ഒരു കോടിയിലധികം ജനങ്ങൾക്ക് ജീവജലം എത്തിക്കാൻ സഹായിച്ച ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ടി. പ്രദീപിന് ഉന്നത പുരസ്കാരം. സൗദി അറേബ്യയിലെ സുൽത്താൻ അബ്ദുൾ അസീസിന്റെ പേരിലുള്ള അന്താരാഷ്ട്ര ജല പുരസ്കാരമാണ് ഡോ. പ്രദീപിനു ലഭിക്കുക. സ്വർണപതക്കത്തിനു പുറമേ ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ സമ്മാനത്തുകയാണ് ലഭിക്കുക. `സർഗാത്മകത’കണക്കിലെടുക്കുന്ന വിഭാഗത്തിലാണ് ഇദ്ദേഹം അവാർഡിന് അർഹനായത്.
ജലത്തിൽ നിന്ന് ഉപ്പിനെ നീക്കം ചെയ്ത് ശുദ്ധമാക്കുന്ന ഡിസലൈനേഷൻ, അന്തരീക്ഷ ഈർപ്പത്തിൽ നിന്ന് ജലത്തെ പിടിച്ചെടുക്കുന്ന സൂത്രവിദ്യകൾ, ജലത്തിന്റെ പുനരുപയോഗം (റിസൈക്ലിംഗ്) തുടങ്ങി ജലവുമായി ബന്ധപ്പെട്ട മേഖലകളിൽ അത്യാധുനിക ശാസ്ത്ര സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ഈ ശാസ്ത്രജ്ഞൻ നേതൃത്വം നൽകുന്ന സംഘത്തിൻ്റെ മുൻഗണന.
മലപ്പുറം ജില്ലയിലെ പന്താവൂരിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി 1963-ൽ ജനിച്ച ഇദ്ദേഹത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസം വിവിധ സർക്കാർ സ്കൂളുകളിലായിരുന്നു. പിന്നീട് കോഴിക്കോട് സർവ്വകലാശാലക്കു കീഴിൽ എം.ഇ.എസ്. കോളേജ് (പൊന്നാനി), സെയ്ൻറ് തോമസ് കോളേജ് (തൃശൂർ), ഫറൂഖ് കോളേജ് എന്നിവിടങ്ങളിൽ എം.എസ്സ്സി. വരെ പഠിച്ച ശേഷം ബാംഗ്ലൂരിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്നു. അവിടെ പ്രശസ്ത ശാസ്ത്രജ്ഞൻ സി.എൻ. ആർ. റാവുവിൻ്റെ ശിഷ്യനായിരുന്നു. പിന്നീട് വിവിധ രാജ്യങ്ങളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനു ശേഷം അദ്ദേഹം മദ്രാസ് ഐ. ഐ. ടി. യിൽ ഗവേഷണ സംഘത്തിനു നേതൃത്വം നൽകി വരുന്നു. നല്ലൊരു അദ്ധ്യാപകനായ ഡോ. പ്രദീപിന്റെ ഗൈഡൻസിൽ 45 പേർ ഇതിനകം പിഎച്ച്.ഡി. നേടിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളുടെ നേട്ടങ്ങളിൽ 500 – ലധികം ഗവേഷണ പേപ്പറുകളും 66 പേറ്റൻ്റുകളും ഉൾപെടുന്നു. ഇവരുടെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനായി ഏഴു കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവയിലൂടെ റോയൽറ്റിയായി രണ്ടു കോടിയിലധികം രൂപ ഐ. ഐ. ടി. നേടിയിട്ടുമുണ്ട്.
സ്കൂളിൽ മലയാളം മീഡിയത്തിലൂടെ പഠിച്ച ഇദ്ദേഹം നല്ലൊരു ശാസ്ത്ര സാഹിത്യകാരനും കൂടിയാണ്. നാനോ ടെക്‌നോളജിയെക്കുറിച്ച് ‘കുഞ്ഞു കണങ്ങൾക്ക് വസന്തം’ എന്ന പുസ്തകത്തിന് 2010 ലെ ഏറ്റവും നല്ല വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.
കേരളത്തിന്റെ അഭിമാനമായ ഈ ശാസ്ത്രജ്ഞന് ലഭിച്ചിട്ടുള്ള മറ്റു ചില അംഗീകാരങ്ങൾ
- 2021 – വിശ്വകർമ മെഡൽ
- 2021 – കെമിക്കൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ അവാർഡ്
- 2020 – പത്മശ്രീ
- 2020 – നിക്കി ഏഷ്യ പ്രൈസ് 2020
- 2018 – രസതന്ത്രത്തിനുള്ള വേൾഡ് അക്കാദമി ഓഫ് സയൻസസ് (TWAS) സമ്മാനം
- 2015 – ജെ.സി.ബോസ് നാഷണൽ ഫെല്ലോഷിപ്പ്
- 2008 – ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നാഗർ സമ്മാനം
- 2003 – ബി.എം. ബിർള സയൻസ് പ്രൈസ്