Read Time:6 Minute

ചന്ദ്രഗ്രഹണം, ലൈറീഡ്സ് ഉൽക്കാവർഷം, ലൗ ജോയ് വാൽനക്ഷത്രം , ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ഏപ്രില്‍ ആകാശം നോക്കികള്‍ക്ക് സന്തോഷവും പകരുന്ന മാസം !
Sky_Map_April_2015

 

 

കണിക്കൊന്നപ്പൂക്കളാലലംകൃതയായി ഏവരുടെയും കണ്ണിനു കുളിർമ്മയേകുന്നതും കടുത്ത ചൂടിനാൽ സസ്യജീവജാലങ്ങളെയെല്ലാം ക്രൂരമായി മർദ്ദിച്ചൊതുക്കുന്നതും ഈ ഏപ്രിലിനു കൌതുകം. നക്ഷത്ര നിരീക്ഷകരെ കൊതിപ്പിച്ചുകൊണ്ട് നിരവധി ആകാശക്കാഴ്ചകൾ തുറന്നു വെക്കുന്നതും യാതൊരു മുന്നറിയിപ്പുമില്ലാതെ മേഘങ്ങളാലവ മൂടിവെച്ച് നിരാശപ്പെടുത്തുന്നതും മറ്റൊരു കളി. ഈ വർഷത്തിലും ചില കൗതുകക്കാഴ്ചകളൊക്കെ ഒരുക്കിവെച്ചിട്ടുണ്ട് ഏപ്രിൽ.

ഇതിൽ നമുക്കെല്ലാം ഏറ്റവും താൽപര്യകരമായ കാഴ്ച 4-ാം തിയ്യതി ശനിയാഴ്ചത്തെ ചന്ദ്രഗ്രഹണമായിരിക്കും. ഉച്ചതിരിഞ്ഞ് മൂന്നരയോടു കൂടി ആരംഭിക്കുന്ന രാത്രി ഏഴര വരെ നീണ്ടു നിൽക്കുന്നു. അതുകൊണ്ട് കേരളത്തിൽ ഗ്രഹണാരംഭം കാണാൻ കഴിഞ്ഞില്ലെങ്കിലും അവസാന ഭാഗം കാണാൻ സാധിക്കും.[http://eclipse.gsfc.nasa.gov/LEplot/LEplot2001/LE2015Apr04T.pdf] ഭൂമിയുടെ നിഴൽ ചന്ദ്രനെ മറക്കുന്നതാണ് ഗ്രഹണം എന്നു തിരിച്ചറിയൻ കഴിയാത്ത കാലത്ത് ഇതിനെ കുറിച്ച് രൂപം കൊണ്ട കഥകൾ നമുക്കു മനസ്സിലാക്കാൻ കഴിയും. എന്നാൽ അന്നത്തെ ആ പരിമിതിയെ അറിവിന്റെ അങ്ങേയറ്റമാണെന്നു വ്യാഖ്യാനിക്കുകയും അതിന് ശാസ്ത്രീയപരിവേഴം ചാർത്തിക്കൊടുക്കാൻ ശ്രമപ്പെടുകയും ചെയ്യുന്ന ഇന്നത്തെ പണ്ഡിത ശിരോമണികളെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഈ മാസത്തെ മറ്റൊരു കൗതുകക്കാഴ്ച ലൈറീഡ്സ് ഉൽക്കാവർഷമാണ്. ലൈറ നക്ഷത്രഗണത്തിന്റെ ദിശയിലാണ് ഈ ഉൽക്കാവീഴ്ചകൾ കാണുക എന്നതു കൊണ്ടാണ് ഇറ്റിന് ലൈറീഡ്സ് ഉൽക്കാവർഷം എന്നു പേരു കിട്ടിയത്. എങ്കിലും ഇതിന് ലൈറാ നക്ഷത്രഗണങ്ങളുമായി യാതൊരു ബന്ധവുമില്ല. 415 വർഷത്തിലൊരിക്കൽ സൂര്യനെ സന്ദർശിക്കാനെത്തുന്ന താച്ചർ ധൂമകേതു അതിന്റെ വരവിൽ ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങളാണ് ഈ ഉൽക്കകൾ. ഭൂമി അതിന്റെ സൗരപ്രദക്ഷിണത്തിനിടയിൽ താച്ചർ കടന്നു പോയ പ്രദേശത്തുകൂടി സഞ്ചരിക്കുന്നത് ഏപ്രിൽ മാസത്തിലായതു കൊണ്ടാണ് ഈ പ്രതിഭാസം ഏപ്രിലിൽ കാണാൻ കഴിയുന്നത്. ഏപ്രിൽ 21, 22 ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഉൽക്കകൾ കാണാൻ കഴിയുക. ഒരു മണിക്കൂറിൽ പത്തിലേറെ ഉൽക്കകൾ കാണാൻ കഴിയും.

ലൗ ജോയ് വാൽനക്ഷത്രം ഈ മാസാവസാനത്തോടെ ചൊവ്വയുടെ ഭ്രമണപഥത്തെ കടന്ന് ആന്തര സൗരയൂഥത്തിനു പുറത്തു കടക്കും. ദൂരദർശിനി, ബൈനോക്കുലർ എന്നിവ ഉപയോഗിച്ചുകൊണ്ട് ഇതിനെ കാണാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെടാൻ പോവുകയാണ്.

ബുധനെ മാസാവസാനം വലിയ പ്രയാസമില്ലാതെ കാണാൻ കഴിയും. 22-ാം തിയ്യതി ചൊവ്വയുടെ തൊട്ടു പടിഞ്ഞാറായി കാണുന്ന ബുധനെ 30ന് കാർത്തിക കൂട്ടത്തിന്റെ അരികിലായി കാണാം. സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറു ഭാഗത്ത് എടവം രാശിയിൽ ശുക്രനെ കാണാം. ദിവസവും നോക്കുകയാണെങ്കിൽ എടവത്തിലൂടെയുള്ള ശുക്രന്റെ സഞ്ചാരം വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ചൊവ്വ വളരെ മങ്ങിയാണ് കാണപ്പെടുക. മേടം രാശിയിലായിരിക്കും ചൊവ്വയെ കാണാൻ കഴിയുക.

സൂര്യൻ അസ്തമിച്ച് ഇരുട്ടാവുന്നതോടു കൂടി തന്നെ കർക്കിടകം രാശിയിൽ വ്യാഴത്തെ കാണാൻ കഴിയും. മാസാദ്യം രാത്രി മൂന്നു മണിവരെ കാണാൻ കഴിയും. അവസാന ദിവസമാവുമ്പോഴേക്കും ഒരു മണിയോടു കൂടി തന്നെ അസ്തമിക്കും. ഒരു ദൂരദർശിനിയിലൂടെ നോക്കുകയാണെങ്കിൽ ഗലീലിയൻ ഉപഗ്രഹങ്ങളെയും ഗ്രഹോപരിതലത്തിലെ ചുവന്ന അടയാളവും ബെൽറ്റും കാണാൻ കഴിയും.

ശനിയെ കഴിഞ്ഞ മാസത്തെ പോലെ ആകാശത്തിലെ വലിയ തേളായ വൃശ്ചികത്തിനോടൊപ്പം കാണാൻ കഴിയും. മാസാദ്യം പത്തു മണിയോടു കൂടി കിഴക്കു ദിക്കിൽ ഉദിക്കും. അവസാന ദിവസങ്ങളാവുമ്പോഴേക്കും ഒമ്പതു മണിക്കു മുമ്പേ തന്നെ ശനിയെ കണ്ടു തുടങ്ങും.

ഏപ്രിൽ മാസത്തിലെ കറുത്ത വാവു മുതൽ ഒരാഴ്ചക്കാലം ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി ആചരിക്കുന്നു. ഈ ദിവസങ്ങളിൽ ഇതിൽ പങ്കാളികളാകുന്നവർ തങ്ങളുടെ വീടിനു പുറത്തുള്ള എല്ലാ വിളക്കുകളും അണച്ചു കൊണ്ട് ഈ വാരാചരണത്തിൽ പങ്കെടുക്കുന്നു.

[author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വരുന്നൂ ലോകത്തെ ആദ്യ ഹരിത ഡാറ്റ സെന്‍റര്‍ !
Next post എല്‍.ഇ.ഡി വാങ്ങിക്കൂട്ടാന്‍ വരട്ടെ ഗ്രാഫീന്‍ ബള്‍ബുകള്‍ എത്തുന്നു !
Close