
1958-ൽ ഹെൽസിങ്കിയിൽ നടന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പക്ഷിശാസ്ത്ര കോൺഗ്രസ്സിൽ (International Ornithological Congress) പ്രശസ്ത റഷ്യൻ പക്ഷിഗവേഷകനായ ഡോ. എ. ഇവാനോവ് പ്രദർശിപ്പിച്ച ഒരു ചിത്രം അവിടെ കൂടിയ പക്ഷിശാസ്ത്രജ്ഞർക്ക് അപ്രതീക്ഷിതമായ ഒരത്ഭുതമായിരുന്നു. അതൊരു ഡോഡോയുടെ ചിത്രമായിരുന്നു. ഏകദേശം മൂന്നര നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം സംഭവിച്ച മൌറീഷ്യൻ പക്ഷിയായ ഡോഡോയുടെ ചിത്രം. മനുഷ്യരുടെ ഇടപെടൽ കാരണം നടക്കുന്ന വംശനാശത്തേക്കുറിച്ച് പറയുമ്പോൾ ഉദാഹരണമായി ഉയർത്തിക്കാട്ടുന്നത് ഡോഡോയെ ആണ്. അതുകൊണ്ടുതന്നെ വംശനാശത്തിന്റെ ഐക്കൺ (icon of extinction) എന്നാണ് ഡോഡോ അറിയപ്പെടുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ അറബികളും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാരും മൌറീഷ്യസ് കണ്ടെത്തിയിരുന്നെങ്കിലും ദ്വീപിൽ ആദ്യമായി കാലുകുത്തിയത് 1598-ൽ ഡച്ചുകാരാണ്. അതോടെയാണ് ഡോഡോയെക്കുറിച്ചുള്ള വാർത്തകൾ യൂറോപ്പിൽ പ്രചരിച്ചു തുടങ്ങിയത്. ഡച്ച് അഡ്മിറലായ കോർണെലിസ് ജേക്കബ് വാൻ നെക്കിന്റെ (Cornelis Jacob Van Neck) സമുദ്രപര്യവേഷണ കാലത്താണ് ഡച്ചുകാർ മൌറീഷ്യസ് കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും. യാഥാർത്ഥത്തിൽ അഡ്മിറലല്ല, വൈസ് അഡ്മിറൽ വൈബ്റാന്റ് വാർവിക്കാണ് (Wybrandt Warwijck) മൌറീഷ്യസ് കണ്ടെത്തിയതും തീരത്തിറങ്ങിയതും. തുടർന്ന് അദ്ദേഹം ദ്വീപിന്റെ ഉൾവശത്തേയ്ക്ക് മൂന്ന് പര്യവേഷണ യാത്രകൾ സംഘടിപ്പിച്ചു. അതിലൊരു സംഘത്തിന്റെ നേതാവ് ഹെയ്ൻഡ്രിക്ക് ഡേർക്ക്സ് ജോളിൻക്ക് (Heyndrick Dircksz Jolinck) ആയിരുന്നു. ഡോഡോയെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ വിവരണം അദ്ദേഹത്തിന്റേതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. വാൻ നെക്കിന്റെ പര്യടനസംഘം നെതർലണ്ട്സിൽ തിരിച്ചെത്തിയ ശേഷം ആ പര്യടനവുമായി ബന്ധപ്പെട്ട് 1599, 1600, 1601 വർഷങ്ങളിൽ മൂന്ന് പ്രസിദ്ധീകരണങ്ങളുണ്ടായി. 1601-ൽ പ്രസിദ്ധീകരിച്ച ഹെറ്റ് റ്റ്വീഡ് ബോയെക്കിന്റെ (Het Tweede Boeck) പുസ്തകത്തിൽ മറ്റ് പ്രകൃതിദൃശ്യങ്ങൾക്കൊപ്പം ഒരു ഡോഡോയുടെ ചിത്രവുമുണ്ടായിരുന്നു. എന്നാൽ അത് ഡോഡോയെ നേരിട്ട് കണ്ട് വരച്ച ചിത്രമല്ല എന്നാണ് വിദഗ്ധാഭിപ്രായം (ചിത്രം-1).

എന്നാൽ ഇവാനോവ് പ്രദർശിപ്പിച്ച ചിത്രം ഭാവനാസൃഷ്ടമല്ല എന്നുതന്നെയാണ് ഹെൽസിങ്കിയിൽ ഒത്തുകൂടിയ പക്ഷിശാസ്ത്രജ്ഞർ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടത്. ചിത്രം കണ്ടെത്തിയ വഴിയെക്കുറിച്ചും ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ചും ഇവാനോവ് ഇങ്ങനെ പറയുന്നു:

“ഡോഡോയുടെ ഏറ്റവും നല്ല ചിത്രങ്ങൾ പ്രശസ്ത ഫ്ലെമിഷ് കലാകാരനായ റോളണ്ട് സേവറി (Roelandt Savery) യുടേതാണ് (ചിത്രം-2). ഈ ചിത്രങ്ങൾ മസ്കരീൻ ദ്വീപുകളിൽ (മൌറീഷ്യസ് ഉൾപ്പെടെയുള്ള ദ്വീപുകൾ) നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്ന ജീവനുള്ള ഡോഡോകളെ നോക്കി വരച്ചിരിക്കുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതുകൊണ്ട് തന്നെ അവ മികച്ച ശാസ്ത്രീയ രേഖകളായാണ് കരുതപ്പെടുന്നത്. ആധികാരികവും കൃത്യതയുമുള്ള ഈ ചിത്രങ്ങൾക്ക് പുറമേ മറ്റ് അനേകം ചിത്രങ്ങളുമുണ്ട്. അവയെല്ലാം ഒന്നുകിൽ സേവറിയുടെ ചിത്രങ്ങളുടെ പകർപ്പുകളോ അല്ലെങ്കിൽ ‘അനാവശ്യമായ തിരുത്തലുകൾ’ വരുത്തിയവയോ ആണ്. വിവിധ മ്യൂസിയങ്ങളിലും ആർട്ട് ഗാലറികളിലുമുള്ള എല്ലാ ഡോഡോ ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു എന്നായിരുന്നു കുറച്ചുകാലം മുൻപുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ അതങ്ങനെയല്ലെന്നതാണ് സത്യം. 1956-ൽ വാഷിങ്ടണിലെ യു.എസ്. നാഷണൽ മ്യൂസിയത്തിലെ പക്ഷിവിഭാഗത്തിന്റെ ക്യൂറേറ്ററായ ഡോ. ഹെർബെർട്ട് ഫ്രീഡ്മൻ കൗതുകകരമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലദ്ദേഹം യൂറോപ്പിലെയും അമേരിക്കയിലെയും ചില മ്യൂസിയങ്ങളിലുള്ള പുതിയ ഡോഡോ ചിത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ലെനിൻഗ്രാഡിലെയും മോസ്കോയിലെയും ആർട്ട് ഗാലറികളിൽ ഡോഡോ ഉണ്ടാകുമോ എന്ന എന്റെ ആദ്യ അന്വേഷണം പരാജയമായിരുന്നു. 1955-ന്റെ അവസാന കാലത്ത് ഇന്ത്യയിലേയും പേർഷ്യയിലെയും പഴയ ‘കൊച്ചു ചിത്രങ്ങളുടെ’ (miniatures) ഒരു പ്രദർശനം ലെനിൻഗ്രാഡിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ നടക്കുകയുണ്ടായി. അവയുടെ കൂട്ടത്തിൽ അനേകം പക്ഷികളുടെ ചിത്രങ്ങളുണ്ടായിരുന്നു. അതിലൊന്ന് ഡോഡോയുടെ മനോഹര ചിത്രമായിരുന്നു (ചിത്രം-3).

അതിശയകരമായ വസ്തുത എന്താണെന്ന് വെച്ചാൽ അത് വരച്ചത് ഒരു യൂറോപ്യനല്ല, മറിച്ച് ഒരു പൗരസ്ത്യനായിരുന്നു (oriental) എന്നതാണ്. ആ കലാകാരന്റെ പേര് നമുക്കറിയില്ല. പ്രശസ്ത ചിത്രകാരനായ ഉസ്താദ് മൻസൂറോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സംഘത്തിലുള്ള ഏതെങ്കിലും കലാകാരനോ ആയിരിക്കണം അത് വരച്ചത്. അതുകൊണ്ടുതന്നെ അത് ഏത് കാലത്ത് വരയ്ക്കപ്പെട്ടതാണെന്നും പറയാൻ കഴിയില്ല. പേർഷ്യൻ ചിത്രങ്ങളിൽ വിദഗ്ദ്ധരായ ചിലരുടെ അഭിപ്രായം അത് വരയ്ക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരിക്കാമെന്നാണ്. അക്കാലത്ത് ഡോഡോകൾ ജീവിച്ചിരുന്നു (ഡോഡോകളെ ജീവനോടെ അവസാനമായിക്കണ്ടത് 1681-ലാണ്). ഈ ചിത്രം കണ്ടെത്തിയ ഉടൻ ഞാൻ ബോംബെയിലുള്ള ഡോ. സാലിം അലിക്ക് കത്തെഴുതി.”
ശേഷം സാലിം അലി പറയും.

സാലിം അലി പറയുന്നത്
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ സ്മരണയ്ക്കായി ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) 1958-ൽ ആരംഭിച്ചതാണ് ആസാദ് സ്മാരക പ്രഭാഷണങ്ങൾ. അതിന്റെ പതിനാറാമത്തെ പ്രഭാഷകൻ ഇന്ത്യയുടെ പക്ഷിമനുഷ്യൻ (Bird man of India) എന്ന് പ്രശസ്തനായ ഡോ. സാലിം അലിയായിരുന്നു. ഐ. സി. സി. ആറിന്റെ അന്നത്തെ പ്രസിഡന്റ് വിദേശകാര്യമന്ത്രി കൂടിയായിരുന്ന അടൽ ബിഹാരി വാജ്പേയിയും സെക്രട്ടറി ജെ. എൻ. ദീക്ഷിതുമായിരുന്നു. ‘പക്ഷിപഠനം ഇന്ത്യയിൽ: ചരിത്രവും പ്രാധാന്യവും’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഈ പ്രഭാഷണത്തിലാണ് റഷ്യയിലെ ഡോഡോ ചിത്രത്തെക്കുറിച്ച് സാലിം അലി സംസാരിച്ചത്. അതിലെ പ്രസക്തഭാഗങ്ങൾ നോക്കാം.
“മുഗൾ ചക്രവർത്തിമാർ, പ്രത്യേകിച്ചും ബാബർ മുതൽ ഷാജഹാൻ വരെയുള്ളവർ, സൗന്ദര്യബോധത്തിനും പ്രകൃതിസ്നേഹത്തിനും പ്രശസ്തരായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രശസ്തരായ പ്രകൃതിസ്നേഹികൾ ബാബറും ജഹാംഗീറുമായിരുന്നു. ജഹാംഗീറിന്റെ സ്വഭാവത്തിലെ പ്രത്യേകതകളിൽ എടുത്തുപറയേണ്ടത് പ്രകൃതിയോടുള്ള സ്നേഹവും മികച്ച നിരീക്ഷണപാടവവുമാണ്. ഏതെങ്കിലും നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ തലവനായിരുന്നുവെങ്കിൽ അദ്ദേഹം കൂടുതൽ സന്തോഷവാനും കഴിവുറ്റവനുമായിരുന്നേനെ എന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ നിറയെ പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള സൂക്ഷ്മവും കൃത്യവുമായ വിവരണങ്ങളുണ്ട്. മൃഗങ്ങളുടെ ചിത്രീകരണത്തിൽ വിദഗ്ദ്ധരായ ഒരു സംഘം ചിത്രകാരന്മാരെ അദ്ദേഹം കൊട്ടാരത്തിൽ നിയമിച്ചിരുന്നു. പ്രഗത്ഭ കലാകാരനായ ഉസ്താദ് മൻസൂറായിരുന്നു സംഘത്തലവൻ. അപരിചിതമായ ഏതെങ്കിലും പക്ഷിയെയോ മൃഗത്തേയോ കിട്ടുകയാണെങ്കിൽ ജഹാംഗീർ അതിനെ സൂക്ഷ്മമായി പഠിക്കുകയും വിശദമായി കുറിപ്പുകളെഴുതിവെക്കുകയും ചെയ്യുമായിരുന്നു. അതിനുശേഷം അതിനെ വരയ്ക്കാനായി മൻസൂറിനേയോ അല്ലെങ്കിൽ ഏതെങ്കിലും സംഘാംഗത്തെയോ ഏൽപ്പിക്കുകയും ചെയ്യും. പക്ഷിമൃഗാദികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ലോകപ്രശസ്തമായിരുന്നതിനാൽ വിദേശത്തുനിന്നുമെത്തുന്ന സന്ദർശകരും ദൂതന്മാരും അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാൻ വിചിത്രങ്ങളായ ജീവികളെ സമ്മാനമായി കൊണ്ടുവരുമായിരുന്നു. അത്തരം ജീവികളെ സൂക്ഷിക്കാൻ കൊട്ടാരത്തിന് സമീപം ഒരു മൃഗശാലതന്നെ (Menagerie) ഉണ്ടായിരുന്നു. അക്കാലത്ത് വരയ്ക്കപ്പെട്ട പ്രശസ്തമായ ചിത്രങ്ങളിലൊന്ന് 1681-ൽ വംശനാശം സംഭവിച്ച ഡോഡോ (Raphus cucullatus) യുടേതായിരുന്നു! വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇന്ന് ലഭ്യമായതിൽ ശാസ്ത്രീയമായി ഏറ്റവും കൃത്യതയുള്ള ഡോഡോ ചിത്രമാണിത്. അദ്ഭുതകരമെന്ന് പറയട്ടെ, ഈ പക്ഷിയെപ്പറ്റി ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകളിലൊരിടത്തും പരാമർശിക്കുന്നില്ല. എങ്ങനെ, എവിടെ നിന്നാണ് ജീവനുള്ള ഒരു ഡോഡോ കൊട്ടാരത്തിലെത്തിയതെന്ന കാര്യവും ഒരു പ്രഹേളികയാണ്. ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം മരിക്കുന്നതിന്റെ മൂന്നു വർഷം മുൻപ്, അതായത് 1624-ൽ അവസാനിച്ചിരുന്നു. ആ മൂന്നുവർഷങ്ങളിലെപ്പോഴോ ആയിരിക്കണം ഡോഡോ കൊട്ടാരത്തിലെത്തിയത്. അതുപോലെ ചിത്രത്തിൽ കലാകാരന്റെ പേരുമില്ല. എന്നാൽ ചിത്രത്തിന്റെ ശൈലിയിൽ നിന്നും അത് ചെയ്തത് ഉസ്താദ് മൻസൂറോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹകലാകാരന്മാരിലൊരാളോ ആണെന്നതിൽ സംശയമൊന്നുമില്ല. ചിത്രം വരച്ചത് ജീവനുള്ള ഒരു ഡോഡോയെ നോക്കിത്തന്നെയാണെന്നതിനും സംശയമില്ല. സൂറത്തിലുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫാക്ടറിയിൽ ജീവനുള്ള രണ്ട് ഡോഡോകൾ ഉണ്ടായിരുന്നതായി രേഖകളുണ്ട്.”
ഇനി നമുക്ക് സൂറത്തിലേക്ക് പോയി, ഡോഡോയെ കണ്ട്, വീണ്ടും സാലിം അലിയിലേക്ക് തിരിച്ചുവന്ന്, കഥ പൂർത്തിയാക്കാം.
സൂറത്തിലെ ഡോഡോകൾ
16-17 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് സഞ്ചാരിയും വ്യാപാരിയും എഴുത്തുകാരനുമായിരുന്നു പീറ്റർ മണ്ഡി (Peter Mundy). ലോകസഞ്ചാരത്തിനിടയിൽ അദ്ദേഹം ഇന്ത്യയും മൗറീഷ്യസും സന്ദർശിച്ചിട്ടുണ്ട്. തന്റെ യാത്രാവിവരണത്തിൽ രണ്ടിടത്തായി അദ്ദേഹം ഡോഡോയെക്കുറിച്ച് പറയുന്നുണ്ട്; പത്തൊൻപതാം വിവരണത്തിലും ഇരുപത്തിയെട്ടാം വിവരണത്തിലും (ആകെ 36 ‘വിവരണങ്ങളാണ്’ പുസ്തകത്തിലുള്ളത് (Relation I-XXXVI)).
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായി 1628 സപ്തംബർ 30-നാണ് മണ്ഡി സൂറത്തിലെത്തുന്നത്. സൂറത്തിലെ അദ്ദേഹത്തിന്റെ താമസം രണ്ടു വർഷം നീണ്ടുനിന്നു. അഞ്ചാമത്തെ വിവരണത്തിൽ (Relation V) സൂറത്തിനെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും മരങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചുമൊക്കെ വിവരിക്കുന്നുണ്ടെങ്കിലും ഒരിടത്തും ഡോഡോയെ പരാമർശിക്കുന്നില്ല. ആദ്യത്തെ ഡോഡോ പരാമർശം പ്രത്യക്ഷപ്പെടുന്നത് പത്തൊൻപതാം വിവരണത്തിലാണ് (Relation XIX). 1633 മാർച്ച് 22-ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മണ്ഡിയുടെ കപ്പൽ മൌറീഷ്യസിനടുത്തെത്തി. ദ്വീപിൽ കപ്പലടുപ്പിക്കണം എന്ന അഭിപ്രായമുയർന്നെങ്കിലും ഒടുവിൽ ആ തീരുമാനമുപേക്ഷിച്ച് കപ്പൽ യാത്രതുടർന്നു. ആ സന്ദർഭത്തിലാണ് മണ്ഡി മൗറീഷ്യസിനെക്കുറിച്ചും അവിടുത്തെ അത്ഭുതപ്പക്ഷിയായ ഡോഡോയെക്കുറിച്ചും പറയുന്നത്.

“കോഴിവർഗ്ഗത്തിൽപ്പെട്ട അസാധാരണമായ പക്ഷികളാണ് ഡോഡോകൾ. വാത്തകളുടെ ഇരട്ടി വലുപ്പമുണ്ട്. അവയ്ക്ക് പറക്കാനും കഴിയില്ല, നഖമുള്ള കാലുകളായതിനാൽ നീന്താനും പറ്റില്ല. അവ അവിടെയെങ്ങനെ വന്നു എന്നുള്ളത് അതിശയകരമാണ്. കാരണം ലോകത്തിൽ മറ്റൊരിടത്തും അവയെ കാണാൻ കഴിയില്ല. രണ്ടെണ്ണത്തിനെ ഞാൻ സൂറത്തിൽ കണ്ടിട്ടുണ്ട്. അവയെ അവിടെനിന്നും (മൌറീഷ്യസിൽ നിന്ന്) കൊണ്ടുവന്നതാണ്.”

ഇരുപത്തെട്ടാമത്തെ വിവരണം ചൈനയിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സുമാത്ര മുതൽ മൌറീഷ്യസ് വരെയുള്ള യാത്രയെക്കുറിച്ചാണ്. 1638 ഏപ്രിൽ 13-നാണ് അവർക്ക് മൗറീഷ്യസ് ദൃശ്യമായത്. കപ്പലിലുണ്ടായ ചെറിയ ചോർച്ച പരിഹരിക്കാനും ആളുകൾക്ക് വിശ്രമം കൊടുക്കാനുമാണ് മൗറീഷ്യസിൽ കപ്പലടുപ്പിക്കാൻ തീരുമാനിച്ചത്. മൗറീഷ്യസിന്റെ മണ്ണിൽ നിന്നുകൊണ്ടാണ് ഡോഡോയെക്കുറിച്ചുള്ള മണ്ഡിയുടെ രണ്ടാം പരാമർശം.
“ഡോഡോ. ഇപ്പോൾ ഒന്നിനെപ്പോലും കണ്ടില്ലെങ്കിലും പലപ്രാവശ്യമായി ഇവിടെ കണ്ടിട്ടുളളതായറിയാം. സൂറത്തിൽ ഞാൻ കണ്ട രണ്ടെണ്ണം ഇവിടെനിന്ന് കൊണ്ടുപോയതാണ്.”
ഈ രണ്ട് പരാമർശങ്ങളാണ് സൂറത്തിലെ ഡോഡോകളുടെ സാന്നിധ്യത്തിനുള്ള തെളിവുകൾ. പീറ്റർ മണ്ഡി സൂറത്തിൽ കണ്ട ഡോഡോകളിലൊന്ന് തന്നെയായിരിക്കണം ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയത് എന്നുതന്നെയാണ് സാലിം അലിയുടെ അഭിപ്രായം. ജഹാംഗീർ മരിച്ച് 11 മാസങ്ങൾ കഴിഞ്ഞാണ് മണ്ഡി സൂറത്തിലെത്തുന്നത്. അങ്ങനെയെങ്കിൽ ജഹാംഗീർ മരിച്ചതിന് ശേഷമാണോ ഡോഡോ കൊട്ടാരത്തിലെത്തിയതും മൻസൂർ അതിനെ വരച്ചതും? അതേക്കുറിച്ച് സാലിം അലി ഇങ്ങനെ പറയുന്നു:

“ചിത്രത്തിലുള്ളത് ഈ ഡോഡോകളിൽ ഒരെണ്ണമാണെന്നതിന് സംശയമില്ല. അതല്ലെങ്കിൽ മൂന്നാമതൊരു പക്ഷി കൂടെ ഉണ്ടായിരുന്നിരിക്കണം. വിദേശജീവികളോടുള്ള ജഹാംഗീറിന്റെ കടുത്ത അഭിനിവേശമറിയാവുന്നതുകൊണ്ട്, അദ്ദേഹത്തിന്റെ മരണത്തിന് മുൻപുതന്നെ, നന്ദിസൂചകമായി, സൂറത്ത് ഫാക്ടറി അതിനെ അദ്ദേഹത്തിന് സമ്മാനിച്ചതായിരിക്കാം.”

രാജസ്ഥാൻ ചിത്രത്തിലെ ഡോഡോ
രാജസ്ഥാനിലെ പ്രശസ്തമായ ഒരു ചിത്രകലാ രീതിയാണ് ബൂണ്ടി ശൈലി (Bundi school of painting). പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രചാരത്തിലുണ്ടായിരുന്ന ചിത്രശൈലിയാണത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയയിൽ (മുൻ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ) ബൂണ്ടി ചിത്രങ്ങളുടെ നല്ലൊരു ശേഖരമുണ്ട്. അതിലൊരെണ്ണത്തിൽ ഡോഡോയുമുണ്ട്. മൻസൂറിന്റെ വർണ്ണചിത്രം പോലെയല്ല; ഇതൊരു രേഖാചിത്രമാണ്. ഡോഡോയ്ക്ക് ചുറ്റും മറ്റ് ചില പക്ഷികളും സസ്തനികളും ഉരഗങ്ങളും ഒരു മത്സ്യവുമുണ്ട് (ചിത്രം-4). ചിലതിന്റെ അടിയിൽ അവയുടെ പേര് ഹിന്ദിയിൽ എഴുതിവെച്ചിട്ടുണ്ട്. ഡോഡോയുടെ അടിയിൽ ‘ഗിദ്ദ്’ (കഴുകൻ) എന്നാണെന്നഴുതിയിട്ടുള്ളത്. സൂറത്തിൽ നിന്നും 500 കിലോമീറ്റർ കിഴക്കും ജഹാംഗീറിന്റെ തലസ്ഥാനമായിരുന്ന ആഗ്രയിൽ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുമാണ് ബൂണ്ടി പട്ടണം. 25 സെന്റീമീറ്റർ നീളവും 17 സെന്റീമീറ്റർ ഉയരവുമുള്ള ഒരു കൊച്ചുചിത്രമാണ് മേൽപ്പറഞ്ഞ ഡോഡോ ചിത്രം. വരച്ചത് ആരാണെന്നറിയില്ല. ചിത്രത്തിലെ ഡോഡോ ജീവനുള്ള ഡോഡോയെ കണ്ട് വരച്ചതാണോ അല്ലെങ്കിൽ ഏതെങ്കിലും ചിത്രം നോക്കി പകർത്തിയതോ? ഇത് തന്നെയാണ് മൌറീഷ്യസിലെ ബ്ലൂ പെന്നി മ്യൂസിയത്തിലെ ഇമ്മാനുവൽ റിച്ചോണയും (Emmanuel Richona) നെതർലണ്ട്സിലെ ആംസ്റ്റർഡാം യൂണിവേർസിറ്റിയിലെ റിയ വിന്റേർസും (Ria Winters) അന്വേഷിച്ചത്. വിശദമായ പഠനത്തിനൊടുവിൽ ഗവേഷകർ ഇങ്ങനെയൊരു തീരുമാനത്തിലെത്തി:
- ഈ രേഖാചിത്രം വരച്ചത് 1836-ന് ശേഷമാവാനാണ് സാധ്യത.
- ലഭ്യമായ ഏതോ ഡോഡോ ചിത്രം നോക്കിയിട്ടാകണം ചിത്രം വരച്ചത്.
- മൻസൂറിന്റെ ചിത്രവുമായി ഇതിന് നല്ല സാമ്യമുണ്ട്.

നിക്കോബാറിൽ ഒരു ഡോഡോ ബന്ധു
ജീവിച്ചിരിക്കുന്ന ഏത് പക്ഷികളാണ് ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ? കോഴി? താറാവ്? ടർക്കി? ഒട്ടകപ്പക്ഷി? ആദ്യകാലത്ത് ഇങ്ങനെ പല അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇവയോടൊന്നുമല്ല ഡോഡോവിന് ബന്ധം, മറിച്ച് പ്രാവുകളോടാണെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് പ്രൊഫ. ജെ. ടി. റൈൻഹാർട്ട് ആണ്. എന്നാൽ അദ്ദേഹത്തിന്റെ സമകാലികർ ആ അഭിപ്രായത്തെ പുച്ഛിച്ച് തള്ളി. 1848-ൽ ഡോഡോകളെ കുറിച്ചുള്ള ആദ്യത്തെ ബൃഹത് ഗ്രന്ഥമെഴുതിയ സ്റ്റ്റിക്ക്ലന്റും മെൽവിലും (Strickland and Melville) മറ്റും റൈൻഹാർട്ടിനെ പിന്തുണച്ചതോടെ ഡോഡോയുടെ പ്രാവ് ബന്ധം പരക്കേ അംഗീകരിക്കപ്പെട്ടു. 2002-ൽ ഷാപ്പിറോവും സംഘവും നടത്തിയ ജനിതക വിശകലനം അത് ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. ആ പഠനം മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തി: ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ (Nicobar Pigeon: Coleonas nicobarica) (ചിത്രം-5). അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ ബന്ധം കൂടി!
അധിക വായനയ്ക്ക്
- Ali S (1979). Bird study in India: its history and its importance. Indian Council for Cultural Relations.
- Hume JP (2006). The history of the Dodo Raphus cucullatus and the penguin of Mauritius. Historical Biology; 18(2): 65–89
- Ivanov I. (1958). An Indian picture of the Dodo. J Ornithol 99:438–440.
- Mundy P. 1914. The travels of Peter Mundy in Europe and Asia. Vol. 5. London: Hakluyt Society.
- Richona E, Wintersb R (2014). The intercultural dodo: a drawing from the School of Bundi, Rajasthan. Historical Biology. Published online: 02 Oct 2014.
- Shapiro B, Sibthorpe D, Rambaut A, Austin J, Wragg GM, Bininda-Emonds ORP, et al (2002). Flight of the dodo. Science. 295: 1683.
- Strickland HE, Melville AG. (1848). The dodo and its kindred. London: Reeve, Benham & Reeve.
