Read Time:21 Minute

വൈദ്യുതോൽപാദനത്തിൽ ആണവോർജത്തിന്റെ ആധുനിക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം. സ്‌മാൾ മോഡുലാർ റിയാക്ടറുകളുടെ പ്രാധാന്യവും അവയുടെ പ്രയോഗരീതിയും വിശദീകരിക്കുന്നു. 2024 സെപ്റ്റംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. ശാസ്ത്രഗതിയുടെ 2024 സെപ്റ്റംബർ , ഒക്ടോബർ ലക്കങ്ങൾ ആണവോർജ്ജം മുഖ്യവിഷയമായുള്ള ലേഖനങ്ങളാണ് ഉള്ളത്. ഡോ. രാജീവ് പാട്ടത്തിൽ ആണ് ഈ രണ്ടു ലക്കങ്ങളുടെ ഗസ്റ്റ് എഡിറ്റർ സെപ്റ്റംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം. ശാസ്ത്രഗതിയുടെ 2024 സെപ്റ്റംബർ , ഒക്ടോബർ ലക്കങ്ങൾ ആണവോർജ്ജം മുഖ്യവിഷയമായുള്ള ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഡോ. രാജീവ് പാട്ടത്തിൽ ആണ് ഈ രണ്ടുകലക്കങ്ങളുടെ ഗസ്റ്റ് എഡിറ്റർ

ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് ഊർജവുമായി ബന്ധപ്പെട്ടതാണ്. (SDG- 7). “എല്ലാവർക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജം ലഭ്യമാക്കുക’ എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ അത് നമ്മുടെ കാലാവസ്ഥ യെ പ്രതികൂലമായി ബാധിക്കാതെ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ന് ലോകരാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്.

അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഉയർന്ന തോതിലുള്ള ഹ രിതഗൃഹ വാതകങ്ങളാ(Green House Gases)ണ് ഊഷ്‌മാവ് കുടുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. അതിനാൽ, 2016-ൽ ഉണ്ടാക്കിയ പാരിസ് ഉടമ്പടി “ആഗോള ശരാശരി താപനിലയിലെ വർധന വ്യാവസായിക കാലത്തെക്കാൾ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്തുകയും താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമി തപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുവാൻ ആഹ്വാനം ചെയ്യുന്നു”. 70% ഓളം ഹരിതഗ്യഹ വാതകങ്ങൾ പുറംതള്ളുന്നത് ഊർജമേഖല, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായ ങ്ങൾ, ഗതാഗതം എന്നിവയിൽ നി ന്നുമാണ്. ഇതിനാൽ, ലോക രാജ്യങ്ങൾ നെറ്റ്-സീറോ കാർബൺ എമിഷൻ 2050 ഓടുകൂടി നടപ്പിലാക്കുവാൻ വേണ്ടി പരിശ്രമിക്കുന്നു. ഇതുമാത്രമാണ് നമ്മൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെയും അതുകൊണ്ടുണ്ടാകുന്ന ആപത്തുകളെയും പ്രതിരോധിക്കുവാനുള്ള ഏക മാർഗം.

ഈ അവസരത്തിൽ വിശ്വസനീയവും തുടർച്ചയായി ലഭിക്കുന്നതും ഫലത്തിൽ യാതൊരു ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാക്കാത്തതുമായ ഊർജമാണ് നമ്മുടെ ആവശ്യം. ഇവിടെയാണ് ശുദ്ധമായ ഊർജത്തിന്റെ വലിയ ഉറവിടമായി ആണവോർജം വേറിട്ടുനിൽക്കുന്നത്. നമ്മുടെ രാജ്യവും ഇന്ന് ആണവോർജത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ആണവോർജത്തിന്റെ അനന്ത സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല.

നെറ്റ് സീറോ എമിഷൻ 2050 എന്ന ലക്ഷ്യത്തെ കണ്ടുകൊണ്ട് ആണവനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിശേഷി 2021-ൽ 413 GW നിന്ന് 2050-ഓടെ 871 GW ആയി ഉയരുമെന്ന് ഇൻറർനാഷണൽ എനർജി ഏജൻസി (IEA) പ്രതീക്ഷിക്കുന്നു. ന്യൂക്ലിയർ ഫിഷൻ വഴി ഒരു ഗ്രാം യുറേനിയം ഉൽപാദിപ്പിക്കുന്ന ഊർജം ഉണ്ടാക്കുവാൻ 2.6 tonnes കാർബൺ കത്തിക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തിൽ, ലോകത്തിലെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 10% ആണവോർജത്തിൽനിന്നുമാണ് ഉണ്ടാക്കുന്നത്. ലോകത്ത് 431 ന്യൂക്ലിയർ റിയാക്ടറുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, 56 ന്യൂക്ലിയർ റിയാക്ടറുകൾ നിർമ്മാണഘട്ടത്തിലുമാണ്.

ഇന്ന്, നമ്മുടെ രാജ്യത്ത് 22 ആണവ നിലയങ്ങളിൽ (Conventional Large Reactors) നിന്നുമായി 6780 MW വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 3% മാത്രമേ ആകുന്നുള്ളൂ. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.

വലിയ റിയാക്ടറുകളുടെ സുരക്ഷയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തൽ നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ, വളരെ നൂതനമായ സാങ്കേതികവിദ്യയോടെ, വലുപ്പത്തിൽ ചെറുതുമായ (Small Modular Reactor – SMR) മോഡുലാർ റിയാക്ടറുകളിലും അവയുടെ ആപ്ലിക്കേഷനുകളിലും താൽപര്യം വർധിച്ചുവരുകയാണ്. വൈദ്യുതോർജം ഉൽപാദിപ്പിക്കാൻ രൂപകല്പ‌നചെയ്ത പുതിയ തലമുറ റിയാക്ടറുകളാണ് SMR. സാധാരണയായി, വലിയ റിയാക്ടറുകൾ 700 MW മുകളിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ, SMR 300 MW-ൽ താഴെ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. The International Atomic Energy Agency (IAEA) 2019 ഒക്ടോബറിൽ സംഘടിപ്പിച്ച “കാലാവസ്ഥാ വ്യതിയാനവും ആണവോർജത്തിൻ്റെ പങ്കും” സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ പല അംഗരാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനം ലഘുകരിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിയുന്ന ആണവ സാധ്യതയായി SMR നെ പരിഗണിക്കുന്നു.

SMRകളുടെ പ്രയോജനങ്ങൾ അവയുടെ ചെറുതും മോഡുലാർ ഡിസൈനുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഊർജലഭ്യത വിപുലപ്പെടുത്തുന്നതിലെ പ്രധാന വെല്ലുവിളികളിലൊന്ന് അടിസ്ഥാന സൗകര്യങ്ങളാണ്. വലിയ ആണവനിലയങ്ങൾക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ പരിമിതമായ ഗ്രിഡ് കവറേജും ഗ്രാമീണ വൈദ്യുതീകരണത്തിനായുള്ള ഗ്രിഡ് കണക്ഷനുമായി ബന്ധപ്പെട്ട ഉയർന്ന ചെലവും, അപര്യാപ്‌തമായ ട്രാൻസ്‌മിഷൻ ലൈനുകളും ഗ്രിഡ് ശേഷിയുമുള്ള പ്രദേശങ്ങളിൽ, SMR-കൾ നിലവിലുള്ള ഗ്രിഡുകളിലേക്ക് സംയോജിപ്പിക്കാം അല്ലെങ്കിൽ അവയുടെ ചെറിയ വൈദ്യുത ഉൽപാദനം കാരണം ഓഫ് ഗ്രിഡ് ഉപയോഗിക്കാം, ഇത് വ്യവസായത്തിനും സമൂഹത്തിനും ആവശ്യമായ വൈദ്യുതി നൽകുന്നു. SMRകളുടെ പ്രീ- ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ ഫാക്ട‌റിയിൽ നിർമ്മിക്കുകയും പിന്നീട് ആവശ്യാനുസരണം ഇൻസ്റ്റലേഷനായി ലൊക്കേഷനിൽ കൊണ്ടുപോകുകയും സ്ഥാപിക്കുകയും ചെയ്യാം. വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ പരിഗണിച്ച് ഒരു SMR അല്ലെങ്കിൽ മൾട്ടി-മൊഡ്യൂൾ പ്ലാന്റായി വിന്യസിക്കാവുന്നതാണ്. വലിയ റിയാക്ടറുകളെ അപേക്ഷിച്ച് SMR നിർമ്മിക്കുന്നത് ഗണ്യമായി ചെലവ് ചുരുക്കുന്നു. കൂടാതെ, നിർമ്മാണ സമയവും കുറയ്ക്കുന്നു. വലിയ റിയാക്ടറുകൾ പലപ്പോഴും പ്രത്യേക സ്ഥലങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകല്‌പന ചെയ്യേണ്ടതായിട്ടുണ്ട്. ഇത് ചിലപ്പോൾ നിർമ്മാണ കാലതാമസത്തിന് കാരണമാകുന്നു.

വലിയ ആണവ നിലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, SMR ഡിസൈനുകൾ പൊതുവേ ലളിതമാണ്. സുരക്ഷാ സങ്കല്‌പങ്ങൾ പലപ്പോഴും പ്രവർത്തനക്ഷമമായ മെക്കാനിക്കൽ സംവിധാനങ്ങളോ ബാഹ്യശക്തിയോ ആവശ്യമില്ലാത്ത നിഷ്ക്രിയ സംവിധാനങ്ങളെയും താഴ്ന്ന പവർ, ഓപ്പറേറ്റിങ് മർദംപോലെയുള്ള അന്തർലീനമായ സുരക്ഷാ സവിശേഷതകളെയും ആശ്രയിക്കുന്നു. സ്വാഭാവിക ജലചംക്രമണം, സംവഹനം, ഗുരുത്വാകർഷണത്താൽ പ്രവർത്തിക്കുന്ന തണുപ്പിക്കൽ, മർദം എന്നിവപോലുള്ള പ്രകൃതിദത്ത ഭൗതിക പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കിയാണ് നിഷ്ക്രിയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എന്നതിനാൽ, ഈ റിയാക്ടറുകൾ അടച്ചുപൂട്ടാൻ പലപ്പോഴും മനുഷ്യന്റെ ഇടപെടലോ ബാഹ്യശക്തിയോ ആവശ്യമില്ല. ഈ മെച്ചപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങൾ, ചില സന്ദർഭങ്ങളിൽ, അപകടമുണ്ടായാൽ പരിസ്ഥിതിയിലേക്കും പൊതുജനങ്ങളിലേക്കും സുരക്ഷിതമല്ലാത്ത റേഡിയോ ആക്ടീവ് റിലീസുകളുടെ അപകടസാധ്യത ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ കഴിയും. തൽഫലമായി, ശക്തമായ നിയന്ത്രണത്തിന്റെയും അടിയന്തര പ്രതികരണ നടപടികളുടെയും ആവശ്യകത കുറയുന്നു.

പരമ്പരാഗതമായ വലിയ ആണവ നിലയങ്ങളിലെ, 1 മുതൽ 2 വർഷത്തിനുള്ളിൽ ആണവ ഇന്ധനം നിറയ്ക്കുന്ന രീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, SMRകൾ ഉപയോഗിക്കുന്ന പവർ പ്ലാന്റുകൾക്ക് സാധാരണഗതിയിൽ 3 മുതൽ 7 വർഷത്തിനുള്ളിൽ ആണവ ഇന്ധനം നി റച്ചാൽമതി, ചില, എസ് എം ആർ കൾ ഇന്ധനം നിറയ്ക്കാതെതന്നെ 30 വർഷംവരെ പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ യൂണിറ്റുകൾ ഫാക്ടറിയിൽവച്ചുതന്നെ ഇന്ധനം നിറയ്ക്കാം, തുടർന്ന്, വൈദ്യുതി ഉൽപാദനത്തിനോ മറ്റു വ്യാവസായിക ആവശ്യത്തിനോവേണ്ടി സൈറ്റുകളിലേക്ക് കൊണ്ടുപോകുകയും അവയുടെ പ്രവർത്തനകാലത്തിന്റെ അവസാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി ഫാക്ടറിയിലേക്ക് മടങ്ങുകയും ചെയ്യാം. ഈ സമീപനം ആണവ വസ്തു‌ക്കളുടെ ഗതാഗതവും കൈകാര്യം ചെയ്യലും കുറയ്ക്കാൻ സഹായിക്കും.

കാറ്റും സൗരോർജവും പോലെയുള്ള കാലാവസ്ഥയെയും ദിവസത്തിലെ സമയത്തെയും ആശ്രയി ക്കുന്ന പുനരുൽപാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകളിൽനിന്ന് വ്യത്യസ്ത‌മായി, ന്യൂക്ലിയർ റിയാക്ടറുകൾ ഊർജം നൽകുന്നു-വൈദ്യുതി ആവശ്യകതയുമായി പൊരുത്തപ്പെടുന്നതിന് അവയുടെ ഉൽപാദനം ക്രമീകരിക്കാൻ കഴിയും. മൊത്തത്തിലുള്ള ഊർജകാര്യക്ഷമത വർധിപ്പിക്കുന്ന ഒരു ഹൈബ്രിഡ് എനർജി സിസ്റ്റത്തിൽ SMRകൾ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളുമായി സംയോജിപ്പിക്കാം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിൽ രാജ്യങ്ങളെ പിന്തുണയ്ക്കുമ്പോൾ, ശുദ്ധമായ ഊർജ സംക്രമണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിന് SMR-കളെ ഉപയോഗപ്പെടുത്താനാകും.

ഈ ദശാബ്ദത്തിനുള്ളിൽ SMR സാങ്കേതികവിദ്യ നടപ്പാക്കാൻ ലക്ഷ്യമിട്ട് പൊതു സ്വകാര്യ സ്ഥാപനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. നിലവിൽ 17 രാജ്യങ്ങളിലായി, 80-ലധികം വാണിജ്യ SMR ഡിസൈനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, വൈദ്യുതോൽപാദനം, ഹൈബ്രിഡ് ഊർജ സംവിധാനങ്ങൾ, താപനം, ജലശുദ്ധീകരണം, വ്യാവസായിക ഉപയോഗത്തിനുള്ള നീരാവി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപാദനങ്ങളും ആപ്ലിക്കേഷനുകളും ലക്ഷ്യമിടുന്നു.

10 MW വരെ വൈദ്യുതോർജം ഉൽപാദിപ്പിക്കാൻ രൂപകല്പന ചെയ്തിട്ടുള്ള SMR കളുടെ മറ്റൊരു വിഭാഗമാണ് മൈക്രോ-റിയാക്ടറുകൾ. ശുദ്ധവും വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജം ലഭ്യമല്ലാത്ത പ്രദേശങ്ങൾക്ക് മൈക്രോ റിയാക്ടറുകൾ അനുയോജ്യമാണ്. കൂടാതെ, മൈക്രോ റിയാക്ടറുകൾക്ക് അത്യാഹിത സമയത്ത് ബാക്കപ്പ് പവർ സ്രോതസ്സുകളായി പ്രവർത്തിക്കാം.

പലതരത്തിലുള്ള SMR ഡിസൈനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് Land based water cooled SMRS, Marine based water cooled SMRS, High-temperature gas-cooled SMRS (HTGRs), Liquid metal- cooled fast neutron spectrum SMRS (LMFRS), Molten salt reac- tor SMRs (MSRs), Microreactors (MRs).

ഫ്ളോട്ടിങ് ആണവനിലയം റഷ്യയുടെ അക്കാദമിക് ലോമോനോസോവ് (Akademik Lomonosov)

ലോകത്തിലെ ആദ്യത്തെ ഫ്ളോട്ടിങ് ആണവനിലയമായ റഷ്യയുടെ അക്കാദമിക് ലോമോനോസോവ് (Akademik Lomonosov) 2020 മെയ് മാസത്തിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ചു. അക്കാദമിഷ്യൻ മിഖായേൽ ലോമോനോസോവിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. 70 MW വൈദ്യുതിയോ 300 MW താപമോ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് 35 MW KLT-40S ന്യൂക്ലിയർ റിയാക്ടറുകൾ ഉൾപ്പെടുന്ന ഒരു പവർ യൂണിറ്റ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രതിദിനം 240,000 m³ ശുദ്ധജലം ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു ഡിസലൈനേഷൻ പ്ലാന്റാക്കി മാറ്റാനും കഴിയും. റിയാക്ടറുകൾ ഉൽപാദിപ്പിക്കുന്ന ഊർജവും താപവും കരയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അവിടെനിന്നും ഗ്രിഡിലേക്ക് വിതരണം ചെയ്യുന്നു. ഈ സജ്ജീകരണം പ്രതിവർഷം 200,000 ടൺ കൽക്കരിയും 100,000 ടൺ ഇന്ധന എണ്ണയും ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1998-ൽ ആരംഭിച്ച ഈ പ്രോജക്ട് 2020 മേയ് 22-നാണ് രാജ്യത്തിന് സമർപ്പിച്ചത്.

The HTR-PM demonstration project at Shidaowan (Image: China Huaneng)

ചൈനയുടെ High Temperature gas cooled Reactor – Pebble Bed Module (HTR-PM) പ്രൊജക്ട് 2001 ൽ തുടങ്ങി 2021-ൽ പ്രവർത്തനം ആരംഭിച്ചു. 210 MW വൈദ്യുതി ഉൽപാദിപ്പിക്കുവാനാണ് ലക്ഷ്യംവെക്കുന്നത് കൂടാതെ, അർജന്റീന, കാനഡ, ചൈന, റഷ്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ വിവിധ SMR-കൾ നിർമ്മാണത്തിലോ ലൈസൻസിങ് ഘട്ടത്തിലോ ആണ്. സാധാരണയായി, ഒരു SMR പ്രോജക്ട് പൂർത്തിയാക്കുവാൻ 10 മുതൽ 15 വർഷമെങ്കിലും വേണം. നമ്മുടെ രാജ്യവും SMR മായി ബന്ധപ്പെട്ട ഗവേഷണ-നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് ഊർജമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിതെളിയിക്കും.

 65-ാമത് IAEA ജനറൽ സമ്മേളനത്തോടനുബന്ധിച്ച് SMR സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം രൂപകല്പന ചെയ്തിരിക്കുന്നു. വലിയ റിയാക്ടറുകൾക്കായി തുടക്കത്തിൽ രൂപകല്പന ചെയ്ത് സങ്കീർണ്ണമായ നിയന്ത്രണ ചട്ടക്കൂടുകൾ SMR-കളുടെ തനതായ സവിശേഷതകൾ ഉൾക്കൊള്ളുന്നതിനായി മാറ്റേണ്ടതാണ്, ഇത് തുടർച്ചയായായി നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.

SMR-കൾ അവയുടെ ലളിതമായ രൂപകല്പനയും ദീർഘിപ്പിച്ച ഇന്ധനം നിറയ് ക്കുന്ന ഇടവേളകളും കാരണം, കുറഞ്ഞ പ്രവർത്തനച്ചെലവിനുള്ള സാധ്യതയും വാഗ്ദാനം ചെയ്യുന്നു. തുടർച്ചയായ ഗവേഷണവും വികസനവും വിന്യാസവും SMR കളുടെ മുഴുവൻ സാധ്യതകളും തിരിച്ചറിയുന്നതിനും ആഗോള ഊർജ വെല്ലുവിളി കളെ അഭിമുഖീകരിക്കുന്നതിനും പ്രധാനമാണ്. വിപുലമായ SMR-കളുടെ വിന്യാസം സാമ്പത്തികവളർച്ചയെ സഹായിക്കും. വെല്ലുവിളികൾ ഉണ്ടെങ്കിലും, SMRകളുടെ വികസനവും വിന്യാസവും നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിലും സുസ്ഥിര വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

  1. Future Global Energy Prosperity: The Terawatt Challenge, Richard E. Smalley. MRS Bulletin 30, 412, 2005. >>>
  2. Technology Roadmap For Small Modular Reactor Deployment, IAEA Nuclear En- ergy Series No. Nr-T-1.18, 2021. >>>
  3. A Report On The Role Of Small Modular Reactors In The Energy Transition, May 2023. The National Institution For Transforming india (Niti Aayog), Government of India. >>>
  4. Advances In Small Modular Reactor Technology Developments, A Supplement To: IAEA Advanced Reactors Information System (ARIS), 2020 Edition >>>
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി ?
Next post സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ
Close