നവനീത് കൃഷ്ണന്‍
അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ പോകുന്നതു കാണാം!
ആറു പേര്‍ക്ക് ഭൂമിക്കു ചുറ്റും സഞ്ചരിക്കാവുന്ന വീടാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം. അതിലിപ്പോള്‍ മൂന്നുപേരാണ് ഉള്ളത്. ഏപ്രിലില്‍ മറ്റു മൂന്നു പേര്‍ കൂടി അവിടേക്ക് എത്തിച്ചേരും. ഒരു ദിവസം 16തവണയോളം ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഈ നിലയം കേരളത്തിലുള്ളവര്‍ക്കു മാര്‍ച്ച് 13-20 വരെയുള്ള ദിവസങ്ങളില്‍ കാണാവുന്ന സമയക്രമം താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. വടക്കു പടിഞ്ഞാറ് ഭാഗത്തായിട്ടാവും കണ്ടു തുടങ്ങുക. ചക്രവാളത്തോട് ചേര്‍ന്നേ ഇന്ന് കാണാന്‍ കഴിയൂ. അതിനാല്‍ അത്യാവശ്യം ഉയരമുള്ള ഇടങ്ങളില്‍നിന്നോ മരങ്ങളില്ലാത്ത പ്രദേശങ്ങളില്‍നിന്നോ നോക്കുന്നതാവും നല്ലത്. ഉയരമുള്ള ഫ്ലാറ്റുകളുടെ മട്ടുപ്പാവില്‍ കയറിനിന്നാല്‍ അത്യാവശ്യം നന്നായി കാണാം.

അപ്പോള്‍ മറക്കാതെ കാണുക. കുട്ടികളെ കാണിക്കുക. ഭൂമിക്കു ചുറ്റും 400കിലോമീറ്ററോളം ഉയരത്തില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പത്തിലുള്ള ഒരു വാഹനമാണ് അത് എന്ന് അവര്‍ക്കു പറഞ്ഞുകൊടുക്കുക. മാത്രമല്ല അതില്‍ ഇപ്പോള്‍ മൂന്നു പേര്‍ പരീക്ഷണങ്ങളും മറ്റുമായി താമസിക്കുന്നുണ്ടെന്നും. ഭൂമിയില്‍നിന്നുള്ള അകലം കാരണം നിലയത്തെ ഒരു പൊട്ടായി മാത്രമേ കാണൂ എന്നു മാത്രം.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ കാണാന്‍ ഉള്ള സൂചകങ്ങള്‍ ആദ്യമായി ശ്രദ്ധിക്കുന്നവര്‍ക്ക് മിക്കപ്പോഴും അല്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാറുണ്ട്. 10ഡിഗ്രി WSW ഉദിച്ച് പരമാവധി 66ഡിഗ്രി ഉയര്‍ന്ന് NE 31ഡിഗ്രി അസ്തമിക്കും എന്ന് പറയുകയാണെന്നിരിക്കട്ടേ.
ഈ ചിത്രം നോക്കിയാല്‍ കാര്യം മനസ്സിലാവും. West നും South നും കൃത്യം നടുക്കാണ് SW. Westനും SW നും നടുവിലുള്ള ഭാഗത്തെ WSW എന്നാണു പറയാറ്. ഇതേപോലെ ഏതു ദിക്കും കണക്കാക്കാം.
WSWല്‍ 10ഡിഗ്രി ഉയരം എന്നാല്‍ ചക്രവാളത്തോട് (Astronomical Horizon) ചേര്‍ന്നാണ്.
