ശാസ്ത്രബോധവും യുക്തിബോധവും തിരിച്ചു പിടിക്കാന്‍ വേണ്ടത്…ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി ഉറച്ച ഒന്നിനെ വൈചാരികമായി റദ്ദാക്കാനും. ശാസ്ത്രീയവും പ്രകൃതിശാസ്ത്രപരവുമായ ഒരു ജീവിതവീക്ഷണം ആദ്യംതന്നെ സൃഷ്ടിച്ചെടുക്കുക മാത്രമാണ് ഇവിടെ ഏക പോംവഴി.
തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് തനിക്ക് അറിവ് ലഭിച്ചത് ധ്യാനത്തിലൂടെയാണെന്ന് സുപ്രീംകോടതി അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രമണ്യം അവകാശപ്പെട്ടു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം വസ്തുതാപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അങ്ങനെ ഒരു പരാമര്‍ശം കാണാനില്ല. അമിക്കസ് ക്യൂറിയുടെ അവകാശവാദം ഇന്ദ്രിയാതീത ജ്ഞാനത്തിന്റെ തെളിവാണെന്ന് വാദിക്കുന്നവരുണ്ട്. മറ്റ് ചിലര്‍ക്ക് അത് ദൈവം ഉണ്ടെന്നതിന്റെ തെളിവാണ്. വാര്‍ത്തയിലെ ശരിതെറ്റുകള്‍ തല്‍ക്കാലം മാറ്റിവെക്കാം. വെളിപാടില്‍ നിന്നും ജ്ഞാനം ഉത്പാദിക്കുക എന്നത് ചിരപുരാതനമായ ഒരു മത തമാശയാണ്. പ്രസ്തുത ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കടത്ത് അന്നാട്ടുകാര്‍ക്കും പൊതുസമൂഹത്തില്‍ ചിലര്‍ക്കെങ്കിലും പണ്ടേ അറിയാവുന്ന കാര്യമാണ്. സ്വര്‍ണ്ണം മണല്‍ ലോറിയില്‍ കടത്തി എന്നൊക്കെ പറയുമ്പോള്‍ എത്രയോ പേര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവണം. അമിക്കസ് ക്യൂറിക്ക് അത് മനസ്സിലാക്കാന്‍ വെളിപാട് മീറ്റര്‍ വേണ്ടി വന്നുവെന്ന് മാത്രം. സ്വപ്‌നത്തില്‍ കണ്ടെന്നോ അമ്മ പറഞ്ഞെന്നോ വളര്‍ത്തുനായ നക്കി കാണിച്ചെന്നോ പാമ്പ് ചീറ്റിക്കാണിച്ചെന്നോ ഒക്കെ തട്ടിവിടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷെ വെളിപാടുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ പണി പാളും. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമനുസരിച്ച് വെളിപാട് സമ്പാദിക്കണം!
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജിയല്ലയിലെ സ്വാമി ശോഭന്‍ സര്‍ക്കാര്‍ എന്ന വ്യക്തിക്ക് 2013 ല്‍ ഉണ്ടായ വെളിപാട് പോലുള്ള സംഭവങ്ങളാണ് ഇക്കാര്യത്തില്‍ വഴികാട്ടി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആ മേഖലയില്‍ ജീവിച്ചിരുന്ന പ്രാദേശിക രാജാവായിരുന്ന റാവു റാം ബക്ഷ് സിംഗ് തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് ദണ്ടിയ ഖേര ഗ്രാമത്തിലെ 180 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിനടയില്‍ 10 ലക്ഷം കിലോഗ്രാം സ്വര്‍ണ്ണം കുഴിച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്നായിരുന്നു ശോഭന്‍ അവകാശപ്പെട്ടത്. ശാസ്ത്രബോധത്തിന് പേരുകേട്ട കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും (ASI) മുന്നുംപിന്നും നോക്കാതെ സര്‍വ സന്നാഹങ്ങളുമായി സ്ഥലത്തെത്തി സ്വര്‍ണ്ണവേട്ട ആരംഭിച്ചു. വമ്പിച്ച മാധ്യമപ്പടയുടെ അകമ്പടിയോടെ ആഴ്ചകള്‍ നീണ്ട നിധിവേട്ട രാജ്യത്തിന് ലോകത്തിന് തന്നെ മാതൃകയായ ”ചരിത്രനേട്ടം” സമ്മാനിച്ചപ്പോള്‍ അതിഘോര അന്ധവിശ്വാസികളുടെ പോലും തല കുനിഞ്ഞു. പക്ഷെ നാണക്കേടൊന്നും ശോഭനെ തളര്‍ത്തിയില്ല. സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ തുലച്ചതിന് അദ്ദേഹത്തെ ആരും പിടിച്ച് ജയിലിലിട്ടുമില്ല. ശോഭന്‍ സര്‍ക്കാര്‍ ഉടനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരിട്ട് ടെലിഫോണില്‍ ബന്ധപ്പെട്ട് തൊട്ടടുത്തുള്ള ഫത്തേപ്പൂര്‍ ജില്ലയിലെ ആദംപൂര്‍ ഗ്രാമത്തില്‍ 25 ലക്ഷം കിലോഗ്രാം സ്വര്‍ണ്ണം ഒളിഞ്ഞുകിടപ്പുണ്ടെന്ന് അറിയിച്ചു. സാമ്പത്തികഞെരുക്കം ഉണ്ടായിരുന്നിട്ടും സ്ഥലവും സമയവും കൃത്യമായും പറഞ്ഞുകൊടുത്തിട്ടും കേന്ദ്രസര്‍ക്കാര്‍ അവിടെ ഖനനം നടത്താതിരുന്നത് എന്തുകൊണ്ട് എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ബാക്കിയായ നിഗൂഢത!!.
മതത്തില്‍ മുളയ്ക്കുന്ന ചക്കകള്‍ മുള്ളോടെ വിഴുങ്ങുന്ന കിടിലന്‍ ശ്വാസിയാണ് താനെന്ന് കാണിക്കാന്‍ അമിക്കസ് ക്യൂറി ഇറക്കിയ വെളിപാട് നമ്പര്‍ അന്ധവിശ്വാസികള്‍ക്ക് പാല്‍പ്പായസമാണ്. സ്വപ്‌നദര്‍ശനമാണ്, ദൈവം പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞാല്‍ ദൈവംപോലും ചോദ്യംചെയ്യില്ലെന്ന് അദ്ദേഹത്തിനറിയാം. അന്തവുംകുന്തവുമില്ലാത്ത വിശ്വാസികള്‍ തിരിച്ചൊന്നും ചോദിക്കാതെ അപ്പടി വെട്ടിവിഴുങ്ങുകയും ചെയ്യും. ദേവപ്രശ്‌നക്കാര്‍ ദേവിയുടെ സാരിയുടെ നിറം മാറ്റണം എന്നു പറയുമ്പോള്‍ ശ്വാസംവിടാതെ തുണിക്കടയിലേക്ക് പായുന്ന ടീമുകളെ തട്ടി നടക്കാനാവാത്ത സമൂഹമാണെന്നോര്‍ക്കണം. സ്വപ്‌നം കണ്ടാലും ഭാവനയില്‍ തെളിഞ്ഞാലും അത് അതീന്ദ്രിയമാണെന്ന് എഴുതിവെക്കുന്നതാണ് ഹൃദയഭേദകം. ഇന്ദ്രിയം എന്താണെന്ന് അറിയാത്ത പ്രശ്‌നമാണവിടെ മുഴച്ച് നില്‍ക്കുന്നത്. സ്വപ്‌നം കാണുന്നതിനും ഭാവനയില്‍ സങ്കല്‍പ്പിക്കുന്നതിനും ‘അതീന്ദ്രിയം’എന്നൊക്കെ പുലമ്പുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിതാപകരമാണ്.
അമിക്കസ് ക്യൂറി സ്വപ്‌നം കണ്ടായതായാലും നേരില്‍ കണ്ടതായാലും ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ടോ എന്നതാണ് പരിഗണിക്കപ്പെടേണ്ട പ്രശ്‌നം. നടന്നിട്ടുണ്ടെങ്കില്‍ അതപ്രകാരം കാണണം. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് കണ്ടവരും കേട്ടവരുമായ പലരും തിരുവനന്തപുരത്തുണ്ട്. അത്തരം സംശയം വെച്ചുപുലര്‍ത്തുന്നവര്‍ അതിലുമെത്രയോ. ഇപ്പറഞ്ഞ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും തിരുവനന്തപുരത്ത് തന്നെ വസിക്കുന്നു.
ദൈവം പറഞ്ഞാല്‍ അമ്പാലില്ല, വെളിപാടാണെങ്കില്‍ വെല്ലുവിളിക്കാനാവില്ല- നമ്മുടെ നാടും പുരോഗമിക്കുന്നു എന്നതിന്റെ തെളിവുകള്‍ കുമിഞ്ഞുകൂടുകയാണ്!
ധ്യാനിക്കുക എന്നാല്‍ ലഭ്യമായ ബാഹ്യഡേറ്റകള്‍ മസ്തിഷ്‌ക്കം ക്രമപ്രകാരം, ഏകാഗ്രതയോടെ നിര്‍ധാരണം ചെയ്യുന്നു എന്ന അര്‍ത്ഥം മാത്രം. കണ്ടതും കോട്ടതും അനുഭവിച്ചറിഞ്ഞതുമൊക്കെ അമിക്കസ് ക്യൂറി വെളിപാടായി അവതരിപ്പിച്ചു. കാരണം അന്ധവിശ്വാസപ്രേമികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ അത്തരം വിശദീകരണങ്ങള്‍ക്ക് സീകാര്യത കൂടുമെന്ന് അദ്ദേഹത്തിനറിയാം. അതായത് അമിക്കസ് ക്യൂറിക്ക് വെളിപാടുണ്ടായെങ്കില്‍ അത് ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്യപ്പെട്ട ഒന്നാണെന്ന് സാരം. അമിക്കസ് ക്യൂറി സ്വപ്നത്തില്‍ കണ്ടാലും ഇല്ലെങ്കിലും കൊള്ള കൊള്ള തന്നെയാണ്. ശോഭന്‍ സര്‍ക്കാര്‍ പ്രവചിച്ചതുപോലെ നിധി ലഭിച്ചിരുന്നെങ്കിലും അത് വെളിപാടായോ അതീന്ദ്രിയമായോ അംഗീകരിക്കപ്പെടില്ല. മറിച്ച് അയാള്‍ അതെങ്ങനെ അറിഞ്ഞു എന്നത് വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തേണ്ടിവരും. കാരണം സ്വപ്നംകണ്ട് സ്വര്‍ണ്ണം ഉണ്ടാക്കാനാവില്ല.
ആശയം ഭാവനയില്‍ കണ്ട് സ്ഥിരീകരിച്ചതായാലും കണ്ടിട്ട് രൂപപ്പെടുത്തിയതായാലും സംഗതി യാഥാര്‍ത്ഥ്യവുമായി ഒത്തുപോകുന്നുവോ എന്നതാണ് വിഷയം. മെന്‍ഡലിയോഫിന് ആവര്‍ത്തനപ്പട്ടിക കിട്ടിയത് സ്വപ്‌നദര്‍ശനമാണെന്ന് പറഞ്ഞാലും നേരിട്ട് കണ്ടറിഞ്ഞതാണെന്ന് പറഞ്ഞാലും പട്ടിക യുക്തിസഹവും ശാസ്ത്രീയവുമാകണം. അന്ധവിശ്വാസികളായ ജഡ്ജിമാരെ സ്വാധീനിക്കാന്‍ കൂടിയാവണം വെളിപാടിലൂടെയാണ് വിവരം കിട്ടിയതെന്ന് അമിക്കസ് ക്യൂറി പറഞ്ഞത്. മറിച്ച് ശാസ്ത്രബോധമുള്ള ജഡ്ജിമാര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത്തരം മതതമാശകള്‍ ഉള്‍കൊള്ളിക്കാന്‍ ആരും ധൈര്യം കാണിക്കില്ലല്ലോ.
യുക്തിബോധവും ശാസ്ത്ര അഭിമുഖ്യവും കയ്യൊഴിയുന്നതില്‍ ഭ്രാന്തമായ അഭിനിവേശം കാണിക്കുന്ന ഒരു അടഞ്ഞ സമൂഹമായി കേരളം മാറുകയാണ്. പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് സാമാന്യം നല്ല വേരോട്ടമുണ്ടെന്ന ആത്മവിശ്വാസമൊക്കെ അപ്രസക്തമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്നത്തെ കേരളത്തെ കുറിച്ച് ആര്‍ക്കും അത്ര തൃപ്തിയില്ല. നവോത്ഥാന മൂല്യങ്ങള്‍ ഇട്ടെറിഞ്ഞ് ഗോത്രത്തിമിരത്തിന്റെയും മതാസക്തിയുടേയും തമോഗുഹകളിലേക്ക് പിന്തിരിഞ്ഞോടാന്‍ വെമ്പുന്ന ഒരു സമൂഹം ഇവിടെ ഉരുവംകൊണ്ടിരിക്കുന്നു. കേരളമാകെ അന്ധവിശ്വാസത്തിലും മതാന്ധതയില്‍ വിറങ്ങലിച്ചുനില്‍ക്കെ പലരും വിവേകാനന്ദനെ ഉദ്ധരിച്ച് കൈ കഴുകുകാനുള്ള ബന്ധപ്പാടിലാണ്. കേരളം ഭ്രാന്താലയമാണെന്ന് (‘mad house’) വിവേകാന്ദന്‍ വിശേഷിപ്പിച്ചത് 1892 ഡിസമ്പറിലാണ്. വിവേകാനന്ദന്‍ കണ്ടതും ഇന്നത്തെ കേരളം സമ്മാനിക്കുന്നതും ഏറെക്കുറെ വ്യത്യസ്തമായ കാഴ്ചകളാണ്. ജാതിവിവേചനത്തിന്റെ ഇരയായിരുന്ന ഡോ.പല്‍പ്പുവിന്റെ വ്യക്തിഗത നിര്‍ബന്ധത്തിന് വഴങ്ങിയാണ് മുന്‍കൂട്ടി നിശ്ചയിച്ച കാര്യപരിപാടി ഭേദഗതി ചെയ്ത് വിവേകാന്ദന്‍ കേരളത്തിലെത്തിയത്. അയിത്തവും ഉച്ചനീചത്വവുമാണ് അന്നദ്ദേഹത്തെ ഏറെ വീര്‍പ്പുമുട്ടിച്ചത്. ജ്യോതിഷം പോലുള്ള മതാന്ധവിശ്വാസങ്ങളെ ശക്തമായി എതിര്‍ത്ത വിവേകാനന്ദന് മറ്റു ചില അന്ധവിശ്വാസങ്ങളോട് മൃദുസമീപനമായിരുന്നു.’നല്ല അന്ധവിശ്വാസങ്ങള്‍-മോശം അന്ധവിശ്വാസങ്ങള്‍’എന്ന വിചിത്ര വിഭജനത്തില്‍ അദ്ദേഹവും ആഴത്തില്‍ വിശ്വസിച്ചിരുന്നു. ഈ വിഭജനം ഇന്നും അസ്വസ്ഥജനകമായി തുടരുന്നു. ഒരുപക്ഷെ കേരളത്തിന്റെ ഇന്നത്തെ പരിതോവസ്ഥയ്ക്ക് കാരണവും അര്‍ത്ഥശൂന്യമായ ഈ വിഭജനമാണ്.
വിഷ്ണുവിനെ ആരാധിക്കാന്‍ വിവേചരനഹിതമായി ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടാവണമെന്നു വാദിക്കുന്നതും അതിനുവേണ്ടി സമരം ചെയ്യുന്നതും സമത്വബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടാണ്. ആ ദൌത്യം കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുമുണ്ട്. ഒപ്പം അപ്രകാരം ആരാധിക്കുന്നത് അന്ധവിശ്വാസപരമാണെന്ന് കൂടി ബോധ്യപ്പെടുത്താന്‍ വിസമ്മതിച്ചതാണ് കേരളത്തില്‍ ‘ഭ്രാന്താലയ’ത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് കളമൊരുക്കിയത്. ആഹാരവും വസ്ത്രവും പാര്‍പ്പിടവുംപോലെ പരമപ്രധാനമായ എന്തോ ഒന്നാണ് വിഷ്ണുആരാധന എന്ന വികലധാരണയാണ് ഇതുമൂലം കീഴാളജനതയില്‍ വേരുപിടിച്ചത്. മദ്യം മോശമാണ് പക്ഷെ മദ്യപിക്കുന്നെങ്കില്‍ ഏവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ടാവണം എന്നൊക്കെ വാദിക്കുന്നതില്‍ അഭംഗിയുണ്ട്. അന്ധവിശ്വാസ പ്രവണതകള്‍ക്കെതിരെ താത്ത്വിക തലത്തില്‍പോലും പ്രതിരോധം തീര്‍ക്കുന്നതില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ അലംഭാവം കാട്ടിയത് കേരളത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി.
ശാസ്ത്രബോധവും അന്വേഷണത്വരയും മാനവികതയും പരിഷ്‌ക്കരണത്വരയും പ്രോത്സാഹിപ്പിക്കുകയെന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) പ്രകാരം ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണ്(”it shall be duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform”(article 51 A(h)). ആള്‍ദൈവം മുതല്‍ യുക്തിവാദിനേതാവിന് വരെ ബാധകമാണിത്. ഈ ഭരണഘടനാ ബാധ്യതയില്‍ നിന്നാണ് ഇന്നത്തെ പരിഷ്‌കൃതസമൂഹം ഒളിച്ചോടുന്നതെന്ന് സാരം. ‘അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം’ എന്ന ചതഞ്ഞ നിര്‍വചനത്തില്‍ കാര്യങ്ങള്‍ ലളിതവത്ക്കരിക്കപ്പെടുകയാണ്.
സമൂഹത്തില്‍ അന്ധവിശ്വസത്വര കുറയണമെന്നും ശാസ്ത്രചിന്തയും യുക്തിബോധവും വളരണമെന്നും മിക്കവരും ആഗ്രഹിക്കുന്നു. പക്ഷെ പരസ്യമായി പ്രതിരോധിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അന്ധവിശ്വാസ വിരുദ്ധപ്രചരണം നടത്താന്‍ ആളില്ലാതായിട്ട് കാലംകുറെ ആയി. എല്ലാവര്‍ക്കും നല്ലപിള്ളകളും, നിഷ്പക്ഷരും മൃദുസമീപനക്കാരും സന്ദേഹികളുമാകണം, പിന്നെയെങ്ങനെ?! വിറ്റ് വരവ് ഏതാണ്ട് പൂജ്യമായ, കഷ്ടനഷ്ടങ്ങള്‍ക്ക് നല്ല സാധ്യതയുള്ള, തികച്ചും അനാകര്‍ഷകമായ ഒരു ദൗത്യമാണത്. ആര്‍ക്കാണിതിനൊക്കെ നേരം?! സ്വന്തം അവസരങ്ങള്‍ ഒലിച്ചുപോകുന്നത് കാര്യമാക്കാത്ത മണ്ടന്‍മാരെ മാത്രമെ ഇന്ന് ഈ രംഗത്ത് കാണാനാവൂ. ‘ശുദ്ധ ശാസ്ത്രം മാത്രമേ പറയൂ, മറ്റൊരു ബാധ്യതയും ഏറ്റെടുക്കാനാവില്ല’, ”മതത്തിന് ഒരുപാട് നല്ല വശങ്ങളുണ്ട്” തുടങ്ങിയ പ്രായോഗിക സമീപനങ്ങള്‍ ബലപ്പെടുന്നതിനൊപ്പം സമൂഹത്തിലെ തമസ്സും കനക്കുന്നു. ഞെട്ടിപ്പിക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്കാണ് ഈ രംഗം സാക്ഷ്യംവഹിക്കുന്നത്.
അന്ധവിശ്വാസത്വര മനുഷ്യമസ്തിഷ്‌ക്കത്തിന്റെ സഹജഗുണമാണ്. പരിണാമചരിത്രം പരിശോധിച്ചാല്‍ അതിജീവനത്തിന്റെ കാര്യത്തില്‍ ഹോമോ സാപിയന്‍സിനെ സഹായിച്ച ഒന്നായിരുന്നു അതെന്ന് കാണാം. എങ്കിലും നാഗരികതയ്ക്ക് അതിനോട് കലഹിക്കാതെവയ്യ. മതത്തിന് വേണ്ടി തുറന്നിടുന്ന വാതിലിലൂടെ തന്നെയാണ് പ്രേതവും വാസ്തുവും നാഡീജ്യോതിഷവും കടന്നുവരുന്നത്. ബാല്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മതബോധനം സാധൂകരണവും തെളിവുമില്ലാതെ എന്തും വെട്ടിവിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് വ്യക്തിയെ വലിച്ചെറിയുന്നുണ്ട്. ഭയം അന്ധവിശ്വാസത്തിന്റെ വളമാകുന്നു;അജ്ഞത ആഭരണവും. ബാല്യത്തില്‍ മതം മുന്നോട്ടുവെക്കുന്ന കെട്ടുകഥകള്‍ അനായാസം വിശ്വസിച്ച് ശീലിക്കുന്ന ഒരാള്‍ക്ക് സ്വര്‍ണച്ചേന ഭാഗ്യം കൊണ്ടുവരുമെന്ന് കരുതാനോ പെന്‍ഡുലംപ്രവചനത്തില്‍ അഭിരമിക്കാനോ വിഷമമുണ്ടാകില്ല. ആനയ്ക്കു പണിഞ്ഞ വാതിലിലൂടെ ആട് കയറിവരുന്നുവെന്ന് മാത്രം. ചോദ്യംചോദിക്കാനും അന്വേഷിക്കാനും വിസമ്മതിക്കുന്ന ഒരു പൊതുബോധത്തിന്റെ ഉത്പത്തിപുരാണം അവിടെയാരംഭിക്കുന്നു.
വാചികതലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ പ്രയാസമില്ലെങ്കിലും പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. അന്ധവിശ്വാസവിരുദ്ധ പോരാട്ടങ്ങള്‍ ക്രമേണ മതങ്ങളിലേക്കും അവയുയര്‍ത്തുന്ന ദൈവ സങ്കല്‍പ്പങ്ങളിലേക്കും നീളുമെന്നതാണ് മിക്കവര്‍ക്കും തലവേദനയുണ്ടാക്കുന്നത്. ഫലമോ തൊലിപ്പുറത്തെ ചികിത്സയും വഴിപാട് പ്രസ്താവനകളുമായി പോരാട്ടം പരിമിതപ്പെടുന്നു. മതത്തെ വെറുപ്പിക്കാതെ അന്ധവിശ്വാസങ്ങളെ എതിര്‍ക്കാം എന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അത്യാഗ്രഹമാണ്. മതപരമായ അന്ധവിശ്വാസങ്ങള്‍, മതജന്യമായ അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെ അലിഖിതമായ ഒരു വേര്‍തിരിവ് നിലവിലുണ്ട്. മതം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റിയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് റദ്ദാക്കപ്പെടും. അന്ധവിശ്വാസങ്ങളില്‍നിന്ന് മതത്തെ മോചിപ്പിക്കുന്നത് സോപ്പ് കഴുകുന്നതുപോലെ. വെടിപ്പാകുന്തോറും ‘സോപ്പും’ മൃതിയടയും.
നാഡീജ്യോതിഷവും സ്വര്‍ണ്ണച്ചേനയും മുടിപ്പള്ളിയും മകരജ്യോതിയും സംസംജലവും രക്തംകിനിയുന്ന പ്രതിമയുമൊക്കെ മതവിശ്വാസവുമായി ആഴത്തില്‍ ബന്ധമുള്ള വിശ്വാസത്തട്ടിപ്പുകളാണ്. മതവുമായി നേരിട്ട് ബന്ധപ്പെടാത്തപ്പോഴും അതിനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ് മതജന്യഅന്ധവിശ്വാസങ്ങള്‍. വാസ്തു, ജ്യോതിഷം, മഷിയിട്ടുനോട്ടം, റെയ്ക്കി, ഓജോബോര്‍ഡ്, അക്ഷയത്രിതീയ….എന്നിങ്ങനെ പോകുന്ന ആ നീണ്ട പട്ടിക. ഇവയ്‌ക്കെല്ലാം അടിസ്ഥാന പോഷകവുമെത്തിക്കുന്നത് മതവിശ്വാസം തന്നെയാണ്. മതേതര അന്ധവിശ്വാസങ്ങള്‍ എന്നൊരു മൂന്നാമത്തെ ഇനവുമുണ്ട്. ഹോമിയോപ്പതി, ഉത്തരാധുനികത, അന്യഗ്രഹജീവികള്‍, പറക്കുംതളിക, ഉപജാപങ്ങള്‍…തുടങ്ങിയ താരതമ്യേന നിരുദ്രപകരമെന്ന് തോന്നാവുന്ന സങ്കല്‍പ്പങ്ങള്‍ ആ ഗണത്തില്‍ പെടും. ദൈവമില്ല എന്ന് തീര്‍ച്ചയുള്ള യുക്തിവാദികള്‍പോലും വാസ്തു, ഹോമിയോ, പ്രകൃതിചികിത്സ തുടങ്ങിയ അശാസ്ത്രീയ വിശ്വാസങ്ങളുടെ പ്രചാരകരാകുന്ന വിചിത്ര സാഹചര്യവും കേരളത്തില്‍ നിലവിലുണ്ട്. രോഗം ഭാവനയാണെന്നും ശരീരം കള്ളമാണെന്നും അവകാശപ്പെടുന്നവര്‍ മാധ്യമങ്ങളാല്‍ അഗാധമായി താലോലിക്കപ്പെടുന്നു. ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനും നരബലിക്കും മാത്രമാണ് ഇപ്പോള്‍ ബുദ്ധിജീവികളുടെ പരസ്യപിന്തുണ ലഭിക്കാത്തത്. ഒരുപക്ഷെ ആ സ്ഥിതിയും മാറിയേക്കാം. ശാസ്ത്രം മുന്നോട്ടുവെക്കുന്ന രീതിശാസ്ത്രത്തിന്റെ പ്രകടമായ നിരാസം ഇത്തരം മതേതര അന്ധവിശ്വാസങ്ങളുടെ അടിത്തട്ട് പ്രമാണമാണ്.
ശാസ്ത്രത്തിന് തെളിയിക്കപ്പെട്ട തത്ത്വചിന്ത എന്നൊരു നിര്‍വചനമുണ്ട്. (science is proven philosophy). സത്യയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ മനുഷ്യന്‍ ഇന്നുവരെ കണ്ടുപിടിച്ചതില്‍ വെച്ചേറ്റവും ഫലപ്രദവും യുക്തിസഹവുമായ അന്വേഷണമാര്‍ഗ്ഗമാണ് ശാസ്ത്രം കൊണ്ടുവരുന്നത്. ശാസ്ത്രഗരിമയ്ക്ക് അപരിഹാര്യമായ തോതില്‍ പരിക്കേല്‍പ്പിക്കുന്ന ഉത്തരാധുനിക സങ്കല്‍പ്പങ്ങള്‍ മതം വന്‍തോതില്‍ പ്രചരണായുധമാക്കുന്നുണ്ട്. ശാസ്ത്രത്തെ മറ്റേതിനേയും പോലെ ഒരുതരം ‘കഥപറച്ചിലാ’യി പരിമിതപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ശാസ്ത്രബോധത്തിന്റെ അവസാന തന്മാത്രയും അലിയിച്ച് കളയാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. പരിഷ്‌ക്കരണപരതയും അസത്യവല്‍ക്കരണക്ഷമതയും (falsifiability) ശാസ്ത്രത്തിന്റെ തീര്‍ച്ചയില്ലായ്മയായി മുദ്രകുത്തപ്പെടുന്നു. തെറ്റുകള്‍ തിരുത്തുന്നതും സ്വയംനവീകരിക്കുന്നതും മോശം പ്രവണതയാണെന്ന പ്രചരണം വരുന്നു. കപടശാസ്ത്രങ്ങളെ ന്യായീകരിക്കാനായി ഹൈസന്‍ബര്‍ഗ്ഗിനെയും അനിശ്ചിതത്വസിദ്ധാന്തത്തെയും വരെ കൂട്ടുപിടിക്കുന്നു.
ശാസ്ത്ര-സാങ്കേതിക നിര്‍മ്മിതികള്‍ കനിഞ്ഞരുളുന്ന ഭൗതികനേട്ടങ്ങളും സുഖസൌകര്യങ്ങളും നൊട്ടിനുണഞ്ഞുകൊണ്ട് അതിന്റെ തടിത്തണ്ടില്‍ കത്തിവെക്കുന്ന പ്രവണത കൂടിവരികയാണ്. ഉത്തരാധുനികസദസ്സുകളില്‍ ശാസ്ത്രം നിര്‍ ലോഭമായി അപഹസിക്കപ്പെടുന്നു. ശാസ്ത്രം ഇന്ന് കണ്ടെത്തുന്നതൊക്കെ തങ്ങളുടെ മതപുസ്തകളിലുണ്ടെന്ന മതഫലിതം വിരസമായി ആവര്‍ത്തിക്കപ്പെടുന്നു. ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും കഞ്ഞികുടി മുട്ടുമെന്ന് പേടിച്ചാവണം ശാസ്ത്രം കണ്ടുപിടിച്ച ശേഷമേ അതൊക്കെ മതഗ്രന്ഥത്തില്‍ എവിടെ വരുമെന്ന് എന്ന് ഇക്കൂട്ടര്‍ സ്ഥിരീകരിക്കാറുള്ളു. സിനിമ തിയേറ്ററിലെത്തുന്നതിന് മുമ്പ് സി.ഡി പുറത്തിറങ്ങിയാല്‍ നിര്‍മ്മിതാവ് കുത്തുപാളയെടുക്കുമല്ലോ!
അന്ധവിശ്വാസവിരുദ്ധ ദൌത്യങ്ങള്‍ മിക്കപ്പോഴും തട്ടിത്തകരുന്നത് മതമെന്ന മഞ്ഞുമലയില്‍ ഇടിച്ചാണ്. മതവിമര്‍ശനം ഒഴിവാക്കി അന്ധവിശ്വാസങ്ങളെ മാത്രം എതിര്‍ക്കുക അഭികാമ്യവും പ്രായോഗികവുമായി തോന്നാമെങ്കിലും രക്തംചിന്താതെ മാസം മുറിക്കുന്നതുപോലെ ദുഷ്‌ക്കരമാണത്. ദൈവം ലോകത്തെ ഏറ്റവും ജനകീയമായ അന്ധവിശ്വാസമാണ്. അതാണ് മതത്തിന്റെ തുറുപ്പുചീട്ട്. ദൈവസംബന്ധിയായി ശാസ്ത്രത്തിന് ഒന്നും പറയാനില്ലെന്നും അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നുമുള്ള പരിചിതമായ ‘ഇടപെടാതിരിക്കല്‍ നയം'(Non-overlapping magisteria or ‘NOMA’) ലോകമെമ്പാടുമുള്ള ശാസ്ത്രവിരുദ്ധപ്രസ്ഥാനങ്ങള്‍ക്ക് സഹായകരമായി വര്‍ത്തച്ചിട്ടുണ്ട്. മതമൊഴികെയുളള മേഖലകളില്‍ മാത്രം അഭിപ്രായപ്രകടനം നടത്തി മുന്നോട്ടു പൊയ്‌ക്കൊള്ളാം എന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ ശാസ്ത്രത്തിന് ഗുണകരമായിട്ടില്ല. ഒട്ടുമിക്ക വിശ്വാസമാലിന്യങ്ങളും സമൂഹത്തിലേക്ക് ഇരച്ചുകയറാന്‍ വഴിവെട്ടുന്നത് മതമാണെന്ന തണുത്ത സത്യം നിരാകരിച്ചുകൊണ്ടുള്ള ശാസ്ത്രപ്രചരണം ഫലപ്രദമാകില്ല; ഫലപ്രദമായിട്ടുമില്ല.
അന്ധവിശ്വാസവിരുദ്ധ-ശാസ്ത്രപ്രചരണങ്ങളുടെ ഭൂമികയില്‍ നിന്നും മതേതരശക്തികളുടെ ക്രമേണയുള്ള പിന്‍മാറ്റം ഇരുട്ട് വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി.’അന്ധവിശ്വാസങ്ങള്‍ക്കെതിരാണ് പക്ഷെ മതവിശ്വാസങ്ങള്‍ക്കെതിരല്ല’എന്ന ‘പ്രായോഗികബുദ്ധി’ ഫലത്തില്‍ ജനത്തിന്റെ അന്ധവിശ്വാസത്വര വര്‍ദ്ധിപ്പിക്കുകയായിരുന്നു. ”അതാകാമെങ്കില്‍ എന്തുകൊണ്ട് ഇതായിക്കൂടാ?”എന്ന ചോദ്യം നിരന്തരം തിരിഞ്ഞുകുത്തി. ഏതൊക്കെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചരണം നടത്താം? പരിധി എവിടെ വരെയാകാം? ആശയക്കുഴപ്പത്തിലകപ്പെട്ട് പുരോഗമനശക്തികള്‍ പകച്ചുനിന്നു. അക്ഷയത്രിതീയയെ തള്ളിപ്പറഞ്ഞ് ചാനലുകളില്‍ പരന്നൊഴുകിയ ശാസ്ത്രചിന്തകന് അതിന്റെ പിന്നിലെ ഐതിഹ്യവും മതവ്യാഖ്യാനവും കേട്ട് പത്തി താഴ്‌ത്തേണ്ടി വന്നതില്‍ ഈ ദുര്യോഗത്തിന്റെ കയ്യൊപ്പുണ്ട്. അക്ഷയത്രിതീയ അന്ധവിശ്വാസമാണ്, ധൂര്‍ത്താണ്… പക്ഷെ അതിന് മതകഥകളുടെ പിന്തുണയുണ്ടെങ്കില്‍ എന്തു ചെയ്യാനാവും??
മലയാളി ഭൌതികാസക്തിയുടെ നെരിപ്പോടില്‍ നീറിപ്പുകയുകയാണ്. ഭക്തി എന്നാല്‍ ഭൌതികാസക്തിയുടെ ചുരുക്കപ്പേരാകുന്നു. ആസക്തികൊണ്ടു വീര്‍പ്പുമുട്ടുന്നവന് മിഥ്യാസുഖം പകരാന്‍ ഭക്തിക്കും അന്ധവിശ്വാസങ്ങള്‍ക്ക് സാധിക്കും. തേക്കും മാഞ്ചിയവും നാനോത്തട്ടിപ്പുമൊക്കെ ഹിറ്റാകുന്നത് അങ്ങനെയാണ്. അന്ധവിശ്വാസങ്ങള്‍ തട്ടിപ്പാണെന്ന് കാര്യകാരണസഹിതം തെളിയിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ദിവ്യാത്ഭുതങ്ങളുടെ കള്ളി വെളിച്ചത്തു കൊണ്ടുവന്നതു കൊണ്ടുമാത്രം അവയൊന്നും അപ്രത്യക്ഷമായിട്ടില്ല. ഒക്കെ രൂപവും ഭാവവും മാറി നിര്‍ബാധം തിരിച്ചെത്തുകയാണ് പതിവ്. ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി ഉറച്ച ഒന്നിനെ വൈചാരികമായി റദ്ദാക്കാനും. ശാസ്ത്രീയവും പ്രകൃതിശാസ്ത്രപരവുമായ ഒരു ജീവിതവീക്ഷണം ആദ്യംതന്നെ സൃഷ്ടിച്ചെടുക്കുക മാത്രമാണ് ഇവിടെ ഏക പോംവഴി. അപ്പോള്‍ എതിര്‍പ്പ് നോക്കാതെ പരസ്യമായി ശാസ്ത്രം പറയണം, യുക്തിവാദം പറയണം, ഉത്‌ബോധനം നടത്തണം…… പക്ഷെ അതിനൊക്കെ ആര്‍ക്ക് നേരം?! അതല്ലെങ്കില്‍ വ്യക്തി സ്വയം മോചിതനാകണം; അതാകട്ടെ അത്ര എളുപ്പവുമല്ല.
‘അന്ധവിശ്വാസം ലജ്ജാകരം’എന്ന എണ്‍പതുകളിലെ പൊതുബോധത്തില്‍നിന്നും ‘അന്ധവിശ്വാസിയാകുന്നതില്‍ അഭിമാനിക്കുക'(Proud to be superstitious) എന്ന പിന്തിരിപ്പന്‍ മുദ്രവാക്യം നെഞ്ചിലേറ്റാന്‍ യുവത്വം വെമ്പുന്നു
യുവത്വം അനായാസം ക്ഷിപ്രവിശ്വാസത്വരയ്ക്ക് അടിപ്പെടുന്നതാണ് സമകാലികകേരളത്തിലെ മഹാദുരന്തം. പ്രായംചെന്നവരുടേയും സ്ത്രീകളുടേയും വിഹാരരംഗമായിരുന്ന ഒരിടത്തേക്ക് ചെറുപ്പക്കാര്‍ ആസുരതയോടെ കടന്നുചെന്നത്. പഴംപുരാണവും പ്രാചീന ലോകവീക്ഷണവുമായി പിന്തിരിഞ്ഞോടുന്ന യുവത്വം ഏതൊരു നാഗരികസമൂഹത്തെ സംബന്ധിച്ചിടത്തോളവും അത്യാഹിതം തന്നെയാണ്. ‘അന്ധവിശ്വാസം ലജ്ജാകരം’എന്ന എണ്‍പതുകളിലെ പൊതുബോധത്തില്‍നിന്നും ‘അന്ധവിശ്വാസിയാകുന്നതില്‍ അഭിമാനിക്കുക'(Proud to be superstitious) എന്ന പിന്തിരിപ്പന്‍ മുദ്രവാക്യം നെഞ്ചിലേറ്റാന്‍ യുവത്വം വെമ്പുന്നു. മതചിഹ്നങ്ങള്‍ അഭിമാനമായി കാണുന്ന, പെണ്‍വേഷം കെട്ടി ദേവപ്രീതി ഉറപ്പുവരുത്താന്‍ തമ്മിലടിക്കുന്ന, നിസ്‌ക്കാരത്തഴമ്പിന് നിറമടിച്ച് മതഭക്തിക്ക് പരസ്യംനല്‍കുന്ന കോളേജ് അധ്യാപകരും ഐ.എ. എസ്സുകാരും സിനിമതാരങ്ങളും അടങ്ങുന്ന മലയാളിയുവത്വം നാളെയെക്കുറിച്ച് വരയ്ക്കുന്ന ചിത്രം തീര്‍ത്തും പ്രകാശരഹിതമാണ്.
മതപരിഷ്‌ക്കരണം ആന്തരികമായി പ്രോത്സാഹിപ്പിക്കപ്പെടണം. അതല്ലെങ്കില്‍ മതവികാരം ഇളക്കിവിട്ട് അതിനെ പ്രതിരോധിക്കാന്‍ പിന്തിരിപ്പന്‍ശക്തികള്‍ക്ക് എളുപ്പമാണ്. പരിമിതമായ ആഭ്യന്തരകലഹത്തിലൂടെ മതനവീകരണത്തിന് ഉദ്യമിച്ചതാണ് വിവേകാന്ദനേയും ശ്രീ നാരായണ ഗുരുവിനേയും രാജാറാം മോഹന്റോയിയേയും ശ്രദ്ധേയരാക്കിയത്. ഉന്നത മാനവികബോധവും യുക്തിവാദാഭിമുഖ്യവും ഇവരുടെ കൊടിയടയാളങ്ങളായിരുന്നു. 1830 ലെ സതി നിരോധനബില്‍, 1856 ലെ വിധവാവിവാഹം അനുവദിച്ചുകൊണ്ടുള്ള ബില്‍, 1891 ലെ കണ്‍സെന്റ് ബില്‍ തുടങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന നിരവധിയായ മതനവീകരണ നീക്കങ്ങളാണ് ഭാരതീയ സമൂഹത്തില്‍നിന്നും വിശ്വാസ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നിര്‍ണ്ണായകമായത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളായിരുന്നു ഇവയൊക്കെ. പക്ഷെ മതം അത്തരം നീക്കങ്ങളെ എക്കാലത്തും ചെറുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍നിന്നും പന്ത്രണ്ടായി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ (1891) മുന്നോട്ട് വന്നവരില്‍ പ്രധാനി ലോകമാന്യ ബാലഗംഗാധര തിലകനായിരുന്നുവെന്ന് പറയുമ്പോള്‍ ഇക്കാര്യത്തില്‍ പാരമ്പര്യശക്തികളുടെ പൊതുനിലപാട് എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു.
ജനകീയ മാധ്യമമായ സിനിമയും വിവരവിനിമയ-മാധ്യമങ്ങളും അന്ധവിശ്വാസങ്ങളുടെ വിഷക്കാറ്റൂതി കേരളത്തിന്റെ സാംസ്‌ക്കാരികമണ്ഡലത്തെ കറുപ്പിക്കുകയാണ്. മതഭക്തിയിലെ ആധുനികവേലിയേറ്റം ഒരു ടെലിവിഷന്‍ജന്യരോഗമാണെന്ന നിരീക്ഷണമുണ്ടല്ലോ. രാമായണം, മഹാഭാരതം, ബൈബിള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയ സുദീര്‍ഘമായ ടി.വി.സീരിയലുകളും മതപ്രചരണം ലക്ഷ്യമിടുന്ന സ്‌പോണ്‍സേഡ് പരിപാടികളും ലൈവ് ടെലികാസ്റ്റുകളും മലയാളിയുടെ ചിന്താശേഷിയെ മയക്കി കിടത്താന്‍ പര്യാപ്തമായിരുന്നു. ദൃഷ്ടിദോഷവും ഭാഗ്യരത്‌നവും നാനോ തട്ടിപ്പും മണിക്കൂറുകള്‍ നീളുന്ന സ്‌പോണ്‍സേഡ് പരിപാടികളാണ്. അക്ഷരാര്‍ത്ഥത്തില്‍ മതം ഒലിപ്പിച്ചുകൊണ്ടാണ് മിക്ക ചാനലുകളും പ്രഭാതമാരംഭിക്കുന്നത്. ദൃശ്യ-ശ്രാവ്യ മാധ്യമശക്തികള്‍ക്ക് സ്വാധീനമേറുന്തോറും കേരളം ബൗദ്ധികമായും സാംസ്‌ക്കാരികപരമായും ജീര്‍ണ്ണിക്കുകയായിരുന്നു. സമാനമായ അവസ്ഥതന്നെ കലാരംഗത്തും ദൃശ്യമാണ്. ഫ്യൂഡല്‍ബിംബങ്ങളെ ആസുരതയോടെ ഉദാത്തവല്‍ക്കരിച്ച ‘ആറാം തമ്പുരാന്‍മാരും’യാഗം നടത്തി മഴ പെയ്യിച്ച ‘പൈതൃകങ്ങളും’ ഇരന്നും മുണ്ടുമുറുക്കിയും കടംവാങ്ങിയും മതതീര്‍ത്ഥാടനം നടത്തണമെന്ന് വാശിപിടിക്കുന്ന അബുമാരും മലയാളിക്ക് നായകരായി. യാഗനിര്‍വഹണവും ഉത്സവംനടത്തിപ്പും മതതീര്‍ത്ഥാടനവും ഏറ്റവും അനുപമമായ സാമൂഹികപ്രവര്‍ത്തനങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.
മതാത്മകമായാല്‍ എല്ലാമായി(‘to be religious is everything’)എന്ന ധാരണയ്ക്ക് തിടംവെച്ചതോടെയാണ് കുഴിച്ചുമൂടിയ ദുരാചാരങ്ങള്‍ തുടല്‍ പൊട്ടിച്ച് പുറത്തിറങ്ങിയത്. മലയാളിയുടെ ഉത്തമപുരുഷ സങ്കല്‍പ്പത്തെ യുക്തിരഹിതവും മതാത്മകമായ രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതില്‍ ഇത്തരം മാധ്യമഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. ഒരിക്കല്‍ തെല്ല് ജാള്യതയോടെ മാത്രം ഏലസ്സുകളും’യന്ത്ര’ങ്ങളും ധരിച്ചിരുന്ന ചെറുപ്പക്കാര്‍ ഇന്ന് തെല്ലൊരു ധാര്‍ഷ്ട്യബോധത്തോടെ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആള്‍ദൈവങ്ങളുടെ മുന്നില്‍ മൂര്‍ച്ഛിച്ചു വീഴുന്ന രാഷ്ട്രീയക്കാരും തേങ്ങയടിച്ചും തേരുവലിച്ചും റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞരും ജീര്‍ണ്ണതയുടെ നേര്‍സാക്ഷ്യങ്ങളായി. പ്രൈം ടൈം വാര്‍ത്തകളില്‍ പോലും സദാ ദൈവം നേരിട്ടു പ്രത്യക്ഷപ്പെടുന്ന അവസ്ഥ. വായിക്കാനും പഠിക്കാനും ഇരിക്കാനും മാത്രമല്ല കിടക്കാനും കുടിക്കാനും ഉറങ്ങാനും പ്രാര്‍ത്ഥനയും മതമന്ത്രങ്ങളും അത്യന്താപേക്ഷിതമാണെന്ന് വരുന്നത് തങ്ങളുടെ കീശ നിറയ്ക്കുമെന്ന് മാധ്യമശക്തികള്‍ തിരിച്ചറിഞ്ഞു. എന്തിനും ഏതിനും പ്രാര്‍ത്ഥിക്കാനായി പ്രേക്ഷകരോട് ആഹ്വാനംചെയ്യുന്ന അവതാരകരുണ്ടായി. തൃപ്പൂത്തും പൊങ്കാലയും പേട്ട തുള്ളലും പാട്ടകൊട്ടും മഹാസംഭങ്ങളായി ലൈവായി സ്വീകരണമുറിയിലെത്തി.
മതേതരം എന്ന കള്ളപ്പേരില്‍ ആഘോഷിക്കപ്പെടുന്ന നമ്മുടെ വിദ്യാഭ്യാസത്തിനും ദിശാബോധം നഷ്ടപ്പെട്ടതാണ് ഏറ്റവും ഖേദകരം. മതവിമര്‍ശനപരമായ ഒരു വരിപോലും പാഠ്യപദ്ധതിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന വാശിയുമായി പിന്തിരിപ്പന്‍ശക്തികള്‍ കച്ച മുറുക്കിയതോടെ അന്ധവിശ്വാസങ്ങള്‍ക്കും യുക്തിരാഹിത്യത്തിനും എതിരെ പ്രയോഗിക്കാമായിരുന്ന ഒരു കരുത്തുറ്റ ആയുധത്തിന്റെ മുന മടങ്ങുകയായിരുന്നു. പൌരോഹിത്യത്തിന്റെ അനുവാദമില്ലാത്തതൊന്നും പഠിപ്പിക്കാനാവില്ലെന്ന സ്ഥിതി പള്ളിയിലെന്ന പോലെ പള്ളിക്കൂടത്തിലേക്കും വ്യാപിച്ചു. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മതം പ്രസരിച്ചു.
അന്ധന്ധവിശ്വാസങ്ങളേയും ദുരാചാരങ്ങളേയും ചോദ്യംചെയ്യാനോ വിമര്‍ശിക്കാനോ ഇന്ന് വിദ്യാര്‍ത്ഥിക്ക് അനുവാദമില്ല. ചരടുംകുറിയും ഏലസ്സുംകെട്ടി അദ്ധ്യാപകര്‍ അഭിമാനബോധത്തോടെ കളാസ്സ് മുറികളിലേക്ക് ഒഴുകിയെത്തിയതോടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാലയങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ തുടങ്ങി. ഒരര്‍ത്ഥത്തില്‍ മദ്രസാ വിദ്യാഭ്യാസംപോലെ മതവിധേയമായാണ് ഇന്ന് പൊതുവിദ്യാഭ്യാസം മുന്നോട്ട് നീങ്ങുന്നത്. വിദ്യാഭ്യാസനിയമങ്ങള്‍ ഫലത്തില്‍ മതസംരക്ഷണനിയമങ്ങള്‍ തന്നെ. അന്ധവിശ്വാസിയായ വിദ്യാര്‍ത്ഥിക്ക് ആര്‍ട്ടിക്കിള്‍ 51 എ(എച്ച) പ്രകാരം ശാസ്ത്രബോധം ഉപദേശിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകന് ഒരുപക്ഷെ ഐ.പി.സി 295 എ യുടെ വിഷചുംബനം ലഭിച്ചെന്നിരിക്കാം. നമുക്കിനി ഏതെങ്കിലും അന്ധവിശ്വാസം നീക്കംചെയ്യാനാവുമോ? ഒരുപക്ഷെ ചെയ്തതൊക്കെ ചെയ്തു;നടന്നതൊക്കെ നടന്നു-ഇനിയൊന്നും നടപ്പില്ല എന്നതാണ് സ്ഥിതി. ജനാധിപത്യത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സുഭ്രദ്രമാണെന്ന് വരുന്നു. അവയെ വോട്ടിനിട്ട് തോല്‍പ്പിക്കാനാവില്ലല്ലോ.
മതാത്മകതയും അന്ധവിശ്വാസത്വരയും ശാസ്ത്രനിരാസവും സൃഷ്ടിക്കുന്ന കാളിമയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ പുരോഗമനചിന്തകരുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ പരിശ്രമം ആവശ്യമുണ്ട്. പണ്ട് പലരുമിത് ചെയ്തതിന്റെ വെളിച്ചമാണ് നാമിന്ന് അനുഭവിക്കുന്നത്. അത് വല്ലാതെ മങ്ങി തുടങ്ങിയിരിക്കുന്നു. വിളക്കുകള്‍ ഇനിയും കൊളുത്തേണ്ടതുണ്ട്. ഭാവിതലമുറയ്ക്ക് നാമിന്ന് ജീവിക്കുന്നതിലും മെച്ചപ്പെട്ട സമൂഹം ഭാവിതലമുറയ്ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരമൊരു കര്‍മ്മപദ്ധതി അനിവാര്യമാണ്. അസമത്വങ്ങളും അനാചാരങ്ങളും ആഗ്രഹിച്ച് ഇല്ലാതാക്കാനാവില്ല. പരിസ്ഥിതിപ്രവര്‍ത്തനവും സാമ്രാജ്യത്വവിരുദ്ധസമരവും മതവെറിയന്‍മാര്‍ ഹൈജാക്ക് ചെയ്‌തെന്ന പരിദേവനം കൊണ്ട് സാംസ്‌ക്കാരികമണ്ഡലം മുഖരിതമാകവെ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ദൌത്യംകൂടി അവരെ ഏല്‍പ്പിച്ച് കൊടുത്ത് സ്വീകാര്യതയുടെ ചതുപ്പുനിലങ്ങളില്‍ ഒളിച്ചിരിക്കാനാണ് പുരോഗമപ്രസ്ഥാനങ്ങള്‍ ഉദ്യമിക്കുന്നതെങ്കില്‍ ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും.
അന്ധവിശ്വാസനിര്‍മാര്‍ജ്ജനം യുക്തിവാദികളും പരിഷത്തുകാരും മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? വാര്‍ന്നുപോകുന്ന ശാസ്ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കണമെന്ന ഒരു പൊതുബോധം ഉരുത്തിരിയേണ്ടതുണ്ട്. ചില രാഷ്ട്രീയശക്തികള്‍ ഈ നിലയ്ക്ക് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത് ശുഭോദര്‍ക്കമാണ്. വിദ്യാഭ്യാസമേഖല തന്നെയാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. യുദ്ധംജയിക്കുന്നതും തോല്‍ക്കുന്നതും അവിടെയാണ്. മതേതരം എന്ന വ്യാജേന നല്‍കപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുടെ ചിന്താശേഷി തകര്‍ത്തെറിയുന്നതാണ്. കുട്ടിക്കാലം മുതല്‍ അന്ധവിശ്വാസങ്ങളെ ആഘോഷിക്കാന്‍ പരിശീലനം ലഭിക്കുന്ന ഒരാള്‍ മുതിരുമ്പോള്‍ മാറി ചിന്തിച്ചുകൊള്ളുമെന്ന് കരുതുന്നത് മൗഡ്യമാണ്. യാഗവുംയജ്ഞവും അക്ഷയത്രിതീയയും പോലെ നാളെ സതിയും ശൈശവ വിവാഹവും പുനരുജ്ജീവിപ്പിച്ചാല്‍ ആര്‍ക്കെന്ത് ചെയ്യാനാവും? വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സംഖ്യ മാത്രം നിര്‍ണ്ണായകമാകുന്ന ഇനത്തില്‍പ്പെട്ട ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം ഇത്തരം പിന്തിരിപ്പന്‍ ശ്രമങ്ങളെ പരാജയപ്പെടുത്തുക എളുപ്പമല്ല.
ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരു പിടി ചോറോ ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ കൊടുക്കാത്തവനും മരണശേഷം എ.സി വാഹനത്തില്‍ പോയി ആര്‍ഭാടപൂര്‍വം ബലിയിട്ട് മേനി നടിക്കുന്നു. രാവണന്‍ കോട്ടകള്‍ പോലുള്ള ഭവനങ്ങള്‍ വെച്ചും പച്ചക്കറിപോലെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയും ആര്‍ഭാടവും പൊങ്ങച്ചവും കാട്ടുന്ന മലയാളിക്ക് ശാസ്ത്രമെന്നാല്‍ സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണം മാത്രമാണ്. സ്വാശ്രയബോധവും ശാസ്ത്രചിന്തയും പ്രോത്സാഹിപ്പിക്കാന്‍ പരിഷത്തിനെ പോലുള്ള പ്രസ്ഥാനങ്ങള്‍ ദശകങ്ങളായി കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് വാസ്തവമാണ്. പക്ഷെ ഗുണവും വിലക്കുറവും കണ്ട് അടുപ്പും സോപ്പും വാങ്ങിപ്പോയവരില്‍ നല്ലൊരു പങ്കും അതിന് പിന്നിലെ ആശയപശ്ചാത്തലത്തോട് അന്ധരായി നിലകൊണ്ടു. യുക്തിവാദപ്രവര്‍ത്തനവും ശാസ്ത്രപ്രചരണവുമൊക്കെ മെനക്കേടാണ്. തുനിഞ്ഞിറങ്ങുന്നവര്‍ക്ക് വ്യക്തിഗത ഗുണം പൂജ്യവും കഷ്ടനഷ്ട സാധ്യത കനത്തതുമായിരിക്കും. സ്വന്തം വീടും കുടുംബവും അവനെതിരെ തിരിയാം. അന്ധവിശ്വാസങ്ങളെ ആദരിക്കണമെന്ന് വാദിച്ച് നിക്ഷ്പക്ഷവാദികളും ഉത്തരാധുനികരും എപ്പോള്‍ വേണമെങ്കിലും ചാടി വീഴാം. മതത്തിന് മുന്നില്‍ നല്ല പിള്ള ചമയാനുള്ള ഒരരവസരവും പാഴാക്കാത്തവരാണ് ഇക്കൂട്ടര്‍. അപ്പോഴും, സ്വപ്നം കാണുന്നതും സ്വപ്നങ്ങളില്‍ ജീവിക്കുന്നതും രണ്ടാണെന്നും ഈ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തോല്‍ക്കാനിടയുള്ള യുദ്ധത്തിനു പോലും പടയാളികളെ ആവശ്യമുണ്ടെന്ന മഹാസത്യമാണവിടെ പ്രസക്തമാകുന്നത്.
VOTTU RASHTEEYAM VARUTHI VECHA VINA
നന്നായിട്ടുണ്ട് സര് ….
നന്നായി പറഞ്ഞു രവി സാര്‍