ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പംക്തി.
ഥയ്‍ലീസിനെ ഗ്രീക്ക് ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കിവരുന്നു. ഗണിതം, തത്ത്വശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾക്ക് ആരംഭം കുറിച്ചത് ഥയ്‍ലീസാണെന്നു കരുതപ്പെടുന്നു.
ഒരു ഫിനീഷ്യൻ മാതാവിന്റെ പുത്രനായി 624 ബി.സി.യിൽ ഥെയ്‍ലീസ് (Thales) മിലീറ്റസിൽ (Miletus) ജനിച്ചു. വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹം ഈജിപ്റ്റും ബാബിലോണിയായും സന്ദർശിക്കുകയുണ്ടായി. ഥെയ്‍ലീസിന് പ്രശസ്തി ലഭിക്കുവാനിടയായ ഒരു സംഗതിയെക്കുറിച്ച് സുപ്രസിദ്ധ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് വർണി ക്കുന്നുണ്ട്. സൂര്യഗ്രഹണം ഇന്ന ദിവസം നടക്കുമെന്ന് വളരെ നേരത്തെ പ്രവചിക്കുവാൻ ഥെയ്‍ലീസിന് കഴിഞ്ഞു. അന്ന് അത് കൃത്യമായി സംഭവിച്ചു. അന്നേ ദിവസം വേറൊരു സംഭവം കൂടി ഉണ്ടായി. യുദ്ധം ചെയ്യുവാനായി മുന്നോട്ടു നീങ്ങിയ മെഡിസ് (Medes), ലിഡിയൻ (Lydian) സൈനികരിൽ സൂര്യഗ്രഹണം പരിഭ്രാന്തി സൃഷ്ടിച്ചു. അവർ ഭയചകിതരായി. സമാധാനമാണ് ഏറെ നല്ലതെന്ന് അവർക്ക് തോന്നുകയും സന്ധി ചെയ്തതിനുശേഷം പട്ടാളക്കാർ പിരിയുകയും ചെയ്തു. ആധുനിക ജ്യോതിശ്ശാസ്ത്രകാരന്മാർ ഏഷ്യാമൈനറിൽ അന്നു നടന്ന സൂര്യഗ്രഹണത്തിന്റെ ആണ്ടും തീയതിയും കണക്കാക്കിയിട്ടുണ്ട്. അത് ബി.സി. 585, മെയ്മാസം 28-ന് ആയിരുന്നു.
ഥെയ്‍ലീസിനും ഏതാണ്ട് രണ്ട് ശതകങ്ങൾക്കു മുമ്പേ തന്നെ ബാബിലോണിയായിലുള്ളവർക്ക് ചന്ദ്രഗ്രഹണം പ്രവചിക്കുവാനുള്ള ചില വിദ്യകൾ വശമായിരുന്നു. ഥെയ്‍ലീസിന് ഈ രഹസ്യം അവിടെയുളളവരിൽ നിന്നു ലഭിച്ചിരിക്കണം. ചന്ദ്രന്റെ പ്രകാശം സൂര്യപ്രകാശത്തിന്റെ പ്രതിഫലനമാണെന്ന് പ്രഖ്യാപിച്ച ആദ്യത്തെ ഗ്രീക്ക് ചിന്തകനായിരുന്നു ഥെയ്‍ലീസ്. ഈജിപ്തിലെ ജ്യാമിതി പഠിച്ച ഥെയ്‍ലീസ് അതിൽ ചില പരിഷ്കാരങ്ങൾ വരുത്തി. ഗണിതശാസ്ത്രപരമായ പ്രശ്നങ്ങളും പ്രസ്താവനങ്ങളും ഘട്ടം ഘട്ടമായി വിശദീകരിക്കുകയാണ് ഉത്തമമെന്ന് ആദ്യമായി കാണിച്ചു കൊടുത്തത് ഥെയ്‍ലീസ് ആയിരുന്നു. ഒരു വൃത്തത്തിന്റെ വ്യാസം അതിനെ രണ്ട് തുല്യഭാഗങ്ങളായി തിരിക്കുന്നു, ലംബകോണുകൾ (vertical angles) ഒരു പോലെയാണ്, സമപാര്‍ശ്വ ത്രികോണ (isosceles triangle) ത്തിന്റെ അടിസ്ഥാന കോണുകൾ (base angles) തുല്യമാണ് എന്നിങ്ങനെ പലതും കണ്ടുപിടിച്ചത് ഥെയ്‍ലീസ് ആണെന്ന് വിശ്വസിക്കുന്നു.
ഈജിപ്തിലെ ഒരു പിരമിഡിന്റെ ഉയരം വളരെ രസകരമായ തരത്തിൽ ഥെയ്‍ലീസ് കണ്ടുപിടിച്ചു. പിരമിഡിന്റെ നിഴലിന്റെ നീളം ഒരു വടിയുടെ നിഴലുമായി താരതമ്യപ്പെടുത്തിയാണ് ഉയരം മനസി ലാക്കിയത്. ത്രികോണമിതി ശാസ്ത്രത്തിന്റെ (trigonometry) ആശയത്തെ ഇത് സാധൂകരിക്കുന്നു. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ആദ്യമായി ‘മാഗ്നെറ്റിസം’ സംബന്ധമായി പഠനങ്ങൾ നടത്തിയത് ഥെയ്‍ലീസ് ആയിരുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനവസ്ത വെളളമാണെന്ന് ഥെയ്‍ലീസ് അഭിപ്രായപ്പെട്ടു. ജീവന്റെ നിലനിൽപിനു തന്നെ വെള്ളം ആവശ്യമാണല്ലോ. ഒരു താത്ത്വികാചാര്യൻ എന്നതിനുപുറമെ അദ്ദേഹം ഒരു പ്രായോഗിക രാഷ്ട്രതന്ത്രജ്ഞനും ആയിരുന്നു. ഐയോണിയ (lonia) ദേശത്തുള്ള ഗ്രീക്ക് നഗരങ്ങൾ എല്ലാം കൂടിയുളള ഒരു യൂണിയൻ രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനും ആവശ്യമാണെന്ന് ഥെയ്‍ലീസ് അഭിപ്രായപ്പെട്ടു.
ഥെയ്‍ലീസിന്റെ പ്രശസ്തമായ സിദ്ധാന്തത്തിന്റെ ചിത്രീകരണം:- DE/BC = AE/AC = AD/AB.
ഗണിതശാസ്ത്ര തത്വങ്ങളെ നേരത്തെ അറിയാവുന്ന സംഗതികളിൽനിന്നും സ്വാഭാവികമായി ലഭിക്കുന്നവയെന്ന രൂപത്തിൽ പടിപടിയായ വാദങ്ങളിലൂടെ തെളിയിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഥെയ്‍ലീസാണ്. അങ്ങനെ സ്വയംസിദ്ധ പ്രമാണങ്ങളെ (axioms) അടിസ്ഥാനമാക്കിയുള്ള യുക്തിവാദം കൊണ്ട് സ്ഥാപിക്കുവാൻ കഴിയുന്നവ മാത്രമേ ഗണിതസിദ്ധാന്തങ്ങളാവൂ എന്ന ചിന്താഗതിക്ക് തുടക്കം കുറിച്ചത് ഥെയ്‍ലീസാണ്. വർഷ ങ്ങളോളം നീണ്ടുനിന്ന പഠനഗവേഷണങ്ങൾക്കു ശേഷം ഥെയ്‍ലീസ് ഈജിപ്റ്റിൽ നിന്നു തിരിച്ചു വന്നു. അദ്ദേഹം മിലീറ്റസിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. ഗ്രീസിന്റെ നാനാഭാഗങ്ങളിൽ നിന്നും വിജ്ഞാനാന്വേഷികൾ അങ്ങോട്ട് യാത്ര ചെയ്തു. 58-ാമത് ഒളിമ്പിക്സ് മത്സരം നടക്കുമ്പോൾ, അതു കാണുവാനായി വയോധികനായ ഥെയ്‍ലീസ് അങ്ങോട്ട് യാത്രതിരിച്ചു. പിന്നീട് അദ്ദേഹം തിരിച്ചുവന്നില്ല. ഒളിമ്പിക്സ് നഗരത്തിലെവിടെയോവച്ച് അദ്ദേഹം മരിച്ചതായി കണക്കാക്കപ്പെടുന്നു.
അവലംബം – ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.