Read Time:8 Minute

 

സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. കഴിഞ്ഞ രണ്ടു വർഷമായി ഈ ദിനാചരണത്തിൽ സ്വീകരിച്ചിരുന്ന പ്രമേയം തന്നെയാണ് 2020 ലും മുന്നോട്ടുവയ്ക്കുന്നത്. ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കാം (working together to prevent suicide) എന്നതാണ് ഈ വർഷത്തെയും മുദ്രാവാക്യം.

വർധിച്ചുവരുന്ന ആത്മഹത്യകൾ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകവ്യാപകമായി നോക്കുമ്പോൾ മരണത്തിന്റെ പ്രധാനപ്പെട്ട 20 കാരണങ്ങളിൽ ഒന്ന് ആത്മഹത്യയാണ്. ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്. ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു എന്നർത്ഥം.

ആത്മഹത്യാ ചിന്തകളെയും ആത്മഹത്യാശ്രമങ്ങളെയും പൂർത്തീകരിക്കപ്പെട്ട ആത്മഹത്യകളെ  കുറിച്ചുള്ള കണക്കുകൾക്കൊപ്പം തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടിവരും. സംഭവിക്കുന്ന ഓരോ ആത്മഹത്യക്കും ഒപ്പം ഇരുപതിലധികം ആളുകള്‍ ആത്മഹത്യാ ശ്രമം നടത്തുന്നു എന്നാണ് കണക്ക്. അതിലും എത്രയോ കൂടുതൽ ആളുകൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരിക്കുകയും ചെയ്യും. മുമ്പ് ആത്മഹത്യാശ്രമം നടത്തിയ ആളുകൾ പിന്നീടുള്ള അവസരങ്ങളിൽ അത് പൂർത്തീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല ആത്മഹത്യാ ചിന്തകൾ ഉള്ള വ്യക്തികൾ മിക്കപ്പോഴും ഇത്തരം ചിന്തകളെയും പ്രശ്നങ്ങളെയും കുറിച്ച് തങ്ങളുടെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കാറുണ്ട്.

പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരു സാമ്പ്രദായിക ചികിത്സാ സംവിധാനത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഒരു സമൂഹമെന്ന നിലയിൽ ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ച് അറിവു നേടുകയും അത്തരം  പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളോട് ഇടപെടേണ്ട രീതികളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ആത്മഹത്യാ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ആയിരിക്കും അത്. ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കണം എന്ന പ്രമേയത്തിന്റെ പ്രായോഗിക അർഥവും ഇതുതന്നെയാണ്.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 2019 ല്‍ 1,39,123 ആത്മഹത്യകൾ  ഉണ്ടായിട്ടുണ്ട്. 2018 നെ അപേക്ഷിച്ച് 3.4 ശതമാനം അധികമാണ് ഇത്. കേരളത്തിൽ 8556 പേരാണ് ഈ കാലയളവിൽ ആത്മഹത്യ ചെയ്തത്. ഒരാളുടെ ആത്മഹത്യ അയാളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഏകദേശം 135 ആളുകളെയെങ്കിലും തീവ്രമായ രീതിയിൽ മാനസികമായി ബാധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ കാര്യത്തിൽ മാത്രം ഇത് ഒരു വർഷം ഉണ്ടാക്കുന്ന ആഘാതം ഏകദേശം 11.5 ലക്ഷം ആളുകളെ ബാധിക്കുന്നു എന്ന് കരുതേണ്ടിവരും. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളുടെ  പ്രാധാന്യം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.

കോവിഡ് 19 വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. അതുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക ഞെരുക്കവും വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനസികസമ്മർദവും  ആത്മഹത്യാ പ്രവണതയും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആത്മഹത്യാ പ്രതിരോധ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം. ഒരു സുഹൃത്തായും സഹപ്രവർത്തകനായും അധ്യാപകനായും രക്ഷിതാവായും ആരോഗ്യ പ്രവർത്തകനായും അയൽക്കാരനുമായുമെല്ലാം ഒരു വ്യക്തിക്ക് മറ്റൊരാളെ സഹായിക്കാൻ സാധിക്കുന്ന ഒരു സന്ദർഭമാണിത്. അത്തരമൊരു ഇടപെടലിന് സന്നദ്ധമാവുക എന്നത് നിലവിലത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ഇടപെടണമെങ്കിൽ ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളെക്കുറിച്ച് പ്രാഥമികമായ ഒരു ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇടപെടൽ രീതികളുമായി ബന്ധപ്പെട്ട ശേഷികൾ ആർജ്ജിക്കുകയും വേണം.

ഇതിനു സഹായിക്കുന്ന സൂയിസൈഡ് പ്രിവൻഷൻ ഓൺലൈൻ ട്രെയിനിങ് (SPOT) എന്ന  പരിശീലന പദ്ധതി ഇപ്പോൾ നമുക്ക് ലഭ്യമാണ്. ഈ മേഖലയിലെ വിദഗ്ധരായിട്ടുള്ള ഡോ. മനോജ് കുമാർ തേറയിലും (ഡയറക്ടർ, ഇൻ മൈൻഡ്) പ്രൊഫസർ ടൈൻ വാൻ ബോര്‍ടെലും (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി) ചേർന്നാണ് ഈ പരിശീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഏകദേശം 8 മണിക്കൂർ എടുക്കുന്ന ഒരു ഓൺലൈൻ പരിശീലനം ആണിത്. ഇത് പൂർത്തിയാക്കുന്നവർക്ക് ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കും.

Massive Open Online Course (MOOC) മാതൃകയിലാണ് കോഴ്സ് എന്നതു കൊണ്ട് ഓരോ ആളുടെയും സമയത്തിനും സൗകര്യത്തിനും അനുസരിച്ചു പഠനം നടത്താൻ കഴിയും. താല്പര്യമുള്ളവർ ഈ പരിശീലനം നേടുകയും ആവശ്യമായ ശേഷികൾ ആര്‍ജിക്കുകയും ചെയ്താൽ ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകളുടെ ഒരു പ്രാരംഭ പ്രവർത്തനമായി അത് മാറും. അതിനുശേഷം സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാനുള്ള തുടർ പരിപാടികൾ വികസിപ്പിക്കുയും നടപ്പാക്കുകയും ചെയ്യാം. അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് ഈ പരിശീലന പരിപാടിയെ കണക്കാക്കി ആത്മഹത്യാ പ്രതിരോധ ദിനവുമായി ബന്ധപ്പെടുത്തി അതിൽ പങ്കുചേരുകയും ചെയ്യാം.


 സൂയിസൈഡ് പ്രിവൻഷൻ ഓൺലൈൻ ട്രെയിനിങ് (SPOT) പരിശീലന പദ്ധതി Massive Open Online Course (MOOC)  രജിസ്ട്രേഷന് : spot.inmind.in ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൂൺബോ – രാത്രിയിൽ മഴവില്ല് കണ്ടിട്ടുണ്ടോ ?
Next post സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 1
Close