ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം 18ന് സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ദ്വാദശി ചന്ദ്രൻ ഇവയുടെ കൂടെ ചേർന്ന് പടിഞ്ഞാറൻ ആകാശത്തിൽ മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതും കാണാം.
ജൂലൈ 7ന് ഇന്ത്യൻ സമയം രാത്രി 1.11ന് ആയിരിക്കും ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടുന്നത്. അപ്പോൾ 152,093,480 കി.മീറ്റർ ആയിരിക്കും ഇവക്കിടയിലെ ദൂരം. ഭൂമിയുടെ ഭ്രമണ പഥത്തിന്റെ ദീർഘവൃത്താകാരം കാരണം വർഷത്തിൽ ഒരു ദിവസം സൂര്യനിൽ നിന്നും ഏറ്റവും അകലെയും(ജൂലൈ ആദ്യം) ഒരു ദിവസം(ജനുവരി ആദ്യം) സൂര്യനോട് അടുത്തും വരുന്നു.
ന്യൂ ഹൊറൈസൺ ബഹിരാകാശ പേടകം പ്ലൂട്ടോയോട് ഏറ്റവും അടുത്തെത്തുന്നതും ഈ മാസത്തിൽ തന്നെയാണ്. ജൂലൈ 14ന് ഇന്ത്യൻ സമയം വൈകുന്നേരം 5.20ന് ഈ പേടകം 12,500കി.മീറ്റർ വേഗതയിൽ പ്ലൂട്ടോയുടെ സമീപത്തു കൂടി കടന്നു പോകും. സെക്കന്റിൽ 4കി.മീറ്റർ വേഗതയിൽ കടന്നു പോകുന്ന ഈ പേടകം എടുക്കുന്ന ചിത്രങ്ങൾ പ്ലൂട്ടോ എന്ന കുള്ളൻ ഗ്രഹത്തെ കുറിച്ചുള്ള നമ്മുടെ വിവരങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഏറെ സഹായകരമാകും. മാത്രമല്ല പ്ലൂട്ടോയുടെ സൂര്യന് അഭിമുഖമായുള്ള ഭാഗത്തു കൂടിയാണ് കടന്നു പോകുക എന്നതുകൊണ്ട് തെളിച്ചമുള്ള ചിത്രങ്ങളായിരിക്കും കിട്ടുക.
ഈ മാസത്തെ ഉൽക്കാവർഷം 28നാണ്. ഡെൽറ്റ അക്വാറീഡ് ഉൽക്കാവർഷം എന്നറിയപ്പെടുന്ന ഇത് കുംഭം രാശിയുടെ ദിശയിലാണ് കാണാൻ കഴിയുക.
ബുധൻ ഈ മാസം ആദ്യദിവസങ്ങളിൽ 5മണിക്കു മുന്നെ ഉദിക്കുന്നതു കൊണ്ട് മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിൽ സൂര്യോദയത്തിനുമുമ്പെ കാണാൻ കഴിയും. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സൂര്യനോട് കൂടുതൽ കൂടുതൽ അടുക്കുന്നതു കൊണ്ട് കാഴ്ചയിൽ നിന്നും അപ്രത്യക്ഷമാവും. മാസാദ്യത്തിൽ ഇടവം രാശിയോടൊപ്പം ഉദിക്കുന്ന ബുധൻ മാസാവസാനമാവുമ്പോഴേക്കും കർക്കടകം രാശിയിൽ എത്തിയിരിക്കും.
ശുക്രനെ ഈ മാസത്തിൽ സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറൻ ആകാശത്ത് തെളിഞ്ഞു കാണാം. ഒന്നിന് വ്യാഴത്തോടു ചേർന്നു നിൽക്കുമ്പോൾ 0.5ഡിഗ്രി മാത്രമായിരിക്കും കാഴ്ചയിൽ ഇവ തമ്മിലുള്ള അകലം. പക്ഷെ ഇവ തമ്മിലുള്ള യഥാർത്ഥ അകലം കോടിക്കണക്കിനു കി.മീറ്ററാണ്. ചിങ്ങം രാശിയിലാണ് ഈ മാസത്തിൽ ശുക്രന്റെ സ്ഥാനം.
ഈ മാസത്തിലും ചൊവ്വ സൂര്യന്റെ പ്രകാശ വലയത്തിൽ നിൽക്കുന്നതു കൊണ്ട് കാണാൻ പ്രയാസമായിരിക്കും. വളരെ തെളിഞ്ഞ ആകാശമാണെങ്കിൽ മാത്രം മാസാവസാനത്തിൽ സൂര്യൻ അസ്തമിച്ചതിനു ശേഷം അൽപനേരം ചൊവ്വയെ പടിഞ്ഞാറൻ ചക്രവാളത്തിൽ കാണാം. മിഥുനം രാശിയിലായിരിക്കും ഇതിന്റെ സ്ഥാനം.
വ്യാഴത്തെ ഈ മാസം മുഴുവൻ പടിഞ്ഞാറെ ആകാശത്ത് കാണാൻ കഴിയും. ശുക്രനും ചന്ദ്രനുമായി ചേർന്ന് വ്യാഴം നടത്തുന്ന നാടകത്തെ കുറിച്ച് മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. ചിങ്ങത്തിലാണ് വ്യാഴത്തെ കാണാൻ കഴിയുക.
ശനിയെ വൃശ്ചികത്തിന്റെ തലക്കു മുകളിലായി അൽപം ചുവന്ന നിറത്തിൽ കാണാനാകും. ഒരു ദൂരദർശിനിയിലൂടെ നോക്കുകയാണെങ്കിൽ അതിന്റെ വലയങ്ങളും കാണാൻ കഴിയും.
[divider][author image=”http://luca.co.in/wp-content/uploads/2014/08/Shaji-Arkkadu.png” ] തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected][/author]