സ്‌ക്രബ് ടൈഫസ് ഉയർത്തുന്ന പൊതുജനാരോഗ്യ ചിന്തകൾ
ഉദ്ദേശം നൂറു കോടി ജനങ്ങൾക്ക് രോഗസാധ്യത നൽകാൻ കെൽപ്പുള്ള ജന്തുജന്യ രോഗമാണ് സ്‌ക്രബ് ടൈഫസ്. രോഗസാധ്യത 80 ലക്ഷം ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്നു. ഏഷ്യ-പസിഫിക് പ്രദേശമാണ് പ്രശ്നസാധ്യത മേഖല. ഏറെക്കുറെ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണിത്. പടിഞ്ഞാറ് പാക്കിസ്ഥാൻ, തെക്ക് ഓസ്ട്രേലിയ, കിഴക്ക് ജപ്പാൻ; ഈ പ്രദേശങ്ങൾ ചേർക്കുന്ന ത്രികോണം വരച്ചാൽ സ്‌ക്രബ് ടൈഫസ് മേഖലയായി. ഇന്നീ പ്രദേശം അറിയപ്പെടുന്നതുതന്നെ ‘റ്റ്സറ്റ്‌സഗാമൂഷി ത്രികോണം’ (tsutsugamushi triangle) എന്നപേരിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ചില ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ പ്രദേശങ്ങളിലും രോഗസാന്നിധ്യം ഉറപ്പിച്ചുകാണുന്നു.
നാലാം നൂറ്റാണ്ടിൽ ചൈനയിൽ സ്‌ക്രബ് ടൈഫസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജപ്പാനിൽ 1810 ൽ രോഗവിവരണം അടങ്ങിയ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, തായ്‌വാൻ, ഓസ്ട്രേലിയ, വിയറ്റ്നാം, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും രോഗം കണ്ടെത്തുകയുണ്ടായി. രോഗം ഏറെക്കുറെ ഏഷ്യയിൽ കണ്ടെത്തിയതെങ്കിലും ടൈഫസ് എന്ന പേര് കടംകൊണ്ടത് ഗ്രീക്കിൽ നിന്നാണ്. പനിയും മന്ദതയും പ്രധാന ലക്ഷണമായതിനാലാവണം പേരുവന്നത്. തുറസ്സിടങ്ങളും ലഘുവനങ്ങളും ചേർന്ന് കിടക്കുന്ന പ്രദേശത്തെ സസ്യജാലത്തെ ഓർമ്മിപ്പിക്കുന്ന പേരാണ് സ്ക്രബ്ബ് എന്നത്. റ്റ്സറ്റ്‌സഗാ എന്നാൽ ചെറുതും അപകടകരകമായതും എന്നർത്ഥം; മൂഷി എന്നാൽ കീടം, ചെള്ള് (mite) എന്നും. ഇന്ന് നാമറിയുന്ന സ്ക്രബ്ബ് ടൈഫസ് വിവരങ്ങൾ1899 ൽ ജപ്പാനിൽ ലഭിച്ച രേഖകളിൽ നിന്ന് തുടങ്ങുന്നു.
ഓറിയൻറ്റിയാ റ്റ്സറ്റ്സഗാമൂഷി (Orientia tsutsugamushi) എന്ന ബാക്റ്റീരിയയാണ് രോഗകാരണം. റിക്കേറ്റ്സിയ എന്ന ഗണത്തിൽ പെടുത്തിയാണിതിനെ പരിഗണിക്കപ്പെട്ടിരുന്നത്. ബാക്ടീരിയ നേരിട്ട് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നില്ല. അതിന് രോഗാണുവാഹകരായ ഏതെങ്കിലും പ്രാണികൾ ആവശ്യമായിവരുന്നു. സ്ക്രബ്ബ് ടൈഫസ് മനുഷ്യരിൽ യാദൃച്ഛികമായി പ്രവേശിക്കുന്നു. മനുഷ്യരെ ആക്സിഡൻറ്റൽ ഹോസ്റ്റ് (accidental host) ആയിമാത്രമേ പരിഗണിക്കപ്പെടുന്നുള്ളു. ഇടനിലക്കാരായ രോഗാണുവാഹകർ മനുഷ്യ സമ്പർക്കമുണ്ടാകുമ്പോൾ രോഗം കൈമാറ്റം ചെയ്യന്നുവെന്നു മാത്രം. മൈറ്റ് (mite) വിഭാഗത്തിൽ പെട്ട പ്രാണികളെ ഷിഗേര്സ് (Chiggers) എന്നാണറിയപ്പെടുക. ഇത് ട്രോമ്പികൂളിഡെ (Trombiculidae) വിഭാഗത്തിൽ പെട്ട പ്രാണികളാണ് രോഗാണു വാഹകരായി പ്രവർത്തിക്കുന്നത്. അനേകം മൃഗങ്ങൾ സ്ഥിരം രോഗാണുവിൻറെ സംഭരണിയായി (reservoir) പ്രവർത്തിക്കുന്നു. സംഭരണി മൃഗങ്ങൾക്ക് രോഗമുണ്ടാകാറില്ല എന്നതിനാൽ രോഗാണു സ്ഥിര സാന്നിധ്യമായി നമുക്കുചുറ്റുമുണ്ടാകും. പ്രധാനമായും വന്യമായി ജീവിക്കുന്ന റോഡൻറ്റ് (rodent) വർഗ്ഗത്തിൽ പെട്ട മൃഗങ്ങളിൽ രോഗാണു സുരക്ഷിതമായി വസിക്കുന്നു. അവിടെനിന്ന് സ്പിൽഓവർ സംഭവിച്ചു പ്രാണികളിലൂടെ മനുഷ്യരിലും എത്തും.
രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പത്തു മുതൽ പന്ത്രണ്ടു ദിവസങ്ങൾ വരെ രോഗസുഷുപ്താവസ്ഥയിൽ (incubation period) ആയിരിക്കും. എന്നാലിത് വെറും ആറ് ദിവസത്തേയ്ക്ക് ചുരുങ്ങുകയോ ഇരുപത്തൊന്ന് ദിവസത്തേയ്ക്ക് വർധിക്കുകയോ ചെയ്യാം. രോഗാരംഭത്തിൽ ലഘുവായ ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. പലപ്പോഴും സർവ്വസാധാരണമായ ഫ്ലൂ (flu) ആയി തെറ്റിദ്ധരിച്ചേക്കാം. മൈറ്റ് എന്ന പ്രണിയിൽ നിന്നാണെല്ലോ രോഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. രോഗാണുവിന് പ്രവേശനമൊരുക്കുന്ന അടയാളം (bite-mark) ശരീരത്തിലെവിടെയെങ്കിലും കണ്ടെന്നുവരാം. ശ്രദ്ധാപൂർവം പരിശോധിക്കുന്നപക്ഷം 80% രോഗികളിലും ഇത് കണ്ടെത്താനാകും. രോഗനിർണയത്തിൽ ഇത് സഹായകരമാകുമെന്നതിനാൽ ക്ലിനിക്കൽ പരിശോധന ആവശ്യമാണ്. മൈറ്റ് കടിച്ചിടത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു സൂക്ഷ്മമായ വ്രണവും പിന്നീട് അതിനുള്ളിൽ കോശമൃതിയും സംഭവിക്കും. ഫ്ലൂ പോലെ ആരംഭിച്ചു തലവേദന, പനി, ക്ഷീണം, ഉദാസീനത, വയറുവേദന, ഛർദ്ദി, പേശിവേദന എന്നിവയിലേയ്ക്ക് രോഗം മൂർച്ഛിച്ചെന്നുവരാം. ചിലപ്പോൾ സങ്കീർണമാകുകയും മസ്തിഷ്കജ്വരം, കേന്ദ്രനാഡീവ്യൂഹ രോഗങ്ങൾ എന്നീ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുകയും അപൂർവമല്ല.
ഉദ്ദേശം പത്തു ലക്ഷംപേരെ രോഗം ബാധിക്കുന്നതായി കണ്ടുവല്ലോ. പുതിയ മേഖലകളിൽ രോഗസാന്നിധ്യം ഉറപ്പാക്കിക്കഴിഞ്ഞു. സ്ക്രബ്ബ് ടൈഫസ് ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. എന്നിട്ടും ഇതിനെതിരെ ഫലപ്രദമായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽ താമസിക്കുന്നതായി കാണാം. പ്രധാനപ്പെട്ട ജന്തുജന്യ രോഗം എന്നനിലയിൽ ഇതേക്കുറിച്ചുള്ള ഗവേഷണവും പഠനങ്ങളും അനിവാര്യമാകുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ രോഗാണുവിനോ, രോഗസംഭരിണികളായി പ്രവർത്തിക്കുന്ന മൃഗങ്ങൾക്കോ നമ്മിലേയ്ക്കെത്തുന്ന മൈറ്റുകൾക്കോ സ്വഭാവമാറ്റങ്ങൾ വരുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യേണ്ടതാണ്. ഇത് ഭാവിയിലെ റിസ്ക്ക് അളക്കാനുതകും.
സ്ക്രബ്ബ് ടൈഫസ് ചരിത്രപരമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. യാത്ര, വാണിജ്യം, യുദ്ധം എന്നിവ ടൈഫസ് രോഗം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. മലേറിയയെ മാറ്റിനിർത്തിയാൽ മനുഷ്യരുടെ യുദ്ധകാല ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയ രോഗാണുവാൻ റിക്കറ്റ്‌സ്യേ. നാമിന്ന് മനസ്സിലാക്കുന്ന സംസ്കാരവും രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘എലികൾ,പേനുകൾ ചരിത്രം’ (Rats, Lice and History, Hans Zinsser) എന്ന ഹാൻസ് സിൻസാർ രചിച്ച പുസ്തകം ടൈഫസിനോടൊപ്പമുള്ള മനുഷ്യ ജീവചരിത്രം കൂടിയാണ്. പെരിക്കിൾസിൻറെ മരണവും ആതെൻസിലെ പകർച്ചവ്യാധിയും ടൈഫസ് രോഗം മൂലമാണെന്ന് പുസ്തകം പറയുന്നു.
പീലോപോണെസിയൻ യുദ്ധത്തിൽ ആതെൻസ് (429 ബി സി) തകർന്നതും ടൈഫസ് കാരണമാകാം. നെപ്പോളിയൻ നടത്തിയ റഷ്യ ആക്രമണം 1812 ൽ പരാജയപ്പെടാൻ ടൈഫസും കാരണമായി; പതിനായിരം ഭടന്മാരാണ് മരണപ്പെട്ടത്. ജീവിച്ച ഭടന്മാർ ടൈഫസ് വാഹകരായ പ്രാണികളെ (മൈറ്റുകൾ) ഫ്രാൻസിലേയ്ക്കും യൂറോപ്പിൻറെ മറ്റിടങ്ങളിലേയ്ക്കും കൊണ്ടുപോയി. രോഗവ്യാപനം അങ്ങനെ എളുപ്പമുള്ള ദൗത്യമായി.
ഒന്നാം ലോകയുദ്ധക്കാലത്താണ് പിന്നീട് നാം ടൈഫസ് രോഗത്തെ നേരിൽ കാണുന്നത്. ഇക്കുറി യുദ്ധക്കെടുത്തിയേക്കാൾ ഭീകരമായിരുന്നു ടൈഫസിൻറെ പ്രഹരം. കിഴക്കൻ യൂറോപ്പിൽ പത്തുലക്ഷത്തിലധികം പേരെ – ഭടന്മാരെയും സിവിലിയൻ പൗരരും ഉൾപ്പെടെ – ടൈഫസ് മൂലം കൊല്ലപ്പെട്ടു. അന്നത്തെ ജനസംഖ്യ കൂടി മനസ്സിൽ കണ്ടുവേണം ഇതിൻറെ ആഘാതം മനസ്സിലാക്കാൻ. പടിഞ്ഞാറൻ യൂറോപ്പിൽ ഭാഗ്യവശാൽ ടൈഫസ് മരണങ്ങൾ പ്രായേണ കുറവായിരുന്നു. ഇതിനു കാരണം അവിടെ കുറെയൊക്കെ ഫലപ്രദം എന്ന് കരുതാവുന്ന കീടനശീകരണ പദ്ധതി നിലവിലുണ്ടായിരുന്നു എന്നതുതന്നെ.
ഒന്നാം ലോകായുധത്തിലെ അനുഭവങ്ങൾ ദുഃഖകരമായിരുന്നെങ്കിലും പൊതുജനാരോഗ്യ ശാസ്ത്രം വികസിക്കാനുള്ള പശ്ചാത്തലമൊരുക്കി. രണ്ടാം ലോക യുദ്ധം അനിവാര്യമായി വന്ന ഘട്ടത്തിൽ വര്ഷങ്ങള്ക്കു മുമ്പുണ്ടായ അനുഭവം മാതൃകാപരമായ മാറ്റങ്ങൾക്ക് കാരണമായി. അമേരിക്കൻ മിലിട്ടറിയുടെ വൈദ്യശാസ്ത്രവിഭാഗം ടൈഫസ് മാത്രമല്ല മറ്റ് ട്രോപ്പിക്കൽ രോഗങ്ങളും കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലെങ്കിൽ യുദ്ധത്തിന്റെ ഗതിമറ്റും എന്ന് മനസ്സിലാക്കിയിരുന്നു. യുദ്ധകാലത്തെ എപിഡെമിക്കുകളെക്കുറിച്ചും ടൈഫസ് നിയന്ത്രണ പദ്ധതികളെക്കുറിച്ചും പഠനം, ഗവേഷണം, പരിശീലനം എന്നിവയിലേയ്ക്ക് ആർമിയുടെ വൈദ്യ ഗവേഷണ വകുപ്പ് നടപടികൾ കൈക്കൊണ്ടു. ഒന്നാം ലോകയുദ്ധം മാത്രമല്ല, ടൈഫസ് ചരിത്രം പഠന വിഷയമാക്കുകയും പകർച്ച നിയന്ത്രണ സംരംഭങ്ങളുടെ പ്രയോഗികക്ഷമതയും വിശകലനത്തിന് വിധേയമാക്കി. ആർമി, നേവി, എയർ ഫോഴ്‌സ് എന്നീ മൂന്നു വിഭാഗങ്ങളും ചേർന്ന് ഒരു ടൈഫസ് കമ്മീഷൻ രൂപീകരിച്ചു. ഈ തയ്യാറെടുപ്പുകൾക്ക് മികച്ച ഫലം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. ഇറ്റലി, ഈജിപ്ത്, ജർമ്മനി, മൊറോക്കോ, അൾജീരിയ, കൊറിയ, ജപ്പാൻ, എന്നിവിടങ്ങളിൽ പൊതുജനങ്ങളിൽ ടൈഫസ് റിപ്പോർട്ട് ചരിത മുറയ്ക്ക് പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കി. യുദ്ധകാലത്താകെ നൂറിൽ താഴെ എപിഡെമിക് ടൈഫസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളു. ശാന്തസമുദ്ര മേഖലയിൽ സ്ക്രബ്ബ് ടൈഫസ് ശക്തമായ പ്രഹരമേല്പിച്ചു. ബ്രിട്ടീഷുകാരും ജാപ്പനീസ് ഡോക്ടർമാരും രോഗവ്യാപനം മോണിറ്റർ ചെയ്യുന്നുണ്ടായിരുന്നു എന്നുവേണം കരുതാൻ. എങ്കിലും സ്ക്രബ്ബ് ടൈഫസിൻറെ വ്യാപനം അപ്രതീക്ഷിതമായിരുന്നു. അക്കാലത്ത് മലയൻ മെഡിക്കൽ ഗവേഷണ സ്ഥാപനം (Malayan Institute for Medical Research, Malaysia) സ്ക്രബ്ബ് ടൈഫസ് കണ്ടെത്താനുള്ള ടെസ്റ്റ് വികസിപ്പിക്കുകയുണ്ടായി. ടൈഫസിന്റെ വ്യത്യസ്ത രൂപഭേദങ്ങളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്. തുടർന്ന് വേയ്ൽ ഫെലിക്സ് ടെസ്റ്റ് എന്ന പേരിൽ സ്ക്രബ്ബ് ടൈഫസ് കണ്ടെത്താനൾ ടെസ്റ്റും ലഭ്യമായി.
മലേഷ്യൻ ഗവേഷണ സ്ഥാപനം തുടർന്നും സ്ക്രബ്ബ് ടൈഫസ് ചരിത്രത്തിൽ ഇടം പിടിക്കും. ഇത്തവണ 1947 ൽ. യുദ്ധം കഴിഞ്ഞിരുന്നു; ടൈഫസ് ആഘാതവും കുറഞ്ഞിരുന്നു. എങ്കിലും അവിടവിടെ ടൈഫസ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടേ ഇരുന്നു. അമേരിക്കൻ ആർമി മെഡിക്കൽ കോർ തലവൻ മലേഷ്യൻ സ്ഥാപനവുമായി ചേർന്ന് പഠനങ്ങൾ തുടങ്ങിയത്. പാർക്ക്-ഡേവിസ് എന്ന ഫാർമ കമ്പനിയുമായി ചേർന്ന് പുതുതായി വികസിപ്പിച്ച ആൻറ്റിബയോട്ടിക്കുകൾ പ്രയോഗിച്ചു പരീക്ഷിക്കാൻ തീരുമാനമായതപ്പോഴാണ്. മലേഷ്യയിൽ ഒരു പ്രദേശത്ത് സ്ക്രബ്ബ് ടൈഫസ് വ്യാപിച്ചുവരികയായിരുന്നു. അവിടെ ടെസ്റ്റ് പോസിറ്റീവ് ആയ ഒരു രോഗിക്ക് ആദ്യമായി ക്ലോറോമൈസെറ്റിൻ (Chloromycetin) നൽകി; ഒരു നാല് കൊണ്ട് അയാളുടെ പനി കുറയുകയും തുടർന്ന് രോഗം ഭേദമാകയും ചെയ്തു. ചരിത്രം കുറിച്ച നിമിഷംയിരുന്നത്. രണ്ടു ലോകായുധങ്ങളെ നിർണായകമായി സ്വാധീനിച്ച സ്ക്രബ്ബ് ടൈഫസ് ഒരു ആന്റിബയോട്ടിക് മൂലം മെരുക്കപ്പെട്ടിരിക്കുന്നു.
ആന്റിബയോട്ടിക്കുകൾ ലഭ്യമല്ലാതിരുന്ന കാലത്ത് സ്ക്രബ്ബ് ടൈഫസ് മാരകമായ രോഗമായിരുന്നു. രോഗം ബാധിച്ചവരിൽ 40% പേർക്ക് മരണസാധ്യതയുണ്ടായിരുന്നുവെന്ന് ഇന്ന് ചിന്തിക്കാനാവില്ല. ആന്റിബയോട്ടിക്കുകലും കീടനാശിനിയും രോഗത്തിൻറെ പ്രൊഫൈൽ തന്നെ മാറ്റിക്കളഞ്ഞു എന്ന് പറയുകയാവും മെച്ചം. പല പ്രദേശങ്ങളിൽ നിന്നും സ്ക്രബ്ബ് ടൈഫസ് പൂർണമായി അപ്രത്യക്ഷമായി; എന്നാൽ ചിലേടത്ത് അപ്പപ്പോൾ രോഗം തലപൊക്കാതെയുമിരുന്നില്ല. പൂർണമായും രോഗം പിൻവാങ്ങിയ മാലദ്വീപിൽ 2002- 2003 ൽ പുനർഭവിച്ചു. പലർക്കും രോഗം വന്നു, ചിലർ മരിച്ചു. മാലദ്വീപ് വാസികൾ രോഗത്തെ ചെറുത്തുനിൽക്കാൻ കെൽപ്പുള്ളവർ ആയിരുന്നിരിക്കണം, പുതിയ സ്ട്രെയിൻ വന്നെത്തുകയോ, പഴയതിന് മ്യൂറ്റേഷൻ ഉണ്ടാവുകയോ ആവണം പുതിയ വ്യാപനത്തിന് കാരണം.
ലോകാരോഗ്യ സംഘടനയുടെ നിർവചനം പറയുന്നത്, ഒരു പ്രദേശത്ത് പ്രതീക്ഷിക്കുന്നതിലും അപ്പുറം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വ്യാപനമായി. ഏതാനും വർഷമായി അപ്രത്യക്ഷമായ രോഗം ഒരാളിലെങ്കിലും പ്രത്യക്ഷപ്പെട്ടാൽ പുതിയ വ്യാപനമായി കരുതിക്കൊള്ളണം. സ്ക്രബ്ബ് ടൈഫസിന് ഒരൊറ്റ സ്പീഷീസ് മാത്രമേയുള്ളൂ എന്ന ചിന്തയായിരുന്നു ഇത്രനാൾ. ചിലി, ദുബായ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യത്യസ്ത വേരിയൻറ്റ്കൾ കണ്ടെത്തിയതോടെ സ്ക്രബ്ബ് ടൈഫസിനെക്കുറിച്ചുള്ള പഴയ ധാരണകൾ മാറ്റിയെഴുതപ്പെടുന്നു. ഭാവിയിൽ പുതിയ സ്ട്രെയിനുകൾക്ക് ആന്റിബയോട്ടിക് അതിജീവനശേഷി (AntiMicrobial Resistance) കൈവരിച്ചേക്കാം; അപ്പോൾ പുതിയ മരുന്നുകൾ വേണ്ടിവരും. പുതിയ രോഗനിർണയ ഉപാധികൾ ഇപ്പോൾ ലഭ്യമാണ് – quantitative real-time PCR (qPCR) – രോഗനിര്ണയത്തിലെ കൃത്യത പുതിയ കാലത്തിലെ ടെസ്റ്റുകൾ ഉറപ്പാക്കുന്നു. സ്ക്രബ്ബ് ടൈഫസിനെതിരെ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമവും ശ്രദ്ധേയമാണ്.
സ്ക്രബ്ബ് ടൈഫസ് രോഗലക്ഷണങ്ങൾ മറ്റുചില രോഗങ്ങളുമായി സമാനത പുലർത്തുന്നത് കാണാം. രോഗം ഇൻഡെമിക് ആയ പ്രദേശങ്ങളിൽ പനി, ഉദാസീനത തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളിൽ 19% പേർക്ക് സ്ക്രബ് ടൈഫസ് ആവാനാണ് സാധ്യത. യുദ്ധമില്ലെങ്കിലും സംഘർഷ പ്രദേശങ്ങൾ ലോകത്തിൻറെ പലഭാഗങ്ങളിലുമുണ്ട്. കൂടാതെ, പണ്ടത്തേതിലും വർധിച്ച തോതിൽ ജനങ്ങൾ യാത്രയിൽ താല്പര്യമെടുക്കുന്നു. അവർക്കെല്ലാം സുരക്ഷിതമാർഗം വാക്സിൻ തന്നെയാണ്; അതിന്റെ അഭാവം തൽക്കാലം പ്രശ്നമായി തുടരും. ഡോക്സിസൈക്ലിൻ പോലുള്ള മരുന്നുകൾ പ്രതിവാരം കഴിക്കാൻ ചിലർ പറയുന്നത് തത്കാലം വിവാദമുക്തമല്ല.
അധികവായനയ്ക്ക്:
- Richards AL, Jiang J. Scrub Typhus: Historic Perspective and Current Status of the Worldwide Presence of Orientia Species. Trop Med Infect Dis. 2020 Apr 1;5(2):49. doi: 10.3390/tropicalmed5020049. PMID: 32244598; PMCID: PMC7344502.
- Chakraborty S, Sarma N. Scrub Typhus: An Emerging Threat. Indian J Dermatol. 2017 Sep-Oct;62(5):478-485. doi: 10.4103/ijd.IJD_388_17. PMID: 28979009; PMCID: PMC5618834.
- Luce-Fedrow A, Lehman ML, Kelly DJ, Mullins K, Maina AN, Stewart RL, Ge H, John HS, Jiang J, Richards AL. A Review of Scrub Typhus (Orientia tsutsugamushi and Related Organisms): Then, Now, and Tomorrow. Trop Med Infect Dis. 2018 Jan 17;3(1):8. doi: 10.3390/tropicalmed3010008. PMID: 30274407; PMCID: PMC6136631.