ജീവശാസ്ത്രവും ഭൗതികശാസ്ത്രവും ഇടകലർന്നുവരുന്ന മേഖലയായ ജൈവഭൗതികത്തിൽ അധികം പോപ്പുലറായ പുസ്തകങ്ങൾ കണ്ടിട്ടില്ല. സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ എഴുതപ്പെട്ട ഒരു പുതിയ പുസ്തകമാണ് രഘുവീർ ഭാരതിയുടെ “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.
ചീറിപ്പായുന്ന ചീറ്റയുടെ രൂപവും ചേഷ്ടകളും വേരുറപ്പിച്ചുനിൽക്കുന്ന ഒരു മരത്തിൽ നിന്ന് തികച്ചും വ്യത്യസമാണ്. ഒരു മനുഷ്യൻ ഒരു ബാക്ടീരിയയിൽ നിന്നോ സീബ്രയിൽ നിന്നോ വളരെ വ്യത്യസ്തമാണ്. ജൈവ ലോകം അത്ഭുതപ്പെടുത്തുന്ന വൈവിധ്യങ്ങളുടെ ഒരു മേഖലയാണ്. എന്നിരുന്നാലും, ജൈവതത്വങ്ങളുടെ ഒരു കൂട്ടം അതിലെ എല്ലാ ജീവജാലങ്ങളുടെയും രൂപങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നു. “സോ സിമ്പിൾ എ ബിഗിനിങ്’ എന്ന ഈ പുസ്തകം, ബയോഫിസിക്സ് എന്ന ശാസ്ത്രശാഖ ഉപയോഗിച്ച്, ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്നു കാട്ടിത്തരുന്നു. ജീൻ എഡിറ്റിങ്, കൃത്രിമ അവയവങ്ങളുടെ വളർച്ച, ആവാസവ്യവസ്ഥ എഞ്ചിനീയറിങ് എന്നിവപോലുള്ള ജീവൻരക്ഷാ സാധ്യതയുള്ളതും എന്നാൽ, വിവാദപരമായതുമായ സാങ്കേതികവിദ്യകൾ പ്രാപ്തമാക്കുന്നത് എങ്ങനെയെന്നു പുസ്തകം വെളിപ്പെടുത്തുന്നു.
രചയിതാവിന്റെ ഡസൻ കണക്കിന് ഒറിജിനൽ വാട്ടർ കളറുകളും ഡ്രോയിങ്ങുകളുമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ ബയോളജിയിലും മെറ്റീരിയൽസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും അംഗമായ ഒറിഗോൺ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറാണ് രഘുവീർ പാർഥസാരഥി.