[dropcap]ഗ്ര[/dropcap]ഹണം ശാസ്ത്ര കുതുകികള്‍ക്കെല്ലാം ആഘോഷമാണ്. ശാസ്ത്രകാരന്‍മാര്‍ക്ക് വിശേഷിച്ച്. ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള മുന്നേറ്റത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഗ്രഹണനിരീക്ഷണത്തിലൂടെ സാധ്യമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വഴിതെറ്റിക്കാനും! ഇരുഗണത്തിലും പെട്ട ചില സംഭവങ്ങള്‍ പരിചയപ്പെടാം.2019 ഡിസംബർ 26 ലെ സൂര്യഗ്രഹണത്തെ നാം വരവേൽക്കാനൊരുങ്ങുകയാണല്ലോ..ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള മുന്നേറ്റത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഗ്രഹണനിരീക്ഷണത്തിലൂടെ സാധ്യമായിട്ടുണ്ട്. അവയെക്കുറിച്ച് വായിക്കാം
മാര്‍ച്ച് 14, ബി സി 189.- ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ഹിപ്പാര്‍ക്കസ് സൂര്യഗ്രഹണം ഉപയോഗപ്പെടുത്തി ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കി. അന്നേ ദിവസം അദ്ദേഹത്തിന്റെ ജന്മസ്ഥലം കൂടിയായ ഹെലസ്പോണ്ടില്‍ (തുര്‍ക്കിയുടെ വടക്കു പടിഞ്ഞാറന്‍ തീരം) സമ്പൂര്‍ണ്ണ സൂര്യഗ്രഹണമായിരുന്നു.. അതേ സമയം ഈജിപ്തിന്റെ വടക്കന്‍ തീരത്തുള്ള അലക്സാണ്ട്രിയയില്‍ ആകട്ടെ ഭാഗികഗ്രഹണവും. ഏതാണ്ട് അഞ്ചിലൊന്ന് സൂര്യന്‍ അവിടെ മറയ്ക്കപ്പെടുന്നില്ല. . ഈരണ്ടു സ്ഥലങ്ങളും തമ്മില്‍ പത്ത് ഡിഗ്രി അകലമാണ് (ഏകദേശം 1000 കിലോമീറ്റര്‍). അതായത് ഭൂമിയില്‍ പത്ത് ഡിഗ്രി അകലത്തില്‍ നീങ്ങുമ്പോള്‍ പാരലാക്സ് മൂലം ചന്ദ്രന് സൂര്യന്റെ കോണീയ വലിപ്പമായ അരഡിഗ്രിയുടെ അഞ്ചിലൊന്ന് സ്ഥാനമാറ്റം കാഴ്ചയില്‍ സംഭവിച്ചിരിക്കുന്നു.
ലളിതമായ ജ്യാമിതീയ ക്രിയയേ പിന്നെ വേണ്ടിവന്നുള്ളു ചന്ദ്രന്റെ ദൂരം ഭൂമിയുടെ ആരത്തിന്റെ എത്ര ഇരട്ടി എന്ന് കണ്ടുപിടിക്കാന്‍. 70 നും 82 നും ഇടയിലെന്നാണ് ഹിപ്പാര്‍ക്കസ് കണക്ക് കൂട്ടിയത്. ലേസര്‍ രശ്മികള്‍ പ്രതിഫലിപ്പിച്ച് ഇന്ന് കൃത്യതയോടെ ചന്ദ്രന്റെ ദൂരം കണ്ടെത്തിയിട്ടുണ്ട്. അത് ഭൂമിയുടെ ആരത്തിന്റെ 60 ഇരട്ടിയാണ്. അപ്പോള്‍ കേവലം 20 ശതമാനം മാത്രമായിരുന്നു 2200 വര്‍ഷം മുമ്പുള്ള ആ കണക്ക് കൂട്ടലിലെ പിശക്!
ഒക്ടോബര്‍ 12, 1605.- റോമില്‍ അന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. പക്ഷേ ചന്ദ്രന്‍ സൂര്യനെ മറച്ചപ്പോള്‍ അതിനു ചുറ്റും പ്രഭാവലയം. സൂര്യചന്ദ്രന്‍മാരുടെവലിപ്പവും ദൂരവുമെല്ലാം കണിശമായി താരതമ്യം ചെയ്ത ജോണ്‍കെപ്ലര്‍ സൂര്യനെ പൂര്‍ണ്ണമായി തന്നെ ചന്ദ്രന്‍ അന്ന് മറയ്ക്കുേണ്ടതാണെന്ന് അടിവരയിട്ടു. അപ്പോള്‍ പിന്നെന്താണ് ഈ പ്രഭാവലയം? കെപ്ലര്‍ നിഗമനത്തിലെത്തിയത് ചന്ദ്രന്റെ അന്തരീക്ഷം മൂലമാകാമെന്നാണ്. പക്ഷേ പിന്നീട് ചന്ദ്രന് അന്തരീക്ഷമില്ല എന്ന് തിരിച്ചറിഞ്ഞു. 1724 ല്‍ ഗിയാകോമോ ഫിലിപ്പോ മറാള്‍ഡി ചന്ദ്രന്റെയല്ല സൂര്യന്റെ തന്നെ അന്തരീക്ഷമാണതെന്ന് (കൊറോണ) സ്ഥാപിച്ചു.
ആഗസ്ത് 18, 1868- സിയാം രാജാവിന്റെ ഗ്രഹണം എന്നപേരില്‍ അറിയപ്പെട്ട ഈ പൂര്‍ണ്ണ സൂര്യഗ്രഹണത്തില്‍വെച്ചാണ് പുതിയ ഒരു മൂലകത്തെ- ഹീലിയം- കണ്ടെത്തിയത്. ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞനായ പിയറിജാന്‍സണ്‍ ഭാരതത്തിലെ ഗുണ്ടൂര്‍ എന്ന സ്ഥലത്ത് വെച്ച് ഗ്രഹണം സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടയില്‍ ഒരുകാര്യം ശ്രദ്ധയില്‍പെട്ടു. വര്‍ണ്ണരാജിയിലെ മഞ്ഞഭാഗത്ത് ഒരു കറുത്ത രേഖ. ഇത്തരം രേഖകള്‍ മൂലകങ്ങളുടെ സാന്നിധ്യമാണ് വിളിച്ചോതുന്നതെന്ന കിര്‍ക്കഫിന്റെ സിദ്ധാന്തം അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ കണ്ടെത്തിയ രേഖ സൃഷ്ടിക്കുന്ന മൂലകത്തെ അതുവരെ പരിചയപ്പെട്ടിട്ടില്ല. പിന്നീട് ഗ്രഹണമില്ലാത്ത സമയത്തും സൗരവര്‍ണ്ണരാജിയില്‍ ഈ രേഖയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അപ്പോള്‍ അത് പുതിയ മൂലകമാണ്. സൂര്യനില്‍ കണ്ടെത്തിയ ഈ മൂലകമാണ് ഹീലിയം. (ഹെലോ എന്നാല്‍ സൂര്യന്).
ആഗസ്ത് 7, 1869- ഹീലിയം കണ്ടെത്തിയതിന്റെ ആവേശം കെട്ടടങ്ങിയിരുന്നില്ല. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ആയ രണ്ടുപേര്‍ ഈ ഗ്രഹണത്തിലും സ്പെക്ട്രോമീറ്റര്‍ ഉപയോഗപ്പെടുത്തി സൂക്ഷ്മ നിരീക്ഷണം നടത്തി. അതാ, വര്‍ണ്ണരാജിയുടെ പച്ചഭാഗത്ത് ഒരു രേഖ. വീണ്ടുമൊരു പുതിയ മൂലകം കണ്ടെത്തിയെന്ന പ്രതീക്ഷയില്‍ അതിന് പേരുമിട്ടു. കൊറോണിയം. ! പിന്നീടാണറിയുന്നത് ഉയര്‍ന്ന താപനിലയിലുള്ള ഇരുമ്പിന്റെ സാന്നിധ്യമാണത് സൂചിപ്പിക്കുന്നതതെന്ന്!
ജൂലായ് 29, 1878– യുറാനസിന്റെ ഗണിതപരമായി നിര്‍ണ്ണയിക്കപ്പെട്ട പാതയും നിരീക്ഷിച്ച പാതയും തമ്മിലുള്ള വ്യാത്യാസം ശ്രദ്ധിക്കപ്പെട്ടതില്‍ നിന്നാണ് നെപ്ട്യൂണ്‍ എന്ന ഗ്രഹത്തിന്റെ സാധ്യത പ്രവചിക്കപ്പെടുന്നതും പിന്നീട് കണ്ടെത്തുന്നതും. പ്ളൂട്ടോയുടെ സാന്നിധ്യം അറിഞ്ഞതും അപ്രകാരം തന്നെ. ഇതേപോലെ ബുധന്റെ പാതയിലെ ചെറിയ ഭ്രംശം ചൂണ്ടി സൂര്യനും ബുധനുമിടയില്‍ ഒരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത ലെ വെറിയര്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ മുമ്പോട്ട് വെച്ചു. ആ സാങ്കല്‍പിക ഗ്രഹത്തിന് വള്‍ക്കന്‍ എന്നു പേരുമിട്ടു. പിന്നീട് വള്‍ക്കനെ കണ്ടെത്താനുള്ള ശ്രമമായി. സൂര്യന് സമീപമുള്ള ഗ്രഹത്തെ കാണാന്‍ പറ്റിയ അവസരം സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണല്ലോ. അതിനാല്‍ വള്‍ക്കനെ കണ്ടെത്താന്‍ ഓരോഗ്രഹണസമയത്തും ശാസ്തജ്ഞര്‍ ടെലസ്കാപ്പുമായി തെരെഞ്ഞു. ഒടുവില്‍ 1878 ലെ ഗ്രഹണത്തില്‍ രണ്ടമേരിക്കന്‍ വാനനിരീക്ഷകര്‍ അത് കണ്ടെത്തിയതായി അവകാശപ്പെടുകയും ചെയ്തു. പക്ഷേ പിന്നീടുള്ള ഗ്രഹണങ്ങളിലോ മറ്റാരില്‍നിന്നുമോ അതിന് സ്ഥിരീകരണമുണ്ടായില്ല. ഒടുവില്‍ ഐന്‍സ്റ്റയിന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തതോടെ അത്തരമൊരു ഗ്രഹമില്ലാതെ തന്നെ ബുധന്റെ സഞ്ചാരപഥം വിശദീകരിക്കാമെന്നായി.
മെയ്29, 1919– ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സൂര്യഗ്രഹണമായിരുന്നു അത്. ഗുരുത്വ ബലത്താല്‍ സ്ഥലം വക്രീകരിക്കപ്പെടും .അതിലൂടെ കടന്നുപോകുന്ന പ്രകാശപാതയ്ക്ക് പോലും ഈ വളവ് ദൃശ്യമാകും- ഐന്സ്റ്റയിന്റെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി ഗണിതപരമായി കണ്ടെത്തിയ സിദ്ധാന്തമാണ്. പക്ഷേ അത് സ്ഥിരീകരിക്കപ്പെടണം. അപ്പഴേ ശാസ്ത്രസിദ്ധാന്തമായി അംഗീകരിക്കപ്പെടൂ. പക്ഷേ എങ്ങനെ പരീക്ഷിക്കും? വിഖ്യാതനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ആര്‍തര്‍ എഡിംഗ്ടണാണ് അതിന് ഉചിതമായ ഒരു പരീക്ഷണം നിര്‍ദേശിച്ചത്. സൂര്യന് സമീപത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനത്തിന് അവയുടെ സ്വാഭാവിക സ്ഥാനത്തില്‍നിന്നും വ്യത്യാസമുണ്ടോ എന്ന് നിരീക്ഷിച്ചാല്‍ മതി. സൂര്യന് സമീപമുള്ള നക്ഷത്രത്തെ കാണാന്‍ പറ്റിയ അവസരം സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണല്ലോ. അപ്പോള്‍ അതിനായി ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പ്. 1918 ജൂണ്‍ 8 ന് ഒരു ഗ്രഹണം വന്നു. നിരീക്ഷിക്കാനുള്ള എല്ലാ തയ്യാറെടുപ്പും ശാസ്ത്രലോകം സജ്ജീകരിച്ചു. പക്ഷേ കാലാവസ്ഥ ചതിച്ചു. പിന്നീട് 1919 മെയിലെ സൂര്യഗ്രഹണത്തില്‍ എഡിഗ്ടന്റെ പരീക്ഷണം വിജയകരമായി നടന്നു. ഐന്സ്റ്റയിന്റെ സിദ്ധാന്തം ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടു.