“പിരിമുറുക്കമുണ്ടാകുമ്പോള്‍” സസ്യങ്ങള്‍ “ശബ്ദമുണ്ടാക്കാറുണ്ടത്രെ ! നമുക്കാര്‍ക്കും അത് കേള്‍ക്കാനാകില്ല എന്നു മാത്രം, കാരണം അവ പുറപ്പെടുവിക്കുന്ന ശബ്ദം അള്‍ട്രാസോണിക് തരംഗങ്ങളിലാണ്, ഏകദേശം 20 മുതല്‍ 100കിലോഹെര്‍ട്ട്സ് വരെ ആവൃത്തിയില്‍. അത്ര ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം സാധാരണയായി മനുഷ്യര്‍ക്ക് കേള്‍ക്കാനാകില്ല. എന്നാല്‍ വവ്വാല്‍, ചുണ്ടെലി തുടങ്ങിയ ചില ജീവികള്‍ക്ക് അതു കേള്‍ക്കാനാകും.
ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞയായ ലിലാച് ഹഡാനിയും(Lilach Hadany) സഹപ്രവര്‍ത്തകരും കൂടിയാണ് ഇതു കേള്‍ക്കാനുള്ള ശ്രമം നടത്തിയത്. അവര്‍ രണ്ടു ചെറിയ ചട്ടികളിലായി ഒരു പുകയിലച്ചെടിയും ഒരു തക്കാളിച്ചെടിയും വച്ചു. അവയ്ക്ക് സമീപമായി മൈക്രോഫോണുകള്‍ സ്ഥാപിച്ചു. ആ സസ്യങ്ങളുണ്ടാക്കിയ ശബ്ദങ്ങള്‍ മൈക്കുകള്‍ പിടിച്ചെടുത്തു. അതിന്റെ പിച്ച് കുറച്ചുകൊണ്ടുവന്ന് കേള്‍ക്കാവുന്ന രീതിയിലാക്കി. ചെറിയ “ക്ലിക്ക്” ആയിട്ടാണ് അവ ശബ്ദം പുറപ്പെടുവിച്ചത്. ചെടി നനയ്ക്കാതെ അവയുടെ ചുവട് വരളുമ്പോഴും ഏതെങ്കിലും ഭാഗം മുറിച്ചുകളഞ്ഞതിനു ശേഷവും അവ ശബ്ദമുണ്ടാക്കും. മണിക്കൂറില്‍ ഏകദേശം 35 ക്ലിക്ക് ശബ്ദം വരെ അപ്പോള്‍ അവ പുറത്തുവിടും. നല്ല അവസ്ഥയിലാണെങ്കിലും സാധാരണമായി സസ്യങ്ങള്‍ ശബ്ദമുണ്ടാക്കും, എന്നാലത് മണിക്കൂറില്‍ ഒരു ക്ലിക്ക് മാത്രമേ ഉണ്ടാവുയുള്ളു.
സസ്യങ്ങള്‍ക്ക് ശ്വാസകോശമോ ശ്വസനനാളിയോ (vocal cords) ഒന്നുമില്ലല്ലൊ. എന്നാല്‍ വേരുകള്‍ വലിച്ചെടുക്കുന്ന മണ്ണിലെ ജലവും പോഷകങ്ങളും തണ്ടിലേക്കും ഇലകളിലേക്കും എത്തിക്കുന്ന ട്യൂബുകളാണ് (Xylem) ശബ്ദമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നമ്മള്‍ സ്ട്രോ കൊണ്ട് പാനീയങ്ങള്‍ വലിച്ചുകുടിക്കുമ്പോഴെന്നതുപോലെ ഈ ട്യൂബുകളില്‍ ജലം തുടര്‍ച്ചയായി നില്‍ക്കുന്നത് പ്രതലബലം മൂലമാണ്. ഈ ധാരയ്ക്കിടയില്‍ ഒരു വായുകുമിള രൂപം കൊണ്ട് അതിനെ മുറിച്ചാല്‍ അത് ചെറിയൊരു ശബ്ദമുണ്ടാക്കും. അതാണ് ഇവിടെ സംഭവിക്കുന്നത്. (പ്രതികൂല സാഹചര്യങ്ങളോടുള്ള സസ്യപ്രതികരണം എന്ന രീതിയിൽ ഇതിനെ മനസ്സിലാക്കിയാൽ മതി. സസ്യങ്ങൾക്ക് സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങളൊന്നുമില്ല.). ഈ പഠനം റിപ്പോർട്ട് ചെയ്തപ്പോൾ പല പത്രങ്ങളും സസ്യങ്ങൾ കരയും, സംസാരിക്കും എന്നൊക്കെ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സസ്യമുണ്ടാക്കിയ ക്ലിക്ക് ശബ്ദം നമുക്ക് കേൾക്കാനാകും വിധം പ്രോസസ് ചെയ്തത് കേൾക്കാം.
സസ്യമുണ്ടാക്കിയ ശബ്ദത്തില്‍ നിന്ന് ആ സസ്യം മുറിക്കപ്പെട്ടോ വരള്‍ച്ച നേരിട്ടോ എന്ന് വിശകലനം ചെയ്യാനായി ഒരു മെഷീന്‍ ലേണിംഗ് മോഡലുണ്ടാക്കി. അത് 70% കൃത്യതയോടെ ഫലം തന്നു. ഇതു തരുന്ന ഒരു പാഠം ഓഡിയോ മോണിട്ടറിംഗ് കൃഷിയിലും പച്ചക്കറിത്തോട്ടങ്ങളിലും ഉപയോഗിക്കാനുള്ള സാധ്യതയാണ്.
ഇതിന്റെ പ്രായോഗികത പരിശോധിക്കാനായി അവര്‍ ഒരു ഗ്രീന്‍ ഹൗസിലെ ചെടികളെ റിക്കോഡ് ചെയ്യാന്‍ ശ്രമിച്ചു. പുറമേയുള്ള ശബ്ദങ്ങളെയെല്ലാം കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് മാറ്റിനിര്‍ത്തി. അപ്പോഴും ചെടികളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. തക്കാളിയും പുകയിലച്ചെടിയും ഒറ്റപ്പെട്ടവ അല്ലെന്നും ഗോതമ്പും ചോളവും മുന്തിരിയുമെല്ലാം ജലദൌർലഭ്യം നേരിടുമ്പോൾ ശബ്ദമുണ്ടാക്കുന്നു എന്നും അവര്‍ കണ്ടെത്തി.
സസ്യങ്ങള്‍ക്ക് ശബ്ദത്തോട് പ്രതികരിക്കുമോ എന്നതും ഹഡാനി അന്വേഷിച്ചിരുന്നു. മുമ്പൊരിക്കല്‍ തേനീച്ച പറക്കുന്നതു കേള്‍ക്കുമ്പോള്‍ പ്രിംറോസ് ചെടി കൂടുതല്‍ മധുരമുള്ള തേന്‍ പുറപ്പെടുവിക്കുന്നതായി അവര്‍ കണ്ടെത്തി. ആവാസവ്യവസ്ഥയിലെ ഒരു പ്രധാന ഭാഗമാകാം സസ്യശബ്ദങ്ങള്‍, എന്നാല്‍ അത് ഉറപ്പിക്കാന്‍ ഇനിയും പഠനങ്ങള്‍ വേണ്ടിവരും.
അവലംബം : www.cell.com & Nature Briefing Mar.31, 2023.