വിജയകുമാർ ബ്ലാത്തൂർ
തേനീച്ചകൾ ആശയവിനിമയം ചെയ്യാൻ നടത്തുന്ന നൃത്തപരിപാടിയെക്കുറിച്ചറിയാം
തേനീച്ച കോളനിയിലെ പ്രജനന ശേഷിയില്ലാത്ത പെൺ തേനീച്ചകളാണ് ജോലിക്കാർ. അവരാണ് പലദൂരം താണ്ടി ഇത്തിരി മധുരം എവിടെയെങ്കിലുമുണ്ടോ എന്നന്വേഷിച്ച് പാറി നടന്ന്, കോളനിക്കാവശ്യമായ തേനും പൂമ്പൊടിയും എല്ലാം ശേഖരിച്ച് കൊണ്ടുവരുന്നത്. പറന്ന് പറന്ന് ഒറ്റക്കൊരു തേനീച്ച കൂട്ടിൽ നിന്ന് ദൂരെ നിറയെ പൂക്കളുള്ള ഒരു ചെടികൾ നിറഞ്ഞ ഒരു സ്ഥലം കണ്ടെത്തി എന്നു കരുതു. പൂക്കളിൽ നിന്നും സന്തോഷത്തോടെ തേൻ വായിൽ നിറക്കും. അതുകഴിഞ്ഞ് കൂട്ടിലേക്ക് കുതിച്ച് പറന്നൊരു തിരിച്ച് വരവുണ്ട്. “യുറേക്കാ” എന്ന് വിളിച്ച് പറയുന്നതു പോലെ. ഞാനിതാ തേൻ നിറഞ്ഞ ഒരിടം കണ്ടെത്തിയിരിക്കുന്നു എന്ന് മറ്റുള്ളവരെ അറിയിച്ചിട്ട് മാത്രം കാര്യമില്ല. കോളനിയിലേക്ക് തേൻ കൊണ്ടുവരാൻ പോവേണ്ട ആ പുതിയ സ്ഥലത്തേക്കുള്ള വഴി കൃത്യമായി മറ്റുള്ളവരെ അറിയിക്കണം. GPS ഉം ഗൂഗിൾ മാപ്പും ഒക്കെ പിറകിൽ നിൽക്കുന്ന കിടിലൻ സൂത്രം. ഡാൻസാണ് മാർഗം.
ആദ്യം കാഴ്ചക്കാരെ ഉണ്ടാക്കും. അതിനുള്ള പണി കൂട്ടിലുള്ള പെൺ തേനീച്ചകളുടെ മുകളിൽ കയറി ചറപറനടത്തമാണ്. കൂടെ ശരീരത്തിന്റെ പിൻഭാഗം ശക്തിയിൽ ഇരുദിശയിലേക്കും വിറപ്പിക്കുകയും ചെയ്യും. മറ്റുള്ള തേനീച്ചകൾക്ക് കാര്യം മനസിലാകാൻ അതുമതി. കുടിനു പുറത്തെ പാളിയിൽ നൃത്തസ്ഥലം ഒഴിഞ്ഞുകിട്ടും, വേദി ഒരുങ്ങും. പിന്നെ ഒരു ഉഗ്രൻ ഡാൻസാണ്. ചുറ്റും കൂടിയ വേലക്കാരി ഈച്ചകൾ അത് സശ്രദ്ധം നിരീക്ഷിക്കും. അവർക്ക് ആ ഡാൻസ് വെറും ഡപ്പാം കുത്തുകളിയല്ല. പുതിയ തേനിടത്തിലേക്ക് എത്തിച്ചേരാനുള്ള റൂട്ട് മാപ്പാണത്.
കാൾ ഫോൺ ഫിഷ് ( Karl von Frisch )എന്ന ആസ്ട്രിയൻ ശാസ്ത്രജ്ഞനാണ് തേനീച്ചകൾ ആശയവിനിമയം ചെയ്യാൻ ഈ ഡാൻസ് പരിപാടിയാണ് ഉപയോഗിക്കുന്നത് എന്ന് ആദ്യമായി സമർത്ഥിച്ചത്. 1927 ൽ പ്രസിദ്ധീകരിച്ച “നൃത്തംചെയ്യുന്ന തേനീച്ചകൾ” എന്ന പുസ്തകത്തിലാണ് ഈ കാര്യം അദ്ദേഹം വിശദീകരിച്ചത്. ഇവ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തുന്നു എന്ന വിഷയത്തിൽ ദീർഘമായ പഠനങ്ങൾ പിന്നീട് അദ്ദേഹം നടത്തി. ഈ പഠനങ്ങളും കൂടി ഉൾപ്പെട്ട കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രം / ശരീരശാസ്ത്രം വിഭാഗത്തിൽ 1973 ലെ നോബേൽ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചത്.
തിരിച്ചെത്തിയ വേലക്കാരികൾക്ക് രണ്ട് വിധത്തിലുള്ള ഡാൻസുണ്ട്. ഒന്ന് വട്ടത്തിലും വേറൊന്ന് എട്ട് എന്നെഴുതുന്ന വിധത്തിലും. നടത്തവും ഓട്ടവും കൂടിക്കുഴഞ്ഞ ഒരു നൃത്തം. ‘എട്ടിന്റെ പണി’ എന്നൊരു ഭാഷാപ്രയോഗമുണ്ടല്ലൊ. എന്നാൽ എട്ടിന്റെ ഡാൻസിലൂടെയാണ് തേനീച്ചകളുടെ ആശയവിനിമയ പരിപാടി നടത്തുന്നത്. ആ നൃത്തം ശ്രദ്ധിച്ചാൽ മാത്രം മതി, തേൻ എവിടെയാണുള്ളതെന്ന് ദിശയും ദൂരവും ഒക്കെ കിറുകൃത്യമായി മറ്റു തേനീച്ചകൾക്ക് മനസിലാവാൻ. പിന്നെ അമാന്തിക്കില്ല വേലക്കാരികൾ അങ്ങോട്ട് വെച്ച് പിടിക്കും. കൃത്യമായി പഴയപൂന്തോട്ടത്തിൽ എത്തും. ഇത്ര കൃത്യതയോടെ സ്ഥലം പറഞ്ഞുകൊടുക്കാനുള്ള എന്ത് മുദ്രയും കോഡുകളുമാണിവ നൃത്തത്തിലൂടെ കൈമാറുന്നത് എന്നത് ശാസ്ത്രത്തിനും വലിയ ഒരു പ്രഹേളിക ആയിരുന്നു.
നൂറു മീറ്ററിനുള്ളിലാണ് തേൻ കണ്ടതെങ്കിൽ കൂടിന്റെ ലംബമായി നിന്ന് ഒരു ഭാഗത്തേക്ക് വൃത്തരൂപത്തിൽ ഓടുന്നു. എന്നിട്ട് തിരിഞ്ഞ് നിന്നശേഷം എതിർ ദിശയിലേക്കും വൃത്തരൂപത്തിൽ ഓടും. ഇതാണ് റൗണ്ട് ഡാൻസ്. തേനും പൂമ്പൊടിയും ഉള്ള സ്ഥലം കൂട്ടിൽ നിന്നും നൂറു മീറ്ററിൽ കൂടുതലാണെങ്കിൽ തിരിച്ച് വന്ന തേനീച്ച ‘വാഗിൾ ഡാൻസ്’ (Waggle Dance) ആണ് ചെയ്യുക. ആദ്യം അവ അതിന്റെ പിൻഭാഗം വേഗത്തിൽ കുലുക്കി നേരെ ഓടും .പിന്നെ അത് തിരിഞ്ഞ് അർദ്ധവൃത്താകൃതിയിൽ ഓടും . തിരിഞ്ഞ് ഒന്നുകൂടി പഴയതുപോലെ നേരെ കുലുക്കി ഓട്ടം പിന്നെ എതിർ ദിശയിൽ അർദ്ധവൃത്തത്തിൽ ഓട്ടം. 8 എന്ന് എഴുതിയ പോലെയുണ്ടാകും ഈ ഓട്ട – ഡാൻസ് പരിപാടി. തേൻ കണ്ട ഇടത്തിലേക്കുള്ള ദൂരത്തിന്റെ കൃത്യ സൂചനൽകുന്നതാണ് പിൻഭാഗം കുലുക്കി ചറപറ ഓട്ടത്തിന്റെ വേഗത – അതിനെടുക്കുന്ന സമയം എന്നിവ. കുലുക്കിഓട്ടം ഒരു സെക്കന്റാണെങ്കിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായിരിക്കും തേൻ എന്നുറപ്പാണ്. ആറു കിലോമീറ്റർ അകലെയുള്ള ലക്ഷ്യം പോലും കൃത്യതയോടെ തേനീച്ചകൾ ഈ ഡാൻസിലൂടെ കൈമാറുന്നുണ്ട്.
തേനീച്ചകൾക്ക് വർണ്ണക്കാഴ്ചകൾ കാണാൻ കഴിയും എന്ന് തെളിയിച്ചതും കാൾ ഫോൺ ഫിഷ് തന്നെയാണ്. അവയുടെ നിറക്കാഴ്ച നമ്മുടേതിൽ നിന്ന് വ്യത്യാസമാണ്. ദൃശ്യപ്രകാശ സ്പെക്ട്രത്തിൽ ചുവപ്പ് വർണ്ണത്തിൽ നിന്ന് പിറകിലേക്ക് അത്പം ഒരു ഷിഫ്റ്റ് ഉണ്ടെന്ന് മാത്രം. ചുവപ്പ് നിറം കാണാനാവില്ലെങ്കിലും പകരം അവയ്ക്ക് അൾട്രാ വയലറ്റ് ദൃശ്യമാകും.
തേനീച്ചനൃത്തത്തിന്റെ രഹസ്യം