
കേരള തീരത്തെ കപ്പലപകടം
വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്‌നറുകൾ കയറ്റിവന്ന MSC ELSA 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം ഉണ്ടായ ദിവസം മുതൽ ശ്രദ്ധിക്കുന്നു.
ദുരന്ത നിവാരണരംഗത്തേക്ക് ഞാൻ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു ഓയിൽ ടാങ്കർ ആയിരുന്നു അപകടത്തിൽ പെട്ടത്. ഒരുപാട് അസംസ്‌കൃത എണ്ണയാണ് അന്ന് കടലിൽ പരന്നത്. അതിന് ശേഷം യുക്രൈൻ മുതൽ ശ്രീലങ്ക വരെ ലോകത്തുണ്ടായ മിക്കവാറും ഓയിൽ സ്പില്ലുകൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം എനിക്ക് ഉണ്ടായിട്ടുണ്ട്. യെമെനിലെപ്പോലെ ഓയിൽ സ്പിൽ ഉണ്ടാകുമായിരുന്ന സാഹചര്യം ഒഴിവാക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ അപകട സാഹചര്യം ഉണ്ടായപ്പോൾ മുതൽ കേരള ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിയുമായി നിരന്തരം സംസാരിക്കുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ആളുകളുടെ താല്പര്യം ശ്രദ്ധിച്ചും അതെ സമയം വേണ്ടത്ര പരിചയം ഇല്ലാത്തവർ തെറ്റായ അഭിപ്രായങ്ങൾ പറയുന്നത് കൊണ്ടും ചില കാര്യങ്ങൾ പറയാം.
- അപകടത്തിൽ പെട്ടത് എണ്ണക്കപ്പൽ അല്ലെങ്കിലും എല്ലാ കപ്പലുകളിലും അതിന്റെ ഇന്ധനമായി ഒരു പെട്രോളിയം ഉൽപ്പന്നം കാണും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കപ്പലിൽ 367.1 tonnes of Very Low Sulphur Fuel Oil (VLSFO) and 84.44 tonnes of diesel ആണ് ഉണ്ടായിരുന്നത്. ഇവ തന്നെ ഇന്ധന ടാങ്കുകളിലാണ് ഉള്ളത്.
- ലഭ്യമായ ചിത്രങ്ങളിൽ ആദ്യദിവസം കണ്ടത് ഒരു നേർത്ത എണ്ണപ്പാട മാത്രമാണ്. വെള്ളിനിറത്തിലുള്ള ഈ പാടയ്ക്ക് 0.04 മൈക്രോമീറ്റർ മാത്രമാണ് കനമുള്ളത് (തലമുടിയുടെ നൂറിലൊന്നിലും താഴെ). നൂറു ലിറ്റർ പെട്രോളിയം ഉൽപ്പന്നങ്ങൾ വെള്ളത്തിൽ പടർന്നാൽ പോലും ഒരു ചതുരശ്ര കിലോമീറ്ററിനപ്പുറത്ത് ഇത്തരത്തിൽ എണ്ണപ്പാട ഉണ്ടാകും. ഇത്തരം എണ്ണപ്പാടകളെ കടലിൽ നിന്നും നീക്കം ചെയ്യുന്നത് സാങ്കേതികമായി എളുപ്പമല്ല. രണ്ടു ദിവസത്തിനുള്ളിൽ അത് ആവിയായി പോവുകയും ചെയ്യും. ഇതിപ്പോൾ കടലിൽ കാണാനില്ല. കപ്പലിലെ ഇന്ധന ടാങ്കിൽ ചോർച്ച ഇതുവരെ ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
- തൽക്കാലം കണ്ട സ്ഥിതി അനുസരിച്ച് ഇന്ധന എണ്ണയുടെ വലിയ തോതിലുള്ള ചോർച്ച ഉണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്, പക്ഷെ കപ്പൽ അവിടെ കിടക്കുന്നിടത്തോളം ഇത്തരത്തിൽ ഒരു ഓയിൽ സ്പിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കടലിനടിയിൽ കിടക്കുന്ന കപ്പലിൽ നിന്ന് പോലും ഇന്ധന എണ്ണ ഊറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. അതിനുള്ള ശ്രമങ്ങൾ നടത്തണം.
- കപ്പലിൽ ഉണ്ടായിരുന്ന കാർഗോയിൽ എത്രയെണ്ണം കെട്ടുവിട്ട് കടലിലേക്ക് പോയി, എത്രയെണ്ണം കപ്പലിൽ തന്നെ ഇപ്പോഴും ഉണ്ട് എന്നതും ഈ കണ്ടൈനറുകളിൽ എന്തെല്ലാം വസ്തുക്കളായിരുന്നു എന്നതുമാണ് അടുത്ത വിഷയം. 600 ലധികം കണ്ടെയ്നറുകൾ ഉണ്ടായിരുന്നതിൽ പതിമൂന്ന് കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ആണ് ഉണ്ടായിരുന്നതെന്നാണ് വാർത്ത. കൂടാതെ ഏറെ പ്ലാസ്റ്റിക് നർഡിലുകൾ (ചെറിയ തരികൾ) ഉള്ളത് തീരത്ത് എത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സാധാരണ ചെയ്യുന്ന കാര്യങ്ങൾ
- കപ്പൽ മുങ്ങിയ സ്ഥലം നിരന്തരം നിരീക്ഷിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റു കപ്പലുകൾ/ബോട്ടുകൾ ഉപയോഗിച്ച്, ദിവസം ഒന്നോ രണ്ടോ തവണ ഹെലികോപ്റ്റർ ഉപയോഗിച്ച്, ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് എല്ലാം സ്ഥിതിഗതികൾ നിരീക്ഷിക്കണം. കപ്പൽ അവിടെ നിന്നും മാറ്റുന്നത് വരെയോ കപ്പലിലുള്ള ഇന്ധന എണ്ണയും രാസവസ്തുക്കളും സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്നത് വരെയോ ഇത് തുടരണം. ഇന്ധന ടാങ്കിൽ നിന്നും ചോർച്ച ഉണ്ടായാൽ അത് പ്രാദേശികമായി തന്നെ നിയന്ത്രിക്കാനും, കോരിയെടുക്കാനുമുള്ള സംവിധാനമുള്ള കപ്പലുകൾ അടുത്ത് തന്നെ ഉണ്ടാകുന്നതാണ് ഏറ്റവും സുരക്ഷിതം. നിയന്ത്രണാതീതമായി എണ്ണ തീരത്തേക്ക് പരക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകാനും ഇതിന് സാധിക്കുമല്ലോ.
- ആഴക്കടലിൽ ഉള്ള നേരിയ എണ്ണപ്പാട മൽസ്യങ്ങളുടെ വൻതോതിലുള്ള ചത്തൊടുങ്ങലിന് കാരണമാകാറില്ല. മുൻപ് പറഞ്ഞത് പോലെ ഇത്തരത്തിലുള്ള എണ്ണപ്പാടകൾ അതിവേഗം ബാഷ്പീകരിച്ച് പോകുന്നതുകൊണ്ട് അത് മൽസ്യങ്ങളുടെ ഉള്ളിൽ എത്താനും അതുവഴി മനുഷ്യന്റെ ഭക്ഷണശൃംഖലയിൽ എത്താനുമുള്ള സാധ്യത നിലവിൽ വളരെ കുറവാണ്. കപ്പലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ മൽസ്യബന്ധനം നിയന്ത്രിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് ശരിയായ കാര്യമാണ്.
- കപ്പലിൽ നിന്നും കെട്ടഴിഞ്ഞു പോയ കണ്ടെയ്നറുകൾ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു ദൗത്യം. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളുടെ കൃത്യമായ എണ്ണവും അതിൽ ഓരോന്നിലും എന്തുണ്ട് എന്നതും കൂടാതെ ഓരോ കണ്ടെയ്നറിനും കൃത്യമായ ഒരു നമ്പർ കാണും. ഇപ്പോൾത്തന്നെ ചില കണ്ടെയ്‌നറുകൾ കരക്കടിഞ്ഞു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ/ആഴ്ചകളിൽ/മാസങ്ങളിൽ ഇത് ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ചെന്നടിയാനുള്ള സാധ്യത ഉണ്ട്. തീരദേശത്ത് ഇത്തരത്തിൽ കണ്ടെയ്നറുകളോ കണ്ടെയ്നറുകൾക്കുള്ളിൽ പാക്ക് ചെയ്ത് വച്ചിരിക്കുന്ന ചെറിയ ഡ്രമ്മുകളോ പെട്ടികളോ കണ്ടാൽ അവ പോയി പരിശോധിക്കരുതെന്നും അധികാരികളെ അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ഇപ്പോൾത്തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടല്ലോ.
- നാൽപ്പതിൽ അധികം കണ്ടെയ്‌നറുകൾ ഇപ്പോൾ തന്നെ തീരത്ത് എത്തി എന്നാണ് മനസ്സിലാക്കുന്നത്. ഇവയിലെ ചരക്ക് മിക്കവാറും പുറത്തേക്ക് പോയിരുന്നു. കടൽ തീരത്ത് നമ്മൾ പ്രധാനമായി കാണുന്നത് പ്ലാസ്റ്റിക് നർഡിൽസ് ആണ്. ഇത് തൊട്ടാൽ അപകടകാരി ഒന്നുമല്ലെങ്കിലും മൽസ്യങ്ങളോ ഡോൾഫിനോ ആമകളോ ഒക്കെ ഭക്ഷണമാണെന്ന് കരുതി കഴിക്കാനും അവക്ക് ആപത്ത് സംഭവിക്കാനും വഴിയുണ്ട് (ശ്രീലങ്കയിൽ ഇത്തരം കേസുകൾ ഉണ്ടായി). അതുകൊണ്ട് കരക്കടിയുന്ന നർഡിൽസ് ഏറ്റവും വേഗത്തിൽ തൂത്തുവാരി അവിടെ നിന്നും മാറ്റുക. ഈ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അപകടം ഉള്ള ഒന്നല്ല, അതുകൊണ്ട് തന്നെ സന്നദ്ധ സേവകരെ ഈ വിഷയത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇനിയുള്ള ദിവസങ്ങളിലും ഇത് തുടർന്നേക്കാം എന്നത് കൊണ്ട് തന്നെ ബുള്ഡോസറോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ച് ഇവ മാറ്റാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം നർഡിൽസിലും ഏറെ മണ്ണും മണലും ഒക്കെ അത് കോരിയെടുക്കും, നാളെ വീണ്ടും അവിടെ കൂടുതൽ നർഡിൽസ് വന്നാൽ വീണ്ടും കോരിയെടുക്കേണ്ടതായും വന്നേക്കാം. വീട്ടിൽ എല്ലാം ഉപയോഗിക്കുന്ന കൈക്കോരി കൊണ്ട് കോരിയെടുക്കുന്നതാണ് ഏറ്റവും ഉചിതം.
- കപ്പലിൽ ഉണ്ടായിരുന്ന രാസ വസ്തുക്കളിൽ ഇതുവരെ ആശങ്ക ഉണ്ടാക്കുന്നത് കാൽസിയം കാർബൈഡ് ആണ്. കണ്ടൈനറുകളിൽ ആണ് ഇവ കൊടുപോകുന്നതെങ്കിലും ഇരുന്നൂറോളം ലിറ്റർ വരുന്ന ഇരുമ്പ് ഡ്രമ്മുകളിൽ ആണ് കാൽസിയം കാർബൈഡ് പാക്ക് ചെയ്തിക്കുന്നത്. ഇത് വെള്ളവും ആയി പ്രതിപ്രവർത്തിച്ചാൽ ചൂട് ഉൽപ്പാദിപ്പിക്കുന്ന ഒന്നായതിനാൽ തന്നെ ഇത്തരം ഡ്രമ്മുകൾ കണ്ടാൽ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. കടലിൽ ഒരു ഡ്രം ഒഴുകി നടക്കുന്നത് കണ്ടാൽ അത് എന്താണെന്ന് തിരിച്ചറിയാത്തിടത്തോളം കാലം അത് അപകടകാരി ആണെന്ന് കരുതി കൈകാര്യം ചെയ്യുന്നതാണ് ശരി.
- മുങ്ങിക്കിടക്കുന്ന കപ്പലിന്റെ സ്ഥിതി എന്താണെന്ന് പരിശോധിക്കുകയാണ് അടുത്ത പടി. കപ്പൽ കിടക്കുന്ന ആഴവും കടലിലെ കാലാവസ്ഥയും അനുസരിച്ച് ഡൈവർമാരോ മുകളിൽ നിന്നും നിയന്ത്രിക്കുന്ന റോബോട്ടുകളോ (Remotely operated vehicles, RoVs) ആണ് ഇക്കാര്യം ചെയ്യുന്നത്. കപ്പലിന്റെ എണ്ണ ടാങ്കിന്റെ സ്ഥിതി എന്താണ്, അവിടെ ഇനി കണ്ടെയ്നറുകൾ ബാക്കി ഉണ്ടോ, ഉണ്ടെങ്കിൽ അവ സുരക്ഷിതമായി അവിടെ നിന്നും മാറ്റാൻ സാധിക്കുമോ എന്നതൊക്കെയാണ് ഈ നിരീക്ഷണത്തിൽ കണ്ടെത്തേണ്ടത്.
- കപ്പൽ അപകടത്തിൽപ്പെട്ടത് ആഴക്കടലിൽ ആണെങ്കിലും അതിലെ ഇന്ധന എണ്ണയുടെ ടാങ്ക്, ലീക്കായാൽ അതിൽ നിന്നുണ്ടാകുന്ന ഓയിൽ സ്പിൽ കരയിൽ എത്താനുള്ള സാധ്യതയുണ്ട്. ഇന്ത്യയിൽ കടലിലുഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കോസ്റ്റ് ഗാർഡ് ആണ്. അവർക്കതിനായി പതിറ്റാണ്ടുകളായുള്ള പ്രോട്ടോകോളുകളും കപ്പലും ഉപകരണങ്ങളും ഉണ്ട്. അവർ ഇപ്പോൾ തന്നെ സ്ഥലത്തുണ്ട്.
- തീരത്ത് എണ്ണയോ രാസവസ്തുക്കളോ എത്തിച്ചേർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടാവുക എന്നതാണ് സംസ്ഥാനം ചെയ്യേണ്ടത്. കപ്പൽ അവിടെ നിന്നും മാറ്റുന്നത് വരെ അല്ലെങ്കിൽ അതിലെ ഇന്ധന എണ്ണയും രാസ കണ്ടൈനറുകളും ഊറ്റിയെടുത്ത് സുരക്ഷിതമാക്കുന്നത് വരെ ഈ മുൻകരുതൽ തുടരുക.
- മൽസ്യബന്ധനം തൊട്ട് ദുരന്ത നിവാരണം വരെയുള്ള കേരളത്തിലെ വിവിധ വകുപ്പുകൾ, കോസ്റ്റ് ഗാർഡ് തൊട്ടു ഷിപ്പിംഗ് വരെയുള്ള കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ, കപ്പൽ കമ്പനിയുടെ പ്രതിനിധികൾ, അവരുടെ ഇൻഷുറൻസ് ഏജന്റ്, അവർ കൊണ്ടുവരുന്ന കപ്പൽരക്ഷാദൗത്യസംഘം (salvage) തൊട്ടു പരിസ്ഥിതി വരെയുള്ള വിദഗ്ദ്ധർ എന്നിങ്ങനെ അനവധി ആളുകൾ ഇപ്പോൾത്തന്നെ ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിക്കുക എന്നത് തന്നെ വലിയൊരു ജോലിയാണ്. ദിവസവും ഒരു പ്രാവശ്യമെങ്കിലും ഇത്തരത്തിൽ എല്ലാവരും ഉൾപ്പെട്ട ഒരു കോർഡിനേഷൻ മീറ്റിംഗ് നടത്തുന്നത് ഏറെ ഫലപ്രദമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പൊതുജനങ്ങൾ – സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. കരയിൽ വന്നടിയുന്ന കണ്ടയ്നർ കാണാൻ ഓട്ടോ എടുത്തു പോകാതിരിക്കുക. അതേസമയം തന്നെ പ്ലാസ്റ്റിക്കോ എണ്ണയോ ഒക്കെ വന്നടിയുന്ന സാഹചര്യമുണ്ടായാൽ അത് വൃത്തിയാക്കാൻ സന്നദ്ധ സേവകരുടെ ആവശ്യം ഉണ്ടാകും, അതിന് തയ്യാറായിരിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം അനുസരിച്ചു പങ്കെടുക്കുക.
- മത്സ്യത്തൊഴിലാളികളും തീരദേശത്തെ മറ്റു ബിസിനസ്സും തൊഴിലുകളും ചെയ്തു ജീവിക്കുന്നവരും – കണ്ടൈനറുകളോ ഡ്രമ്മുകളോ കടലിൽ ഒഴുകി നടക്കുന്നത് കണ്ടാലോ വലയിൽ കുടുങ്ങിയാലോ അതിന്റെ ഫോട്ടോ എടുക്കുകയും സർക്കാരിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യാമെങ്കിലും ഒരു കാരണവശാലും അത് എടുത്ത് ബോട്ടിൽ കയറ്റരുത്. മൽസ്യബന്ധനത്തെ പറ്റി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം തന്നെ തൊഴിലിന് പോകാതിരിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടങ്ങൾ ഉൾപ്പടെ, ഏതെങ്കിലും സാഹചര്യത്തിൽ ബോട്ടിലോ മൽസ്യബന്ധന ഉപകരണങ്ങളിലോ എണ്ണ പുരണ്ടാലോ മറ്റു നാശനഷ്ടങ്ങൾ ഉണ്ടായാലോ അതിന്റെയെല്ലാം ഫോട്ടോയും അത് വൃത്തിയാക്കാൻ വേണ്ടിവരുന്ന അധ്വാനവും ചിലവും കൃത്യമായി കണക്കു കൂട്ടിവെക്കുക, രസീതുകൾ ഉൾപ്പടെ. കപ്പൽ അപകടം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ ഷിപ്പിംഗ് കമ്പനി ബാധ്യസ്ഥരാണ്. എന്നാൽ കൃത്യമായ കണക്കുകൾ ബോധിപ്പിച്ചാൽ മാത്രമേ അത് മേടിച്ചെടുക്കാൻ പറ്റൂ.
- വിദഗ്ദ്ധർ – ഈ വിഷയത്തിൽ കൃത്യമായി അറിവുള്ളവർ മാത്രം അഭിപ്രായം പറയുക. പതിവ് ചാനൽ നിരീക്ഷകർ ഉടനെതന്നെ കപ്പൽ നിരീക്ഷകരായി വന്ന് പകുതി അറിവുകൾ വിളമ്പി കാര്യങ്ങൾ വഷളാക്കരുത്. ഇന്നലെ പ്ലാസ്റ്റിക് നർഡിലുകൾ കയ്യിലെടുത്ത് ഒരു വിദഗ്ധൻ ഇത് കാൽസ്യം കാർബൈഡ് ആണെന്ന് ടെലിവിഷൻ റിപ്പോർട്ടറോട് പറയുന്നത് കണ്ടു. മുൻപ് പറഞ്ഞത് പോലെ അപകടം ഉണ്ടാക്കുന്ന നഷ്ടങ്ങൾക്കുള്ള ന്യായമായ പരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. എന്നാൽ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ചാനൽ വിദഗ്ദ്ധർ ഉണ്ടാക്കുന്ന ഊഹാപോഹങ്ങൾ കൊണ്ട് ആളുകൾ ചെയ്യുന്ന പ്രവർത്തികൾക്കോ സർക്കാരിന് ചെയ്യേണ്ടി വരുന്ന പ്രവർത്തികൾക്കോ നഷ്ടപരിഹാരം ലഭിക്കില്ല. ഷിപ്പിംഗ് കമ്പനികളുടെ ഇൻഷുറൻസ് പ്രതിനിധികൾ ഇപ്പോൾത്തന്നെ കേരളത്തിൽ ഉണ്ടാകും. അവർ ഇത് ഓരോന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ – ഓയിൽ/കെമിക്കൽ സ്പിൽ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകാവുന്നത്
- പരിസ്ഥിതി-. ആഴക്കടലിൽ ചെറിയ തോതിൽ ചെറിയ അളവിൽ (ഒരു ഡ്രമ്മിൽ നിന്നോ മറ്റോ), രാസ വസ്തുക്കൾ കടലിൽ കലർന്നാൽ അത് വളരെ വേഗത്തിൽ നേർത്ത് മിനുറ്റുകൾക്കകം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിൽ ആകുന്നത് കൊണ്ട് വലിയ തോതിൽ പരിസ്ഥിതി നാശത്തിലേക്ക് വഴി വക്കില്ല. പക്ഷെ ഇന്ധന എണ്ണയിൽ ചോർച്ച ഉണ്ടാകുകയോ കരക്കടിയുന്ന കണ്ടൈനറുകളിലോ ഡ്രമ്മുകളിലോ നിന്നും രാസവസ്തുക്കളുടെ ചോർച്ച ഉണ്ടാവുകയോ ചെയ്താൽ അത് പ്രാദേശികമായി പരിസ്ഥിതി നാശം ഉണ്ടാക്കും. അതിനെ നേരിടാൻ തയ്യാറായിരിക്കുക.
- നിലവിൽ തീരത്ത് ഓയിൽ/കെമിക്കൽ സ്പിൽ ഉണ്ടാകാത്തതിനാൽ അത് ഉണ്ടായാൽ അത് വന്നടിയാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ (കടലിലും കരയിലും) കണ്ടൽക്കാടുകൾ ഉൾപ്പടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ മാപ്പ് ചെയ്യുക, അവിടുത്തെ ബേസ് ലൈൻ പ്രൊഫൈൽ എടുത്തുവെക്കുക. ഓയിൽ/കെമിക്കൽ തീരത്ത് എത്തിയാൽ അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് കൃത്യമായ രീതികൾ ഉണ്ട്. ഇതുമായി പരിചയപ്പെടുക. ഓയിൽ / കെമിക്കൽ സ്പിൽ കൈകാര്യം ചെയ്യുന്ന സമയത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനോടൊപ്പം പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തിവെക്കുക. അപകട ഘട്ടം കഴിയുമ്പോൾ വിശദവും ശാസ്ത്രീയവുമായ പരിസ്ഥിതി സർവ്വേ നടത്തുക.
- അതേസമയംതന്നെ ഈ അവസരങ്ങളിലുണ്ടാകുന്ന സാധാരണ സംഭവങ്ങൾ പോലും (ഏതെങ്കിലും ഒരു ആമയോ മൽസ്യമോ ചത്ത് കരക്ക് അടിയുന്നത്) ഈ ഓയിൽ / കെമിക്കൽ സ്പില്ലുമായി ‘ഉടൻ ബന്ധിപ്പിക്കാൻ’ മാധ്യമങ്ങളും വിദഗ്ദ്ധരും മുന്നോട്ടു വരും. ഇത്തരം സാഹചര്യങ്ങളെ ശാസ്ത്രീയമായി മാത്രം കൈകാര്യം ചെയ്യുക.
- ആരോഗ്യ വകുപ്പ് – ഇത്തരം കപ്പൽ അപകടങ്ങൾ ഉണ്ടായിട്ടുള്ള ഇടങ്ങളിൽ എല്ലാംഊഹാപോഹങ്ങൾ പരക്കുകയും ആളുകൾ മൽസ്യം കഴിക്കുന്നത് കുറക്കുകയും ചെയ്യും. തൽക്കാലം ഇത്തരത്തിൽ മൽസ്യം ഉപയോഗിക്കാതിരിക്കേണ്ട ഒരു സാഹചര്യവും ഇല്ലെങ്കിലും ഇത്തരത്തിൽ ഉള്ള ഊഹാപോഹങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പൂർണ്ണമായ ശ്രമങ്ങൾ നടത്തുമ്പോൾ തന്നെ അനാവശ്യമായ ഭീതിയും അതുണ്ടാക്കുന്ന നഷ്ടങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ രാസപരിശോധനയിലൂടെ കുറച്ചു മൽസ്യങ്ങളെ അനലൈസ് ചെയ്യാൻ കുഫോസ് ( Kerala University of Fisheries and Ocean Studies) / MPEDA (Marine Products Export Development Authority) പോലുള്ള സ്ഥാപനങ്ങളോട് നിർദ്ദേശിക്കുക.
- ഇത്തരത്തിൽ കടലിൽ മുങ്ങിക്കിടക്കുന്ന കപ്പലിൽ നിന്ന് എപ്പോൾ വേണമെങ്കിലും എണ്ണ ലീക്കാകാനുള്ള സാധ്യത ഉണ്ടല്ലോ. പോരാത്തതിന് എവിടെയാണ് കപ്പൽ കിടക്കുന്നത് എന്നത് മറ്റു കപ്പലുകളുടെ യാത്രക്കും മൽസ്യബന്ധന കപ്പലുകളുടെ പ്രവർത്തനത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ഈ കപ്പൽ സാൽവേജ് ചെയ്ത് പരിചയമുള്ള കമ്പനികളെക്കൊണ്ട് ഏറ്റവും വേഗത്തിൽ അത് സാധ്യമാക്കുക എന്നതാണ് പ്രധാനം. ഷിപ്പിംഗ് ബിസിനസ്സിൽ ഇടക്കിടെ ഉണ്ടാകുന്ന സാഹചര്യം ആയതിനാൽ സിംഗപ്പൂരിലിലും ദുബായിലും എല്ലാം ഇത്തരത്തിലുള്ള സാൽവേജ് കമ്പനികൾ ഉണ്ട്, ഒരുപക്ഷെ ഇന്ത്യയിലും കണ്ടേക്കാം. ഇത്തരം കമ്പനികളുമായി ഷിപ്പിംഗ് കമ്പനികൾക്ക് ഉടമ്പടികൾ ഉണ്ടാകും. ഇതിനെ പറ്റി അവരോട് സംസാരിച്ച് വേണ്ടത്ര സംവിധാനങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുക. മൺസൂൺ സമയം ആയതിനാൽ സാൽവേജ് ഉടൻ തുടങ്ങാൻ സാധ്യത കുറവാണ്, പക്ഷെ അതിനുള്ള കമ്പനിയെ കണ്ടുപിടിക്കുക, കോൺട്രാക്ടിങ്ങ്, ക്ലിയറൻസുകൾ ലഭ്യമാക്കുക ഇതിനൊക്കെ കുറച്ചു സമയം വേണ്ടി വരുമല്ലോ.
കേരളത്തിന്റെ ഒരു സൗകര്യം കപ്പലുമായി ബന്ധപ്പെട്ട സർവ്വ വിഷയങ്ങളിലും പരിചയം ഉള്ള അനവധി മലയാളികൾ ദുബായിലും സിംഗപ്പൂരും ലണ്ടനിലും ഒക്കെ ജോലി ചെയ്യുന്നുണ്ട്. റിട്ടയർ ചെയ്തു കേരളത്തിൽ ഉള്ളവരും ഉണ്ടാകും. ഇവരൊക്കെ കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അറിവും കഴിവും ഉള്ളവരാണ്. ഇങ്ങനെ ഉള്ളവരുടെ സേവനം ഉപയോഗിക്കുക.
കേരളത്തിലെ പൊതു സമൂഹത്തിന് ഈ വിഷയത്തിൽ താല്പര്യം ഉള്ളതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ലഭ്യമായ വിവരങ്ങളും സർക്കാർ എടുക്കുന്ന നടപടികളും സമയാസമയം ജനങ്ങളെ അറിയിക്കുന്നത് ഏറെ ഗുണം ചെയ്യും. കൃത്യമായ വിവരങ്ങൾ ഗവർമെന്റ് ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മുൻകൈ ലഭിക്കുകയും ചെയ്യും. ഇത് ഒഴിവാക്കണം.
സുരക്ഷിതരായിരിക്കുക!
കടപ്പാട് : മുരളി തുമ്മരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
