Read Time:16 Minute


രാജശ്രീ ഒ.കെ.

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു​. എറണാകുളത്തിന്​ പുറമെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലും സമീപഭാവിയിൽ പാൽബാങ്ക് പ്രവർത്തനമാരംഭിക്കും. നെക്ടർ ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും(IMA) റോട്ടറി ക്ലബും സംയുക്തമായാണ് ഇവ സ്​ഥാപിക്കുന്നത്.

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് – എറണാകുളം ജനറൽ ആശുപത്രിയിലെ ഉദ്ഘാടനചടങ്ങ്  കടപ്പാട് my hospital

പോഷകം നിറഞ്ഞ ദ്രവസ്വർണ്ണം

പിറന്നു വീഴുന്ന മനുഷ്യശിശുവി​ന്റെ ജീവാമൃതം മുലപ്പാലല്ലാതെ മറ്റൊന്നുമല്ല. ദ്രവസ്വർണ്ണം  (Liquid Gold) എന്നറിയപ്പെടുന്ന മുലപ്പാൽ പകരം ​വെക്കാനാവാത്ത  പോഷകങ്ങളാൽ സമ്പുഷ്​ടമാണ്. പോഷണത്തിന് പുറമേ വളർച്ചയിലും രോഗപ്രതിരോധശേഷി കൈവരിക്കുന്നതിലും ഇതിന്റെ പങ്ക് നിസ്തുലമാണ്. നവജാത ശിശുവിന് അമ്മയുടെ പാലാണ് ഉത്തമം. അത് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദാതാവി​ന്റെ പാൽ (donor milk) സ്വീകരിക്കാനാണ് അന്താരാഷ്​ട്ര തലത്തിലുള്ള ആരോഗ്യസംഘടനകൾ നിർദേശിക്കുന്നത്. പൊടിപ്പാൽ മാത്രം കഴിക്കുന്ന, തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് മാരകമായ പല രോഗങ്ങളെയും (necrotizing enterocolitis, sepsis) ചെറുക്കാനാകാതെ മരണം വരെ സംഭവിക്കുന്ന സ്ഥിതിയുണ്ടാകാറുണ്ട്.

പല നവജാതശിശുക്കൾക്കും ജനിച്ചയുടൻ അമ്മയുടെ സാമീപ്യം ലഭിക്കാതെ പോകാറുണ്ട്. മാതാവി​ന്റെ അസുഖം, മരണം, മരുന്നുകളുടെ ഉപയോഗം, പാലുൽപാദനത്തിലുണ്ടാകുന്ന അപര്യാപ്തത എന്നിവയെല്ലാം കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട ആദ്യഭക്ഷണത്തിന് വെല്ലുവിളിയുയർത്തുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്തമായ പാൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുലപ്പാൽ ബാങ്കുകൾ ആരംഭിക്കുന്നത്.

ആറുമാസം വരെ കേട്​ വരാതെ സൂക്ഷിക്കാം

വർഷത്തിൽ ഏകദേശം 3600 കുഞ്ഞുങ്ങൾ പിറന്നു വീഴുന്ന  എറണാകുളം ജനറൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ  (NICU) പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. ഇവിടെത്തന്നെയുള്ള അമ്മമാരുടെ പാലാണ് ഇതിനായി ശേഖരിക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനും ആശുപത്രികളുടെ ശ്യംഖലയുണ്ടാക്കും. ശേഖരിക്കുന്ന പാൽ ആറുമാസം വരെ ബാങ്കിൽ കേട്​ കൂടാതെ സൂക്ഷിക്കാം. പാസ്ചറൈസേഷൻ യൂണിറ്റ്‌, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ ഗ്രേഡ് ബ്രെസ്​റ്റ്​ പമ്പ്, റിവേഴ്സ് ഓസ്മോസിസ് (RO) പ്ലാൻറ്​, അണുവിമുക്തമാക്കാനുള്ള ഉപകരണങ്ങൾ, കമ്പ്യൂട്ടർ സംവിധാനം എന്നിവയടങ്ങുന്ന മുലപ്പാൽ ബാങ്ക് 47.5 ലക്ഷം രൂപ ചെലവിലാണ് എറണാകുളത്തും തൃശൂരിലുമായി സ്ഥാപിച്ചിരിക്കുന്നത്.

അസുഖബാധിതരായ നവജാതശിശുക്കൾ, മാസം തികയാതെ പിറന്ന തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ, ശസ്ത്രക്രിയക്ക്​ വിധേയരായവർ, അമ്മമാരുടെ രോഗബാധയോ മരണമോ മൂലം പാൽ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങൾ, ഉപേക്ഷിക്കപ്പെട്ടവർ, വാടക ഗർഭപാത്രത്തിൽ പിറന്നവർ, ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങൾ, ഒരു പ്രസവത്തിൽ പിറന്ന രണ്ടിലധികം കുട്ടികൾ  എന്നിവർക്കാണ് മുലപ്പാൽ ബാങ്കി​ന്റെ പ്രയോജനം പ്രധാനമായും ലഭ്യമാക്കേണ്ടത്.

കൂട്ടുകുടുംബകാലത്തെ പോറ്റമ്മമാർ 

പണ്ടത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയും ജനന നിയന്ത്രണസംവിധാനങ്ങളുടെ ലഭ്യതക്കുറവും കാരണം ഒരു വീട്ടിൽത്തന്നെ  പാലൂട്ടുന്ന നിരവധി സ്ത്രീകളുണ്ടായിരുന്നു. പെറ്റമ്മയുടെ പാല് ലഭിക്കാത്ത കുഞ്ഞുങ്ങളെ മറ്റ് അമ്മമാർ മടികൂടാതെ പാലൂട്ടിയിരുന്നു. പോറ്റമ്മ പാൽ നൽകി വളർത്തിയ കുട്ടികൾ അക്കാലത്ത്​ പുതുമയല്ലായിരുന്നു. പാശ്ചാത്യസമൂഹങ്ങളിൽ പരിഷ്കാരങ്ങളാലും വികലമായ സൗന്ദര്യസംരക്ഷണചിന്തകൾ മൂലവും കുഞ്ഞുങ്ങളെ പാലൂട്ടാൻ തയാറാകാത്ത സമ്പന്നരായ അമ്മമാർ, പാലൂട്ടാൻ മറ്റ്​ യുവതികളെ നിയമിക്കുന്ന (wet nursing) പതിവുണ്ടായിരുന്നു. എന്നാൽ, മോശം ജീവിതസാഹചര്യങ്ങളും വൃത്തിഹീന ചുറ്റുപാടുകളും മുലപ്പാലിന്റെ ഗുണത്തെ ബാധിക്കുകയും കുഞ്ഞുങ്ങൾക്ക് സാംക്രമിക രോഗങ്ങൾ പതിവാകുകയും ചെയ്തു. ഇത്തരം പ്രതിസന്ധികൾ മറികടക്കുകയെന്ന ഉദ്ദേശത്തോടെയാണ് 1909 ൽ ആസ്ട്രിയയിലെ വിയന്നയിൽ ആദ്യ മുലപ്പാൽ ബാങ്ക് സ്ഥാപിതമായത്. തുടർന്ന് അമേരിക്കയിലെ ബോസ്​റ്റണിലും പാൽ ബാങ്ക് ആരംഭിക്കുകയും ലോകമെമ്പാടും ഇത്തരം സംവിധാനം വ്യാപകമാകുകയും ചെയ്തു.

തിരിച്ചടിയായത്​ പൊടിപ്പാൽ

മുലപ്പാലിലെ പോഷകഘടകങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള പൊടിപ്പാൽ (ഇൻഫന്റ്​ ഫോർമുല) 1960 കളിൽ വിപണിയിൽ ലഭ്യമായതോടെ പാൽ ബാങ്കുകളുടെ പ്രവർത്തനം പലയിടത്തും മന്ദഗതിയിലായി. മാത്രമല്ല, മുലപ്പാലിലൂടെ എച്ച്​​.ഐ.വി പകരുമെന്ന്​ വന്നതോടെ 1980 കളിൽ പാൽ സംഭരണശാലകൾ അടച്ചുപൂട്ടലി​ന്റെ വക്കിലെത്തി. എന്നാൽ, രണ്ടായിരാമാണ്ടോടെ നിലവിൽ വന്ന കൃത്യതയാർന്ന രോഗനിർണയമാർഗങ്ങൾ ആരോഗ്യപ്രശ്നങ്ങളില്ലാത്ത പാൽദാതാക്കളെ തെരഞ്ഞെടുക്കാൻ സഹായിച്ചത്​ ബാങ്കുകളുടെ പ്രവർത്തനം ലോകമെമ്പാടും വിപുലമാകാൻ സഹായിച്ചു. പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനക്ക്​ വിധേയരായി എച്ച്​​.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് എന്നീ രോഗങ്ങൾ ബാധിച്ചവരല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടർന്ന് പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവ കൃത്യമായ നിലവാരത്തിലുള്ള മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ്​ നടത്തുക.

സാമ്പത്തികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകത്ത് പല രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംഭരണശാലകളിൽ നടക്കുന്നത്. ചില രാജ്യങ്ങളിൽ പാസ്​ചുറൈസേഷന് മുമ്പ്​ ബാക്ടീരിയൽ പരിശോധന നടത്തുന്നു, ചിലയിടങ്ങളിൽ അതിന്​ ശേഷവും. പാസ്ചുറൈസേഷന് മുമ്പും ശേഷവും ബാക്​ടീരിയകളുടെ സാന്നിധ്യം പരിശോധിക്കുന്ന രാജ്യങ്ങളുമുണ്ട്. നോർവേയിൽ ബാക്റ്റീരിയൽ പരിശോധന കഴിഞ്ഞയുടൻ പാൽ ( raw milk) കുഞ്ഞുങ്ങൾക്ക് കുടിക്കാൻ കൊടുക്കുന്ന പതിവുണ്ട്.

ഏഷ്യയിലെ ആദ്യ മുലപ്പാൽ ബാങ്ക്

മുംബൈയിലെ സയോൺ ആശുപത്രിയിൽ (ലോകമാന്യ തിലക്) 1989 നവംബറിലാണ്ൽ ഏഷ്യയിലെ ആദ്യ മുലപ്പാൽ ബാങ്ക് സ്ഥാപിതമായത്​. ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ ബാങ്കിൽ വർഷം തോറും ഏകദേശം 6000 ലിറ്റർ മുലപ്പാൽ സംഭരിക്കാറുണ്ട്. നിലവിൽ നാൽപതോളം മുലപ്പാൽ ബാങ്കുകൾ ഇന്ത്യയിലുണ്ട്. ഇതിൽ ഏഴെണ്ണം റോട്ടറി ഫൗണ്ടേഷ​െൻറ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്.

ഭക്ഷണത്തിനോടുള്ള കഠിനമായ അലർജി, വളർച്ച മുരടിക്കൽ, കൃത്രിമ പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരിക, റോട്ടാവൈറസ് ബാധ, കീമോ തെറാപ്പിക്ക് വിധേയമാകൽ എന്നീ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കുറേക്കൂടി മുതിർന്ന കുഞ്ഞുങ്ങൾക്കും മുലപ്പാൽ ദിവ്യ ഔഷധം തന്നെയാണ്. മുതിർന്നവർക്കും പ്രത്യേക ശാരീരിക അവസ്ഥകളിൽ മുലപ്പാൽ നൽകാറുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ പ്രതിരോധ ഘടകത്തി​ന്റെ (IgA) കുറവ് പരിഹരിക്കാനും അർബുദ ചികിത്സയ്ക്ക് വിധേയമായവർക്കും മുലപ്പാൽ നൽകുന്ന പതിവുണ്ട്.

ദാതാവിന് വേണ്ട യോഗ്യതകൾ

സ്വന്തം കുഞ്ഞിന് വേണ്ടുവോളം നൽകിയ ശേഷം അധികം വരുന്നത് മറ്റ്​ കുഞ്ഞുങ്ങൾക്ക് നൽകാൻ സന്നദ്ധതയുള്ള ആരോഗ്യമുള്ള അമ്മമാരാണ് പാൽ ദാതാക്കളാകേണ്ടത്. മികച്ച ജീവിതശൈലി പുലർത്തേണ്ട ഇവർ മദ്യം, മറ്റ്​ ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ, കഫീൻ പാനീയങ്ങളുടെ അമിതോപയോഗം എന്നിവ ഒഴിവാക്കേണ്ടതാണ്. രക്ത പരിശോധനക്ക്​ വിധേയരാകുകയും പാലിലൂടെ പകരുന്ന സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രക്തം, രക്തകോശങ്ങൾ , അവയവങ്ങൾ എന്നിവ സ്വീകരിച്ചവർ പാൽ നൽകാൻ പാടില്ല. റേഡിയോ ആക്​ടീവ്​ മരുന്നുകൾ ഉപയോഗിക്കുന്നവർ, ഹാനികരമായ രാസവസ്തുക്കൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ എന്നിവരും പാൽ നൽകാൻ യോഗ്യരല്ല.

നവജാത ശിശുക്കളുടെ അതിജീവനം സാധ്യമാക്കുകയാണ് സംഭരണശാലകൾ ചെയ്യുന്നത്. പ്രതിരോധശേഷി കൂടിയ ഒരു തലമുറയെ വളർത്തിയെടുക്കാൻ സുമനസുള്ള അമ്മമാർക്കേ കഴിയൂ. പ്രസവശേഷമുണ്ടാകാറുള്ള അമിതവണ്ണം കുറയ്ക്കാനും പ്രമേഹം, സ്തനാർബുദം, ഗർഭാശയ -അണ്ഡാശയ അർബുദം, ആർത്തവവിരാമത്തിന് ശേഷമുള്ള എല്ലുകളുടെ ബലക്ഷയം എന്നിവയുടെ സാധ്യതകൾ ലഘൂകരിക്കാനുമുള്ള അവസരം കൂടിയാണ്​ മുലയൂട്ടൽ.

സംഭരണത്തി​ന്റെ സാങ്കേതികവശം

അണുമുക്തമാക്കിയ കുപ്പികളിൽ ശേഖരിക്കുന്ന പാൽ ഒരു ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കും. പാസ്ചുറൈസേഷൻ നടത്തുന്ന ദിവസം 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്തുന്നു. പോഷകഘടകങ്ങളും കൊഴുപ്പ് തന്മാത്രകളും മറ്റുവസ്തുക്കളും തുല്യമായി കലരാനായാണ് ഇപ്രകാരം ചെയ്യുന്നത്. ഓരോ അമ്മമാരുടെ പാലിലും മേൽപറഞ്ഞ പദാർത്ഥങ്ങളുടെ അളവിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്. തുടർന്ന്​ 100 മില്ലി ലിറ്റർ വരുന്ന കുപ്പികളിൽ നിറച്ച് പാസ്ചുറൈസെഷന് വേണ്ടി 62.5 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് സമയം വാട്ടർ ബാത്തിൽ വെക്കുന്നു. പിന്നീട് പെ​ട്ടെന്ന്​ തണുപ്പിച്ചെടുത്ത (rapid cooling) ശേഷം പാൽക്കുപ്പികൾ  മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്നു. ഉപയോഗത്തിന് മുമ്പ്​ ചൂടാക്കാതെ തന്നെ അന്തരീക്ഷ താപനിലയിലെത്തിച്ച ശേഷമാണ്  കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

പ്രായോഗിക ബുദ്ധിമുട്ടുകളും സാധ്യതകളും 

വലിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ബാങ്കുകൾ പ്രവർത്തിക്കുമ്പോൾ ഗ്രാമങ്ങളിലും ഗോത്രമേഖലകളിലും പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വലയുമെന്ന ആശങ്കയ്ക്ക്​ അടിസ്ഥാനമുണ്ട്​. വലിയ ചെലവും ഉത്തരവാദിത്തവും ഇത്തരം ബാങ്കുകളുടെ വ്യാപനത്തിന് തടസമാണ്​. പ്രസവശേഷം ആശുപത്രിയിൽ നിന്ന്​  ഡിസ്ചാർജാകുന്നത് വരെയുള്ള  ഏതാനും ദിവസങ്ങൾ മാത്രമേ അമ്മമാർക്ക് അവിടെയുള്ള മിൽക്ക് ബാങ്കിലേക്ക് പാൽ ദാനം ചെയ്യാൻ കഴിയൂ. വിശ്വാസപരമായ തടസ്സങ്ങളും അവബോധമില്ലായ്മയും പാൽദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്നുണ്ട്​.

കനത്ത സാമ്പത്തിക ചെലവും പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ സേവനവും ആവശ്യമുള്ളതിനാൽ സർക്കാർ – സർക്കാരിതര സംഘടനകളുടെ സഹായത്തോടെ മാത്രമേ സംസ്ഥാനത്ത് കൂടുതൽ പാൽബാങ്കുകൾ തുറക്കാനാകൂ. പ്രധാന ആശുപത്രികളുടെ ശൃംഖല വഴി എല്ലാ ജില്ലകളിലും പാൽ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ​ പാൽ നൽകാൻ തയ്യാറായി മുന്നോട്ടു വന്ന് മറ്റുള്ളവർക്ക് പ്രചോദനമാകാം. പൊതുസമൂഹത്തിൽ മുലപ്പാലി​ന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനായി ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കണം.മികച്ച പാലുല്പാദനത്തിനായി ദിനചര്യകളിലും ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ ഗർഭിണികളും പ്രസവം കഴിഞ്ഞ സ്ത്രീകളുമായി പങ്കു​വയ്ക്കണം. പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ഇടങ്ങളിലും പാൽ ശേഖരിക്കാൻ കഴിയേണ്ടതുണ്ട്​.

പ്രസവം കഴിഞ്ഞ്​   പോകുന്ന സ്ത്രീകളുടെ കൂട്ടായ്മ നവമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കുകയും ഇവരിൽ നിന്ന്​ പാൽ ശേഖരിക്കാൻ വീടുകൾ കേന്ദ്രീകരിച്ച് (doorstep collection) പ്രവർത്തിക്കുകയും വേണം. ഇതിനായി മൊബൈൽ കളക്ഷൻ യൂണിറ്റുകൾ ആരംഭിക്കണം. ഒരാഴ്ച വരെ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാൻ കഴിയുമെന്നതിനാൽ മിൽക്ക് ബാങ്കുകളിലേക്കെത്തിക്കാനുള്ള സാവകാശം ഇത്തരം യൂണിറ്റുകൾക്ക് ലഭിക്കും. നവജാതശിശു തീവ്രപരിചരണ വിഭാഗമുള്ള എല്ലാ ആശുപത്രികളും ഇതിനായി മുന്നോട്ടുവരണം.

രക്തദാനം പോലെ മഹത്തരമാണ് മുലപ്പാൽ ദാനവുമെന്ന് സമൂഹം അംഗീകരിക്കുന്ന നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാർബൺ ന്യൂട്രൽ മീനങ്ങാടി -നാളെയുടെ വികസനമാതൃക
Next post ബാറ്റിൽ ഓഫ് മെമ്മറീസ് – ഓർമകൾ തെളിവുകളാവുമ്പോൾ
Close