ആഗസ്തിലെ ആകാശത്ത് പൂത്തിരികള്‍ കത്താന്‍ പോവുകയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളുടെ സമ്മേളനം കൂടാതെയാണ് ഈ പ്രത്യേക ഉത്സവക്കാഴ്ച നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെഴ്സിയഡ് ഉല്‍ക്കമഴ ഓഗസ്റ്റ് 12, 13 തീയതികളിലായി പെയ്തിറങ്ങും. മണിക്കൂറില്‍ 150 കൊള്ളിമീനുകള്‍ വരെയാണ് കത്തിത്തീരാന്‍ പോകുന്നത്. അതായത് മിനിറ്റില്‍ രണ്ടും മൂന്നും വീതം.
[dropcap]അ[/dropcap]
ന്തരീക്ഷത്തില്‍ കടന്നുവരുന്ന തീരെച്ചെറിയ ഉല്‍ക്കാ ശകലങ്ങളോ വാല്‍നക്ഷത്ര അവശിഷ്ടങ്ങളോ വായു സമ്പര്‍ക്കത്തില്‍ ചൂടുപിടിച്ച് കത്തിവീഴുന്നതാണ് കൊള്ളിമീനുകള്‍ അഥവാ ഉൽക്കകൾ. മിക്കരാത്രിയിലും ഇവയെ കാണാറുണ്ട്. ചുറ്റുപാടും പ്രകാശമില്ലാത്ത ഒരു സ്ഥലത്ത് രാത്രിയില്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും ചെലവഴിച്ചാലേ മങ്ങിയ നക്ഷത്രങ്ങളെയും കൊള്ളിമീനുകളെയും കാണുന്ന നിലയില്‍ കണ്ണുകള്‍ ക്രമീകരിക്കപ്പെടുകയുള്ളു. പെഴ്സീയഡ് കൊള്ളിമീന്‍ മഴ പെഴ്സീയസ് നക്ഷത്രസമൂഹത്തിന്റെ ഭാഗത്താണ് കാണപ്പെടുക. ആഗസ്ത് 12 അര്‍ദ്ധരാത്രിമുതല്‍ 13ന് പുലരും വരെയാണ് പെഴ്സീയഡ് കൊള്ളിമീന്‍ മഴ കാണാന്‍ കഴിയുക. 13ന് പുലര്‍ച്ചെ 3നും 4നും ഇടയിലാണ് വലിയതോതില്‍ കൊള്ളിമീന്‍ വര്‍ഷം.
വടക്കേ ആകാശത്ത് ചക്രവാളത്തില്‍ നിന്നും ഏകദേശം 25º മുകളിലായി ഇംഗ്ലീഷിലെ M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ. ആഗസ്ത് 13ന് വെളുപ്പിന് മൂന്ന് മണിക്ക് ഇത് കൃത്യം വടക്ക് ദിശയില്‍ കാണാന്‍ കഴിയും. കാസിയോപ്പിയക്ക് അല്പം വലതുമാറിയാണ് പെഴ്സിയസ് സക്ഷത്രസമൂഹം. പെഴ്സിയഡ് കൊള്ളിമീന്‍ മഴയെ പറ്റി കൂടുതല്‍ അറിയാന്‍ ലൂക്കയിലെ ‘ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ’ എന്ന ലേഖനം വായിക്കുക. വടക്കേ ആകാശത്ത് സന്ധ്യയാകുമ്പോഴേക്കും സപ്തര്‍ഷികള്‍ അസ്തമിക്കാറായിട്ടുണ്ടാകും. വീഗ, ദെനബ് എന്നീ നക്ഷത്രങ്ങള്‍ അവിടെ പ്രഭയോടെ കാണാന്‍ സാധിക്കും. വടക്ക് ദിശയില്‍ വീഗയും വടക്ക് കിഴക്കായി ദെനബും.
ശുക്രനും ബുധനും വ്യാഴവും ഒന്നിച്ചുചേരുന്ന കാഴ്ച സൂര്യാസ്തമനത്തിന് തൊട്ടുശേഷം ഏകദേശം 45 മിനിട്ടുവരെ പടിഞ്ഞാറേ ചക്രവാളത്തില്‍ കാണാന്‍ കഴിയും. അല്പം ഉയരമുള്ള പ്രദേശത്തോ കടല്‍ക്കരിയിലോ നിന്ന് നീരീക്ഷിക്കണമെന്ന് മാത്രം. മാസാദ്യത്തില്‍ ചന്ദ്രന് ശോഭ കുറവായതിനാല്‍ നീരീക്ഷണം കൂടുതല്‍ എളുപ്പമാകും.
[box type=”warning” align=”” class=”” width=””]വ്യാഴത്തെ കാണാനാഗ്രഹിക്കുന്നവർ ഈ മാസം ആദ്യദിനങ്ങളില്‍ തന്നെ കാണേണ്ടതാണ്. തുടര്‍ന്നുള്ള മാസങ്ങളില്‍ സന്ധ്യയ്ക്കുമുമ്പായിതന്നെ വ്യാഴം അസ്തമിക്കുന്നതിനാല്‍ നിരീക്ഷിക്കാന്‍ കഴിയില്ല.[/box]അസ്തമനത്തിനു് ശേഷം സന്ധ്യാകാശത്ത് പടിഞ്ഞാറേ ചക്രവാളത്തില്‍ ദൃശ്യമാകുന്ന തിളക്കമാര്‍ന്ന, നക്ഷത്രസമാനമായ വസ്തുക്കളില്‍ മുകളിലത്തേതാണ് വ്യാഴം. താഴെയുള്ളത് ശുക്രനും. രണ്ടിനുമിടയില്‍ തിളക്കം കുറഞ്ഞ് കാണപ്പെടുന്ന വസ്തു ബുധനാണ്. ഓഗസ്റ്റ് തീരാറാകുമ്പോഴേയ്ക്കും ഇവ മൂന്നും ചേര്‍ന്നു് ഒരു ത്രികോണ ആകൃതി രൂപപ്പെടും. സന്ധ്യയ്ക്ക് പടിഞ്ഞാറേ ആകാശത്ത് ഗ്രഹത്രയങ്ങളെ കൂടാതെ ചിത്ര, ചോതി എന്നീ നക്ഷത്രങ്ങളെയും കന്നി, ബു വൂട്ടിസ് എന്നീ നക്ഷത്രസമൂഹങ്ങളെയും കാണാം. ചിത്ര കന്നിരാശിയിലും ചോതി ബൂ വൂട്ടിസിലും സ്ഥിതിചെയ്യുന്നു.
ചൊവ്വയും ശനിയും ഇരട്ടകളെ പോലെ ഈ മാസവും ഉണ്ടാകും. സന്ധ്യയ്ക്ക് നോക്കുന്നവര്‍ക്ക് തലയ്ക്കുമുകളില്‍ അല്പം തെക്കുമാറി ഇവയെ കാണാം. വൃശ്ചികം രാശിയുടെ തലഭാഗത്ത് അനിഴം നക്ഷത്രഗണത്തിലാണ് ഇവ ഉണ്ടാവുക. വലതുഭാഗത്ത് ചൊവ്വയും ഇടതുഭാഗത്ത് ശനിയും. വൃശ്ചികത്തിലെ തൃക്കേട്ട, ശനി, ചൊവ്വ ഇവചേര്‍ന്നു് ഏകദേശം സമഭുജാകൃതിയില്‍ ത്രികോണം രൂപപ്പെടും. ഒരു ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ ശനിയുടെ വലയം നിരീക്ഷിക്കാന്‍ സാധിക്കും. തെക്കന്‍ ആകാശത്ത് ധനു, വൃശ്ചികം എന്നീരാശികളാണുള്ളത്. തെക്കന്‍ ചക്രവാളത്തോട് ചേര്‍ന്ന് അല്പം വലതുമാറി റിജില്‍ കെന്റ്, ഹദാര്‍ എന്നീ നക്ഷത്രങ്ങളെയും കാണാം. സെന്റാറസ് നക്ഷത്രസമൂഹത്തിലാണ് ഇവ ഉള്ളത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് റിജില്‍ കെന്റ് (Alpha Centauri), തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ള ഹദാറും (Beta Centauri).
കിഴക്കന്‍ ആകാശത്ത് സന്ധ്യയ്ക്ക് തിരുവോണം നക്ഷത്രഗണം കാണാം. മൂന്ന് നക്ഷത്രങ്ങള്‍ ഒരു വരിയിലായി കാണപ്പെടുന്നു. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്. അക്വില എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് തിരുവോണം. നടുവിലെ പ്രഭയേറിയ നക്ഷത്രം ആള്‍ട്ടെയര്‍ (ശ്രവണന്‍) ആണ്. ചക്രവാളത്തിന് മുകളിലായി കിഴക്കുനിന്നും അല്പം വലതുമാറി കുംഭം രാശിയും മുകളിലായി മകരം രാശിയും കാണാം. കിഴക്കു ദിശയില്‍ അല്പം ഇടതുമാറി ഭാദ്രപഥം (പെഗസസ്) എന്ന രാശി രാത്രി 8 മണിയാകുമ്പോഴേക്കും ഉദിച്ചുയരുന്നുണ്ടാകും. ഏകദേശം ഒരു സമചതുരാകൃതിയിലാണ് ഇതുള്ളത്. തലക്കുമുകളില്‍ ഒഫ്യൂക്കസ്, ഹെര്‍ക്കുലീസ്, ബൂ വൂട്ടിസ് എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. നക്ഷത്രമാപ്പിന്റെ സഹായത്തോടെ ഇവയെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.
[box type=”note” align=”” class=”” width=””]നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന അഞ്ച് ഗ്രഹങ്ങളെയും ഒന്നിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വ സമയമാണ് 2016 ആഗസ്ത്. ഒപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന പെഴ്സീഡ് ഉൽക്കാ വര്‍ഷവും. നിങ്ങൾ അവസരങ്ങള്‍ പാഴാക്കില്ല എന്ന് കരുതുന്നു.[/box]കുറിപ്പ് :
- ചിത്രങ്ങള്‍ Stellarium ഉപയോഗിച്ച് തയ്യാറാക്കിയത്.
- നക്ഷത്രഅടയാളങ്ങള്‍ അനുപാതത്തിലല്ല.