പത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ. ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്
ലൂക്ക എഡിറ്റോറിയൽ ബോർഡംഗം
ആരാണ് ഇന്ത്യയിലെ നമ്പർ വൺ മെഡിക്കൽ സയൻ്റിസ്റ്റ്? വിഷമം പിടിച്ച ചോദ്യമാണ്. ഇന്ത്യയിൽ നിന്ന് വൈദ്യശാസ്ത്ര ഗവേഷണത്തിന് നൊബേൽ സമ്മാനം കിട്ടിയ ആരുമില്ല. ഇന്ത്യയിൽ ജനിക്കുകയും കൊതുകുകൾ ആണ് മലേറിയ പരത്തുന്നതെന്ന നൊബേൽ സമ്മാനത്തിന് അർഹമായ ഗവേഷണം ഇന്ത്യയിൽ ചെയ്യുകയും ചെയ്ത റൊണാൾഡ് റോസ് ബ്രിട്ടീഷ് പൗരനായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് അദ്ദേഹത്തെ ഈ ലിസ്റ്റിൽ പെടുത്താനാവില്ല. നൊബേൽ സമ്മാനം അർഹിക്കുന്ന ലെവലിലുള്ള ഗവേഷണങ്ങൾ മറ്റേതുണ്ട്? അതിൽ തന്നെ, ഏറ്റവുമധികം സ്വാധീനം (Impact) ചെലുത്തിയ പഠനം ആരുടേതായിരുന്നു. ഭൂമിയിൽ എത്ര മനുഷ്യർക്ക് ഇതു ഗുണകരമായി? എത്ര ജീവനുകൾ ഇതു മൂലം രക്ഷിക്കാനായി?
ഈ രീതിയിൽ ഈ ചോദ്യത്തെ മാറ്റിയെടുക്കുമ്പോൾ എനിക്ക് ഉത്തരം ഒന്നേയുള്ളൂ.
ശംഭുനാഥ് ഡേ
ഈ വായിക്കുന്ന നിങ്ങളിൽ തന്നെ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത പേര്. 1915 ഫെബ്രുവരി ഒന്നാം തീയതി ജനിച്ച് 1985ൽ വിടപറഞ്ഞ ശംഭുനാഥ് ഡേ എന്ന മഹാപ്രതിഭയെ ഇന്ത്യയിലെ ശാസ്ത്രലോകം പോലും വേണ്ടവിധം ആദരിച്ചിട്ടില്ല. ഇന്ത്യയിൽ കാര്യമായ ഒരു അവാർഡും അദ്ദേഹത്തിന് ലഭിച്ചില്ല. ഇന്ത്യയിലെ പ്രധാന സയൻസ് അക്കാദമികളിൽ ഒന്നിലും തന്നെ അംഗത്വം നൽകിയിരുന്നില്ല. യഥാർത്ഥ പ്രതിഭകളെ മനസ്സിലാക്കാൻ കഴിയാത്ത നമ്മുടെ രാജ്യത്തിൻറെ അവസ്ഥ വിളിച്ചോതുന്നതാണ് അദേഹത്തിന്റെ കഥ.
പ്ലേഗ് വസൂരി എന്നിവയോടൊപ്പം ലോകത്തിലെ ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയ മഹാമാരിയാണ് കോളറ. ഇന്ത്യ, ചൈന എന്നീ കിഴക്കൻ രാജ്യങ്ങളിൽ നിന്ന് തുടങ്ങി യൂറോപ്പ് അടക്കം ലോകത്തിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും വട്ടം കറങ്ങി ലക്ഷങ്ങളെ കൊന്നൊടുക്കുന്നവയായിരുന്നു കോളറ പാൻഡമിക്കുകൾ. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ഏഴ് പാൻഡമിക്കുകളിലായി കോടിക്കണക്കിന് മനുഷ്യരാണ് ഈ രോഗം മൂലം മരണപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കോളറ പാൻഡമിക്കുകളിൽ ഇന്ത്യയിൽ മാത്രം മൂന്നു മുതൽ നാലു കോടിയോളം ജനങ്ങൾ മരണപ്പെട്ടു എന്നാണ് കണക്ക് – അതായത് കേരളത്തിന്റെ ഇന്നത്തെ ജനസംഖ്യയുടെ അത്ര.
1854 എന്നത് കോളറ രോഗത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വർഷമായിരുന്നു. യൂറോപ്പ് മുഴുവൻ കൊളറ പാൻഡമിക് അഴിഞ്ഞാടുന്ന കാലം. ഇംഗ്ലണ്ടിൽ ജോൺ സ്നോ (John Snow) എന്ന പൊതുജനാരോഗ്യ വിദഗ്ധൻ ലണ്ടനിലെ ചില പ്രദേശങ്ങളിൽകോളറ മരണങ്ങളും ജലവിതരണവുമായുള്ള ബന്ധം സ്ഥാപിച്ചെടുത്തു. കോളറ വെള്ളത്തിലൂടെ പകരുന്ന ഒരു രോഗമാണെന്നും ഒരു ബാക്ടീരിയആവാം അതിന് കാരണമെന്നും അദ്ദേഹം വാദിച്ചു. അതേ വർഷം ഇറ്റലിയിൽ ഫിലിപ്പോ പചീനി (Filippo Pacini) എന്ന ഭിഷഗ്വരൻ, കോളറ ബാധിച്ച് മരിച്ച രോഗികളുടെ കുടലിൽ ‘കോമ’ ആകൃതിയിലുള്ള ബാക്ടീരിയകൾ ഉള്ളതായി കണ്ടെത്തി കോളറ ശരിക്കും ഒരു ബാക്ടീരിയൽ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത് റോബർട്ട് കോക്ക് (Robert Koch) ആണ്. 1884ൽ കൊൽക്കത്തയിൽ അദ്ദേഹം നടത്തിയ പഠനങ്ങളിലൂടെ ആണ് ഈ സ്ഥിരീകരണം നടക്കുന്നത്.
കോളറ രോഗാണു രക്തത്തിലൂടെ പ്രവേശിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഷം പരത്തിയാണ് മരണം ഉണ്ടാക്കുന്നതാണെന്നായിരുന്നു കോക്കിന്റെ അഭിപ്രായം. മറ്റ് പല രോഗാണുക്കളെയും പോലെ കുടലിലെ കോശങ്ങളെ ആക്രമിച്ച് കേടുവരുത്തിയാണ് കോളറ അണുവും നാശം വരുത്തുന്നത് എന്നായിരുന്നു ഏറെക്കാലം പൊതുവിലുള്ള അഭിപ്രായം. ഇതിന് മാറ്റം വരുന്നത് 1950 കളിൽ കൊൽക്കത്തയിൽ ശം ശംഭുനാഥ് ഡേ നടത്തിയ പഠനങ്ങളിലൂടെയാണ്.
ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഡേയുടെ വീട്ടിൽ ആകെ ഒരു അമ്മാമൻ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുണ്ടായിരുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മെറിറ്റ് സ്കോളർഷിപ്പോടെ കൽക്കട്ട മെഡിക്കൽ കോളേജിലാണ് ശംഭുനാഥ് പഠിച്ചത്. 1939ൽ മെഡിക്കൽ ബിരുദം നേടിയതിനു ശേഷം 1942ൽ ട്രോപ്പിക്കൽ മെഡിസിനിൽ ഡിപ്ലോമയും നേടി. ഇതിനുശേഷം പത്തോളജിയിലെ ഉപരിപഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ എത്തിച്ചേരുകയും അവിടെ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു.
ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം, ഡേ, കൊൽക്കത്തയിലെ നീൽ രതൻ സർക്കാർ മെഡിക്കൽ കോളേജിൽ പത്തോളജി വിഭാഗത്തിൽ ചേരുകയും 1975ൽ അവിടെ നിന്നു തന്നെ പത്തോളജി വിഭാഗത്തിന്റെ തലവനായി റിട്ടയർ ചെയ്യുകയും ചെയ്തു. ഈ സർക്കാർ മെഡിക്കൽ കോളേജിൽ വച്ചാണ് മെഡിക്കൽ ഗവേഷണ ചരിത്രത്തിൽ ഇടം പിടിച്ച അദ്ദേഹത്തിൻറെ പ്രധാന ഗവേഷണങ്ങൾ എല്ലാം തന്നെ നടന്നത്.
അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാന പൊതുജനാരോഗ്യപ്രശ്നങ്ങളിൽ ഒന്നായിരുന്നു കോളറ. അന്ന് നിലവിൽ ഉണ്ടായിരുന്ന ചിന്തയിൽ നിന്ന് വ്യത്യസ്തമായി ഡേ ചിന്തിച്ചത് കോളറ രോഗാണു കുടലിൽ മാത്രമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു.
ഇത് തെളിയിക്കാനായി അദ്ദേഹം 1953ൽ എച്ച്.എൻ ചാറ്റർജിയുമായി ഒത്തുചേർന്ന് പ്രസിദ്ധമായ ഒരു പരീക്ഷണം നടത്തി. പരീക്ഷണത്തിനായി തെരഞ്ഞെടുത്ത മുയലുകളുടെ ചെറുകുടലിന്റെ ചില ഭാഗങ്ങൾ ഇരുവശവും കെട്ടി ഉണ്ടാക്കുന്ന ലൂപ്പുകളിൽ ആയിരുന്നു ഈ പരീക്ഷണം (Rabbit ileal loop). ഇങ്ങനെ ഉണ്ടാക്കുന്ന ലൂപ്പുകളിൽ കോളറ രോഗാണുവിനെ വളർത്തിയ കൾച്ചറുകളിൽ നിന്ന് എടുക്കുന്ന രോഗാണു സമ്പന്നമായ ദ്രാവകം കുത്തിവെച്ചു. വളരെ പെട്ടെന്ന് തന്നെ ചെറുകടലിന്റെ ഈ ലൂപ്പുകൾ വെള്ളം കൊണ്ട് നിറഞ്ഞ് വീങ്ങി വലുതാവുന്നതായി കണപ്പെട്ടു. പ്രോട്ടീൻ കുറവുള്ള ദ്രാവകം ആയിരുന്നു ഇങ്ങനെ കുടലിന്റെ ഉള്ളിലേക്ക് സ്രവിക്കപ്പെട്ടത്.
ഇതു മാത്രമല്ല. ഇങ്ങനെ വീങ്ങിയ ഗ്രൂപ്പുകളിലെ കുടലിന്റെ ഭാഗങ്ങൾ എടുത്ത് സൂക്ഷ്മപരിശോധന നടത്തിയപ്പോൾ കണ്ടത് അവയിലെ കോശങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല എന്നാണ്. രോഗാണു കുടൽ കോശങ്ങളെ നശിപ്പിക്കുന്നില്ല എന്നും, പകരം, ആ കോശങ്ങളെ കൊണ്ട് ക്ലോറൈഡ്, സോഡിയം, അതോടൊപ്പം ഓസ്മോസിസ് വഴി വെള്ളം എന്നിവ വൻതോതിൽ സ്രവിപ്പിക്കുകയാണ് ചെയ്യുന്നത്. വെള്ളം ലവണങ്ങൾ എന്നിവയുടെ വൻ നഷ്ടമാണ് കോളറ രോഗം സങ്കീർണമാക്കുകയും മരണത്തിനു കാരണമാവുകയും ചെയ്യുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ഈ പഠനം.
ഇവിടം കൊണ്ട് തീർന്നില്ല ഡേയുടെ പരീക്ഷണങ്ങൾ. മുയലിന്റെ ചെറുകടൽ വച്ചു കൊണ്ടുള്ള ഇതേ പരീക്ഷണ മോഡലിൽ അദ്ദേഹം പിന്നെ പരീക്ഷിച്ചു നോക്കിയത് മറ്റൊരു വലിയൊരു കണ്ടുപിടുത്തത്തിൽ കലാശിച്ചു. കോളറ രോഗാണു മുഴുവനായിട്ടല്ല, മറിച്ച് അത് ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് ചെറുകുടലിന്റെ കോശങ്ങളിൽ മാറ്റം വരുത്തുന്നതെങ്കിലോ എന്ന സംശയം തീർക്കാൻ ആയിരുന്നു പരീക്ഷണം. കോളറ അണുവിനെ വളർത്തിയ കൾച്ചർ പലതവണ വളരെ ഉയർന്ന സ്പീഡിൽ കറക്കിയെടുത്ത് (High speed centrifugation) മുകളിലുള്ള ദ്രാവകം മാത്രമായി വേർതിരിച്ച് എടുത്തു. പിന്നീട് ഈ ദ്രാവകത്തെ അതിസൂക്ഷ്മ സുഷിരങ്ങളുള്ള ഫിൽട്ടർ പേപ്പറിലൂടെ അരിച്ചെടുത്തു. രോഗാണുക്കളെല്ലാം ഇങ്ങനെ ഒഴിവാക്കപ്പെട്ട ദ്രാവകം ഒരു ചെറുകുടൽ ലൂപ്പിനുള്ളിൽ കുത്തിവെച്ചു. മറ്റൊരു ലൂപ്പിനുള്ളിൽ വെറും കൾച്ചറിനായി ഉപയോഗിക്കുന്ന പെപ്ടോൺ ദ്രാവകം മാത്രം കുത്തിവെച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞു നോക്കിയപ്പോൾ ബാക്ടീരിയ കൾച്ചർ ചെയ്ത അരിച്ചെടുത്ത ദ്രാവകം കുത്തിവെച്ച ലൂപ്പ് സ്രവങ്ങൾ നിറഞ്ഞ് വീർത്തിരിക്കുന്നു. കണ്ട്രോൾ ആയി പെപ്റ്റോൺ മാത്രം കുത്തിവെച്ച് ലൂപ്പിൽ മാറ്റമൊന്നുമില്ല.
ഈ ഗവേഷണ ഫലം ലോകത്തിലെ ഏറ്റവും പ്രധാന സയൻസ് ജർണൽ ആയ നേച്ചറിൽ 1959ൽ യാതൊരു പൊടിപ്പും തൊങ്ങലുമില്ലാതെ വെറും ഒരു പേജിൽ ഒതുങ്ങുന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചത്. കോളറ രോഗാണു ഉൽപ്പാദിപ്പിക്കുന്ന ‘ടോക്സിൻ’ ആണ് രോഗത്തിന്റെ കാരണം എന്ന് സ്ഥാപിക്കുന്നതായിരുന്നു ഈ പഠനം. മറ്റൊരുപാട് പഠനങ്ങൾക്ക് കളമൊരുക്കുന്ന ഒരു സുപ്രധാന പേപ്പർ ആയി ഇതു മാറി.
മുയലിന്റെ ചെറുകുടൽ ലൂപ്പ് മോഡൽ വെച്ച് മറ്റൊരു സുപ്രധാന കണ്ടുപിടുത്തവും ഡേ നടത്തി. വളരെ സർവ്വസാധാരണമായ ഇ.കോളി (Escherichia coli – E.coli) എന്ന ബാക്റ്റീരിയയുടെ ചില ഇനങ്ങൾ കോളറ ടോക്സിന് സമാനമായ ടോക്സിൻ ഉൽപ്പാദിപ്പിക്കുകയും മാരകമായ വയറിളക്കരോഗത്തിനു കാരണമാകാമെന്നും അദ്ദേഹം തെളിയിച്ചു. എൻ്ററോടോക്സിക് ഇ.കോലി (Enterotoxic E.coli) എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗാണുക്കൾ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു ആരോഗ്യപ്രശ്നമാണ്.
പ്രൊഫസർ ശംഭുനാഥ് ഡേയുടെ പഠനങ്ങളാണ് കോളറയും മറ്റ് മാരക വയറിളക്ക രോഗങ്ങളും നേരിടാൻ വായിലൂടെ നൽകുന്ന പുനർജലനം (Oral rehydration) ഫലപ്രദമാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. ബംഗ്ളാദേശ് വിമോചനസമരകാലത്ത് ഒ.ആർ.എസ് ലായിനികൾ ഉപയോഗിച്ച് വ്യാപകമായി അഭയാർത്ഥികൾക്കിടയിൽ ദിലിപ് മഹലനോബിസും (Dilip Mahalanobis) കൂട്ടരും നടത്തിയ ചികിത്സാ പരീക്ഷണങ്ങൾ ഇതിന്റെ ഫലപ്രാപ്തി തെളിയിച്ചു.
കോളറയുടേയും ഇ.കോളി യുടേയും ടോക്സിനുകൾ, വാക്സീനുകൾ പോലുള്ള പ്രായോഗിക ഉപയോഗങ്ങൾക്കു പുറമേ മറ്റനേകം ബയോളജി പഠനങ്ങൾക്ക് അടിത്തറ പാകി.
ജന്മനാട്ടിൽ അംഗീകാരം കിട്ടിയില്ലെങ്കിലും രണ്ടു തവണ പ്രൊഫസർ ഡേ നൊബേൽ സമ്മാനത്തിന് നിർദേശിക്കപ്പെട്ടു. നൊബേൽ സമ്മാന ജേതാവായ ജോഷുവാ ലെഡർബർഗ് (Joshua Lederberg) ആണ് രണ്ടു തവണയും അദ്ദേഹത്തെ ഇതിനായി നിർദേശിച്ചത്. ലെഡർബർഗ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഡേയെക്കുറിച്ചുള്ള നമ്മുടെ മതിപ്പ് അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെ മാനുഷിക പരിണിതഫലങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കേണ്ടതാണ്. വ്യവസ്ഥാപിത ജ്ഞാനത്തെ ധീരമായി വെല്ലുവിളിക്കുന്നതിന്റെ മാതൃകയും പ്രചോദനവുമാണ് അദ്ദേഹം. ഉദാഹരണത്തിലൂടെയും അല്ലാതെയും പുതു തലമുറയിലേക്ക് പകരേണ്ട ചിന്താശൈലിയാണ് അദ്ദേഹത്തിൻ്റേത്.”
നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിലും 1978ൽ കോളറയും അനുബന്ധ വയറിളക്കവും സംബന്ധിച്ച 43ആം നൊബേൽ സിമ്പോസിയത്തിൽ പങ്കെടുക്കാൻ നോബൽ ഫൗണ്ടേഷൻ പ്രൊഫസർ ഡേയെ ക്ഷണിച്ചു. വൈകിയാണെങ്കിലും പതുക്കെ ഇന്ത്യൻ ശാസ്ത്രസമൂഹം അദ്ദേഹത്തെ അംഗീകരിച്ചു. 1985 ഏപ്രിൽ 15-ന് 70-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 1990ൽ കറൻ്റ് സയൻസ് ഒരു പതിപ്പ് മുഴുവൻ അദ്ദേഹത്തിനെ ആദരിക്കാൻ വിനിയോഗിച്ചു. അതു പോലെ, ഇന്ത്യൻ ജർണൽ ഓഫ് മെഡിക്കൽ സയൻസിന്റെ 2011 ലെ ഒരു പതിപ്പ് പ്രൊഫസർ ഡേയെ ആദരിക്കാൻ നീക്കി വെച്ചു.
ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ മറക്കാനാവാത്ത പ്രതിഭയായിരുന്നു പ്രൊഫസർ ശംഭുനാഥ് ഡേ. പുതുതലമുറ അദ്ദേഹത്തെ അറിയുകയും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
അധിക വായനയ്ക്ക്
- Nair, G. Balakrish; Takeda, Yoshifumi. Dr Sambhu Nath De. Unsung hero. Indian J Med Science 2011. >>>
- A Sen, JK Sarkar. Life and Work of Sambhu Nath De. Resonance Oct 2012. >>>
- P Balram. Sambhu Nath De. Current Science July 1990. Special issue on Cholera Enterotoxin. >>>
- Alisha Handa, Sonali G Choudhari, Abhay Gaidhane . From Pathogen to Toxin: The Revolutionary Work of Dr. Sambhu Nath De in Understanding Cholera. Cureus 2024 Sep. >>>