Read Time:9 Minute

കേൾക്കാം

എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി, അവതരണം : മണികണ്ഠൻ കാര്യവട്ടം

നവീന ശിലായുഗകാലഘട്ടത്തിൽ ബി സി 3200 നും ബി സി 2900 നും ഇടയ്ക്ക് നിർമ്മിക്കപ്പെട്ട ഒരു സ്മാരകമോ ശവകുടീരമോ ആണ് അയർലന്റിലെ ന്യൂഗ്രാഞ്ചെ. ദക്ഷിണായനാന്ത ദിവസം (winter solstice) മുഖ്യപ്രവേശന കവാടത്തിന് മുകളിലായി നിർമ്മിച്ച മറ്റൊരു ചെറു ജാലകത്തിലൂടെ പ്രകാശം കുടീരത്തിനകത്ത് പ്രവേശിക്കും വിധമാണ് ഈ സ്മാരകം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അയർലന്റിലെ ന്യൂഗ്രാഞ്ചെ.

ബി സി 246 നും 222 നും ഇടയ്ക്ക് നിർമ്മിക്കപ്പെട്ട അലക്സാൻഡ്രിയയിലെ സെറാപ്പിയത്തിൽ ഒരു പ്രത്യേക ദിവസം സൂര്യരശ്മികൾ സെറാപ്പിസിന്റെ പ്രതിമയുടെ ചുണ്ടുകളെ സ്പർശിക്കും വിധത്തിൽ ഒരു വിടവ് നിർമ്മിച്ചിരുന്നു. സ്റ്റോൺഹെഞ്ച് ഉൾപ്പടെ പല പൌരാണിക നിർമ്മിതികളും സൂര്യന്റെ അയനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ തന്നെ കൊണാർക്ക് സൂര്യക്ഷേത്രം, തമിഴ്നാട്ടിലെ സൂര്യനാർകോവിൽ ഉൾപ്പടെയുള്ള പല പഴയകാല നിർമ്മിതികളിലും സൂര്യന്റെ സഞ്ചാരത്തെപ്പറ്റിയുള്ള അറിവ് ഉപയോഗപ്പെടുത്തിയിട്ടുള്ളതായിക്കാണാം. അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ നെറ്റിയിൽ കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് പ്രകാശം പതിപ്പിച്ച സംഭവം ആഘോഷിക്കുമ്പോൾ ഇന്ത്യൻ ശാസ്ത്രലോകത്തെ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങൾ തന്നെയോ പിന്നിലേക്ക് വലിക്കുകയാണ്.

സൂര്യതിലകത്തിന്റെ രഹസ്യം  

രാമനവമി ദിവസമായ ഏപ്രിൽ 17 നാണ് ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഉച്ചയ്ക്ക് 12 മണിക്ക് വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യപ്രകാശം പതിപ്പിച്ചത്.  റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ ഐ ടി റൂർക്കി, ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് തുടങ്ങി ഇന്ത്യയിലെ പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കിയത് എന്നവകാശപ്പെടുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ സൂര്യന്റെ സഞ്ചാരം അനുസരിച്ച് പ്രകാശം പതിക്കുന്ന ഇടം കണക്കാക്കാനുള്ള ജ്യോതിശാസ്ത്ര ജ്ഞാനം ഇന്ത്യ ഉൾപ്പടെ പ്രാക്തന സമൂഹങ്ങളിലെ മനുഷ്യർക്കുണ്ടായിരുന്നു. സൗരചക്രത്തെ ആധാരമാക്കി വർഷത്തിലെ ഓരോ ദിവസവും പ്രകാശം പതിക്കുന്ന സ്ഥാനം നിർണ്ണയിക്കുന്ന ലളിതമായ കണക്കുകൂട്ടലുകളേ ഇതിന് ആവശ്യമുള്ളൂ. എല്ലാ വർഷവും പ്രകാശം ഇതേ സ്ഥാനത്താണ് പതിക്കുക. സൗരചക്രത്തെ മാത്രമല്ല ചന്ദ്രന്റെ ചക്രത്തെ അടിസ്ഥാനമാക്കിയുള്ള പൌരാണിക നിർമ്മിതികളുമുണ്ട്. രാമനവമി തിഥി അഥവാ ചാന്ദ്ര ചക്രത്തെ അനുസരിച്ചുള്ള ദിവസമാണ്. അതുകൊണ്ട് തന്നെ എല്ലാ വർഷവും ഒരേ കലണ്ടർ ദിവസമല്ല അത് വരുന്നത്. അതുകൊണ്ട് ചാന്ദ്ര ചക്രം അനുസരിച്ച് കണ്ണാടികളുടെയും ലെൻസുകളുടെയും സ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഒരു ക്ഷേത്ര ജീവനക്കാരന് എളുപ്പത്തിൽ ചെയ്യാവുന്ന ഇതിനെ പൂർണ്ണമായും സ്വയം നിയന്ത്രിതമാക്കാനാണ് ഗിയർ ബോക്സ് സംവിധാനം നിർമ്മിച്ചിരിക്കുന്നത്.

അടിസ്ഥാന ശാസ്ത്രജ്ഞാനത്തിനപ്പുറം വലിയ വൈദഗ്ദ്ധ്യമൊന്നും ഇതിന് ആവശ്യമില്ല എന്നതാണ് വാസ്തവം.

ശാസ്ത്രലോകത്തിന്റെ പ്രതികരണം

TIFR, IISER, IIA തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ മുന്നൂറിലേറെ ശാസ്ത്രജ്ഞരും ശാസ്ത്ര ആഭിമുഖ്യമുള്ള പൊതുജനങ്ങളും ഒപ്പിട്ട തുറന്ന കത്ത് രാമതിലകത്തെ ആഘോഷിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടുന്നു. ലളിതമായ പ്രശ്നത്തിന് സങ്കീർണ്ണമായ പരിഹാരം തേടുന്ന രീതി ശാസ്ത്രലോകത്തിന് ചേർന്നതല്ല എന്ന് കത്തിൽ പറയുന്നു. അപക്വമായി നിർമ്മിക്കപ്പെട്ട ഒരു സ്കൂൾ സയൻസ് പ്രൊജക്റ്റിന്റെ നിലവാരമേ ഇതിനുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉറുമ്പിനെ കൊല്ലാൻ പീരങ്കി ഉപയോഗിക്കുന്നത് പോലെ പരിഹാസ്യമാണത്. മാത്രമല്ല ഒരു ബിരുദ വിദ്യാർത്ഥിക്ക് നിർമ്മിക്കാൻ കഴിയുന്ന ഉപകരണത്തിനായി ഇത്ര സമയവും വൈദഗ്ദ്ധ്യവും പൊതുഫണ്ടും പാഴാക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്. ശാസ്ത്രീയമായ എന്തെങ്കിലും കണ്ടെത്തലിലേക്കോ ഉൾക്കാഴ്ചയിലേക്കോ ഇത് നയിക്കുന്നുമില്ല. തങ്ങൾക്ക് അവകാശപ്പെട്ട ഫെലോഷിപ്പ് പോലും ലഭിക്കാതെ ഗവേഷക വിദ്യാർഥികൾ കഷ്ടപ്പെടുമ്പോഴാണ് ഈ ധൂർത്ത് എന്നും കത്ത് ഓർമ്മിപ്പിക്കുന്നു.

ശാസ്ത്രബോധം അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ട, ശാസ്ത്രീയ ചിന്താരീതി പ്രോൽസാഹിപ്പിക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള ഇന്ത്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് തുടങ്ങിയ ഉന്നത ഗവേഷണ സ്ഥാപനങ്ങളുടെ പേരുകൾ ഇത്തരമൊരു പ്രോജക്റ്റുമായി ബന്ധപ്പെടുന്നത് ദൗർഭാഗ്യകരമാണ് എന്നും കത്തിൽ പറയുന്നു.

അധിക വായനയ്ക്ക്

  • Scientists Question CSIR Project in Ayodhya’s Ram Mandir >>>
  • Ayodhya: Sun to shine on Ram, with science >>>
Happy
Happy
31 %
Sad
Sad
24 %
Excited
Excited
7 %
Sleepy
Sleepy
7 %
Angry
Angry
21 %
Surprise
Surprise
10 %

Leave a Reply

Previous post ബാക്റ്റീരിയൽ പ്രകാശ സംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ
Next post പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK
Close