ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോളിനെ കണ്ടെത്തി
[dropcap]തി[/dropcap]ന്നുക എന്നതൊക്കെ ഇച്ചിരി ആലങ്കാരികമായി പറഞ്ഞതാണേ! പക്ഷേ നാല് ചന്ദ്രനോളം മാസ് എല്ലാ ദിവസവും മൂന്നുനേരം വീതം വലിച്ചെടുക്കുന്ന ഒരു ബ്ലാക്ക്ഹോളിനെ അങ്ങ് അകലെയകലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.
GSN069 എന്നൊരു ഗാലക്സിയെ നിരീക്ഷിക്കുകയായിരുന്നു ഗവേഷകര്‍. കൃത്യമായ ഇടവേളകളില്‍, അതായത് ഓരോ ഒന്‍പത് മണിക്കൂര്‍ കൂടുമ്പോഴും ശക്തമായ എക്സ്-റേ വികിരണം ഈ ഗാലക്സിയില്‍നിന്നും പുറത്തേക്കു വരുന്നു. X-ray bursts എന്നറിയപ്പെടുന്ന തരത്തിലുള്ള അതിശക്തമായ എക്സ്-റേ കൂട്ടമാണ് പുറത്തേക്കു വരുന്നത്. ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ XMM-Newton എന്ന ദൗത്യത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം. രണ്ടും ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന എക്സ്-റേ ടെലിസ്കോപ്പുകളാണ്.
ഒന്‍പതു മണിക്കൂറിന്റെ ഇടവേളകളില്‍ വലിയ തോതില്‍ എക്സ്-റേ പുറത്തുവരുന്നത് വലിയൊരു ബ്ലാക്ക്ഹോളിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്. ഒന്‍പതു മണിക്കൂറിന്റെ ഇടവേളയില്‍ കൃത്യമായി ദ്രവ്യത്തെ അകത്താക്കുന്ന ഒരു സൂപ്പര്‍ മാസീവ് ബ്ലാക്ക്ഹോള്‍!
നിരീക്ഷകര്‍ കുറെക്കാലം മുന്‍പ് ഇത്തരമൊരു കാഴ്ചയെ അനുമാനിച്ചെടുത്തിരുന്നു. പക്ഷേ അന്ന് സൂര്യനെക്കാളും പത്തിരട്ടി മാത്രം മാസുള്ള ഒരു ബ്ലാക്ക്ഹോള്‍ ആയിരുന്നു അത്. ഒരു സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോള്‍ അഥവാ അതിഭീമ തമോഗര്‍ത്തത്തില്‍നിന്നും കൃത്യമായ ഇടവേളകളില്‍ എക്സ്-റേ കാണാന്‍ കഴിയുന്നത് ഇത് ആദ്യമാണ്.
ഇരുപത്തിയഞ്ചുകോടി പ്രകാശവര്‍ഷം അകലെയാണ് GSN 069 എന്ന ഗാലക്സി. അതിന്റെ നടുക്കുള്ള ഈ ബ്ലാക്ക്ഹോളിന് നാല് ലക്ഷം സൂര്യന്റെ മാസുണ്ട്. ദിവസം മൂന്നുനേരം നാല് ചന്ദ്രനോളം വസ്തുക്കളെയാണത്രേ ഈ ബ്ലാക്ക്ഹോള്‍ അകത്താക്കുന്നത്! നാലു വീതം മൂന്നുനേരം എന്നൊക്കെയുള്ള ഡോക്ടര്‍മാരുടെ കുറിപ്പടിപോലെ ഒരു തീറ്റ!
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ XMM-Newton എന്ന ബഹിരാകാശ ടെലിസ്കോപ്പാണ് GSN 069 എന്ന ഗാലക്സിയില്‍നിന്നും എക്സ്-റേ പൊട്ടിത്തെറി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ഡിസംബറിലായിരുന്നു ഈ നിരീക്ഷണം. അന്ന് രണ്ട് പൊട്ടിത്തെറികളാണ് കണ്ടത്. പിന്നീടു നടത്തിയ തുടര്‍നിരീക്ഷണത്തില്‍ 2019 ജനുവരി 16നും 17നും അഞ്ച് എക്സ്-റേ പൊട്ടിത്തെറികള്‍കൂടി കണ്ടെത്തുകയുണ്ടായി. ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി 2019 ലെ വലന്റൈന്‍ ദിനത്തില്‍, ഫെബ്രുവരി 14ന് മൂന്ന് പൊട്ടിത്തെറികള്‍ കൂടി ഇവിടെനിന്നു നിരീക്ഷിച്ചു.
ഈ നിരീക്ഷണങ്ങളെ ഒരുമിച്ചു ചേര്‍ത്ത് വിശകലനം ചെയ്താണ് ഗവേഷകര്‍ പുതിയ നിഗമനത്തില്‍ എത്തിയത്. തമോഗര്‍ത്തത്തിലേക്ക് തൊട്ടടുത്ത നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ ഒക്കെ പദാര്‍ത്ഥങ്ങള്‍ വന്നുവീഴുന്ന പ്രക്രിയ കൃത്യമായ ഇടവേളകളില്‍ വര്‍ദ്ധിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ വീഴുന്ന സമയത്ത് 25ലക്ഷം ഡിഗ്രി സെല്‍ഷ്യസോളം വരുമത്രേ ഈ പദാര്‍ത്ഥത്തിന്റെ താപനില! സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോളുകള്‍ക്ക് ചുറ്റുമുള്ള പദാര്‍ത്ഥത്തില്‍ മാത്രമേ ഇത്രയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളൂ!
കൃത്യമായ ഇടവേളകളില്‍ ദ്രവ്യത്തെ തമോഗര്‍ത്തം വിഴുങ്ങുന്ന പ്രക്രിയയ്ക്കു കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പഠനങ്ങള്‍ ഉണ്ടെങ്കിലേ അക്കാര്യം കണ്ടെത്താനാകൂ.
വീഡിയോ കാണാം
അധിക വായനയ്ക്ക്