ജി.ഗോപിനാഥൻ

ചുവന്നു തുറിച്ചുനോക്കുന്ന ചൊവ്വാഗ്രഹം കാലങ്ങളായി മനുഷ്യരുടെ ഒരു പേടിസ്വപ്നമായിരുന്നു. യുദ്ധത്തിന്റെയും രക്തത്തിന്റെയും ഒക്കെ പ്രതീകമായ ദുഷ്ടഗ്രഹമായിട്ടാണ് പണ്ടുമുതലേ ആളുകള്‍ അതിനെ കണക്കാക്കിയിരുന്നത്. ജ്യോതിഷികളിലുള്ള അമിതവിശ്വാസം മൂത്ത മലയാളികള്‍ അതിനെ കല്യാണം മുടക്കി ആയിട്ടും കൊണ്ടാടുന്നു. അങ്ങിനെയെല്ലാമുള്ള ചൊവ്വയില്‍ ഭീകരരായ എട്ടുകാലികള്‍ ഇഴഞ്ഞുനടക്കുന്നു എന്നുകൂടി ആയാലോ? ജനം ശരിക്കും വിരണ്ടതുതന്നെ. എന്നാല്‍ വിരണ്ടുനില്‍ക്കാന്‍ ശാസ്ത്രലോകം തയ്യാറില്ലായിരുന്നു. അതിന്റെ കഥയാണിത്.

ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.

നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം (NASA’s Mars Reconnaissance Orbit)- 2018 ജൂലൈയില്‍ എടുത്ത ചൊവ്വയിലെ ‘എട്ടുകാലിക്കൂട്ട’ങ്ങളുടെ ചിത്രം കടപ്പാട് : NASA

ചൊവ്വയുടെ അന്തരീക്ഷം 95% കാര്‍ബണ്‍ ഡയോക്സൈഡാണ്. ശൈത്യകാലത്ത് അതെല്ലാം തണുത്തുറഞ്ഞ് കട്ടിയുള്ള ഐസാകും. ഡ്രൈ ഐസ്. എന്നാല്‍ വേനലാകുന്നതോടെ സൂര്യപ്രകാശം അര്‍ദ്ധതാര്യമായ ഈ ഐസ് പാളികളിലൂടെ കടന്നുചെന്ന് ചൊവ്വയുടെ ഉപരിതലത്തെ പതുക്കെ ചൂടുപിടിപ്പിക്കാന്‍ തുടങ്ങും. അതോടെ ഉപരിതലത്തുള്ള ഐസ് വാതകമാകാന്‍ തുടങ്ങും, കുമിഞ്ഞുകൂടുന്ന ഈ വാതകത്തിന്റെ സമ്മര്‍ദ്ദം അതിനു മുകളിലുള്ള ഐസ് പാളിയെ പൊട്ടിച്ച്  വാതകം പുറത്തുവരും. ആ വാതകസമ്മര്‍ദ്ദത്തിലാണ് അവിടത്തെ പ്രതലത്തില്‍ ഇമ്മാതിരി അടയാളങ്ങളുണ്ടാകുന്നത് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.

പരീക്ഷണശാലയിൽ ഉണ്ടാക്കിയ മോഡലിൽ നിന്ന്

ഇത് ഉറപ്പാക്കുന്നതിനായി ഇംഗ്ലണ്ടിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി (The Open Universit UK) യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. അവര്‍ ലബോറട്ടറിയില്‍ ചൊവ്വയുടെ ഉപരിതലത്തിന്റെ ഒരു കുഞ്ഞന്‍ മോഡലുണ്ടാക്കി. ചൊവ്വായിലുള്ളതുപോലുള്ള അവസാദശിലകളുടെ വിവിധ വലിപ്പത്തിലുള്ള ചെറുതരികള്‍ വിതറിയിട്ടു. അതിനു മുകളില്‍ ഡ്രൈ ഐസിന്റെ വലിയൊരു കട്ട തൂക്കിനിര്‍ത്തി. കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ ചൊവ്വയിലെ അന്തരീക്ഷാവസ്ഥ ഉണ്ടാക്കിയതിനു ശേഷം ഈ ഐസ് കട്ട മെല്ലെ ഇറക്കി ചൂടുള്ള പ്രതലത്തില്‍ വച്ചപ്പോള്‍ ഐസിന്റെ അടിഭാഗം വേഗം തന്നെ  വാതകമായി.  അത് പുറത്തുപോകാനുപയോഗിച്ച തള്ളലിന്റെ ഫലമായി പ്രതലത്തില്‍ ചിലന്തിപോലുള്ള വിള്ളലുകളുണ്ടാക്കി. അങ്ങിനെ ചൊവ്വായിലെ ചിലന്തികളുടെ സത്യാവസ്ഥ ശാസ്ത്രം പുറത്തുകൊണ്ടുന്നു. വാസ്തവത്തില്‍ ഇവ താഴോട്ടുള്ള വിള്ളലുകളാണ്, ചിലന്തിപോലെ ഉയര്‍ന്നു നില്‍ക്കുന്ന രൂപങ്ങളല്ല എന്നും ഉറപ്പായി.


അധികവായനയ്ക്ക്

  1. spiders-on-mars-explained-dry-ice

 

Leave a Reply

Previous post ഫ്ലൂ മഹാമാരിയെക്കുറിച്ചൊരു വൈദ്യഭാഷ്യം
Next post നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം – ലോകാരോഗ്യദിനം 2021
Close