ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ശ്രീലേഷ് ആർ (National Centre for Earth Science Studies, Thiruvananthapuram) – നടത്തിയ അവതരണം.
അവതരണം കാണാം
സമീപകാലത്ത് ഉരുൾപൊട്ടലിനും മറ്റ് പ്രകൃതിദുരന്തങ്ങൾക്കും പേരുകേട്ടതാണ് നമ്മുടെ ഈ കൊച്ചു കേരളം. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും നമ്മൾ വളരെ പിന്നിലാണ്. നൂതന ശാസ്ത്ര സാങ്കേതികവിദ്യകളും അടിത്തട്ടിൽ അവയുടെ ശരിയായ നടപ്പാക്കലും അക്ഷരാർത്ഥത്തിൽ നമ്മെ ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കും. ജലപ്രവാഹപ്രക്രിയയെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ധാരണയും മറ്റ് ഭൗമ സവിശേഷതകളും, ശരിയായ പ്രാദേശിക മഴ പ്രവചനങ്ങളും ഒരുമിച്ച് ചേർന്നാൽ ഈ ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും. ഈ പഠനത്തിൽ ജല ഐസോടോപ്പുകളും ഗണിതശാസ്ത്ര മാതൃകയും ഉപയോഗിച്ച് പശ്ചിമഘട്ടപർവതനിരകളിലെ ഭൂഗർഭജലം ഒഴുകുന്ന പാതകൾ മനസിലാക്കാൻ സാധിച്ചു. ഒരു ചെറിയ പ്രദേശത്തെ സൂക്ഷ്മ പഠനം (മരത്തിന്റെ മുകൾഭാഗം മുതൽ താഴത്തെ ജലസംഭരണി വരെ നീളുന്നത്) ഇതിനെ സഹായിച്ചു, ഈ അറിവിനെ പ്രാദേശിക കാലാവസ്ഥാ പ്രവചനസംവിധാനവുമായി ബന്ധിപ്പിക്കാൻ നമ്മുക്ക് സാധിച്ചാൽ കേരള പശ്ചിമഘട്ടത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള വിവിധ മേഖലകളായി വിഭജിക്കാൻ കഴിയുകയും, അതേത്തുടർന്ന് ശരിയായ സമയത്തുള്ള തക്കതായ പ്രവർത്തനങ്ങൾ ഒരുക്കാനും സാധിക്കും. വയനാട്ടിൽ അടുത്തിടെ സംഭവിച്ചതുപോലുള്ള മറ്റൊരു ദുരന്തം ഇനി ആവർത്തിക്കാതെ നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഈ പഠനം ഉപകരിക്കും.
ശ്രീലേഷ് ആർ
National Centre for Earth Science Studies, Thiruvananthapuram
തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) എന്ന ഗവേഷണ സ്ഥാപനത്തിലെ ഒരു ഭൂമിശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയാണ്. ജലരസതന്ത്രം, ഭൂഗർഭ ജല പാതകൾ, ഉരുൾപൊട്ടൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. നിരവധി ദേശീയ-അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും നടത്താൻ സാധിച്ചിട്ടുമുണ്ട്