പി.ആർ.മാധവപ്പണിക്കർ
1957 ഒക്ടോബർ 4. മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാനദിവസമാണ്. അന്ന് ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം, റഷ്യക്കാർ ഉണ്ടാക്കിയ സ്പുട്നിക് -1, ഭൂമിയെ വലംവെച്ചു. ഈ പ്രധാനവാർത്ത നമ്മുടെ ഏതെങ്കിലും പത്രത്തിൽ പ്രാധാന്യത്തോടെ വന്നിരുന്നോ, അത് സ്കൂളിലെ അധ്യാപകരിലാരെങ്കിലും വായിച്ചിരുന്നോ എന്നൊന്നും അറിയില്ല. ഒന്നു തീർച്ച, കേരളത്തിലെ സ്കൂൾ ക്ലാസുകളിൽ അതിനെപ്പറ്റി വേണ്ടത്ര ചർച്ച ഉയർന്നിരുന്നില്ല. പക്ഷേ, അമേരിക്കയിലെ സ്ഥിതി അതായിരുന്നില്ല.
സ്പുട്നിക്ക് 1
58 സെ.മീ. മാത്രം വ്യാസവും വെള്ളിനിറവുമുള്ള ഒരു ഗോളം. 83.6 കി.ഗ്രാം തൂക്കം. ഇതിന്റെ ഭ്രമണ പഥം ഭൂമിയിൽനിന്ന് ഏറ്റവും കൂടിയ ദൂരം 947 കി.മീറ്ററും ഏറ്റവും കുറഞ്ഞദൂരം 229 കി.മീറ്ററുമായ ദീർഘവൃത്തമായിരുന്നു. ഭൂമിയെ ഒരുതവണ വലം വെക്കാൻ എടുത്തത് 96 മിനിറ്റ് മാത്രമാണ്. ആകെ 92 ദിവസം ഭ്രമണപഥത്തിലുണ്ടായിരുന്നു. റേഡിയോ ട്രാൻസ്പോണ്ടറുകളുപയോഗിച്ച് പുറപ്പെടുവിച്ചിരുന്ന “ബീപ്, ബീപ്’ ശബ്ദം റേഡിയോനിലയങ്ങൾക്ക് പിടിച്ചെടുക്കാൻ സാധിച്ചു. ആ ശബ്ദം അമേരിക്കക്കാരുടെ നെഞ്ചിടിപ്പായി മാറി.
അവിടെ ഓരോ സ്കൂളിലും സ്പുട്നിക് ചർച്ചാവിഷയമായി. എന്തുകൊണ്ടെന്നോ? പശ്ചിമയൂറോപ്യൻ രാജ്യങ്ങളെക്കാളും അമേരിക്കയെക്കാളും സാങ്കേതിക മികവ് സോവിയറ്റ് യൂണിയൻ നേടിയത് അവർക്ക് അവിശ്വസനീയമായിരുന്നു.
ചില പ്രത്യാഘാതങ്ങൾ
സ്പുട്നിക്-1 വിക്ഷേപണത്തിന്റെ തയ്യാറെടുപ്പുകളെല്ലാം അതീവ രഹസ്യമായിരുന്നു. അമേരിക്കയുടെ ചാരക്കണ്ണുകളിൽ സംശയം ജനിപ്പിക്കാൻപോലും അതിനായില്ല. സ്പുട്നിക്-1 വിക്ഷേപിച്ചപ്പോഴോ? അമേരിക്കയിലെ മാധ്യമങ്ങളും പൊതുസമൂഹമാകെ ത്തന്നെയും ഭരണകൂടത്തിനെതിരേ വിമർശനമുയർത്തി. അമേരിക്കയിലെ ശാസ്ത്രഗവേഷണങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ടു. സ്കൂളുകളിലെ ശാസ്ത്രപഠനത്തിന്റെ രീതിയും ഉള്ളടക്കവും നിശിതമായ വിമർശനത്തിനിരയായി. ഫലമോ അമേരിക്കയ്ക്കും പശ്ചിമയൂറോപ്യൻ രാജ്യങ്ങൾക്കും ശാസ്ത്രഗവേഷണവും ശാസ്ത്രപഠനവും പുനസ്സംഘടിപ്പിക്കേണ്ടിവന്നു.
ശീതയുദ്ധത്തിന് ആക്കം കൂട്ടിയ വിക്ഷേപണം
ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് സോവിയറ്റ് യൂണിയൻ സ്പുട്നിക് വിക്ഷേപിച്ചത്. ഈ മിസൈലുപയോഗിച്ച് അമേരിക്കയുടെ നെഞ്ചത്തേക്ക് സോവിയറ്റ് യൂണിയൻ ഒരു അണുബോംബ് തൊടുത്താലോ? ബഹിരാകാശയുഗത്തിന്റെ തുടക്കം കുറിക്കലായിരുന്നു സ്പുട്നിക്-1 ന്റെ വിക്ഷേപണത്തിലൂടെ സംഭവിച്ചത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നിലനിന്നിരുന്ന ശീതയുദ്ധത്തിന് ആക്കം കൂട്ടാനും സ്പുട്നിക്കിന്റെ വിക്ഷേപണം കാരണമായി. ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ബഹിരാകാശ പര്യവേഷണരംഗത്ത് വൻതോതിലുള്ള മത്സരത്തിന് നാന്ദികുറിച്ചതും ഈ സംഭവമാണ്. 1958 ജനുവരി 31 ാം തീയതി അമേരിക്കയുടെ ആദ്യ ഉപഗ്രഹമായ എക്സ്പ്ലോറർ വിക്ഷേപിച്ചു. അങ്ങനെ മത്സരം തുടർന്നു. ഒട്ടേറെ ബഹിരാകാശദൗത്യങ്ങൾ രണ്ടു രാജ്യങ്ങളും വിജയകരമായി ഏറ്റെടുത്തു.
സോവിയറ്റ് യൂണിയന്റെ നേട്ടം
1960 കളുടെ പകുതിയോടെ ബഹിരാകാശത്തെ പല ആദ്യനേട്ടങ്ങളും സോവിയറ്റ് യൂണിയന് സ്വന്തമായി: ബഹിരാകാശത്തേക്ക് ആദ്യ മനുഷ്യൻ, ബഹിരാകാശത്തേക്ക് ആദ്യ വനിത, മൂന്നുപേർ ഒരുമിച്ച് ആദ്യമായി ബഹിരാകാശത്തേക്ക്, ഉപഗ്രഹത്തിനു പുറത്തിറങ്ങി ബഹിരാകാശത്ത് ആദ്യമായി നടക്കൽ, ആദ്യമായി ഒരു ബഹിരാകാശപേടകം ചന്ദ്രനിലിറങ്ങൽ, ആദ്യമായി ബഹിരാകാശപേടകം ശുക്രനിലിറങ്ങൽ…. അങ്ങനെപോകുന്നു സോവിയറ്റ് യൂണിയന്റെ നേട്ടങ്ങളുടെ പട്ടിക. ഈ നേട്ടങ്ങളെയെല്ലാം കൊച്ചാക്കാൻപോന്ന ഒരു വലിയ ദൗത്യമായിരുന്നു അമേരിക്കയുടെ മറുപടി: 1969 ജൂലൈയിൽ അവർ അപ്പോളോ-11 ഉപയോഗിച്ച് രണ്ടുപേരെ ചന്ദ്രനിലിറക്കി, അവിടെ നിരീക്ഷണങ്ങൾ നടത്തി, സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിച്ചു. പിന്നീട് എത്രയെത്ര പര്യവേഷണനേട്ടങ്ങൾ! ചന്ദ്രനിലേക്ക് യാത്ര, അന്യഗ്രഹങ്ങളിലേക്ക് യാത്ര, ബഹിരാകാശനിലയം, എത്രയോ ഉപഗ്രഹങ്ങൾ, അങ്ങനെ എന്തെല്ലാം? ഇന്ത്യയടക്കം ഏതാനും രാജ്യങ്ങൾകൂടി ബഹിരാകാശരംഗത്ത് എണ്ണപ്പെട്ട ശക്തികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ഈ മേഖല – മത്സരത്തെക്കാളേറെ സഹകരണത്തിന്റെ രംഗമാണ്.