ആദ്യമായി രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ആദ്യം, ആൺഎലികളുടെ വാലുകളിൽനിന്ന് ചർമ്മകോശങ്ങൾ എടുത്ത് അവയെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളായി (induced pluripotent stem cells) രൂപാന്തരപ്പെടുത്തി, ഇവയ്ക്കു പലതരം കോശങ്ങളോ ടിഷ്യൂകളോ ആയി വികസിക്കാൻ കഴിയും. തുടർന്ന്, അവയെ വളർത്തിയെടുക്കുകയും മരുന്നിന്റെ സഹായത്തോടെ പുരുഷ എലിയുടെ മൂലകോശങ്ങളെ സ്ത്രീകോശങ്ങളാക്കി മാറ്റുകയും പ്രവർത്തനക്ഷമമായ മുട്ടകോശങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഒടുവിൽ, ആ മുട്ടകൾ ബീജസങ്കലനം ചെയ്യുകയും ഭ്രൂണങ്ങളെ പെൺഎലികളിൽ നിക്ഷേപിക്കുകയും ചെയ്തു. ഏകദേശം 1% ഭ്രൂണങ്ങൾ (630ൽ 7 എണ്ണം) ആണ് എലിക്കുഞ്ഞുങ്ങളായി വളർന്നത്. നിക്ഷേപിച്ച് ഭ്രൂണങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രം അതിജീവിച്ചത് എന്തുകൊണ്ടാണെന്ന് അറിയാൻ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.
ഈ പഠനം, പ്രത്യുൽപാദന ജീവശാസ്ത്രത്തിലും ഫെർട്ടിലിറ്റി ഗവേഷണത്തിലും പുതിയ വഴികൾ തുറന്നേക്കും. ഉദാഹരണത്തിന്, വംശനാശഭീഷണി നേരിടുന്ന സസ്തനികളെ ഒരൊറ്റ ആണിൽ നിന്ന് പുനരുൽപാദിപ്പിക്കാൻ ഇത്തരത്തിൽ സാധിച്ചേക്കാം.
അധിക വായനയ്ക്ക്
1. Generation of functional oocytes from male mice in vitro , 30 March 2023, Nature
ഡോ. ദീപ കെ.ജി
കടപ്പാട് : 2023 ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്
—