വിഷു എത്തുന്നതിനും മുമ്പേ പൂക്കുന്ന കണിക്കൊന്നകളെ ശ്രദ്ധിച്ചിട്ടില്ലേ, വിഷുക്കണി ഒരുക്കാറാകുമ്പോഴേക്കും മിക്കവാറും മരങ്ങളിൽ പൂക്കളെല്ലാം തീര്‍ന്നിട്ടുണ്ടാകും. മുമ്പൊക്കെ കൃത്യമായും വിഷുക്കാലത്തുതന്നെ കണിക്കൊന്നകൾ പൂത്തിരിക്കണം, പിന്നെ ഇപ്പോഴെന്തേ? അതറിയാൻ മറ്റു ചിലതുകൂടി അറിയണം.
അയനവും വിഷുവവും
സൂര്യനെ ചുറ്റുന്ന ഭൂമിയുടെ പരിക്രമണ അക്ഷവും, ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ (ഭ്രമണത്തിന്റെ) അക്ഷവും തമ്മിൽ 23½ ഡിഗ്രി ചരിവുണ്ട്. അതിനാൽ വര്‍ഷത്തിൽ ഓരോ സമയത്തും സൂര്യരശ്മികള്‍ ഭൂമിയിൽ പതിക്കുന്നതിന്റെ ചരിവ് (കോണളവ്) വ്യത്യാസപ്പെട്ടിരിക്കും.
ജൂൺ 21നും ഡിസംബര്‍ 21നും സൂര്യരശ്മികൾ പരമാവധി ചരിഞ്ഞാണ് ഭൂമിയിൽ പതിക്കുന്നത്. ജൂണ്‍ 21ന് ഉദയസമയത്ത് സൂര്യരശ്മികൾ വടക്കുനിന്നും 23½° ചരിഞ്ഞു പതിക്കുന്നതുമൂലം സൂര്യൻ 23½° വടക്കുമാറി ഉദിച്ചതായാണ് കാണാൻ കഴിയുന്നത്. പിന്നീട് ഓരോദിവസവും ഈ ചരിവു കുറഞ്ഞുകുറഞ്ഞു വരികയും സെപ്തംബര്‍ 23നു സൂര്യരശ്മികൾ ഭൂമദ്ധ്യരേഖയ്ക്ക് ലംബമായി പതിക്കുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം നേർ കിഴക്കായി കാണുന്നു. പിന്നീട് സൂര്യരശ്മികളുടെ ചരിവ് തെക്കോട്ടു കൂടിക്കൂടി വരികയും ഡിസംബര്‍ 21ന് പരമാവധിയായ 23½° തെക്ക് എത്തുകയും ചെയ്യുന്നു. അതിനാൽ അന്നത്തെ സൂര്യോദയം നാം കാണുന്നത് 23½° തെക്കായാണ്. വീണ്ടും സൂര്യന്റെ ഉദയം വടക്കോട്ടു നീങ്ങുകയും മാര്‍ച്ച് 20ന് വീണ്ടും നേര്‍കിഴക്ക് ഉദിക്കുകയും ചെയ്യുന്നു. ഈ ചക്രം വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്നു. സൂര്യൻ വടക്കോട്ടും തെക്കോട്ടും മാറിമാറി സഞ്ചരിക്കുന്നു എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നത്. ഇങ്ങനെ ഉദയസമയത്ത് സൂര്യനുണ്ടാകുന്ന സ്ഥാനമാറ്റത്തെയാണ് അയന ചലനം എന്നു വിളിക്കുന്നത്.
സൂര്യന്റെ അയനചലനം
അയനാന്തം
സൂര്യൻ പരമാവധി വടക്ക് എത്തുന്നതിനെ ഉത്തരഅയനാന്തം എന്നും പരമാവധി തെക്ക് എത്തുന്നതിനെ ദക്ഷിണഅയനാന്തം എന്നും വിളിക്കുന്നു. ഉത്തര അയനാന്തത്തിൽ (ജൂണ്‍ 21) ഉത്തരാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവുമായിരിക്കും. ഉത്തരായന കാലത്ത് സൂര്യപ്രകാശം ഉത്തരാര്‍ദ്ധഗോളത്തിൽ ലംബമായി പതിക്കുന്നതുമൂലം അവിടെ ചൂടു കൂടുതലായിരിക്കുകയും വേനൽ അനുഭവപ്പെടുകയും ചെയ്യുന്നു. ദക്ഷിണാര്‍ദ്ധഗോളത്തിൽ മറിച്ചും. ദക്ഷിണ അയനാന്തത്തിൽ (ഡിസംബര്‍ 21) ദക്ഷിണാര്‍ദ്ധഗോളത്തിൽ പകൽ കൂടുതലും രാത്രി കുറവും ആയിരിക്കും. ഉത്തരാർദ്ധഗോളത്തിൽ തിരിച്ചും.
വിഷുവം അഥവാ വിഷു
സൂര്യൻ നേര്‍കിഴക്ക് ഉദിക്കുന്ന ദിവസമാണ് വിഷുവം. അന്ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഭൂമിയിൽ എല്ലായിടത്തും തുല്യമായിരിക്കും. തെക്കുനിന്നും വടക്കോട്ടുള്ള സഞ്ചാരത്തിനിടയിൽ (ഉത്തരായന കാലത്ത്) വരുന്ന വിഷുവം ആണ് മഹാവിഷുവം. ഉത്തരാർദ്ധഗോളത്തിൽ ഇക്കാലത്ത് വസന്തമായതിനാൽ ഇതിനെ വസന്തവിഷുവം എന്നും ഇത് സംഭവിക്കുന്നത് മാര്‍ച്ച് 20ന് ആയതിനാൽ ഇതിനെ മാര്‍ച്ച് വിഷുവം എന്നും വിളിക്കുന്നു. ദക്ഷിണായനത്തിൽ സംഭവിക്കുന്ന വിഷുവമാണ് അപരവിഷുവം. ഇത് സെപ്തംബർ 23ന് ആണ് സംഭവിക്കുന്നത്.
വിഷുവും വര്‍ഷാരംഭവും
ഏകദേശം 1750 വര്‍ഷങ്ങള്‍ക്കു മുമ്പ്, സൂര്യൻ മേടം നക്ഷത്രഗണത്തിന്റെ തുടക്കത്തിൽ (മേഷാദിയിൽ) എത്തുന്ന സമയം ആയിരുന്നു വിഷുവം സംഭവിച്ചിരുന്നത്. അതിനാൽ വര്‍ഷാരംഭമായി വസന്തവിഷുവത്തെ പരിഗണിച്ചിരുന്നു. മലയാളം കലണ്ടര്‍ പ്രകാരം മേടം 1ന് ആയിരുന്നു ഇപ്രകാരം വിഷുവം സംഭവിച്ചിരുന്നത്. ഇന്നും നാം ഈ ദിവസത്തെ വിഷു ആയി കരുതി ആഘോഷിച്ചുവരുന്നു.
വിഷുവിന്റെ മാറ്റം
അച്ചുതണ്ടിന്റെ കറക്കം – പുരസ്സരണം
പമ്പരം കറങ്ങുമ്പോൾ അതിന്റെ തണ്ടിന് ഒരു ആട്ടമുണ്ടാകാറുണ്ടല്ലോ, അതുപോലെ ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ഒരു ആട്ടം മൂലം (പുരസ്സരണം) വിഷുവസ്ഥാനം ഓരോ 72 വര്‍ഷം കൂടൂമ്പോഴും ഏകദേശം 1 ഡിഗ്രി വീതം പടിഞ്ഞാറേക്ക് മാറും. അതായത് വിഷു ഏകദേശം ഒരു ദിവസം പിന്നിലേക്ക് മാറും. അതിനുസരിച്ച് വിഷുവസ്ഥാനവും സമയവും മാറും. അങ്ങനെ മാറിയതിനാൽ നിലവിലെ വിഷുവസ്ഥാനം മേടത്തിന്റെ തുടക്കത്തിൽ നിന്നും മീനത്തിലെത്തി നില്ക്കുകയാണ്. മീനം 7-നാണ് ഈ വര്‍ഷത്തെ വസന്തവിഷുവം. എ.ഡി. 2600 ആകുമ്പോഴേക്കും വിഷുവം കുംഭത്തിൽ എത്തും. നക്ഷത്രരാശികളുടെ ആധുനിക സ്ഥാന നിര്‍ണ്ണയപ്രകാരം ബി.സി. 68ൽ ആണ് വിഷുവസ്ഥാനം മീനത്തിൽ എത്തിയത്. ബി.സി. 1866ൽ അത് ഇടവത്തിൽ നിന്നും മേടത്തിലേക്ക് മാറി.
കണിക്കൊന്നയ്ക്ക് കലണ്ടര്‍ നോക്കേണ്ട!!
ഏകദേശം 1750 വർഷങ്ങള്‍ക്കു മുമ്പ് മേഷാദിയിൽ ആയിരുന്നു വിഷുവം എന്ന് പറഞ്ഞല്ലോ. അതിനാൽ മേടം 1ന് വിഷു വരുന്ന രീതിയിൽ ആണ് കൊല്ലവര്‍ഷ കലണ്ടര്‍ തയ്യാറാക്കിയത്. കലണ്ടര്‍ തയ്യാറാക്കുന്നസമയത്ത് വിഷുവമാറ്റം പരിഗണിക്കാതിരുന്നതോ, അഥവാ പുരസ്സരണം എന്ന പ്രതിഭാസം നമുക്ക് മനസ്സിലാകാതിരുന്നതോ ആകണം മേടം 1 തന്നെ വിഷുവമായി കൊല്ലവര്‍ഷ കലണ്ടറിൽ നിശ്ചയിക്കാൻ കാരണം. പിന്നീടു വന്നവരാരും തന്നെ കലണ്ടര്‍ പരിഷ്കരിക്കാൻ താല്പര്യം കാട്ടിയതുമില്ല. എന്തായാലും മീനം 7ന്റെ വിഷു നാമിപ്പോഴും മേടം 1ന് ആഘോഷിക്കുന്നു. എന്നാൽ വിഷു കൃത്യമായി ആഘോഷിക്കുന്ന ഒരു കൂട്ടരുണ്ട്, നമ്മുടെ കണിക്കൊന്ന. അത് കൃത്യം മീനമാസം തന്നെ പൂത്തുലയുന്നത് നാം കാണാറുള്ളതാണല്ലോ.
വിഷു ആയോ എന്നറിയാൻ കണിക്കൊന്നയ്ക്ക് കലണ്ടര്‍ നോക്കേണ്ടല്ലോ.
Very fine. ഇത്തരം ലേഖനങ്ങൾ പരമാവധി ഗ്രൂപ്പിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്