Read Time:16 Minute

ഡോ. ചാന്ദിനി പി കെ

ഐ യു ഐ സി, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം

ഡോ. മഹേഷ് മോഹൻ

ഐ യു ഐ സി, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം

ഏതൊരു ജീവിയും അതിന്റെ ജീവിതചക്രവുമായി ബന്ധപ്പെട്ട് മറ്റുജീവജാലങ്ങളുടെ ഉല്പാദനത്തിനെയോ അല്ലെങ്കിൽ ജൈവിക പ്രവർത്തനങ്ങളെയോ, ആരോഗ്യത്തെയോ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ അവയെ ‘കീടങ്ങൾ’ എന്ന് വിളിക്കുന്നു. കളകൾ, പ്രാണികൾ, സസ്‌തനികൾ, സൂക്ഷ്‌മജീവികൾ, കുമിളുകൾ, വിരകൾ തുടങ്ങിയവ മനുഷ്യരിൽ സാംക്രമിക രോഗങ്ങൾ പരത്തുകയോ കാർഷികോല്പാദനത്തെ പ്രത്യക്ഷമായി ബാധിക്കുകയോ  ചെയ്യുന്നു. കീടങ്ങൾ എല്ലാം തന്നെ മനുഷ്യർക്ക്‌ ഹാനീകാരികളാണെങ്കിലും മറ്റുള്ള ജീവികൾക്ക് അത് ഉപകാരിയാണ്. ഉദാഹരണത്തിന്, കൊതുകുകൾ നമുക്ക് കീടമാണ്‌; എന്നാൽ വവ്വാലുകളെയോ, പക്ഷികളെയോ സംബന്ധിച്ച് അവക്ക് കൊതുക് ഭക്ഷണമാണ്, ‘കീടമല്ല’. സാധാരണയായി മനുഷ്യൻ കീടനിയന്ത്രണത്തിനായി തെരഞ്ഞെടുക്കുന്ന മാർഗരേഖ അവയുടെ സംഖ്യ നിയന്ത്രിക്കുക വഴിയാണ്. ഇതിനുവേണ്ടിയാണ് കീടങ്ങളെ നശിപ്പിക്കുവാൻ കീടനാശിനികൾ ഉപയോഗിക്കുന്നത്. ഓരോ കീടനാശിനിയും നിർമിച്ചിരിക്കുന്നത് ഓരോ പ്രത്യേക കീടത്തിന് വേണ്ടിയിട്ടാണ്. ഒരു ‘മാതൃകാ കീടനാശിനി’ എന്നാൽ വളരെ സങ്കീർണതകളില്ലാത്ത ഒരു രാസസംയുക്തം ആയിരിക്കും. അവ നശിപ്പിക്കുന്നത് ഒരൊറ്റ ജീവിയെ മാത്രമായിരിക്കും. മറ്റുള്ള ജീവജാലങ്ങൾക്കൊന്നും അവ ഒരിക്കലും ഭീഷണി ആവില്ല. അതുപോലെ തന്നെ, അവ പെട്ടെന്ന് തന്നെ ജൈവിക-അജൈവിക പ്രവർത്തനങ്ങളാൽ വിഘടിച്ച് കാർബണീക-ഓക്‌സിജൻ തന്മാത്രകളായി മാറി മണ്ണിൽ അലിഞ്ഞു ചേരുകയും ചെയ്യും. എന്നാൽ അത്തരത്തിൽ ഒരു ‘മാതൃകാ കീടനാശിനി” നമുക്കിന്നില്ല. ഒരൊറ്റ കീടത്തെ മാത്രം നശിപ്പിക്കുക എന്ന ലക്ഷ്യത്തിലല്ല ഇന്നുള്ള കീടനാശിനികൾ രൂപകല്പന ചെയ്‌തിരിക്കുന്നത്. നിരവധി രാസസംയുകതങ്ങളാൽ സങ്കീർണ്ണതയോടെ നിർമിച്ചെടുക്കുന്നവയാണ് നിലവിലുള്ള കീടനാശിനികൾ. ഇവ വളരെക്കാലം പരിസ്ഥിതിയിൽ നിലനിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇവ കാരണമായിത്തീരുന്നു. 1940 കൾക്ക് ശേഷം പ്രധാനമായും രണ്ട് തരം കീടനാശിനികളാണ് നിലവിലുണ്ടായിരുന്നത്; ജൈവികവും, അജൈവികവും. ഇതിൽ അജൈവിക കീടനാശിനികൾ പ്രധാനമായും ഘനലോഹങ്ങളായ ലെഡ്, മെർക്കുറി, ആഴ്‌സെനിക് പോലുള്ള മൂലകങ്ങളാലാണ് നിർമിച്ചിരിക്കുന്നത്. സങ്കീർണമായ ഈ കീടനാശികൾ കൊണ്ട് നിരവധി ഭവിഷ്യത്തുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു പാരിസ്ഥിതിക-സാമൂഹിക വിഷയമാണ്. എന്നാൽ, ഇതിന്റെ മറ്റൊരു പാരിസ്ഥിക ഭവിഷ്യത്തിലൊന്നാണ്‌ കീടനാശികളോട് പ്രതിരോധ ശേഷി ആർജ്ജിച്ച കീടങ്ങൾ-അഥവാ സൂപ്പർ കീടങ്ങളുടെ (super pest) ആവിർഭാവം.

ഇന്ന് ലോകത്തു ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ് കീടങ്ങളുടെ ആക്രമണവും. കീടനാശിനികൾ എത്ര ഉപയോഗിച്ചാലും കീടങ്ങളുടെ എണ്ണത്തിലും പ്രജനന നിരക്കിലും ഗണ്യമായ മാറ്റങ്ങളില്ല. അവയുടെ കരുത്ത് വളരെ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കീടങ്ങൾ കീടനാശിനിക്കും  കാലാവസ്ഥക്കുമെതിരെ പ്രതിരോധം ആർജിച്ചിരിക്കുന്നു എന്നതാണ് ഇതിനുകാരണം.  ഇന്ന് ബാക്റ്റീരിയകൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി ആർജിച്ചിരിക്കുന്നു എന്നത് ഇതിന് ഉദാഹരണമാണ്.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം ഒരു ജീവിവർഗ്ഗത്തിന്റെ പ്രതിരോധം എന്തെന്നാൽ ‘ഒരു പ്രത്യേക പദാർഥത്തിനെതിരെ ഒരു ജീവിവർഗ്ഗത്തിലെ ഏതെങ്കിലും ഒരു ജീവിക്ക്, അതിന്റെ ജീവിതചക്രത്തിന് ബാധകമാകുന്ന വിഷത്തിന്റെ അളവിനെ അതിജീവിക്കുമ്പോൾ ആർജ്ജവമാകുന്ന കഴിവാണ്.’ പ്രധാനമായും പ്രതിരോധം രണ്ട് തരത്തിലാണ്. സിമ്പിൾ റെസിസ്‌റ്റൻസ്, ക്രോസ്സ് റെസിസ്‌റ്റൻസ് എന്നിങ്ങനെ. സിമ്പിൾ റെസിസ്‌റ്റൻസ് എന്നാൽ പ്രതിരോധം ഒരൊറ്റ കീടനാശിനിക്കെതിരെ മാത്രമായിരിക്കും (ഉദാഹരണത്തിന്, കീടനാശിനിയായ മാലതിയോണിനെതിരെ പ്രതിരോധശേഷി ആർജ്ജിച്ച കീടം മറ്റു കീടനാശിനികളെ പ്രതിരോധിക്കില്ല). ക്രോസ്സ് റെസിസ്‌റ്റൻസ് ആകട്ടെ ഒരു കീടം ഒന്നിലധികം കീടനാശിനികളോട് പ്രതിരോധം കാണിക്കുന്നവയായിരിക്കും, എന്നാൽ ഇത്തരം കീടനാശിനികൾ ഒരു പ്രത്യേക ഗ്രൂപ്പ് രാസപദാർത്ഥം കൊണ്ട് നിർമ്മിച്ചതായിരിക്കണം. ഉദാഹരണം: ഓർഗാനോക്ലോറിൻ, ഓർഗാനോ ഫോസ്‌ഫേറ്റ് തുടങ്ങിയവ.

പ്രതിരോധം ഒരു മുൻ അനുരൂപീകരണമാണോ?

നമുക്കറിയാം, ഒരു സംഘം ആളുകളിൽ ജലദോഷമോ പനിയോ വന്നാൽ പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ പെട്ടെന്ന് അസുഖം ബാധിച്ചേക്കാം. ഇവരെ susceptible അഥവാ S strains എന്നും ജന്മനാ പ്രതിരോധം ഉള്ളവരെ R strains എന്നും പറയുന്നു. രാസവസ്‌തുക്കൾ സ്ഥിരമായി ഏൽക്കുന്ന ജീവിവർഗമാണെങ്കിൽ ജന്മനാ പ്രതിരോധ ശേഷി ആർജിച്ചവ കൂടുതൽ കാലം ജീവിക്കും, പിന്നീടുണ്ടാകുന്ന പുതിയ തലമുറ ഈ R strains ന്റേതാകും. ഇവിടെ, കീടനാശിനി വളരെ എളുപ്പത്തിൽ S Strains നെ  അതിന്റെ വാസസ്ഥലത്ത് നിന്ന് ഒഴിവാക്കുകയും R strains ന്റെ എണ്ണത്തിൽ അധിക-വർദ്ധനവുണ്ടാക്കുകയും ചെയ്യുന്നു. പിന്നീട്, കീടനാശിനിയുടെ  അമിതമായ പ്രയോഗത്തിൽ വർദ്ധനവുണ്ടായായാൽ ആ കീടം ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കീടനാശിനിക്കെതിരെ പ്രതിരോധ ശേഷി ആർജ്ജിച്ചു എന്ന് അനുമാനിക്കാം. ഇവിടെ പുതിയതായി ഉണ്ടായ ഒരു ജീവിവർഗമല്ല, അതായത് രാസവസ്‌തു പ്രയോഗം കാരണം ജനിതക വ്യതിയാനം വന്ന ജീവിവർഗ്ഗമല്ല, പ്രകൃത്യാ S strains നെ ഒഴിവാക്കി മുന്നോട്ട് വന്ന R strain ജീവിവർഗ്ഗത്തിന്റെ ആധിപത്യമാണ്. 

പ്രതിരോധ പ്രവർത്തനം കീടങ്ങളിൽ

പ്രതിരോധ ശേഷിയെ ജീവികളുടെ ശരീരശാസ്‌ത്രവുമായി ബന്ധപ്പെടുത്തിയാൽ detoxification അഥവാ  ‘വിഷവിമുക്തമാക്കൽ’ പ്രക്രിയയെപ്പറ്റി ആദ്യം ചർച്ച ചെയ്യേണ്ടി വരും. വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും സൈദ്ധാന്തികമായി പറയുകയാണെങ്കിൽ ശരീരത്തിൽ എത്തിച്ചേരുന്ന വിഷപദാർഥങ്ങളെ ജീവികളുടെ ശരീരത്തിലെ സൈറ്റോപ്ലാസത്തിൽ  ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ കൊണ്ട് പ്രകൃത്യാ നിർവീര്യമാക്കുന്നു. R strain ജീവികളിൽ ഇത്തരം എൻസൈമുകളുടെ അളവിൽ വർദ്ധനവുണ്ടായിരിക്കും. ഡിഡിടിക്കെതിരെ പ്രതിരോധം കാണിച്ച ഈച്ചകളിൽ ‘ഡീഹൈഡ്രോക്ലോറിനസ്’ എന്ന വിഷവിമുക്തമാക്കൽ പ്രക്രിയയുടെ ഭാഗമായി ഉല്പാദിപ്പിക്കുന്ന എൻസൈം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. carboxylesterases, olisterases എന്നിവ organophosphate വിഭാഗത്തിൽ പെടുന്ന കീടനാശിനിക്കെതിരേ ഉല്പാദിപ്പിക്കുന്ന എൻസൈമുകൾ ആണ്.

2.   ക്യൂട്ടികുലാർ പെനെട്രേഷൻ (ക്യൂട്ടികുലാർ സ്വംശീകരണം)

R സ്‌ട്രെയിന്‍സി (strains) ന്റെ ശരീരത്തിലേക്ക് കീടനാശിനികൾ വളരെ പെട്ടെന്ന് ആഗിരണം നടക്കില്ല. കീടനാശിനി തളിച്ച് കഴിഞ്ഞു കുറച്ചധികം സമയമെടുക്കും കീടത്തിനകത്തേക്ക് രാസപദാർത്ഥം ആഗീരണം ചെയ്യണമെങ്കിൽ. എന്നാൽ S strains ൽ വളരെ പെട്ടെന്ന് ആഗീരണം നടക്കും. വളരെ പതുക്കെ  ആഗിരണം ചെയ്യുന്നത് കൊണ്ട് തന്നെ R strains ൽ വിഷവിമുക്തമാക്കൽ പ്രക്രിയ വളരെപ്പെട്ടെന്ന് നടക്കും. എന്നാൽ S strains ൽ എടുക്കുന്ന വിഷത്തിന്റെ അളവ് കൂടുതലാകയാൽ നിർവീര്യമാക്കൽ പ്രക്രിയ നന്നായി നടക്കില്ല. ഇത് ജീവികളിൽ സ്‌ട്രെസ് കൂട്ടുകയും അവ നശിക്കാൻ കാരണമാകുകയും ചെയ്യുന്നു.

3.  പ്രതിരോധവും – എൻസൈമുകളും

ഓരോ കീടനാശിനിയും നിർമ്മിച്ചിരിക്കുന്നത് ജീവികൾക്കുണ്ടാകുന്ന ചില പ്രത്യേക കഴിവുകളെ നശിപ്പിക്കുവാനാണ്. കീടനാശിനി പ്രധാനമായും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. എന്നാൽ, നട്ടെല്ലുള്ള ജീവികളിൽ രക്തചംക്രമണത്തെയും മസ്‌തിഷ്കത്തിനേയും ബാധിക്കുന്നു. കീടങ്ങളിൽ/പ്രാണികളിൽ acetylecho linestrase എന്ന നാഡീവ്യൂഹത്തിലേക്ക് സന്ദേശങ്ങൾ കൈമാറുന്ന എൻസൈമുകളെ ബാധിക്കുന്നു. ഇത് ജീവിയുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കി മരണത്തിനു കാരണമാക്കുന്നു. പ്രതിരോധം നടക്കണമെങ്കിൽ acetylecholinestrase നെ ബാധിക്കാത്ത രീതിയിൽ കീടനാശിനി ആഗീരണം ചെയ്യാതിരിക്കാനുള്ള തടസ്സം സൃഷ്‌ടിക്കണം. ഈ കഴിവ് R സ്‌ട്രെയിൻസിനേക്കാൾ S സ്‌ട്രെയിൻസിനു കൂടുതൽ ആയിരിക്കും.  

4. പാരമ്പര്യജീനുകൾ പ്രതിരോധത്തിന് വഴിതുറക്കുന്നു

കീടനാശിനി പ്രതിരോധം പാരമ്പര്യത്തിലൂടെ ജീനുകളുടെ കൈമാറ്റം വഴി നിയന്ത്രിക്കപ്പെടുമെന്ന് നാം കണ്ടു. പ്രതിരോധ ജീനുകൾ ചിലപ്പോൾ ഒറ്റക്കായിരിക്കും.  അവയെ ‘മോണോജനിക് റെസിസ്‌റ്റൻസ്’ എന്ന് പറയുന്നു, ഉദാഹരണം: DDT ക്കെതിരെ ഈച്ചകളിലെ പ്രതിരോധം. ഇനി ചിലപ്പോള്‍ ബഹുജീനുകളായിരിക്കാം. അവയെ ‘പോളിജനിക് റെസിസ്‌റ്റൻസ്”എന്ന് വിളിക്കുന്നു. ഉദാഹരണം: ഓർഗാനോ ഫോസ്‌ഫേറ്റ് കീടനാശിനിക്കെതിരെയുള്ള കീടങ്ങളിലെ പ്രതിരോധം. ജീവികളിൽ പ്രതിരോധം ഉണ്ടാകുന്നതിൽ ലിംഗ വ്യതാസങ്ങളില്ല. ഇത്തരം ജീനുകളുടെ വാഹകർ, കീടനാശിനി സമ്പർക്കം പുലർത്തുമ്പോൾ ഈ ജീനുകൾ നാം ആദ്യം ചർച്ചചെയ്‌ത വിഷനിർവീര്യമാക്കുന്ന എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്ന എന്റോപ്ലാസ്‌റ്റിക് റെറ്റിക്കുലം എന്ന കോശ ഭാഗം കൂടുതൽ സജീവമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ ജീവിവർഗം പ്രതിരോധം എന്ന പ്രതിഭാസത്തിന് തുടക്കമിടുന്നു.

സൂപ്പർകീടങ്ങൾ കർഷക സമൂഹത്തിന് വെല്ലുവിളിയാണോ?

നാമിന്നു കാണുന്ന കേരളത്തിന്റെ കാർഷിക സമ്പന്നതക്ക് ഒരു വെല്ലുവിളി തന്നെയാണ് സൂപ്പർ കീടങ്ങളുടെ ആവിർഭാവം. കേരളത്തിൽ നിന്നും കാർഷിക സർവകലാശാല red flour beetle എന്ന പ്രാണിയിൽ മാലത്തിയോൺ കീടനാശിനിക്കെതിരെ അതിന്റെ മരണ നിരക്കിനെ ആസ്പദമാക്കിയുള്ള ഒരേ ഒരു പഠനം മാത്രമേ ഇപ്പോൾ നിലവിലുള്ളൂ.  നിലവിലെ കാലാവസ്ഥാ മാറ്റം കേരളത്തിലെ കാർഷിക മേഖലക്ക് വൻ തിരിച്ചടി തന്നെയാണ് നൽകുന്നത്. വരൾച്ച, മഴയുടെ അളവിൽ വന്ന മാറ്റം സസ്യങ്ങളുടെ വളർച്ചയെ ബാധിച്ചതുപോലെ തന്നെ കീടങ്ങളുടെ ജീവിത ചക്രത്തിലും മാറ്റം സൃഷ്‌ടിച്ചിരിക്കുന്നു. വയനാട് തേയില തോട്ടങ്ങളിൽ കീടനാശിനി തളിക്കേണ്ട സമയങ്ങളിൽ ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. അതുപോലെ ഏലക്കാടുകളിലും. നിദ്ര കഴിഞ്ഞു പുറത്തേക്കു വിരിഞ്ഞിറങ്ങുന്ന കീടങ്ങളെ കാത്തു ഇപ്പോൾ വിളകൾ കുറവാണെന്നുളളത് മറ്റൊരു സാക്ഷ്യം. മുതലമടയിലെ മാങ്ങാത്തോട്ടങ്ങളിൽ സെപ്റ്റംബർ പകുതിയോടെയാണ് മാമ്പൂക്കളെ തിന്നുവാൻ ചെറിയ mites കീടങ്ങൾ എത്തുക. എത്ര തളിച്ചാലും ഇവക്കു മരണമില്ലാത്തതുകൊണ്ട് മാമ്പൂക്കൾ മുഴുവൻ കൊഴിഞ്ഞു പോകുന്നതിനാൽ മാമ്പഴത്തിന്റെ എണ്ണത്തിൽ വളരെ കുറവുണ്ടായതായി കർഷകർ പറയുന്നു.

red flour beetle

കീടങ്ങളുടെ വളർച്ചയിൽ വർദ്ധനവുണ്ടായാൽ അതുമായി ബന്ധപ്പെട്ട പരിസ്ഥിതിക്കും വ്യത്യാസമുണ്ടാകും എന്നതാണ് മറ്റൊരു പ്രധാനകാര്യം. മറ്റു പലജീവജാലങ്ങളുടെയും ആതിഥേയ സസ്യമായവയിൽ കീടബാധ ആക്രമണം കൂടുതലുണ്ടാവുമ്പോൾ ഇല്ലാതാകുന്ന ജീവികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നുണ്ട്.

കീടനാശിനി തളിക്കുന്ന ഭാഗത്തു നിന്ന് സ്വഭാവ-പ്രതിരോധം ആർജ്ജിച്ച കീടങ്ങൾ മറ്റു ആവാസസ്ഥലം തിരഞ്ഞെടുക്കുവാൻ കൂട്ടത്തോടെ ചേക്കേറുന്നത് മറ്റൊരു ഭീഷണിയാണ്. ഇതെല്ലം, കേരളത്തിലെ കൃഷിയിടങ്ങളിൽ നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്‌തവം. കാർഷിക വിളയിൽ കുറവുണ്ടായാൽ കർഷകർക്കും സമൂഹത്തിനും പരിസ്ഥിതിക്കും മാറ്റം സംഭവിക്കും. ആയതിനാൽ, ശാസ്‌ത്രീയമായ പഠനങ്ങൾ കേരളത്തിലെ കാർഷിക മേഖലയിൽ ഉണ്ടായില്ലെങ്കിൽ ഇപ്പോഴുള്ള സൂപ്പർ കീടങ്ങൾ പെട്ടെന്ന് തുടച്ചു മാറ്റപ്പെടാൻ പറ്റാത്ത  ഭീഷണി ആയി മാറും.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ഡിഷ്യൂം… ഡിഷ്യൂം… ഗാലക്സികളുടെ സ്റ്റണ്ട്! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 10
Next post അപോഫിസ് വന്നുപോകും… ആശങ്ക വേണ്ട
Close