ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങളുടെ വരവോടെ അന്താരാഷ്ട്ര പോർട്ടലുകളിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നുള്ള സൗകര്യങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. ആമസോൺ, അലി എക്സ്പ്രസ്, ബാങ്ക്ഗുഡ് തുടങ്ങിയ പോർട്ടലുകൾ വഴി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം നമുക്ക് സാധനങ്ങൾ എത്തിച്ചു തരുന്നുണ്ട്.
ഇങ്ങനെ നമ്മൾ ഓർഡർ ചെയ്യുമ്പോൾ ഇതിന്റെ ലോജിസ്റ്റിക്സ് കൊറിയർ ട്രാക്ക് ചെയ്യുമ്പോൾ കാണാൻ കഴിയും. ഉദാഹരണത്തിന് ചൈനയിൽ നിന്നും ബാങ്ക്ഗുഡ് വഴിയാണ് വാങ്ങിക്കുന്നതെങ്കിൽ, കൊറിയറിൽ ആദ്യം ചൈനയിൽ നിന്നും പ്ലെയിൻ കയറി, ഇപ്പോൾ പ്ലെയിനിലാണ്, ദാ ഇന്ത്യയിൽ വന്നിറങ്ങി, സംഗതി കസ്റ്റംസിന്റെ കയ്യിലാണ്, നിങ്ങടെ നാട്ടിലെ വണ്ടിയിൽ കയറി, നിങ്ങടെ തൊട്ടടുത്ത വെയർ ഹൗസിൽ എത്തി, ലൊക്കൽ ഡെലിവറികാരൻറെ കയ്യിൽ ഉണ്ട്, ഡെലിവറിക്കാരൻ നിങ്ങടെ വീടിനടുത്ത് എത്തി. ദാ പിടിചോ ഒടിപി, സംഗതി കൈയിലെത്തി.
ഇതിൽ നമുക്ക് ഒരു അന്താരാഷ്ട്ര വിദൂര യാത്രയും ഒരു ലോക്കൽ ഡെലിവറിയും കാണാൻ കഴിയും. മിക്കവാറും എല്ലാ കൊറിയർ സംവിധാനങ്ങളിലും ഇങ്ങനെയാണ്. ആദ്യം ഒരു യാത്ര പിന്നെ ഒരു ലോക്കൽ ഡെലിവറി.
വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.
നമ്മുടെ നാട്ടിലൊക്കെ സർവ്വസാധാരണമായ ചക്ക ഒരു ഉദാഹരണമായി എടുക്കാം. സാമാന്യം വലിപ്പമുള്ള ചക്കപ്പഴം എപ്പോഴും ഒരല്പം ഉയരത്തിൽ തായ് ത്തടിയിൽ തന്നെയാണ് ഉണ്ടാവുക. അസാമാന്യഭാരം താങ്ങാനുള്ള ഒരു മാർഗ്ഗമായാണ് ഇങ്ങനെ തടിയിൽ വരുന്നത്. ചക്ക പഴുത്ത് കഴിഞ്ഞാൽ അതിൻറെ മണം ചുറ്റുപാടും വ്യാപിക്കും. ഇതിൽ ആകൃഷ്ടരായ മറ്റു മൃഗങ്ങൾ വരികയും മരം കയറാൻ പറ്റുന്ന മൃഗങ്ങൾ മരത്തിൽ കയറി കടിച്ചു തീറ്റ തുടങ്ങുകയും ചെയ്യും. ഇത് ചക്കയെ കൂടുതൽ പഴുക്കലിന് വിധേയമാക്കുകയും ഞെട്ടറ്റ് താഴേക്ക് വീണ് ചിതറുകയും ചെയ്യും.
ഈ വീഴ്ചയിൽ ചുറ്റുപാടും ചക്കപ്പഴങ്ങൾ തെറിക്കാറുണ്ട്. അങ്ങനെയുള്ള ചക്കപ്പഴം ഭക്ഷിക്കുന്ന വലിയ മൃഗങ്ങൾ, ഉദാഹരണത്തിന് ആന, കുരങ്ങൻ, കാട്ടുപോത്ത്, പന്നി തുടങ്ങിയവ അവരുടെ കാഷ്ടങ്ങളിലൂടെ ഇത് മാതൃ വൃക്ഷത്തിൽ നിന്നും കുറേയേറെ ദൂരെ കൊണ്ടുപോയി നിക്ഷേപിക്കും. കാഷ്ടത്തിൽ ദഹിക്കാതെ നിരവധി ചക്കക്കുരു ഉണ്ടാവും. ഇതാണ് ആദ്യത്തെ വിദൂര യാത്ര. ഈ അവശിഷ്ടങ്ങളിൽ നിന്നും, ചാണകവണ്ട്, എലി ചുണ്ടലി തുടങ്ങിയ ജീവികൾ ചക്കക്കുരു എടുത്ത് അവരുടെ മാളങ്ങളിൽ ഒളിപ്പിക്കുകയും കുറച്ചൊക്കെ കഴിക്കുകയും ചെയ്യും. ഇതാണ് ലോക്കൽ ഡെലിവറി. അടുത്ത മഴയ്ക്ക് ഇങ്ങനെ സൂക്ഷിച്ചു വെച്ചിട്ടുള്ള ചക്കക്കുരു മുളയ്ക്കുകയും പുതിയ മരമായി വളരുകയും ചെയ്യും. പക്ഷേ ഇവിടെ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും കുറെയേറെ ചക്കക്കുരു ലോക്കൽ ഡെലിവറികാരൻറെ ഭക്ഷണമായി മാറുന്നുണ്ടാവും. ആദ്യ യാത്രയിലും കുറെയൊക്കെ ദഹിച്ചു പോകാനും സാധ്യതയുണ്ട്
ആവണക്ക് പോലെയുള്ള ചെടികൾ ഈ ലോക്കൽ ഡെലിവറിക്കാരന് പ്രത്യേകം സമ്മാനങ്ങൾ കൊടുക്കാൻ അനുരൂപണം ചെയ്തവയാണ്. അങ്ങനെ തങ്ങളുടെ വിത്തുകൾ അധികം ഭക്ഷണം ആവാതെ ഇരിക്കാനുള്ള ഒരു മുൻകരുതൽ. ആവണക്കിന്റെ വിത്തിൽ അതിമാരകമായ വിഷ വസ്തുക്കളും ഉണ്ട്.
ഇവിടെ ആദ്യത്തെ ഡെലിവറി ഒരു ചെറിയ പൊട്ടിത്തെറിയിലൂടെയാണ്. ആവണക്കിന്റെ കായ നല്ല വേനലിൽ പൊട്ടിത്തെറിച്ച് അതിൻറെ വിത്തുകൾ നാല്പാടും തെറിക്കും.
ഇവരുടെ ഈ ഓരോ വിത്തിലും ഒരു വശത്തായി ഒരു ചെറിയ മാംസളമായ ഭാഗം കാണാം. ഇതിന് വ്യത്യസ്ത നിറവും ചെറിയ മണവും ധാരാളം ഊർജ്ജദായിക സംയുക്തങ്ങളും ഉണ്ടാവും. ഇതിന് എലയോസോം (Elaiosome) എന്നാണ് വിളിക്കുന്നത്. ചില സസ്യങ്ങളിൽ ഇത് മധുരമുള്ള അരിൽ (Aril) ആയി ആണ് കാണുക. ഇതാണ് നമ്മുടെ ലോക്കൽ ഡെലിവറിക്കാർക്ക് ഉള്ള സമ്മാനം. (ജാതിക്കയുടെ ഈ അരിൽ ആണ് ജാതി പത്രി) ആവണക്കിന്റെ ഒക്കെ സാമാന്യം ചെറിയ വിത്തുകൾ ആണ്. ഇവിടെയാണ് നമ്മുടെ മറ്റൊരു ലോക്കൽ ഡെലിവറി ബോയ് രംഗപ്രവേശം ചെയ്യുന്നത്. ഈ ഭൂമിയിലെ കരപ്രദേശം അടക്കിവാഴുന്ന നമ്മുടെ ഉറുമ്പുകളാണ് ഇവർ.
വിത്തുകൾ പെറുക്കി സ്വന്തം കോളനികളിൽ എത്തിക്കുകയും അതിൽ നിന്നും ഇലയോസോം അല്ലെങ്കിൽ അരിൽ ഭക്ഷണമാക്കി ബാക്കി വന്നവ പുറന്തള്ളുകയും ചെയ്യും. ചെടിക്ക് വേണ്ടതും ഇതുതന്നെയാണ്. ഉറുമ്പിൻ കോളനിയുടെ പരിസരങ്ങളിൽ ഇങ്ങനെ ഇലയോസോം പറിച്ചു കളഞ്ഞ ചീരകളുടെയും എല്ലാം ധാരാളം വിത്തുകൾ കിടപ്പുണ്ടാവും. ഏകദേശം എല്ലാ മേഖലകളിലും ഉറുമ്പുകൾ ഉണ്ട് എന്നുള്ളത് കൊണ്ടും ഓരോ ദിവസവും ഉറുമ്പുകൾ അനേക ദൂരം സഞ്ചരിക്കും എന്നുള്ളതിനാലും ഇവിടെ നമുക്ക് ഊഹിക്കാൻ പോലും കഴിയാത്തത്ര ദൂരത്ത് എത്തിപ്പെടാൻ ഇങ്ങനെ ലോക്കൽ ഡെലിവറി വഴി ഇവർക്ക് ആവും.
സമാനമായി കാറ്റുവഴി ആദ്യ യാത്ര നടത്തുന്ന അനവധി വിത്തുകളുടെ (സൂര്യകാന്തി കുടുംബങ്ങളിലെ കുഞ്ഞ് അപ്പൂപ്പൻതാടി മുതൽ പാല കുടുംബത്തിലെ വലിയ അപ്പൂപ്പൻതാടികൾ വരെ) കാറ്റിലൂടെ മൈലുകളോളം പാറി പറക്കുന്നവരാണ്. ഇങ്ങനെ പറന്ന് ഒരിടത്ത് എത്തിപ്പെടുന്ന ഇത്തരം വിത്തുകളുടെ ലോക്കൽ ഡെലിവറിയും നടത്തുന്നത് ഉറുമ്പുകൾ പോലെയുള്ള ചെറുപ്രാണികളാണ്.
ഈ ലോക്കൽ ഡെലിവറി അത്ര ലോക്കൽ അല്ല എന്ന് സാരം.
സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ