ഈ മാസത്തെ മനോഹരമായ ആകാശദൃശ്യങ്ങളിലൊന്ന് രാത്രിയാവുന്നതോടു കൂടി തലക്കുമുകളിലേക്ക് ഉയര്‍ന്നു വരുന്ന വേട്ടക്കാരന്‍ തന്നെയായിരിക്കും. ഇതിലൂടെ തെക്കു വടക്ക് ദിശയില്‍ കിടക്കുന്ന ആകാശഗംഗയും തെളിഞ്ഞ ആകാശമാണെങ്കില്‍ കാണാന്‍ കഴിയും. സപ്തര്‍ഷിമണ്ഡലം പതിയെ ഉയര്‍ന്നു വരുന്നതും പത്തു മണിയോടു കൂടി കാസിയോപ്പിയയെ തള്ളി പുറത്താക്കുന്നതും ഉറങ്ങുന്നതിനു മുമ്പു തന്നെ കാണാം.
ലൗ ജോയ് ധൂമകേതു അകന്നു പോകുന്നതു കൊണ്ട് ഇനി കാണാന്‍ കഴിയില്ല.
ബുധനെ ഈ മാസം ആദ്യദിവസങ്ങളിലൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ അവസാനദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പ് കിഴക്കന്‍ ചക്രവാളത്തില്‍ മകരം രാശിയില്‍ കുറച്ചു നേരം ഇതിനെ കാണാം. 24ന് ബുധന്‍ 5.06ന് ഉദിക്കുമെങ്കില്‍ സൂര്യന്‍ ഉദിക്കുന്നത് 6.43നാണ്. ബുധനെ കാണാന്‍ ഏറ്റവും നല്ല ദിവസം ഇതാണ്. ആറു മണിക്ക് ചക്രവാളത്തില്‍ നിന്ന് ഏതാണ്ട് 15ഡിഗ്രി ഉയരത്തില്‍ ബുധനെ കാണാന്‍ കഴിയും.
ശുക്രനെ സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറെ ചക്രവാളത്തില്‍ കാണാന്‍ കഴിയും. എട്ടു ശേഷമാണ് ശുക്രന്‍ അസ്തമിക്കുകയുള്ളു. സൂര്യന് എതിര്‍വശത്താണ് ഇപ്പോൾ ശുക്രന്റെ സ്ഥാനം എന്നതു കൊണ്ട് തിളക്കം കുറഞ്ഞ ശുക്രനെയാണ് നമുക്കിപ്പോൾ കാണാന്‍ സാധിക്കുക.
ചൊവ്വയും ഇപ്പോൾ സൂര്യന്റെ എതിര്‍വശത്തായതു കൊണ്ട് വളരെ ചെറുതായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. 8.30 വരെ ഇതിനെ പടിഞ്ഞാറെ ചക്രവാളത്തില്‍ കാണാന്‍ സാധിക്കും. 21ന് ശുക്രനും ചൊവ്വയും വളരെ അടുത്തു വരും. 0.5ഡിഗ്രി മാത്രമായിരിക്കും അപ്പോൾ ഇവ തമ്മിലുള്ള അകലം. 6ഡിഗ്രി അകലത്തിലായി നേര്‍ത്ത ചന്ദ്രക്കലയും കാണാം.
വ്യാഴത്തെ രാത്രി മുഴുവന്‍ ചിങ്ങം-കര്‍ക്കടകം നക്ഷത്രരാശികൾക്കിടയില്‍ കാണാന്‍ കഴിയും. ഒരു ബൈനോക്കുലറിലൂടെ നോക്കുകയാണെങ്കില്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളെയും വ്യാഴത്തെ ചുറ്റി കിടക്കുന്ന ബെല്‍റ്റും അതിന്റെ പ്രസിദ്ധമായ ചുവന്ന പൊട്ടും കാണാന്‍ കഴിയും. 6ന് വ്യാഴവും സൂര്യനും ഭൂമിയുടെ നേരെ എതിര്‍ദിശകളിലായിരിക്കും സ്ഥിതി ചെയ്യുക. വ്യാഴത്തെ ഏറ്റവും വ്യക്തമായി കാണാനുള്ള അവസരമാണിത്. സിറിയസിനെക്കാൾ മൂന്നു മടങ്ങു തിളക്കത്തില്‍ വ്യാഴത്തെ കാണാന്‍ കഴിയും. ഈ ദിവസം സൂര്യന്‍ അസ്തമിക്കുമ്പോൾ തന്നെ വ്യാഴം ഉദിക്കുകയും സൂര്യന്‍ ഉദിക്കുന്ന സമയത്തു മാത്രം അസ്തമിക്കുകയും ചെയ്യും.
ശനിയെ ഈ മാസം രാത്രി രണ്ടു മണിക്കു ശേഷം വൃശ്ചികത്തിന്റെ ശിരസ്സിനോടു ചേര്‍ന്നു കാണാം. ഒരു ചെറിയ ദൂരദര്‍ശിനിയുണ്ടെങ്കില്‍ ഇതിന്റെ വലയങ്ങളും കാണാന്‍ കാണാന്‍ കഴിയും.
[divider][author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]