മധ്യ ആഫ്രിക്കയിലെ ശുദ്ധജല ചതുപ്പുപ്രദേശങ്ങളിൽ കാണപ്പെടുന്ന കൊക്കുവർഗത്തിൽപ്പെട്ട വലിയ പക്ഷിയാണ് ഷു ബിൽ. വലിയ ഷൂ ആകൃതിയിലുള്ള കൊക്കിൽ നിന്നാണ് ഇവയ്ക്ക് പേര് ലഭിച്ചത്. കൊക്കുകളുടെ വിഭാഗത്തിലാണിവയെ മുൻകാലങ്ങളിൽപ്പെടുത്തിയിരുന്നത്. അടുത്ത കാലത്തെ പഠനങ്ങൾ അവയ്ക്ക് പെലിക്കനുകളുമായാണ് കൂടുതൽ ബന്ധമെന്ന് കാണിക്കുന്നു.
നല്ല ഉയരമുള്ള പക്ഷിയാണ് കാലുറക്കൊക്ക്, 110 സെന്റീ മീറ്റർ മുതൽ 140 സെന്റീമീറ്റർ വരെയാണിവയുടെ ശരാശരി ഉയരം, വാലുമുതൽ കൊക്കിന്റെ അറ്റംവരെ 100 മുതൽ 140 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 250 – 260 സെന്റീമീറ്റർ വരെയാണ്. ഭാരം 4-7 കിലോ ഗ്രാം. ആണിന്റെ ശരാശരി ഭാരം 5.6 കിലോഗ്രാമും പെണ്ണി ന്റേത് 4.9 കിലോഗ്രാമുമാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വലിയ വീർത്ത കൊക്കുകൾ തന്നെ. നല്ല നീളമുള്ള ഇരുനി ത്തിലുള്ള കാലുകളാണിവയ്ക്ക്. ഇവയുടെ കാലടികൾ സാമാന്യത്തിലധികം വലിപ്പമേറിയതാണ്. ചതുപ്പുകളിൽ സഞ്ചരിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്.
പ്രായപൂർത്തിയായ പക്ഷികളുടെ തൂവലുകൾക്ക് നീല കലർന്ന ചാരനിറമാണ്. നെഞ്ചിൽ ഏതാനും നീണ്ട തുവലുകളുണ്ടാവും. കുഞ്ഞ് ജനിച്ച് ഒന്നരമാസം കഴിയുന്നതോടെ കൊക്കുകൾ പൂർണമായും വികസിച്ച് വന്നിട്ടുണ്ടാവും.
ദക്ഷിണ സുഡാൻ, കിഴക്കൻ കോംഗോ, റുവാണ്ട, ഉഗാണ്ട, പടിഞ്ഞാറൻ ടാൻസാനിയ എന്നിവിടങ്ങളിലെ ചതുപ്പുകളാണ് കാലുറക്കൊക്കുകളുടെ ആവാസമേഖല. ദേശാടകരല്ലാത്ത ഇവ ആവാസസ്ഥലത്തെ മാറ്റങ്ങളും ഭക്ഷ്യലഭ്യതയുമൊക്കെ അനുസരിച്ച് ചെറിയ സഞ്ചാരങ്ങൾ മാത്രമാണ് നടത്താറുള്ളത്. മത്സ്യങ്ങളാണിവയുടെ പ്രധാന ഭക്ഷണം. കാഴ്ചയെ അടിസ്ഥാനമാക്കി മാത്രമാണ് ഇവയുടെ ഇരതേടൽ. മത്സ്യങ്ങളെ പിടിക്കുന്നതിന് ഹിപ്പൊപൊട്ടാമസുകളുടെ ഇടപെടലുകൾ പലപ്പോഴും ഇവയ്ക്ക് സഹായകമാവാറുണ്ട്. മത്സ്യങ്ങളെ കൂടാതെ തവളകൾ, ജലപ്പാമ്പുകൾ, മുതലക്കുഞ്ഞുങ്ങൾ, ആമകൾ എന്നിവയെയൊക്കെ ഇവ ഭക്ഷിക്കുന്നു.
ഒറ്റയ്ക്ക് താമസിക്കാനാണിവയ്ക്കിഷ്ടം. ഇരതേടലും സഞ്ചാരവും എല്ലാം ഒറ്റയ്ക്ക് തന്നെ. പെലിക്കണുകൾ, മറ്റ് കൊക്കുകൾ എന്നിവ ചെയ്യുന്നതുപോലെ അടുത്തടുത്ത് കൂടുകൂട്ടുന്ന പതിവ് ഇവയ്ക്കിടയിലില്ല. മഴക്കാലം കഴിയുന്നതോടെയാണ് കൂടൊരുക്കുന്നത്. ഇണകൾ രണ്ടും കൂടൊരുക്കുന്നതിൽ ഏർപ്പെടും. കൂടിന് 1 – 1.1 മീറ്റർ വരെ വലി പ്പമുണ്ടാവും. ഒന്നുമുതൽ മൂന്നുവരെ മുട്ടകളാണിടുക. 30 ദിവസം അടയിരിക്കും. ഇണകൾ രണ്ടും അടയിരിക്കാൻ കൂടും.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽ ഷു ബിൽ പക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 5000 – 8000 പക്ഷികളെ ഇന്ന് അവ ശേഷിക്കുന്നുള്ളൂ. ആവാസമേഖലയുടെ ശോഷണവും വേട്ടയാടലുമാണ് ഇവയുടെ പ്രധാന ഭീഷണി.
2014 ജനുവരി ലക്കം ശാസ്ത്രകേരളം മാസികയിലെ കാലിഡോസ്കോപ്പ് പംക്തിയിൽ പ്രസിദ്ധീകരിച്ചത്. തയ്യാറാക്കിയത്എം.ടി.മുരളി, ജസ്റ്റിൻ ജോസഫ്, സുനിൽ ദേവ്