധ്യത വെറും 10% മാത്രം!
അവനെ ഉപയോഗിച്ച് ഫണ്ടിനുവേണ്ടി പരസ്യം ചെയ്യാന്‍ തീരുമാനിച്ചു. പേര് ജിമ്മി എന്നാക്കി. ടിവി ഷോകളില്‍ ജിമ്മി നന്നായി പ്രതികരിച്ചു. അവനൊരു ഫുട്ബോള്‍ പ്രിയനാണ്, ഇഷ്ടതാരത്തിന്റെ പേര് എഴുതിയ ടീ ഷര്‍ട്ട് അവനു സമ്മാനിച്ചു. പരസ്യം “സേവ് ജിമ്മി ഫണ്ട്” നന്നായി നീങ്ങി. വിചാരിച്ചത്ര വിജയമായിരുന്നില്ലെങ്കിലും 2,31,000 ഡോളര്‍ ലഭിച്ചു. (കൊക്കക്കോള കുടിക്കാന്‍ അമേരിക്കക്കാര്‍ 126 മില്യന്‍ ഡോളര്‍ ചെയവഴിക്കുന്ന കാലമാണത്!) ഒരു പാതോളജിസ്റ്റ് എന്ന നിലയില്‍ നിന്ന് ലൂക്കീമിയ ഡോക്ടര്‍ എന്നതിലേക്കുള്ള ഫാര്‍ബറിന്റെ വിജയഗാഥയാണ് പിന്നീടുണ്ടാകുന്നത്.
ഇവിടെ രണ്ടാം ഭാഗം ആരംഭിക്കുന്നു – ആന്‍ ഇംപേഷ്യന്റ് വാര്‍. ഏതായാലും ജിമ്മി ഫണ്ട് ഉപയോഗിച്ച് നല്ലൊരു ആശുപത്രിയും റിസര്‍ച്ച് സ്ഥാപനവും ഉണ്ടാക്കി. കട്ടികളെ സന്തുഷ്ടരാക്കാനുതകുന്ന മനോഹരമായ ചിത്രങ്ങളും കളിപ്പാട്ടങ്ങളും ഉണ്ടായി അവിടെ. നിരവധി കുട്ടികള്‍ ഫാര്‍ബറിനടുത്തെത്തുന്നു. ഫണ്ട് പിന്നെയും വളരണമായിരുന്നു.
അപ്പോഴാണ് അങ്ങകലെ ചിക്കാഗോയില്‍ പുതിയൊരു താരോദയം ഉണ്ടാകുന്നത്. – മേരി വുഡാര്‍ഡ് ലാസ്കര്‍. പൊതുപ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ ഉന്നമനത്തിലും ആഴത്തിലിറങ്ങി പ്രവര്‍ത്തിച്ച ആള്‍. പരസ്യകലയില്‍ അദ്വിതീയനായ ആല്‍ബര്‍ട്ട് ലാസ്കറുമായി ചേര്‍ന്ന് മേരി പ്രവര്‍ത്തിക്കുകയും വിവാഹിതരാവുകയും ചെയ്തു. പെപ്സൊഡന്റ് ടൂത്ത് പേസ്റ്റ്, ലക്കി സ്ട്രൈക്ക് സിഗരറ്റ് എന്നിവ അയാളുടെ പരസ്യത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തി. അമേരിക്കയിലും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്ന രോഗങ്ങള്‍ക്കെതിരായ ഗവേഷണത്തിന് പണം കണ്ടെത്താന്‍ പരസ്യം ചെയ്യുന്നതിന് മേരി പ്രേരിപ്പിക്കുന്നു. അവിടെ നിഷ്ക്രിയമായി കിടക്കുന്ന കാന്‍സര്‍ സൊസൈറ്റിയ്ക്ക് 3 കൊല്ലം കൊണ്ട് ഭീമമായതുക സംഭാവനയായി സമാഹരിച്ചു. സൊസൈറ്റിയെ മടിയന്മാരായ നേതാക്കളില്‍ നിന്ന് മോചിപ്പിച്ച് ഭരണത്തില്‍ പങ്കാളികളായി. കാന്‍സറിനെതിരായ യുദ്ധത്തില്‍ ശക്തനായ ഒരു സയന്റിസ്റ്റിനെ വേണമായിരുന്നു അവര്‍ക്ക്.
അങ്ങിനെയാണ് ഫാര്‍ബര്‍ അവരോടൊപ്പം അണി ചേരുന്നത്, 1948 ല്‍. ആ സംഘം, ലാസ്കറേറ്റുകള്‍, കാന്‍സറിനെതിരായ പ്രവര്‍ത്തനം ഒരു കുരിശുയുദ്ധമായി കൈയ്യിലേന്തി. അവരുടെ തീവ്രമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി സെനറ്റ് ഔഷധ ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തു. 1954 നും ’64 നും ഇടയില്‍ കാന്‍സര്‍ കീമോതെറാപ്പി നാഷണല്‍ സര്‍വീസ് സെന്റര്‍ 82,700 സിന്തറ്റിക് കെമിക്കലുകളും 1,15,000 ഫെര്‍മെന്റേഷന്‍ ഉല്പന്നങ്ങളും 17,200 സസ്യസത്തുക്കളും ഉപയോഗിച്ച് കൊല്ലത്തില്‍ ഒരു മില്യന്‍ എലികളില്‍ പരീക്ഷണങ്ങള്‍ നടത്തി.
ചരിത്രം അവിടെ നില്‍ക്കട്ടെ. നമ്മുടെ ഗ്രന്ഥകാരന്‍ വീണ്ടും കാര്‍ലയുടെ അടുത്തെത്തുന്നു. പുതിയ കീമോതെറാപ്പിക്കുള്ള സമ്മതപത്രം വാങ്ങാന്‍. ആറു മരുന്നുകളുടെ കോമ്പിനേഷനാണ് കൊടുക്കുന്നത്. എല്ലാം കൊടിയ വിഷം തന്നെ. 1955 ല്‍ നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ എമില്‍ ഫ്രെയ്റിച്ച് എന്നൊരു പുതിയ ഗവേഷകന്‍ ചേരുന്നു. അവിടെ മറ്റൊരു ഫ്രെയ് ഉണ്ട്. ഡയറക്ടറായ ഗോര്‍ഡന്‍ സുബ്രോഡ് ആണ് അവരെ നിയമിച്ചത്. രോഗികളെ വീതിച്ചെടുത്ത് ട്രയല്‍ നടത്തുകയാണ്. പ്ലാസിബോ വച്ചുള്ള ട്രയല്‍ ’40 കളില്‍ തുടങ്ങിയിരുന്നു. ഈ രീതി അനുവര്‍ത്തിച്ചു. മെതോട്രെക്സേറ്റ് ഉം 6എംപിയും ഒരുമിച്ച് കൊടുത്തപ്പോള്‍ വിജയം 45% ആയി കുതിച്ചു.
മറ്റൊരിടത്ത് അസാധാരണമായ മെറ്റാസ്റ്റാറ്റിക്ക് കോറിയോ കാര്‍സിനോമ ബാധിച്ച ഒരു സ്ത്രീയെ ഫാര്‍ബറിന്റെ ആന്റിഫോളിയേറ്റ് കൊടുത്ത് മിന്‍ ചിയു ലീ എന്ന യുവഡോക്ടര്‍ സുഖപ്പെടുത്തുന്നു. എന്നാല്‍ ഓരോ പ്രാവശ്യവും പരിശോധിക്കുമ്പോള്‍ രോഗം അല്പം ബാക്കിനില്‍ക്കുന്നതായി കാണുന്നു. അതിനാല്‍ രോഗം തീര്‍ത്തും മാറുന്നതുവരെ കീമോതെറാപ്പി തുടരുന്നു. അത്രയേറെ ആവര്‍ത്തിക്കുന്നത് അന്ന് അസാധാരണമായിരുന്നു. ക്ഷുഭിതരായ എന്‍ സി ഐ അദ്ദേഹത്തെ പിരിച്ചുവിടുന്നു. എന്നാലത് കാന്‍സറിനുള്ള കീമോതെറാപ്പിയുടെ ആദ്യ വിജയമായിരുന്നു.
ഫ്രേയും ഫ്രേറിച്ചും നാലു മരുന്നുകളുടെ സംയുക്തമായ വി.എ.എം.പി. ഉപയോഗിച്ച് നിരവധി കുട്ടികളെ സുഖപ്പെടുത്തുന്നു. കാലം കഴിഞ്ഞപ്പോള്‍ പല കുട്ടികളിലും രോഗം തിരികെയെത്തി. ബ്രെയിനിനെ ബാധിച്ചതാണ് പ്രശ്നം. രക്തം വഴിയുള്ള ചികിത്സ ബ്രെയിനിലെത്തുകയില്ല. ബ്ലഡ്-ബ്രെയിന്‍ ബാരിയറാണ് തടസ്സം. ഇതിനിടെ ഗ്രന്ഥകര്‍ത്താവ് രോഗവിമുക്തയായ ഒരു സ്ത്രീയെ കാണാന്‍ പോകുന്നുണ്ട്. 11 വയസ്സില്‍ ലുക്കീമിയ ബാധിച്ച അവര്‍, വിഎഎംപി യുടെ വിജയമായിരുന്നു. 45 കൊല്ലമായി സുഖമായി കഴിയുന്നു. പേര് എല്ലാ.
പുതിയൊരു രോഗത്തെ പരിചയപ്പെടുത്തുന്നുണ്ട്, അപൂര്‍വ്വമായി കാണപ്പെടുന്ന ഹോഡ്കിന്‍സ് ഡിസീസ്. തുടര്‍ച്ചയായുള്ള കീമോതെറാപ്പി വഴി 85% പേരുടെയും രോഗം മാറും. – 1798 ല്‍ ലണ്ടനില്‍ ജനിച്ച തോമസ് ഹോഡ്കിന്‍ നിരവധി ശരീരഭാഗങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ഒരു മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. ചിലരുടെ ലിംഫ് ഗ്ലാന്‍ഡുകളില്‍ ഒരു പ്രത്യേകതരം വീക്കം അദ്ദേഹം നിരീക്ഷിച്ചിരുന്നു, അതാണ് പിന്നീട് ഹോഡ്കിന്‍സ് ഡിസീസ് എന്നറിയപ്പെടുന്നത്. 1950 കളില്‍ ഇതിന് ലീനിയര്‍ ആക്സിലറേറ്റര്‍ ഉപയോഗിച്ചു. ലോഹത്തെപ്പോലും തുളച്ചുകയറാന്‍ ശക്തിയുള്ള അതിതീവ്രമായ എക്സറേ ആണിത്. പിന്നീട് നാലു മരുന്നുകളുടെ ഒരു സംയുക്തം കണ്ടെത്തി പ്രയോഗിച്ചു. ഇത് ബ്രെയിനിലെത്തുന്ന കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനായി സ്പൈനല്‍ കോഡില്‍ കുത്തിവച്ചു. അങ്ങേയറ്റം വിഷമയമാണിത്. ആകെക്കൂടി ഇതിനെ “ടോട്ടല്‍ തെറാപ്പി” എന്നു വിളിച്ചു. മെംഫിസിലെ ഒരു ഡോക്ടര്‍ 8 മരുന്നുകള്‍ വരെ ഉപയോഗിച്ചു.
1968 ല്‍ ഫാര്‍ബര്‍ ക്ലിനിക്കില്‍ ജിമ്മി ഫണ്ടിന്റെ 21 ആം വാര്‍ഷികം ആഘോഷിച്ചു. ജിമ്മി വന്നില്ല. കോമ്പിനേഷന് തെറാപ്പിയുടെ വിജയാഘോഷം കൂടി ആയിരുന്നു അത്. ചരിത്രം പിന്നെയും പുറകോട്ട്. 1909 ല്‍ ന്യൂയോര്‍ക്കിലെ റോക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പെയ്ടണ്‍ റൗസ് എന്നയാള്‍ കോഴികളിലുണ്ടാകുന്ന ചില മുഴകള്‍ കാന്‍സറാണെന്നും ഒരുതരം വൈറസാണ് ഇതുണ്ടാക്കുന്നതെന്നും കണ്ടെത്തി. വൈറസ് കാന്‍സറിന് കാരണമാകാമെന്നതിന്റെ ആദ്യതെളിവ്. റൗസ് സര്‍ക്കോമാ വൈറസ് .
1969 അപ്പോളോ മിഷന്റെ വിജയമാണ്. അതിഭീമമായ തുകയാണതിന് കൊടുത്തത്. കാന്‍സറിനു് സമാനമായ ഒരു മിഷന്‍ വേണമെന്ന് ലാസ്കറൈറ്റുകള്‍ വാദിച്ചു. വളരെയേറെ ശ്രമങ്ങളുടെ ഫലമായി 1971 ല്‍ പ്രസിഡണ്ട് നിക്സണ്‍ നാഷണല്‍ കാന്‍സര്‍ ആക്ടില്‍ ഒപ്പുവച്ചു. ഒട്ടും സ്വതന്ത്രാധികാരമില്ലാത്ത ഒന്ന്. കാന്‍സറിന് ഒരു നാസയും ഇല്ല. നിര്‍ദ്ദേശങ്ങളെല്ലാം തിരസ്കരിച്ച ബില്‍. മേരി ലാസ്കര്‍ ചടങ്ങില്‍ തന്നെ പ്രതിഷേധിച്ചു. ഫാര്‍ബര്‍ വിട്ടുനിന്നു.
1973 മാര്‍ച്ച് 30 ഫാര്‍ബര്‍ അന്തരിച്ചു. തന്റെ എഴുപതാം വയസ്സില്‍. ക്ലിനിക്കില്‍ വച്ച്, ഹൃദയസ്തംഭനം! തന്റെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു എന്നാണ് മേരി ലാസ്കര്‍ പറഞ്ഞത്. ചികിത്സയിലെ വിജയപരാജയങ്ങളെ ക്രോഡീകരിക്കാന്‍ ഉപായങ്ങളൊന്നുമില്ലായിരുന്നു. ആദ്യമായി സ്റ്റാറ്റിസ്റ്റിക്സ് വരുന്നത് 1928 ലാണ്, ലണ്ടനിലെ രണ്ട് പേര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. റാഡിക്കല്‍ സര്‍ജറിക്കെതിരെ രോഗബാധിതരായ സ്ത്രീകള്‍ പ്രതിഷേധം ബലപ്പെടുത്തി. റേച്ചല്‍ കാഴ്സണ്‍ ഉള്‍പ്പെടെ. 1970 ല്‍ സിസ് പ്ലാസ്റ്റിന്‍ എന്ന പുതിയ മരുന്നു കണ്ടെത്തുന്നു. കോമ്പിനേഷന്‍ കീമോതെറാപ്പിയും വ്യപകമായി. 1920 കളില്‍ ചാള്‍സ് ഹഗ്ഗിന്‍സ് എന്ന യൂറോളജിസ്റ്റ് നിരവധി ആളുകളുടെ പ്രോസ്ട്രേറ്റില്‍ നിന്നുള്ള ദ്രാവകം ശേഖരിച്ചു. ഹോര്‍മോണ്‍ അധികരിച്ചുള്ള പഠനം അവിടെ തുടങ്ങുന്നു.
1962 ല്‍ ഐസിഐ ടാമോക്സിഫെന്‍ എന്ന ഒരു കെമിക്കല്‍ കണ്ടുപിടിച്ചു. ഗര്‍ഭനിരോധനഗുളികയായിട്ടാണിത് അവതരിപ്പിച്ചതെങ്കിലും അവിടെ വിപരീതഫലമാണ് കിട്ടിയത്. എന്നാലത് ഈസ്ട്രോജന്‍ സെന്‍സിറ്റീവായ ബ്രെസ്റ്റ് കാന്‍സറിന് ഫലപ്രദമായി. മാഞ്ചെസ്റ്ററിലെ ഒരു ഓങ്കോളജിസ്റ്റും റേഡിയോതെറാപിസ്റ്റുമായ മോയാ കോള്‍ ആ പഠനത്തിന് നേതൃത്വം കൊടുത്തു.
അഡ്ജുവന്റ് കീമോതെറാപി എന്ന ആശയം കൂടുതല്‍ ബലപ്പെട്ടുവന്നു. സര്‍ജറിക്കു ശേഷം അവശേഷിക്കുന്ന കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ കീമോതെറാപ്പി ഉപോഗിച്ചു. കോമ്പിനേഷന്‍ ഡ്രഗ്ഗുകളാണുപയോഗിച്ചത്. ഇറ്റലിയിലാണിത് തുടങ്ങിയത്, 1972ല്‍. എല്ലാ ചികിത്സകളും പരാജയപ്പെട്ട് മരണത്തിലേക്ക് തള്ളിവിടപ്പെട്ട രോഗികളുടെ ശിഷ്ടകാലം ദുരിതപൂര്‍ണ്ണമായിരുന്നു. അത്തരക്കാര്‍ക്ക് ആശ്വാസവും സംരക്ഷണവും കൊടുക്കാന്‍ പാലിയേറ്റീവ് കെയര്‍ എന്ന ആശയം രൂപപ്പെട്ടു. മറച്ചുവയ്കുക, അല്ലെങ്കില്‍ വസ്ത്രം അണിയിക്കുക എന്ന് അര്‍ത്ഥം വരുന്ന പാലിയേര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണിത് വരുന്നത്. ലണ്ടനില്‍ വളരെക്കാലം ഒരു നഴ്സായി ജോലിചെയ്ത് ഒരു ഫിസിഷ്യനായി പരിശീലനം ലഭിച്ച സിസിലി സാണ്ടേഴ്സ് ആണ് ഇതാരംഭിക്കുന്നത്. 1967 ല്‍ ലണ്ടനില്‍ ആസന്നമരണ രോഗികള്‍ക്കായി ഒരു അഭയകേന്ദ്രം അവര്‍ ആരംഭിച്ചു.
1985 ആയപ്പോള്‍ ആണ്ടില്‍ 40,000 കാന്‍സര്‍ രോഗികളെ രക്ഷിക്കാന്‍ കഴിഞ്ഞു. എങ്കിലും 5,00,000 മരണങ്ങളും ഉണ്ടായി. ഹാര്‍വാഡിലെ ഒരു ബയോളജിസ്റ്റായ ജോണ്‍ കേണ്‍സും തുടര്‍ന്ന് രണ്ടു സഹപ്രവര്‍ത്തകരും കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് ചികിത്സാരംഗത്ത് വലിയ തരംഗമുണ്ടാക്കി.
കാന്‍സര്‍ തടയാനാകുമോ എന്ന ചിന്ത ഉടലെടുത്തു. അവിടെ ചില പിന്നാമ്പുറങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ലണ്ടനിലെ ഒരു ഡോക്ടര്‍, പെര്‍സീവാള്‍ പോട്ട് തന്റെ ക്ലിനിക്കില്‍ വരുന്ന പയ്യന്മാരില്‍ വ്യാപകമായി വൃഷണത്തില്‍ കാന്‍സറുണ്ടെന്ന് മനസ്സിലാക്കി. ഇവരെല്ലാം ദരിദ്രരോ അനാഥരോ ആയിരുന്നു. ചിമ്മിനി ക്ലീനിംഗ് ചെയ്യുന്നവരായിരുന്നു ഇവര്‍. നിസ്സാരകൂലിക്ക് കുട്ടികളേക്കൊണ്ട് ഈ പണി ചെയ്യിക്കുക പതിവായിരുന്നു. എല്ലാ വീടുകളിലും കല്‍ക്കരി കത്തിക്കുന്ന ഫയര്‍ പ്ലേസുകള്‍ അവിടെ അനിവാര്യമാണല്ലൊ. ഇടുങ്ങിയ ചിമ്മിനികളില്‍ നുഴഞ്ഞുകയറി കരി തുടച്ചുകളയാന്‍ ഈ കുട്ടികളെ കിട്ടും. അത്യാവശ്യത്തിന് വസ്ത്രം പോലുമില്ലാതെ ഈ ജോലി നിരന്തരം ചെയ്യുമ്പോള്‍ കരിയുടെയും എണ്ണയുടെയും അംശം അവരുടെ ശരീരം മുഴുവനും പറ്റിപ്പിടിക്കും, തൊലിമടക്കുകളില്‍ ദീര്‍ഘകാലം തങ്ങിനില്‍ക്കും. അത് വൃണവും കാന്‍സറുമായി മാറും. പോട്ട് അങ്ങിനെ ഒരു കാര്‍സിനോജനെ കണ്ടെത്തുകയായിരുന്നു. അന്ന് ആ പദം ഇല്ലായിരുന്നെങ്കില്‍ പോലും. 1775 ല്‍ ആണിത്. 1788 ല്‍ ചിമ്നി സ്വീപ്പര്‍ ആക്ട് നിലവില്‍ വന്നു. 8 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇതിന് നിയോഗിക്കുന്നത് തടഞ്ഞു. 1834 ലാണ് പ്രായം 14 വരെ ആക്കിയത്.
പോട്ട് ഇത് കണ്ടെത്തുന്നതിന് 10 കൊല്ലം മുമ്പുതന്നെ ജോണ്‍ ഹില്‍ എന്നയാള്‍ മറ്റൊരു കാര്യം വെളിപ്പെടുത്തി. പുകയില ചവയ്ക്കുന്നത് ചുണ്ടിലും വായിലും തൊണ്ടയിലും കാന്‍സറുണ്ടാക്കുമെന്ന്. അദ്ദേഹം ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അന്നതിനെ കളിയാക്കി, ജനം തള്ളിക്കളഞ്ഞു. 19 ആം നൂറ്റാണ്ടില്‍ യുദ്ധം കഴിഞ്ഞുവന്ന പട്ടാളക്കാര്‍ പല രാജ്യങ്ങളിലും പുകയില റേഷന്‍ ആഘോഷിച്ചു. വീട്ടുകാരിലേക്കും കൂട്ടുകാരിലേക്കും ഈ ശീലം പകര്‍ന്നു. അമേരിക്കയില്‍ 1870 ല്‍ ആളോഹരി സിഗരറ്റ് ഉപഭോഗം കൊല്ലത്തില്‍ ഒന്ന് ആയിരുന്നെങ്കില്‍ 1953 ല്‍ 3500 ആയി കുുതിച്ചുയര്‍ന്നു.
പുകവലിയും ശ്വാസകോശ അര്‍ബുദവുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ചില സര്‍ജ്ജന്മാര്‍ പുറത്തുവിട്ടെങ്കിലും അതെല്ലാം പുച്ഛിച്ച് തള്ളിക്കളയുകയാണുണ്ടായത്. 1948 ല്‍ ന്യൂയോര്‍ക്കിലെ ഒരു സര്‍ജ്ജറി വിദ്യാര്‍ത്ഥിയായ ഏണസ്റ്റ് വൈന്‍ഡര്‍ പുകവലിക്കാരുടെ ശ്വാസകോശങ്ങളില്‍ ടാര്‍ ഡെപ്പോസിറ്റ് കണ്ടെത്തി. ധാരാളം പഠനങ്ങള്‍ പിന്നെയും നടന്നു. ’50കളില്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസ്യേഷന്‍ ഡോക്ടര്‍മാര്‍ക്ക് സിഗരറ്റ് സൗജന്യമായി വിതരണം ചെയ്തു. അവരത് വാങ്ങാന്‍ ക്യൂ നിന്നു. 1955 ല്‍ ഫിലിപ്പ് മോറിസ് കമ്പനി “മാല്‍ബറോ മാന്‍” പരസ്യം ഇറക്കി. വില്പന 5000 ശതമാനം കൂടി.
കൂടുതല്‍ തെളിവുകളും വരുന്നു, ടെലിവിഷനിലും റേഡിയോയിലും പരസ്യം ചെയ്യുന്നതിനെ പഠനം നടത്തിയവര്‍ എതിര്‍ത്തു. അതോടെയണ് പ്രസിഡണ്ട് കെന്നഡി തന്റെ സര്‍ജ്ജന്‍ ജനറലായ ലൂതര്‍ ടെറിയെ പഠിക്കാനേല്പിച്ചത്. ആ കമ്മിറ്റി 11,13,000 പേരെ പഠനവിധേയമാക്കി. പുകവലിയും കാന്‍സറുമായുള്ള ബന്ധം ഏറ്റവും ശക്തമാണെന്ന് കണ്ടെത്തി. 1964 ല്‍ റിപ്പോര്‍ട്ട് ഇറങ്ങി. കമ്പനികളുടെ ശക്തമായ എതിര്‍പ്പ്, രാഷ്ട്രീയം– എല്ലാം ചേര്‍ന്ന് മുന്നോട്ട്. പായ്ക്കറ്റുകളില്‍ ശക്തമായ മുന്നറിയിപ്പ് വേണമെന്ന് തീരുമാനിച്ചു, എന്നാലതില്‍ വെള്ളം ചേര്‍ക്കപ്പെട്ടു.
അപ്പോഴാണ് 1967 ല്‍ ഒരു യുവ അറ്റോര്‍ണി, ജോണ്‍ ബാന്‍ഷാഫ് രംഗത്തെത്തുന്നത്. പുകയിലപരസ്യത്തിന് ടെലിവിഷന്‍ ധാരാളം സമയം കൊടുക്കുന്നു, എതിരഭിപ്രായത്തിന് സമയം തീരെ കുറവാണെന്നും പറഞ്ഞ്. അമേരിക്കന്‍ ലംഗ് അസോസ്യേഷന്‍ പോലും അയാളെ കളിയാക്കി. ഏതായാലും കോടതി അനുകൂലമായി വിധിച്ചു. എതിര്‍ പരസ്യങ്ങള്‍ ധാരാളമായി വരാന്‍ തുടങ്ങി. സ്ത്രീകള്‍ക്കായി പ്രത്യേക സിഗരറ്റും അതിനു പരസ്യവുമെല്ലാം വന്നു, പുകവലിമൂലം കാന്‍സര്‍ ബാധിച്ച സ്ത്രീകളും കേസ് കൊടുക്കുന്നു.
ഒഴിവാക്കാവുന്ന കാന്‍സര്‍.
ചില രാസവസ്തുക്കള്‍ കാന്‍സറുണ്ടാക്കുമെന്ന് ഒരു ബാക്ടീരിയോളജിസ്റ്റായ ബ്രൂസ് ആമെസ് 1960 കളില്‍ കണ്ടെത്തി. ഹ്യൂമന്‍ ഹെപാറ്റിറ്റിസ് വൈറസ് ചിലതരം കാന്‍സറുണ്ടാക്കുമെന്ന് അതേ കാലത്തു തന്നെ ബറൂച് പ്ലംബര്‍ഗ്ഗ് കണ്ടെത്തി. ബാരി മാര്‍ഷല്‍ എന്നയാള്‍ ചിലതരം ബാക്ടീരിയകള്‍ വയറില്‍ കാന്‍സറുണ്ടാക്കുമെന്ന് കണ്ടെത്തി. ഈ ചെറുപ്പക്കാരന്‍ അത് ഉറപ്പിക്കാനായി വിചിത്രമായ ഒരു ടെസ്റ്റാണ് നടത്തിയത്. മനുഷ്യനില്‍ കടത്തിവിട്ട് പരീക്ഷിക്കാന്‍ നിയമം അനുവദിക്കില്ലല്ലോ. അയാള്‍ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിച്ചു. 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാക്ടീരിയകലര്‍ന്ന ഒരു കപ്പ് ദ്രാവകം നേരേ കുടിച്ചു. അയാള്‍ക്ക് കടുത്ത വയറുവേദനയുണ്ടായി. എച്.പൈറോളി എന്ന ബാക്ടീരിയ ആയിരുന്നു അത്.
ന്യൂയോര്‍ക്കിലെ ഒരു സൈറ്റോളജിസ്റ്റ് ആയ (കോര്‍ണെല്‍ യൂണിവേഴ്സിറ്റി) ജോര്‍ജ്ജ് പാപനികോലോ തന്റെ ഭാര്യയെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പിന്നീടത് വ്യാപകമായി ചെയ്യുന്നതിനായി നടത്തിയ ശ്രമങ്ങള്‍ വളരെ ശ്രമകരവും രസകരവുമായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുന്നതിനായി ഇപ്പോള്‍ സര്‍വ്വസാധാരണമായി നടത്തുന്ന പാപ് സ്മിയര്‍ ടെസ്റ്റ് ഉദ്ഭവിക്കുന്നത് അവിടെ നിന്നാണ്(1950), അതുപോലെ തന്നെയാണ് മാമോഗ്രാമിന്റെ വരവും. (1970). എന്നാല്‍ ഇവിടെയെല്ലാം രോഗത്തിന്റെ മൂലകാരണം കണ്ടെത്താനാകാത്തത് തര്‍ക്കങ്ങള്‍ക്കിടയാക്കി. കീമോതെറാപ്പിയിലുപയോഗിക്കുന്നത് വിഷമാണെന്ന് സര്‍ജന്മാര്‍ വാദിച്ചു.
ബോണ്‍മാരോ ട്രാന്‍സ് പ്ലാന്റ് പ്രയോജനകരമാണെന്ന് ഫലങ്ങള്‍ തെളിയിച്ചു. ഫ്രേ യും കൂട്ടുകാരും മെഗാഡോസ് കീമോതെറാപ്പിയും സംയുക്തമായി നടത്താനാരംഭിച്ചു. “ചരിത്രം മാറുന്നു” എന്ന പേരില്‍ ഫാര്‍ബറിന്റെ ആശുപത്രിയില്‍ ആദ്യപ്രയോഗം നടന്നു. പക്ഷേ ബോണ്‍മാരോ എടുക്കാനുപയോഗിച്ച സൂചി ഒടിഞ്ഞു, ഒരു ഓര്‍ത്തോപീഡിക് പ്ലയേഴ്സ് ഉപയോഗിച്ച് അത് വലിച്ചെടുക്കേണ്ടിവന്നു. (1982 ല്‍)
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബെര്‍ഗ്ഗിലുള്ള ഡോക്ടറാണ് വെര്‍ണര്‍ ബസ്വോഡ. മെഗാഡോസ് കീമോതെറാപി വഴി അനേകം പേരുടെ രോഗം മാറ്റിയതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി യോഗങ്ങളില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. (1992) അനേകം രോഗികള്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും കക്ഷിയെ തേടി പറന്നെത്തി. അമേരിക്കയില്‍ നടന്ന അന്താരാഷ്ട്ര കാന്‍സര്‍ വാര്‍ഷികസമ്മേളനത്തില്‍ വലിയ കൈയ്യടിനേടി(1999). ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നു. അമേരിക്കന്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് ജോഹന്നാസ് ബെര്‍ഗ്ഗിലെ ക്ലിനിക്കിലെത്തി. പുള്ളി ഹാജരാക്കിയ കണക്കുകളും രേഖകളും വ്യാജമാണെന്നു തെളിഞ്ഞു.
കാന്‍സര്‍ ഒരു ഒറ്റതിരിഞ്ഞ രോഗമല്ലെന്നും രോഗങ്ങളുടെ ഒരു ബാഹുല്യമാണെന്നുമുള്ള കാഴ്ചപ്പാട് വളരുന്നു. അതിനെ ചെറുക്കണമെങ്കില്‍ അടിസ്ഥാന ബയോളജിയിലേക്ക് കടക്കണമെന്നും കാന്‍സര്‍ സെല്ലിനെ കണ്ടെത്തണമെന്നും ചിന്തയുണര്‍ന്നു.
1860 കളില്‍ ഗ്രിഗെറി മെന്‍ഡെല്‍ പയറുവര്‍ഗ്ഗങ്ങളിലെ പരീക്ഷണങ്ങളില്‍ നിന്ന് തലമുറകളിലേക്ക് നിര്‍ദ്ദേശം കൈമാറുന്ന എന്തോ ഒന്നുണ്ടെന്നു കണ്ടെത്തുന്നു. 1909 ല്‍ ബൊട്ടാണിസ്റ്റുകളതിനെ ജീന്‍ എന്നു വിളിച്ചു. പിന്നീട് ശാസ്ത്രലോകം ക്രോമോസോമുകളെ കണ്ടെത്തുന്നു. കാന്‍സര്‍ ഗവേഷണം 1950 കളില്‍ മൂന്നു വഴികളിലായി പിരിയുന്നു. 1958 ല്‍ ഹോവാര്‍ഡ് ടെമിന്‍ എന്ന യുവ വൈറോളജിസ്റ്റ് റൂസ് വൈറസിനെക്കുറിച്ച് പഠിക്കുമ്പോള്‍ അവ ഡിഎന്‍എ കോപ്പിയുണ്ടാക്കി അതിലറ്റാച്ച് ചെയ്ത് ആര്‍എന്‍എ ഫോമില്‍ രൂപപ്പെടും എന്നു കണ്ടെത്തി. അത് തിരികെ പോയി ഡിഎന്‍എ കോപ്പിയുണ്ടാക്കുന്നു, റിട്രോവൈറസ് ആകുന്നു (ആ പദം അന്നില്ല) ഈ പ്രക്രിയ എത്രവേണമെങ്കിലും തുടരാം. റൂസ് സര്‍ക്കോമാ വൈറസ് ഈ മാറ്റങ്ങള്‍ക്കിടയില്‍ കാന്‍സറുണ്ടാക്കുന്ന ഒരു ജീനിനെ പിടിച്ചെടുക്കുകയും പുതിയ സെല്ലുകളില്‍ പ്രവേശിപ്പിച്ച് കാന്‍സറുണ്ടാക്കുകയും ചെയ്യുന്നു. ഇതു കണ്ടെത്തിയത് 1970 കളില്‍ രണ്ടു യുവാക്കളാണ്. ഹിസ്റ്ററി ഡിഗ്രി പാസായ ജെ.മൈക്കിള്‍ ബിഷപ്പ് പെട്ടെന്നൊരിക്കല്‍ റൂട്ടുമാറി വൈറോളജി പഠിക്കാന്‍ തീരുമാനിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെത്തി. തീരെ പ്രധാനമല്ലാത്ത ഒരു യൂണിവേഴ്സിറ്റി. ഒരു കെട്ടിടത്തിന്റെ അരികിലെ ഒരു കുടുസുമുറി കിട്ടി. ഒരാള്‍ക്ക് നിന്നുതിരിയാനിടമില്ല. അവിടേയ്ക്കാണ് റിട്രോവൈറസിനെ പഠിക്കാന്‍ ഞാനും കൂടട്ടെ?” എന്നു ചോദിച്ചുകൊണ്ട് ഹരോള്‍ഡ് വാര്‍മസ് എന്ന ലിറ്ററേച്ചര്‍ ബിരുദധാരിയായ ചെറുപ്പക്കാരന്‍ ചെല്ലുന്നത്. ഏതായാലും രണ്ടാളും ചേര്‍ന്ന് വിജയം കണ്ടെത്തി. കാന്‍സര്‍കാരിയായ റിട്രോവൈറസ് മൂലമുണ്ടാകുന്ന കാന്‍സറിനെ കണ്ടെത്തിയതിന് രണ്ടാളും കൂടി നൊബേല്‍ സമ്മാനം പങ്കുവച്ചു. ലിറ്ററേച്ചര്‍ പഠിച്ച കാലം ഓര്‍ത്ത് ഒരു എപിക് കവിതയാണ് സമ്മാനം വാങ്ങുമ്പോള്‍ വാര്‍മസ് ഉദ്ധരിച്ചത്. “ഞങ്ങള്‍ ഞങ്ങളുടെ ശത്രുവിനെ (കാന്‍സര്‍ സെല്‍) കൊന്നില്ല, ആലങ്കാരികമായി അവന്റെ കൈകാലുകള്‍ വലിച്ചുകീറിയില്ല, ഞങ്ങളുടെ പരിശ്രമത്തില്‍ ആ പിശാചിനെ കുറച്ചുകൂടി വ്യക്തമായി കണ്ടതേയുള്ളു. അവന്റെ ദംഷ്ട്രകളും നഖങ്ങളും പുതിയ രീതിയില്‍ വിശദീകരിച്ചതേ ഉള്ളൂ.”
മറ്റു ചില പരീക്ഷണങ്ങളില്‍ ഫിലിപ് ലെഡര്‍ എലികളില്‍ കൃത്രിമമായി കാന്‍സറുണ്ടാക്കി. അതൊരു നാഴികക്കല്ലായിരുന്നു. മനുഷ്യശരീരത്തില്‍ കാന്‍സര്‍ സെല്ലുകള്‍ ഉരുത്തിരിഞ്ഞുവരുന്നതിന്റെ രീതികള്‍ പഠിക്കാന്‍ ശ്രമം നടത്തിയവരാണ് വീന്‍ബെര്‍ഗ്ഗും ഹനാഹനും.
1990 മുതല്‍ 2005 വരെ കാന്‍സര്‍ മരണം വളരെ കുറഞ്ഞു. ലങ് കാന്‍സര്‍ കുറഞ്ഞതിന്റെ പ്രധാനകാരണം പ്രിവെന്‍ഷനാണ്. പുകവലിയും കാന്‍സറുമായുള്ള ബന്ധം കണ്ടെത്തിയതും പരസ്യം കുറഞ്ഞതും നിയമയുദ്ധങ്ങളുമെല്ലാം ദീര്‍ഘകാലത്തില്‍ ഫലമുണ്ടാക്കി.
പരിശോധനകള്‍ വഴി ആരംഭത്തിലേ കണ്ടെത്താനായതും തടയാന്‍ കഴിഞ്ഞതും കോളോണ്‍, സെര്‍വിക്കല്‍ കാന്‍സറുകള്‍ കുറയാന്‍ സഹായിച്ചു. ലൂക്കീമിയ, ലിംഫോമ, ടെസ്റ്റിക്കുലര്‍ കാന്‍സര്‍ എന്നിവ കുറച്ചത് കീമോതെറാപ്പിയുടെ വിജയമാണ്. മാമോഗ്രാഫി, സര്‍ജറി, തുടര്‍ന്നുള്ള കീമോതെറാപി എന്നിവ ബ്രെസ്റ്റ് കാന്‍സര്‍ മരണം കുറച്ചു.
1970 ല്‍ സിലിക്കോണ്‍ വാലിയില്‍ ഒരു കമ്പനി തുടങ്ങുന്നു. ജെനെന്റെക്സ് – ജെനെറ്റിക് എന്‍ജിനീയറിംഗ് ടെക്നോളജി. പുതിയ മരുന്നുകളുണ്ടാക്കാനായിട്ട്. അക്കാലത്ത് ഇന്‍സുലിനുണ്ടാക്കിയത് പശുക്കളുടെയും പന്നികളുടെയും പാന്‍ക്രിയാസ് അരച്ച് പ്രോസസ് ചെയ്താണ്. ഒരു പൗണ്ട് ഇന്‍സുലിനുണ്ടാക്കാന്‍ 8000 പൗണ്ട് പാന്‍ക്രിയാസ് വേണമായിരുന്നു. റികോമ്പിനന്റ് ഡിഎന്‍എ ടെക്നോളജി ഉപയോഗിച്ച് മനഷ്യജീനിനെ ബാക്ടീരിയയില്‍ സന്നിവേശിപ്പിച്ച് വലിയ അളവില്‍ ഇന്‍സുലിനുണ്ടാക്കാന്‍ കഴിഞ്ഞു. ആ കമ്പനിയിലെ ഒരു ജര്‍മ്മന്‍ സയന്റിസ്റ്റായ അലെക്സ് ഉള്‍റിച്ചും കാലിഫോര്‍ണ്ണിയാ യൂണിവേഴ്സിറ്റിയിലെ ഡെന്നിസ് സ്ലാമനും 1989 ല്‍ കാന്‍സറുണ്ടാക്കുന്ന ജീനിനെ ചെറുക്കുന്നതിന് ഒരു മരുന്നു കണ്ടുപിടിച്ചു. ഹെര്‍സപ്ടിന്‍. എന്നാലത് പ്രായോഗികമായി ഉറപ്പുവരുത്താത്തതിനാല്‍ അതുണ്ടാക്കാന്‍ കമ്പനി വിസമ്മതിച്ചു. എന്നിരുന്നാലും അതിന്റെ പരീക്ഷണം സ്ലാമന്‍ തുടര്‍ന്നു. ധാരാളം ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ ടെസ്റ്റിനു തയ്യാറായി. 1993 ല്‍ കൂടുതല്‍ ട്രയലുകള്‍ നടത്തി. കമ്പനിയ്ക്കെതിരെ സമരങ്ങള്‍ നടന്നു. കമ്പനി പിന്നീട് ട്രയലിനു തയ്യാറയി. 1998 ല്‍ ഈ ഓങ്കോളജിക്കല്‍ ട്രയലിന്റെ ഫലം പ്രഖ്യാപിക്കുന്ന യോഗത്തില്‍ 18,000 കാന്‍സര്‍ സ്പെഷ്യലിസ്റ്റുകള്‍ പങ്കെടുത്തു. അക്കാലത്തുതന്നെ ഗ്ലീവെക് എന്ന മരുന്നു കണ്ടുപിടിക്കപ്പെട്ടു. തുടര്‍ന്നുള്ള കൊല്ലങ്ങളില്‍ ലുക്കീമിയയ്ക്കുള്ള 24 മരുന്നുകളുണ്ടായി.
ഗ്രന്ഥകാരന്‍ പറയുന്നതു കേള്‍ക്കുക “2005 ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച തന്റെ ഒരു രോഗി, ഏതാനുംമാസം കഴിയുമ്പോള്‍ തന്റെ മകളുടെ ഹൈസ്ക്കൂള്‍ ഗ്രാജുവേഷന്‍ കാണാന്‍ അയാള്‍ ജീവിച്ചിരിക്കുമോ എന്നു ചോദിച്ചു. എന്നാലയാള്‍ 2009 ല്‍ ആ മകളുടെ കോളേജ് ഗ്രാജുവേഷന്‍ സെറിമണി കാണാനെത്തി, ഒരു വീല്‍ചെയറില്‍. വീല്‍ചെയറിന് കാന്‍സറുമായി ബന്ധമൊന്നുമില്ലായിരുന്നു. അയാള്‍ തന്റെ ഇളയമകന്റെ ബാസ്കറ്റ്ബോള്‍ ടീമിനെ കോച്ച് ചെയ്യുമ്പോള്‍ വീണതാണ്!
2009 ല്‍ കാര്‍ലയുടെ ബോണ്‍മാരോ ബയോപ്സി റിസല്‍ട്ട് വന്നു. റിസല്‍ട്ട് വന്നു എന്ന് നഴ്സ് കാര്‍ലയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ എന്താണെന്ന് പറഞ്ഞില്ല. ഡോക്ടര്‍ വിളിക്കുന്നത് 2 ദിവസം കഴിഞ്ഞാണ്. വൈകിയതിനാല്‍ അവര്‍ക്ക് ഉറപ്പായിരുന്നു, ലുക്കീമിയ തിരിച്ചുവന്നു എന്നും അതുകൊണ്ടാണ് ഡോക്ടര്‍ വിളിക്കാത്തതെന്നും. റിസല്‍ട്ട് നെഗറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു. അദ്ദേഹം ഒരു പൂച്ചെണ്ടുമായി അവരെ കാണാന്‍ വീട്ടിലെത്തുന്നു. തന്റെ വിജയത്തിന്റെ മാഹാത്മ്യത്തില്‍ മിണ്ടാനാകാതെ അവരാ പൂക്കളെ നോക്കി നിന്നു.
ജിമ്മി ഫണ്ടിന്റെ പരസ്യമോഡലായിരുന്ന ജിമ്മി 50 കൊല്ലം കഴിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. രോഗമെല്ലാം മാറി ദൂരെ ഒരിടത്ത് ഒരു ട്രക്ക് ഡ്രൈവറായി കുടുംബസമേതം ജീവിക്കുകയാണയാള്‍. അയാളുടെ സഹോദരി ഈ വിവരം അറിയിച്ച് ഹോസ്പിറ്റലിലേക്ക് ഒരു കത്തയയ്ക്കുന്നു. വിശ്വാസം വരാതെ അന്വേഷിച്ചത്തിയ ഹോസ്പിറ്റല്‍ പ്രതിനിധികളെ ടിവി ഷോയില്‍ വച്ച് ജിമ്മിക്കു ലഭിച്ച ഫുട്ബോള്‍ താരത്തിന്റെ കുപ്പായം സൂക്ഷിച്ചുവച്ചിരുന്നത് കാണിച്ചുകൊടുക്കുന്നു. എല്ലാവര്‍ക്കും വിശ്വാസമാകുന്നു. ജിമ്മി എന്ന എയ്നാര്‍ ഗുസ്റ്റാഫ്സണ്‍ ഹോസ്പിറ്റലില്‍ വരുന്നു, വലിയ സ്വീകരണം കൊടുക്കുന്നു.
സയന്റിസ്റ്റുകള്‍ക്ക് ഒരു സാധാരണ സെല്ലും കാന്‍സര്‍ സെല്ലും തമ്മിലുള്ള പ്രധാന വ്യത്യാസം 2003 വരെ അറിയാമായിരുന്നു – ജനറ്റിക് മ്യൂട്ടേഷനാണ് എന്നത്. 2003 ല്‍ ഹ്യൂമന്‍ ജിനോം പ്രോജക്ട് പൂര്‍ത്തിയായി, ഒരു സാധാരണ ഹ്യൂമന്‍ ജിനോം. അതിനേത്തുടര്‍ന്ന് നിരവധി ഇനം കാന്‍സര്‍ സെല്ലുകളുടെ ജീന്‍ മാപ്പ് തയ്യറാക്കുന്ന ജോലി ആരംഭിച്ചു. അത് കാന്‍സറിന്റെ അതിബൃഹത്തായ അറ്റ് ലസ് ആയിരിക്കും.
ഓരോ തരം കാന്‍സറിനും നിരവധി മ്യൂട്ടേഷനുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മ്യൂട്ടന്റ് ജീനുകളേതെന്നും അവ എന്തു ചെയ്യുന്നു എന്നും കൃത്യമായി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാന്‍സര്‍ പ്രിവെന്‍ഷന്‍ പോലെ കാന്‍സര്‍ സ്ക്രീനിംഗും പുനരാവിഷക്കരിക്കേണ്ടിയിരിക്കുന്നു എന്നതാണ് കാന്‍സര്‍ മോളിക്യൂളിനെ തിരിച്ചറിഞ്ഞതിലൂടെ വേണ്ടിവരുന്നത്. പുതിയ സമീപനം രോഗം കണ്ടെത്തുന്നതിനും ചികിത്സയിലും വേണ്ടിവരും. കാന്‍സര്‍ സ്റ്റെം സെല്ലുകള്‍ ഓരോരുത്തരുടെയും ബോണ്‍ മാരോയില്‍ കുടികൊള്ളുന്നുണ്ട്. എപ്പോഴാണ് ഈ രോഗത്തെ ഒരാള്‍ക്ക് നേരിടേണ്ടിവരുന്നത് എന്നതാണ് ചോദ്യം.