
തലയ്ക്കുമുകളിൽ ചിങ്ങം, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെ മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.
പ്രധാന നക്ഷത്രങ്ങളും താരാഗണങ്ങങ്ങളും
സൗരരാശികള്‍
സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം എന്നീ രാശികളെ മെയ്‍മാസം നിരീക്ഷിക്കാൻ സാധിക്കും. വടക്കുപടിഞ്ഞാറു നിന്നും തെക്കുകിഴക്കായാണ് ജൂണിൽ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം
ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം അഥവ ക്രന്തിപഥം. ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള സാങ്കല്പിക വളയമാണ് രാശിചക്രം (Zodiac).
രാശിചക്രത്തെ 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവിടെയുള്ള ഓരോ താരാഗണത്തിന്റെ
പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നിരീക്ഷിക്കാനാകും.
മിഥുനം (Gemini)
മെയ്മാസം പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്നും (അല്പം വടക്കു മാറി) ഏകദേശം 20°മുതൽ 45° വരെ മുകളിലായി ഈ രാശിയെ കാണാനാകും. രാശിചക്രത്തിൽ ഇടവം രാശിയ്ക്കും കര്‍ക്കിടകം രാശിയ്ക്കും ഇടയിലായി കാസ്റ്റർ, പോള്ളക്സ് എന്നീ പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാൽ അലംകൃതമായ നക്ഷത്രരാശിയാണ് മിഥുനം.
ശീർഷബിന്ദുവിനും വടക്കുപടിഞ്ഞാറ് ചക്രവാളത്തിനും ഏകദേശം മധ്യത്തിലാി തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളെ കാണാം. ഇവയിൽ വടക്കുപടിഞ്ഞാറായുള്ളത് കാസ്റ്ററും (Castor) തെക്കുകിഴക്കായുള്ളത് പോളക്സും (Pollux) ആണ്. കാസ്റ്ററും പോളക്സും പ്രധാന നക്ഷത്രങ്ങളായി വരുന്ന നക്ഷത്രഗണമാണ് മിഥുനം (Gemini). ഭാരതീയ സങ്കല്പപ്രകാരം യുവമിഥുനങ്ങളുടെ ആകൃതി നൽകിയിരിക്കുന്നു. വേട്ടക്കാരൻ എന്ന നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായാണ് മിഥുനം കാണപ്പെടുന്നത്.
കര്‍ക്കിടകം (Cancer)

ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30 ഡിഗ്രി പടിഞ്ഞാറുമാറി, മിഥുനം രാശിയ്ക്കു മുകളിലായാണ് മെയ് മാസം സന്ധ്യയ്ക്ക് കര്‍ക്കിടകം രാശിയെ കാണാൻ കഴിയുന്നത്. മങ്ങിയ ഒരുകൂട്ടം നക്ഷത്രങ്ങൾ ചേർന്നതാണ് കര്‍ക്കിടക (Cancer) രാശി. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. മിഥുനം, ലഘുലുബ്ധകൻ (Canis Minor) എന്നീ നക്ഷത്രഗണങ്ങൾക്ക് മധ്യത്തിൽ നിന്നും അല്പം കിഴക്ക്മാറി നോക്കിയാൽ കർക്കിടകത്തിലെ മങ്ങിയ നാലു നക്ഷത്രങ്ങളെ നല്ല ഇരുട്ടുള്ള രാത്രിയിൽ തിരിച്ചറിയാം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം. ചൊവ്വ ഗ്രഹത്തെ ഈ മാസം ഈ രാശിക്കടുത്തായി കാണാം.
ചിങ്ങം (Leo)
മെയ് മാസം സന്ധ്യയ്ക്ക് തലക്കുമുകളിലായാണ് ചിങ്ങം രാശിയുടെ സ്ഥാനം. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിൽ ഏറ്റവും തെക്കുഭാഗത്തായി കാണുന്ന റെഗ്യുലസ് (Regulus / α Leonis) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. മറ്റൊരു പ്രധാന നക്ഷത്രമാണ് വാൽ ഭാഗത്തുള്ള ദെനെബോല (Denebola / β Leonis). റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം ഉത്രവും ആണ്.
കന്നി (Virgo)

ചിങ്ങത്തിനും കിഴക്കു മാറി സന്ധ്യക്ക്, കിഴക്കേ ആകാശത്തിന്റെ ഏകദേശം മധ്യഭാഗത്തായി മെയ്‍മാസം കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര.
തുലാം (Libra)

മെയ് മാസത്തിൽ കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 10°-20° മുകളിൽ (അല്പം തെക്കുമാറി) കന്നി രാശിക്കും താഴെയായാണ് തുലാം രാശിയുടെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.
മറ്റു താരാഗണങ്ങൾ
ശബരൻ എന്ന വേട്ടക്കാരൻ (Orion)

മെയ് മാസത്തെ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് ശബരൻ എന്ന വേട്ടക്കാരന്‍. സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു നേർമുകളിലായി വേട്ടക്കാരനെ കാണാം. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ-ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ.
മുകളിലെ ചാർട്ടിൽ വേട്ടക്കാരനെ കാണിച്ചിരിക്കുന്ന ഭാഗത്തേക്ക് സന്ധ്യക്ക് നോക്കുക. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചവ എന്നപോലെ നാലു നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് കിഴക്കായി കാണുന്ന ചുമപ്പ് നിറത്തിലുള്ള നക്ഷത്രമാണ് തിരുവാതിര (Betelgeuse). വടക്ക് പടിഞ്ഞാറായി കാണുന്ന നീല നക്ഷത്രം ബെല്ലാട്രിക്സാണ് (Bellatrix). തിരുവാതിരയും ബെല്ലാട്രിക്സും വേട്ടക്കാരന്റെ തോളുഭാഗത്തായാണുള്ളത്. ചതുർഭുജത്തിന്റെ തെക്കുഭാഗത്ത്, കാൽ മുട്ടിന്റെ ഭാഗത്തുള്ള നക്ഷത്രങ്ങൾ റിഗലും (Rigel) സെയ്ഫും (Saiph) ആണ്. പടിഞ്ഞാറുള്ളത് റിഗലും കിഴക്കുള്ളത് സെയ്ഫും. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളുണ്ട്. മിന്റാക്കാ (Mintaka), അൽനിലം (Alnilam), അൽനിതാക് (Alnitak) എന്നിവയാണ് അരപ്പട്ടയിലെ നക്ഷത്രങ്ങൾ (യഥാക്രമം പടിഞ്ഞാറുനിന്നും കിഴക്കോട്ട്). വടക്കു ഭാഗത്തുള്ള വലിയ രണ്ട് നക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്ക് മാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു. ഇതാണ് മകയിരം എന്ന ചാന്ദ്രഗണം (ചിത്രം നോക്കുക). അരപ്പട്ടയിലെ മധ്യനക്ഷത്രത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി സങ്കല്പിച്ചിരിക്കുന്നു. ഒറൈൻ, ഓട്ടക്കാരൻ എന്നീ നെബുലകൾ ഈ ഭാഗത്ത് കാണാം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.
ഓറിയോണ്‍ – ഒരു വഴികാട്ടി

ഓറിയണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുടർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്രത്തിലേക്ക് നീളും.
ബൃഹച്ഛ്വാനം

വേട്ടക്കാരന് തെക്ക് കിഴക്കായി, പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ചക്രവാളത്തിൽ ഏകദേശം 25° മുകളിലായി ഈ മാസം കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് (Sirius – രുദ്രൻ). സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹച്ഛ്വാനം. വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്.
ലഘുലുബ്ധകൻ (Canis Minor)

തിരുവാതിരയ്ക്ക് കിഴക്കായി, സിരിയസ്സിനു വടക്കായി തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. പടിഞ്ഞാറെ ചക്രവാളത്തിൽ ഏകദേശം 40°-45° മുകളിലായാണ് ഈ മാസം ലഘുലുബ്ധകന്റെ സ്ഥാനം. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമൈസയും (Gomeisa) ആണ്.
പ്രാജിത (Auriga)

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത. മെയ്മാസം വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ ഏകദേശം 10°-25° മുകളിലായാണ് ഇതിന്റെ സ്ഥാനം. അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella).
സപ്തർഷിമണ്ഡലം (Ursa Major)
വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷിമണ്ഡലം (വലിയ കരടി / Big Bear / Big dipper). മെയ് മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കെ ചക്രവാളത്തിനു മുകളിൽ വടക്കെ ആകാശത്തിന്റെ മദ്ധ്യഭാഗത്തായി കാണപ്പെടുന്നു. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merak), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Alkaid) എന്നിവയാണ്.
- സപ്തർഷികളിലെ പുലഹൻ, ക്രതു എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഒരു രേഖ സങ്കല്പിച്ച് നീട്ടിയാൽ അത് ധ്രുവനക്ഷത്രത്തിൽ എത്തും.
- അത്രി, പുലസ്ത്യൻ എന്നീ നക്ഷത്രങ്ങൾ യോജിപ്പിക്കുന്ന രേഖ തെക്കുപടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ അത് ചിങ്ങത്തിലെ റെഗ്യുലസ് എന്ന നക്ഷത്രത്തിൽ എത്തും.
- അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും.

മറ്റുള്ളവ
- തെക്കുകിഴക്കു ദിശയിൽ, ചക്രവാളത്തിൽ നിന്നും ഏകദേശം 50° ഉയരത്തിൽ, ചിത്രയ്ക്ക് തെക്കുപടിഞ്ഞാറഅ മാറി കാണുന്ന നാലു നക്ഷത്രങ്ങൾ ചേര്‍ന്ന താരാഗണമാണ് അത്തം (അത്തക്കാക്ക – Corvus).
- തെക്ക്-തെക്കുകിഴക്കെ ചക്രവാളത്തിനു തൊട്ടുമുകളിലായി നാലു നക്ഷത്രങ്ങൾ ചേർന്ന തെക്കൻകുരിശ് അഥവ ത്രിശങ്കു (Crux) എന്ന നക്ഷത്രഗണം കാണാം.
- കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തൽ നിന്നും ഏകദേശം 10° മുകളിലായി ചോതി (Arcturus) നക്ഷത്രം സന്ധ്യയോടെ ഉദിച്ചുയരും. ഇളം ചുവപ്പ് നിറമുള്ള നക്ഷത്രമാണിത്. ചോതി ഉൾപ്പെടുന്ന താരാഗണമാണം അവ്വപുരുഷൻ (Bootis /ബൂ വൂട്ടിസ്).
ചന്ദ്രൻ
ചന്ദ്രന്റെ മുഖങ്ങൾ
അമാവസി കഴിഞ്ഞ് മൂന്നാം ദിവസമാണ് മെയ് 1. അന്ന് സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കലയായി ചന്ദ്രനെ കാണാം. തുടർന്നുള്ള സന്ധ്യകളിൽ പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നുള്ള അതിന്റെ ഉയരം കൂടിവരികയും മുഖം വലുതായി വരികയും ചെയ്യും.
- മെയ് 4-ന് സന്ധ്യക്ക് ചന്ദ്രനെ അർദ്ധചന്ദ്ര രൂപത്തിൽ തലക്കു മുകളിലായി കാണാം. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം എന്നു വിളിക്കുന്നു. അന്നേദിവസം ചന്ദ്രൻ ചൊവ്വക്ക് അടുത്തായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
- മെയ്12-ന് ആണ് പൗർണ്ണമി. അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും.
- മെയ് 20-ന് ചന്ദ്രൻ ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം.
- മെയ് 27 ന് വീണ്ടും അമാവാസിയാകും.
ചന്ദ്രന്റെ സ്ഥാനങ്ങൾ
- മെയ് 2 – കാസ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങൾക്കടുത്ത് ചൊവ്വയ്ക്ക് സമീപത്തായി കാണപ്പെടും.
- മെയ് 5 – ചിങ്ങം രാശിയിലെ റെഗുലസ് നക്ഷത്രത്തിനടുത്ത് (മകം ചാന്ദ്രഗണം) കാണപ്പെടും
- മെയ് 7 – ചിങ്ങം രാശിയിലെ ഉത്രം (Denebola) നക്ഷത്തിന് അടുത്തായി കാണപ്പെടും.
- മെയ് 10 – ചന്ദ്രൻ ചിത്ര നക്ഷത്രത്തിനടുത്ത്.
- മെയ് 14 – ചന്ദ്രൻ തൃക്കേട്ട (Antares) നക്ഷത്രത്തിനടുത്ത്.
- മെയ് 22 – ചന്ദ്രൻ ശനി (Saturn) ഗ്രഹത്തിനടുത്ത്.
- മെയ് 24 – ചന്ദ്രൻ ശുക്രന് (Venus) അടുത്ത്.
- മെയ് 30 – ചന്ദ്രൻ പോളക്സ് നക്ഷത്രത്തിനടുത്ത്.
ഗ്രഹങ്ങള്‍
ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണ് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ ഈ മാസം സന്ധ്യക്ക് നിരീക്ഷിക്കാനാകും. ശുക്രൻ, ശനി, ബുധൻ എന്നീ ഗ്രഹങ്ങളെ പുലർച്ചെ നിരീക്ഷിക്കാം.
ബുധൻ

മെയ് ആദ്യ വാരം പുലർച്ചെ 5:15-ഓടെ നോക്കിയാൽ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 8° മുകളിലായി ബുധനെ കാണാം. തുടർന്നുള്ള ദിവസങ്ങളിൽ ക്രമേണ അത് ചക്രവാളത്തോട് ചേർന്നുവരും. മെയ് രണ്ടാം വാരത്തിനു ശേഷം അത് സൂര്യനോട് ചേർന്ന് കാണപ്പെടുന്നതിനാൽ നിരീക്ഷണം പ്രയാസമാകും.
മറയില്ലാതെ കിഴക്കെ ആകാശം കാണാൻ കഴിയുന്നതും ചുറ്റുപാടുനിന്നും പ്രകാശമൊന്നുമില്ലാതെ നല്ല ഇരുട്ടുള്ളതുമായ സ്ഥലത്ത്, ഉയർന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നൊ, കുന്നിൻ പുറത്തുനിന്നോ നോക്കിയാൽ കിഴക്ക് മാസം പകുതി വരെ ചക്രവാളത്തിനോട് ചേർന്ന് ബുധനെ കാണാം.
ശുക്രൻ

പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിലായാണ് ശുക്രനെ (Venus) കാണാനാവുക. മാസാദ്യം ചക്രവാളത്തിൽ നിന്നും ഏകദേശം 25° മുകളിലായും പിന്നീടുള്ള ദിവസങ്ങളിൽ ചക്രവാളത്തിൽ നിന്നും ക്രമേണ ഉയർന്നുയർന്നും ശുക്രനെ കാണാനാകും. മാസാവസാനം അത് കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായി കാണപ്പെടും. ഈ മാസം കിഴക്കെ ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് ശുക്രൻ.
സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണ് ശുക്രൻ.
ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചതും ഈ ഗ്രഹത്തെയാണ്.
ചൊവ്വ

ഈ മാസം സന്ധ്യക്കു നോക്കിയാൽ തലയ്ക്കു മുകളിൽ നിന്നും ഏകദേശം 30° വടക്കുപടിഞ്ഞാറായി, കർക്കിടകം രാശിക്കടുത്തായി, ഇളം ചുവപ്പ് നിറത്തിൽ തിളങ്ങിനിൽക്കുന്ന ചൊവ്വയെ (Mars) കാണാനാകും. മാസാവസാനത്തോടെ അതിന്റെ സ്ഥാനം ചിങ്ങം രാശിക്കടുത്തേക്കായി മാറും. സന്ധ്യക്ക് തലക്കു മുകളിൽനിന്നും അല്പം പടിഞ്ഞാറായി, ആകാശത്ത് നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ. അതിനാൽ പ്രയാസം കൂടാതെ ചൊവ്വയെ തിരിച്ചറിയാനാകും.
വ്യാഴം

ഈ മാസം സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കാണുന്ന തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ഇടവം രാശിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. മാസാദ്യം പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° ഉയരത്തിലായി കാണാൻ കഴിയുന്ന വ്യാഴം മാസാവസാനത്തോടെ ചക്രവാളത്തോട് ചേർന്ന് കാണപ്പെടും. ദൂരദർശിനിയിലൂടെ നോക്കിയാൽ വ്യാഴത്തിന്റെ വലുപ്പമേറിയ ഉപഗ്രഹങ്ങളായ ഗാനിമേഡ് (Ganymede), കലിസ്റ്റോ (Callisto), യൂറോപ്പ (Europa), അയോ (Io) എന്നിവയെ കാണാനാകും.
12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്ത വർഷം മിഥുനം രാശിയിലായിരിക്കും വ്യാഴം ഉണ്ടാവുക.
ശനി

മാസാദ്യം കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 25° മുകളിൽ, ശുക്രന് അടുത്തായി ശനി ദൃശ്യമാകും. മീനം രാശിയിലാണ് സ്ഥാനം. ക്രമേണ അത് തലക്ക് മുകളിലേക്ക് മാറി മാറി പോകുന്നതായി കാണാം. അവസാന വാരമാകുമ്പോഴേക്കും പുലർച്ചെ കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 50° മുകളിലായി കാണപ്പെടും.
കുറിപ്പ്
- ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
- മെയ് 15നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.