കൊറോണ വൈറസ് പകർച്ചവ്യാധി ലോകമെമ്പാടുമുള്ള ജീവിതങ്ങളെയും ഉപജീവന മാർഗ്ഗങ്ങളെയും തകർത്തു – അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ലോകം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാശ നഷ്ടങ്ങളാണ് ഇത് മാനവരാശിക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ഈ വൈറസ് എങ്ങനെയൊക്കെ പ്രവർത്തിച്ചു, ലോകം അതിനെ എങ്ങനെ കാര്യം ചെയ്തു എന്നതിനെപ്പറ്റി പല കഥകളും നമുക്ക് കേൾക്കാം. പക്ഷേ, ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു നറേറ്റിവ്, ജറേമി ഫെരാർ നമ്മുടെ മുന്നിൽ Spike: The Virus vs. The People – the Inside Story എന്ന പുസ്തകത്തിലൂടെ പറയുന്നു. ചൈനയിലെ വുഹാനിൽ കോറോണ പടർന്നത് അറിഞ്ഞപ്പോൾ തന്നെ ഇതൊരു ആഗോള പകർച്ചവ്യാധിയാകും എന്നു മുൻകൂട്ടി പറഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാളാണ് ഫെരാർ. യു.കെ.യിലെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളും വെൽകം ട്രസ്റ്റിന്റെ തലവനുമായ ഫെരാർ സേജ് (SAGE-Scientific Advisory Group for Emergencies) കമ്മിറ്റി അംഗവുമാണ്. ഫൈനാഷ്യൽ ടൈംസിന്റെ ശാസ്ത്രലേഖിക അഞ്ജന അഹുജയുമായി ചേർന്നാണ് ഫെരാർ ഈ പുസ്തകം എഴുതിയിരിക്കുന്നത്.
യു.കെ. അടക്കം പല ഗവൺമെന്റുകളും ശാസ്ത്രീയ മായി ഈ മഹാമാരിയെ നേരിട്ടു എന്നാണ് നാം മനസ്സിലാക്കാറുള്ളത്. എന്നാൽ, വൈറസും രാഷ്ട്രീയവും എപ്പോഴും ശാസ്ത്രത്തിനൊത്തു പോയിട്ടില്ല എന്നുകരുതുന്ന ആളാണ് ഫെരാർ. എന്നിരുന്നാലും ശാസ്ത്രവുമായി ഭരണ കൂടങ്ങൾ ഏറ്റവും അധികം കൈകോർത്ത് പോയ ഒരു കാലഘട്ടമാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഇതു ഭാവിയിലേക്കും മുതൽക്കൂട്ടാവും എന്ന് ഫെരാർ കരുതുന്നു.
മലേഷ്യയിലെ നിപ വൈറസ്, വിയറ്റ്നാമിലെ പക്ഷിപ്പനി, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ മുൻനിരകളിൽ തന്റെ കരിയർ ചെലവഴിച്ച ഫെരാർ, കോവിഡ്-19 ന്റെ വിശാലമായ പ്രശ്നങ്ങളെ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.
Spike ഒരു ത്രില്ലർ സിനിമ കാണുന്നത് പോലെ വായിച്ചുപോകാവുന്ന ഒരു പുസ്തകമാണ്. കോവിഡ് മഹാമാരിയെ ശാസ്ത്രീയമായും രാഷ്ട്രീയമായും വിശകലനം ചെയ്യുന്നു എന്നതാണ് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.