Read Time:15 Minute

സുനിൽദേവ്

സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya)

18 വയസ്സിൽ കല്യാണം കഴിച്ച ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്തൊക്കെ ചെയ്യാനാകും? കുട്ടികൾ, കുടുംബം, പ്രാരാബ്ധങ്ങൾ… അതിനിടയിൽ എന്തു ചെയ്യാൻ, അല്ലേ? ആധുനിക യൂറോപ്പിൽ, ഗണിതശാസ്ത്രത്തിൽ ഡോക് റേറ്റ് നേടിയ ആദ്യ വനിത, ഫുൾ പ്രൊഫസറായി നിയമിതയായ ആദ്യ വനിത, സോഫിയ കൊവലെവ്സ്കായ, 18 വയസ്സിൽ കല്യാണം കഴിച്ചത് ആരെങ്കിലും നിർബന്ധിച്ചിട്ടായിരുന്നില്ല,പഠിക്കാൻ വേണ്ടിയായിരുന്നു. വരൻ വ്ലാദിമിർ കൊവലെവ്സ്കിയോട് അവൾക്ക് പ്രണയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ,  സോഫിയ പ്രണയബദ്ധയായിരുന്നു, അറിവുമായി, ഗണിതവുമായി.

സോഫിയ 1850 ജനുവരി 15-ന് റഷ്യയിലെ മോസ്കോയിൽ ജനിച്ചു. പിതാവ് റഷ്യൻ കരസേനയിൽ ലെഫ്റ്റനൻറ് ആയിരുന്നു. മാതാവ് ജർമ്മനിയിൽ നിന്ന് കുടിയേറിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. മാതാപിതാക്കൾ ഇരുവരും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അക്കാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി. സോഫിയയുടെ വീട്ടിലെ കുട്ടികളുടെ മുറിയിൽ, ചുമർകടലാസ് തികയാതെ വന്നതുകൊണ്ട്, ഒരു ചുമരിൽ അവളുടെ അച്ഛന്റെ പഴയ പുസ്തകത്തിലെ താളുകളാണ് പതിച്ചിരുന്നത്. ഓസ്ട്രോഗ്രാഡ്സ്കി എന്ന ഗണിതജ്ഞന്റെ കാൽക്കുലസ് നോട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലെഴുതിയിരുന്നതൊന്നും ഒരു 11 വയസ്സുകാരിക്ക് മനസ്സിലാകുന്നവയായിരുന്നില്ല. പക്ഷേ, ആ ചിഹ്നങ്ങളും എഴുത്തുകളും അവളിൽ കൗതുകം ജനിപ്പിച്ചു. എന്താണിതിന്റെയൊക്കെ അർത്ഥം? ഈ പേജുകളുടെ ക്രമം എങ്ങനെയാണ്? പലപ്പോഴും സോഫിയ, മണിക്കൂറുകൾ ആ ചുമരിനു മുന്നിൽ ചെലവഴിച്ചു.  വീട്ടിലിരുന്ന് പഠിക്കുന്നിടത്തോളം, വിദ്യാഭ്യാസം നല്കുന്നതിൽ അവളുടെ വീട്ടുകാർക്ക് വൈമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. അവൾക്ക് ഗണിതം പഠിക്കാൻ ഒരു ട്യൂട്ടറെ കിട്ടി. അതിനിടെ, അയൽവാസിയായ റ്റിർട്ടോവ് (Nikolai Tyrtov) എന്ന ഭൗതികജ്ഞൻ, തന്റെ പുസതകം വായിച്ചു മനസ്സിലാക്കാൻ സോഫിയ, ത്രികോണമിതീയ ബന്ധങ്ങൾ സ്വയം ഊഹിച്ചെടുക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ നിർബന്ധം മൂലം, സ്റ്റ്രാനോള്യുബ്സ്കിയിൽ (N. Strannoliubskii) നിന്ന് കാൽക്കുലസ്  പഠിക്കാൻ സോഫിയയ്ക്ക് അവസരം കിട്ടി. ഇദ്ദേഹം പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കരുത് എന്ന പക്ഷക്കാരനായിരുന്നു.

പക്ഷേ, പെൺകുട്ടികൾക്ക് ഒരു കലാശാലയിൽ ചേർന്ന് പഠനം തുടരാൻ അന്ന് റഷ്യയിൽ കഴിയുമായിരുന്നില്ല. വേറേ എങ്ങോട്ടെങ്കിലും തനിയെ പോകാനും അനുമതിയില്ല. അങ്ങനെയാണ്, അക്കാലത്ത് പലരും ചെയ്തിരുന്ന പോലെ സോഫിയയും കല്യാണം കഴിച്ചത്. പിന്നെ ഭർത്താവിനൊപ്പം എവിടെ വേണമെങ്കിലും പോകാമല്ലോ. രണ്ടു പേർക്കും പഠിക്കണമായിരുന്നു.

1869ൽ അവർ ജർമ്മനിയിലെത്തി. അവിടെയും പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ അതതു പ്രൊഫസർമാർ അനുവദിക്കുകയാണെങ്കിൽ ക്ലാസ്സുകളിലിരിക്കുന്നതിന് ഹൈഡൽബർഗ് (Heidelberg) യൂണിവേഴ്സിറ്റി അനുവദിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നതുകൊണ്ട്, പ്രൊഫസർമാരുടെ അനുവാദം കിട്ടാൻ സോഫിയയ്ക്ക് വിഷമമുണ്ടായില്ല. അടുത്ത വർഷം, അവൾ, ബർലിനിലേക്കു പോയി. പ്രശസ്ത ജർമ്മൻ ഗണിതജ്ഞൻ വെയ്ർസ്ട്രാസിന്റെ (Karl Weierstrass) ശിഷ്യയാകുകയായിരുന്നു ഉന്നം. ബർലിൻ യൂണിവേഴ്സിറ്റിയിലും സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഹൈയ്ഡൽബർഗിൽ സോഫിയയുടെ ഒരു പ്രൊഫസർ, വെയ്ർസ്ട്രാസിന്റെ ശിഷ്യനും കടുത്ത ആരാധകനുമായിരുന്നു. അദ്ദേഹത്തിന്റെ  ശുപാർശയിൽ വെയ്ർസ്ട്രാസിന്റെ അനൗദ്യോഗിക ശിഷ്യയാകാനായിരുന്നു സോഫിയയുടെ ശ്രമം. ആദ്യം അതിദുഷ്കരമായ കുറേ  സമസ്യകൾ കൊടുത്ത് വെയർസ്ട്രാസ് അവളെ ഒഴിവാക്കാൻ നോക്കി. എന്നാൽ അടുത്തയാഴ്ച, അവയൊക്കെയും നിർദ്ധരിച്ച് സോഫിയ തിരികെയെത്തി. അവളുടെ നിർദ്ധാരണങ്ങൾ ശരിയായിരുന്നു എന്നു മാത്രമല്ല, മൗലികവും വ്യക്തവും  ചിലതൊക്കെ സമർത്ഥവും ആയിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനിന്ന ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. എന്നാൽ സോഫിയയ്ക്ക് കലാശാലാപ്രവേശനം നേടിക്കൊടുക്കാൻ വെയ്ർസ്ട്രാസിന് കഴിഞ്ഞില്ല. പക്ഷേ, സ്വകാര്യമായി കാണുന്നതിനും ലെക്ചർ നോട്ടുകൾ പങ്കുവയ്ക്കുന്നതിനും ആരുടെയും അനുവാദം വേണ്ടിയിരുന്നില്ല.

ഇടയ്ക്ക് പാരീസ് കമ്യൂണിൽ സഹകരിക്കാനായി പോയെങ്കിലും തിരികെ വന്ന് സോഫിയ പഠനം തുടർന്നു. കോഷി ഇനിഷ്യൽ വാല്യു പ്രോബ്ളത്തിന്റെ ഒരു സ്പെഷ്യൽ കേസ്, പ്രശസ്ത ഫ്രഞ്ച് ഗണിതജ്ഞനായിരുന്ന അഗസ്റ്റിൻ കോഷിതന്നെ 1842ൽ തെളിയിച്ചിരുന്നു. മൂന്നു ദശകങ്ങൾക്കു ശേഷവും അതിന്റെ പൂർണമായ റിസൾട്ട് ആരും കണ്ടെത്തിയിരുന്നില്ല. ആ റിസൾട്ട് 1874ൽ ഡോക്റ്ററേറ്റിനു വേണ്ടി ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയിൽ സോഫിയ സമർപ്പിച്ച പ്രബന്ധങ്ങളിലൊന്നിൽ ഉണ്ടായിരുന്നു. കോഷി-കൊവലേവ്സ്കയ തിയറം (Cauchy–Kowalevski theorem) എന്ന പേരിൽ ഇന്നത് ഗണിതവിദ്യാർത്ഥികൾക്ക് പരിചിതമാണ്. പാർഷ്യൽ ഡിഫറൻഷ്യൽ സമവാക്യങ്ങളുമായി ബന്ധപ്പെട്ട ഈ പ്രബന്ധത്തിനു പുറമേ, ശനിയുടെ വലയങ്ങളുടെ ഡൈനാമിക്സുമായും എലിപ്റ്റിക് ഇന്റഗ്രലുകളുമായും ബന്ധപ്പെട്ട രണ്ട് പ്രബന്ധങ്ങൾ കൂടി സോഫിയ സമർപ്പിച്ചിരുന്നു. മൂന്നും ഓരോ Ph.D. ക്ക് മതിയാകുന്ന പ്രബന്ധങ്ങളായിരുന്നു. എന്നാൽ വാചാപരീക്ഷ, ലക്ചറുകൾ തുടങ്ങിയ ചില കടമ്പകൾ ബാക്കിയുണ്ടായിരുന്നു. വെയ്ർസ്ട്രാസിന്റെ സ്വാധീനത്താൽ അവ മറികടക്കാനായി. പക്ഷേ, ലിംഗവിവേചനത്തിന്റെ ശക്തമായ മതിലിനെ മറികടന്ന് അവളുടെ കഴിവിനു ചേർന്ന ഒരു ജോലി നേടിക്കൊടുക്കാൻ അദ്ദേഹത്തിനായില്ല.

സോഫിയ Ph.D. നേടിയപ്പൊഴേക്കും ജന യൂണിവേഴ്സിറ്റിയിൽ നിന്ന് വ്ലാദിമിറിനും Ph.D. കിട്ടിയിരുന്നു. അവർ നാട്ടിലേക്കു മടങ്ങി. പിന്നെ കുറച്ചു വർഷങ്ങൾ സംഭവബഹുലമായിരുന്നു. നോവലെഴുത്ത്, കവിതയെഴുത്ത്, നാടകനിരൂപണം, അച്ഛന്റെ മരണം, കുറഞ്ഞകാലത്തേക്ക് വ്ലാദിമിറുമൊത്ത് വാസ്തവത്തിൽ കല്യാണം കഴിഞ്ഞ മട്ടിലുള്ള കുടുംബജീവിതം, അതിനിടയിൽ മകളുടെ പിറവി, അമ്മയുടെ മരണം, ഇതിനെല്ലാമൊപ്പം, വിപ്ലവാഭിമുഖ്യം മൂലം പ്രൊഫസർഷിപ്പ് നിഷേധിക്കപ്പെട്ട വ്ലാദിമിറിന്റെ റിയൽ എസ്റ്റേറ്റ് ഉദ്യമത്തിലെ സഹായിപ്പണി, തെരുവു വിളക്കു സ്ഥാപിക്കൽ, സാമ്പത്തിക തകർച്ച, പാപ്പരത്തം, അങ്ങനെയങ്ങനെ. ആധുനിക യൂറോപ്പിൽ ഗണിതശാസ്ത്രത്തിൽ Ph.D. നേടിയ ആദ്യ വനിതയുടെ ജീവിതത്തിൽനിന്ന് ഗണിതം മാത്രം ഒഴിവായതുപോലെ! അവളപ്പോഴും  പെണ്ണു തന്നെയായിരുന്നു. റഷ്യയിൽ കലാശാലാദ്ധ്യാപനം അതിരുകടന്ന ആശയ്ക്കും അപ്പുറമായിരുന്നു.

പക്ഷേ, ഒടുവിൽ സോഫിയ ഗണിതത്തിലേക്ക് തിരിച്ചു പോകുകതന്നെ ചെയ്തു. റഷ്യയിൽ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കുന്നതിനപ്പുറം, അക്കാദമിക രംഗത്ത് സ്ത്രീകൾക്ക് ഒന്നും ചെയ്യാനാവില്ലെന്നുറപ്പായ സോഫിയയ്ക്ക്, വെയ്ർസ്ട്രാസിന്റെ കീഴിൽ ഒപ്പം പഠിച്ചിരുന്ന മിത്താഗ്-ലെഫ്‌ലർ (Gösta Mittag-Leffler) എന്ന സ്വീഡിഷ് ഗണിതജ്ഞന്റെ സഹായം കൊണ്ട് സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപനം നടത്താനുള്ള അനുവാദവും   തുടർന്ന് അസിസ്റ്റന്റ് പ്രൊഫസർക്കു തുല്യമായ തസ്തികയിൽ നിയമനവും കിട്ടി. സോഫിയയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്കുന്നതിൽ വെയ്ർസ്ട്രാസിനൊപ്പം ലെഫ്‌ലറും ഉത്സുകനായിരുന്നു. അദ്ദേഹം സ്ഥാപിച്ച അക്താ മാത്തമാറ്റിക്ക (Acta Mathematica) എന്ന ഗണിത ജേണലിൽ സോഫിയ എഡിറ്ററായി പ്രവർത്തിച്ചു. ഈ പദവിയും ഒരു വനിത ആദ്യമായി വഹിക്കുകയായിരുന്നു. ഈ കാലത്ത്, റഷ്യയിലെയും പശ്ചിമ യൂറോപ്പിലെയും ഗണിതജ്ഞരെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് സോഫിയയ്ക്കു കഴിഞ്ഞു.

പൊതുവേ, ക്ലാസിക്കൽ മെക്കാനിക്സിൽ, ഏറുപമ്പരം (top) പോലുള്ള  വസ്തുക്കൾ  കറങ്ങുമ്പോൾ ഗുരുത്വബലം മൂലം അവയുടെ അക്ഷത്തിനുണ്ടാകുന്ന ആട്ടം (precession), കലനവിധേയമായ (integrable) പ്രോബ്ലമല്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഓയ്‌ലറും (Leonhard Euler) രണ്ടാം പകുതിയിൽ ലെഗ്രഞ്ചും (Lagrange) ഇതിന് ഓരോ അപവാദങ്ങൾ കണ്ടെത്തിയിരുന്നു. ലെഗ്രഞ്ചിനു ശേഷം തികച്ചും ഒരു നൂറ്റാണ്ടു കഴിഞ്ഞ് സോഫിയയാണ് പൂർണമായും കലനവിധേയമായ മൂന്നാമതൊരു ടോപ്പ് കണ്ടെത്തിയത്, 1888ൽ. സോഫിയയ്ക്ക് ഈ കണ്ടെത്തലിന് ഫ്രഞ്ച് അക്കാഡമി ഓഫ് സയൻസസിന്റെ പ്രി ബോദിൻ (Prix Bordin) പുരസ്കാരം ലഭിച്ചു. അന്നുവരെയും, പിന്നീട് ഏറെക്കാലത്തേക്കും, ശാസ്ത്രരംഗത്ത്, ഒരു സ്ത്രീക്ക് ലഭിച്ച ഏറ്റവും ഉന്നതമായ പുരസ്കാരമായിരുന്നു അത്. പിന്നീട്, ഓയ്‌ലർ, ലെഗ്രഞ്ച് കവലേവ്സ്കയ ടോപ്പുകളല്ലാതെ മറ്റ് സാദ്ധ്യകൾ ഇത്തരത്തിൽ ഇല്ല എന്ന് തെളിയിക്കപ്പെട്ടു. അതായത്, ആ കഥയിലെ അവസാന അദ്ധ്യായമായിരുന്നു, സോഫിയ എഴുതിച്ചേർത്തത്.

അടുത്ത വർഷം, സോഫിയയ്ക്ക് ഫുൾ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ആധുനിക യൂറോപ്പിൽ ആ പദവിയിലെത്തുന്ന ആദ്യ വനിതയായി അവർ. റഷ്യയിൽ അങ്ങനെയൊരു പദവി കിട്ടണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു. റഷ്യൻ അക്കാഡമി ഓഫ് സയൻസസിലെ കറസ്പോണ്ടിങ്ങ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും റഷ്യയിൽ അവർക്ക് പ്രൊഫസർ പദവി ഒരിക്കലും ലഭിച്ചില്ല.

പതിറ്റാണ്ടുകൾക്കു ശേഷം സംഭവിക്കാനിരിക്കുന്ന വിപ്ലവത്തിന്റെ അടിയിളക്കങ്ങൾ റഷ്യയിൽ തുടങ്ങിക്കഴിഞ്ഞിരുന്നു. ഗണിതഗവേഷണത്തോടൊപ്പം പുരോഗമനരാഷ്ട്രീയവും ഫെമിനിസവും സർഗാത്മക സാഹിത്യവും സോഫിയ വ്യാപരിച്ചിരുന്ന മേഖലകളായിരുന്നു. സ്വന്തം ബാല്യത്തെ അധികരിച്ച് അവരെഴുതിയ റജേവ്സ്കി സോദരികൾ എന്ന നോവൽ, ചരിത്രത്തിലെ ആ നിർണായക കാലഘട്ടത്തിലെ റഷ്യൻ ബുദ്ധിജീവികളുടെ ജീവിതത്തിന്റെ ഉത്കൃഷ്ടമായ വിവരണമാണ്. ഇതോടൊപ്പം നിരൂപകരെ അതിശയിപ്പിച്ച മറ്റൊരു നോവലായിരുന്നു, നിഹിലിസ്റ്റ് പെൺകൊടി (nihilist Girl). രാഷ്ട്രീയമായി സജീവമായ യുവതലമുറയും ആൺകോയ്മാ പാരമ്പര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്ത സമൂഹവും തമ്മിലുള്ള സംഘർഷങ്ങളായിരുന്നു സോഫിയ അതിൽ വരച്ചു കാട്ടിയത്.

1889ൽ കൊവിഡിനു സമാനമായ ലക്ഷണങ്ങളോടെ പൊട്ടിപ്പുറപ്പെട്ട റഷ്യൻ ഇൻഫ്ലുവൻസ,  പത്തു ലക്ഷത്തോളം മനുഷ്യജീവനുകൾ അപഹരിച്ചു. 1890ൽ അവസാനിച്ചെങ്കിലും അഞ്ചു വർഷത്തോളം ഇടയ്ക്കിടെ അത് മരണം വിതച്ചുകൊണ്ടിരുന്നു. 1891ൽ, അതിന്റെ ഒരിര, ഇനിയുമേറെ ചെയ്തുതീർക്കാനുണ്ടായിരുന്ന സോഫിയ കൊവലേവ്സ്കിയയായിരുന്നു. അവർക്കന്ന് 41 വയസ്സേ ആയിരുന്നുള്ളൂ. ഹ്രസ്വമെങ്കിലും ഉജ്വലമായ ആ ജീവിതം, അനേകം പുസ്തകങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷയമായി, ഇന്നും പ്രചോദനമായി വർത്തിക്കുന്നു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലെൻസുകളില്ലാത്ത നാനോ ക്യാമറ
Next post കെ റെയിലും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും -ഭാഗം 1 | RADIO LUCA
Close