Read Time:29 Minute
  • സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. 
  • ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു.
  • ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.
  • ശാസ്തഗതി 2025 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

പ്രകൃതിയിലും സമൂഹത്തിലും മനുഷ്യർ നിരീക്ഷിച്ചും ഇടപെട്ടും നേടിയ അറിവുകളാണ് മാനവസമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അത്തരം അറിവുകളിൽ ഏറ്റവും നിർണ്ണായകമായിത്തീർന്നത് കാര്യ-കാരണ ബന്ധത്തിലും തെളിവിലും അധിഷ്ഠിതമായ ശാസ്ത്രീയ അറിവുകളാണ്. ശാസ്ത്ര വിജ്ഞാനവും അത് വികസിപ്പിക്കുന്നരീതിയും സമൂഹം എത്ര കണ്ട് ഉൾക്കൊള്ളുന്നുവോ അതിനനുസരിച്ചാണ് ആ സമൂഹം മൊത്തത്തിൽ പുരോഗമിക്കുക എന്ന് പറയാം. 

ഉൽപാദന വർധനയ്ക്കാവശ്യമായ സാങ്കേതികവിദ്യകൾ വികസിക്കുന്നതോടൊപ്പം സമൂഹത്തിൽ ശാസ്ത്രബോധവും വളരേണ്ടതുണ്ടെന്ന സമീപനമായിരുന്നു ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുമ്പോട്ടുവെച്ചത്. യുക്തിയിലും തെളിവിലും ഊന്നിയ ലോകവീക്ഷണവും വിമർശനബുദ്ധിയോടെ ചോദ്യംചെയ്യാനും ചോദ്യംചെയ്യപ്പെടാനുമുള്ള ജനാധിപത്യബോധവും ഒത്തൊരുമിച്ച് ഒന്നായി ശാസ്ത്രബോധത്തെ നിർവചിച്ചതും അദ്ദേഹമായിരുന്നു. ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ ആരംഭിച്ചും ശാസ്ത്ര വിദ്യാഭ്യാസത്തിൽ ഊന്നൽ നൽകിയും ശാസ്ത്ര സാങ്കേതികവിദ്യകൾ കൃഷിയുടെയും വ്യവസായത്തിന്റെയും വളർച്ചക്കായി പ്രയോജനപ്പെടുത്തിയും ശാസ്ത്രത്തിന്റെ ശക്തമായ ഒരടിത്തറ രാജ്യത്ത് സൃഷ്ടിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ഇതിന് ശക്തിപകരുന്ന ഒന്നായിരുന്നു 1958 ലെ ശാസ്ത്രനയ പ്രഖ്യാപനം. 

എന്നാൽ, ശാസ്ത്രം മുകൾത്തട്ടിൽ വികസിക്കുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കേണ്ട സാമാന്യ ജനങ്ങൾ അതിൻ്റെ അറിവുകൾ ആർജിക്കുന്നതിലും നേട്ടങ്ങൾ കൈയാളുന്നതിലും ഏറെ പിന്നിലായിരുന്നു. ശാസ്ത്രം മുന്നേറുമ്പോഴും പരമ്പരാഗത വിശ്വാസങ്ങൾക്കും അദ്ഭുതവിദ്യകൾ കാണിക്കുന്ന തട്ടിപ്പുകാർക്കും സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യം തുടരുകതന്നെ ചെയ്തു. ശാസ്ത്രരംഗത്ത് പഠനം നടത്തിയവർപോലും, ശാസ്ത്രം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് 1976-ൽ ഭരണഘടനയുടെ നിർദേശക തത്വത്തിൽ 51 എ(എച്ച്) വകുപ്പായി ശാസ്ത്രബോധവും മാനവികതയും പ്രചരിപ്പിക്കുക പൗരൻ്റെ ഉത്തരവാദിത്വമായി ഉൾപ്പെടുത്തിയത്. എന്നാൽ, അതും ഏട്ടിലെ പശുമാത്രമായി മാറുകയാണെന്ന് അധികം വൈകാതെതന്നെ വ്യക്തമായി. 

ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞർ ഒത്തുചേർന്ന് 1981 ലെ ശാസ്ത്രബോധത്തിനായുള്ള പ്രഖ്യാപനം മുന്നോട്ടുവെച്ചത്. മൂന്നു ദശകം പിന്നിട്ടപ്പോൾ സ്ഥിതി പിന്നെയും കൂടുതൽ മോശമായി. സ്വാശ്രയത്വത്തിലൂന്നിയ സാമ്പത്തിക വികസനത്തിന് പ്രാധാന്യമുണ്ടായിരുന്ന ആദ്യദശകങ്ങളിൽ സാങ്കേതിക വിദ്യയോടൊപ്പം ശാസ്ത്ര വിജ്ഞാനത്തെയും ശാസ്ത്ര വിദ്യാഭ്യാസത്തെയും സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ, ലോകവും ഇന്ത്യയും ആഗോളീകരണത്തിൻ്റെയും കമ്പോള വ്യവസ്ഥിതിയുടെയും പാതയിലേക്ക് പൂർണ്ണമായും മാറിയതോടെ ശാസ്ത്രവും ഗവേഷണവുമെല്ലാം വിപണിക്കാവശ്യമായ ഉൽപന്നങ്ങൾ ലക്ഷ്യമിട്ടുള്ളതുമാത്രമായി. സാധാരണ ജനങ്ങളുടെ ജീവിത നിലവാരമുയർത്തലും സമൂഹത്തിൽ ശാസ്ത്രവിജ്ഞാനം വ്യാപിപ്പിക്കലും ശാസ്ത്രബോധത്തിലേക്ക് സമൂഹത്തെ നയിക്കലുമെല്ലാം അവഗണിക്കപ്പെട്ടു. ഇക്കാലഘട്ടത്തിൽ ചില സന്നദ്ധ സംഘടനകളും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളും മാത്രം ശാസ്ത്ര പ്രചാരണത്തിനായി നിലകൊണ്ടു. അത്തരം ഒരു സാഹചര്യത്തിലാണ് ശാസ്ത്രരംഗത്ത് പ്രമുഖർ വീണ്ടും ഒത്തുചേർന്ന് 2011ലെ പ്രഖ്യാപനം തയ്യാറാക്കിയത്. 

എന്നാൽ, സാഹചര്യം ഇപ്പോൾ അന്നത്തേക്കാൾ കൂടുതൽ കലുഷിതമായിരിക്കുന്നു. ദേശീയതലത്തിൽ, സർക്കാർ തന്നെ ശാസ്ത്രവിരുദ്ധയും പരമ്പരാഗത വിശ്വാസങ്ങളും പ്രചരിപ്പിക്കപ്പെടുകയാണിന്ന്, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾക്ക് ശാസ്ത്ര ഗവേഷണത്തിനാവശ്യമായ ഫണ്ടുകൾ നൽകാതെയും മറ്റും നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം കപടശാസ്ത്രങ്ങളെയും കെട്ടുകഥകളെയും ശാസ്ത്രമായവതരിപ്പിക്കാൻ ലക്ഷ്യമിട്ട പരിപാടികൾ ഗവേഷണമെന്നപേരിൽ ചെയ്യാനും പ്രേരിപ്പിക്കുന്നു. മതാധിഷ്ഠിതവും യാഥാസ്ഥിതികവുമായ സാമൂഹിക സംഘടനകൾ ശാസ്ത്ര വിരുദ്ധതയും വിഭാഗീയതയും തീവ്രമായി പ്രചരിപ്പിക്കുന്നു. അത്തരം ശക്തികളിൽ ചിലതിന് സർക്കാർ വക പ്രോത്സാഹനവും ലഭിക്കുന്നു. ഇവയെല്ലാം രാജ്യത്ത് ചരിത്രപരമായി നിലനിന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിലനിർത്താനും കൊളോണിയൽ കാലംമുതൽ വളർന്നു വന്ന മത സ്‌പർധയെ ശക്തിപ്പെടുത്താനും സ്വാതന്ത്യത്തിനുശേഷം ശാസ്ത്രരംഗത്ത് രാജ്യം മുന്നേറിയ വഴികളെ പിന്നോട്ടടിപ്പിക്കാനും പോന്നവയാണ്. 2024 ലെ കൊൽക്കത്താ പ്രഖ്യാപനം ഈയൊരു സാഹചര്യത്തിലായിരുന്നു. 

ശാസ്ത്രബോധമെന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും അത് മുന്നേറേണ്ടതിന്റെ ആവശ്യകതയും തടസ്സമായി നിൽക്കുന്ന പ്രവണതകളെന്താണെന്നും കൃത്യമായിത്തന്നെ ഈ പ്രഖ്യാപനത്തിൽ വിവരിക്കുന്നുണ്ട്. ഇതിൽ ചില പ്രവർത്തന പരിപാടികളും നിർദേശിക്കുന്നുണ്ട്. എന്നാൽ, അവയെല്ലാം പ്രവർത്തന പഥത്തിലേക്കെത്തുകയോ എത്തിയവ തന്നെ സമൂഹം ഏറ്റെടുക്കുകയോ ചെയ്തില്ല. സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസപരമായ ഈ ജഡത്വം ഉപയോഗപ്പെടുത്തിയാണ് പ്രതിലോമശക്തികൾ അധികാരത്തിലേക്കെത്തിയതും ശാസ്ത്ര സ്ഥാപനങ്ങളെയടക്കം ശാസ്ത്രവിരുദ്ധതക്കായി പ്രയോജനപ്പെടുത്തുന്നതും. 

ഭരണ സംവിധാനത്തിന്റെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും മുൻകൈയിൽ നടക്കുന്ന ബോധവൽക്കരണത്തിലൂടെ, മുകളിൽനിന്ന് താഴേക്ക് പടരേണ്ട ഒന്നായി മാത്രമാണ് ശാസ്ത്രബോധത്തെകണ്ടത് എന്നതാണ് ഈ പ്രഖ്യാപനത്തിൽ പൊതുവായി കാണുന്ന പരിമിതി. തീർച്ചയായും സർക്കാരിനും ശാസ്ത്ര സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ശാസ്ത്രബോധ നിർമ്മിതിയിൽ വലിയ പങ്കുണ്ട്. എന്നാൽ, ശാസ്ത്രബോധത്തെ നിരാകരിക്കുന്ന ചിന്താഗതിക്കാർക്കായിരുന്നു എക്കാലത്തും, ഭരണതലത്തിലും സ്ഥാപനങ്ങളിലും ശാസ്ത്രജ്ഞർക്കിടയിൽത്തന്നെയും മേൽക്കൈ. അതിനാൽ, ശാസ്ത്രബോധത്തിനായുള്ള ശ്രമങ്ങളോടൊപ്പം അതിനേക്കാൾ ശക്തിയോടെ സംസ്കാരത്തിന്റെയും മതപരമായ അവകാശങ്ങളുടെയും മറവിൽ ശാസ്ത്ര വിരുദ്ധതയും മുകളിൽ നിന്നും താഴേക്ക് പ്രസരിച്ചുകൊണ്ടിരുന്നു. അതല്ലെങ്കിൽ, ശാസ്ത്രത്തെ ഒരു ലോകവീക്ഷണമായി മാറ്റാതെ ശാസ്ത്രം കണ്ടെടുത്ത ഏതാനും അറിവുകളുടെ പഠനം മാത്രമായി അതിനെ പരിമിതപ്പെടുത്തിക്കൊണ്ടിരുന്നു. അതിനാൽ, ശാസ്ത്രബോധമുള്ള ഒരു സമൂഹസൃഷ്ടിക്കായി നാം മുന്നിട്ടിറങ്ങുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് ശാസ്ത്രത്തെ തിരസ്‌കരിക്കുന്ന മനോഭാവങ്ങളും സാഹചര്യങ്ങളും എങ്ങനെ രൂപപ്പെടുന്നുവെന്നും നിലനിൽക്കുന്നുവെന്നുമാണ്. കൂടാതെ, ശാസ്ത്രം പഠിച്ചിട്ടും ശാസ്ത്രത്തെ നിരാകരിക്കാനുള്ള പ്രവണത പലരിലും എന്തുകൊണ്ട് നിലനിൽക്കുന്നുവെന്നാണ്. അതിനെ മറികടന്നുകൊണ്ട് എന്തെല്ലാംതരം പ്രവർത്തനങ്ങൾ വൈവിധ്യത്തോടെ ആവിഷ്കരിക്കാനാകുമെന്നാണ്. 

ബോധവൽകരണവും പ്രവർത്തനവും മാതൃകകൾ നിർമ്മിക്കലുമെല്ലാമായി ശാസ്ത്രബോധത്തിനായി താൽപര്യപ്പെടുന്ന മുഴുവൻ പേരെയും ഒന്നിപ്പിച്ച് നിരന്തരം വികസിക്കുകയും മുന്നേറുകയും ചെയ്യുന്ന പ്രസ്ഥാനമായി അത് മാറുകയെന്നത് രാജ്യം ആവശ്യപ്പെടുന്ന ഒന്നാണ്. 

എല്ലാ കുട്ടികളും ശാസ്ത്രബോധത്തോടെയാണ് ജനിച്ചുവീഴുന്നത്. അഥവാ, നിരീക്ഷിച്ചും യുക്തി ഉപയോഗിച്ചും ചോദിച്ചറിഞ്ഞും പ്രവർത്തിച്ചുമാണ് കുഞ്ഞുങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങുന്നത്. കുട്ടിയുടെ പ്രാഥമിക അറിവുകളെല്ലാം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നും ചുറ്റുപാടുമുള്ള സമൂഹത്തിൽ നിന്നുമാണ്, വസ്‌തുതാപരമായ കാര്യങ്ങൾ മാത്രമാണ് കുട്ടിയുടെ മുമ്പിൽ എത്തുന്നതെങ്കിൽ ആ കുട്ടി ശാസ്ത്ര ബോധത്തോടെത്തന്നെയാവും ചുറ്റുപാടിനെ വീക്ഷിക്കുക. എന്നാൽ, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആ അറിവുകളിൽ മഹാഭൂരിപക്ഷവും മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കുടുംബം അനുവർത്തിക്കുന്ന ശീലങ്ങളുമാണ്. കൂടാതെ, വിശ്വാസത്തിലും ആചാരത്തിലുമുള്ള സമുഹത്തിനുള്ളിലെ വേർതിരിവുകളും കുട്ടികൾ ശ്രദ്ധിച്ചുതുടങ്ങും. അതിലൂടെ വന്നുചേരുന്ന സ്വത്വ ബോധവും മറ്റ് വിഭാഗങ്ങളോടുള്ള അന്യബോധവും ആ ഘട്ടത്തിൽത്തന്നെ കുട്ടിയുടെ ധാരണയായി മാറും. എല്ലാവരും എത്തുന്ന വിദ്യാലയങ്ങളിൽച്ചെന്നാലും പേര്, വസ്ത്രധാരണം ഇവയിലെ വ്യത്യാസങ്ങളും കുട്ടി നിരീക്ഷിച്ച് ബോധ്യപ്പെടും. ഇങ്ങനെ ലഭിച്ച വിവരങ്ങളാണ് കുട്ടിയുടെ അടിസ്ഥാന അറിവുകളായി മാറുന്നത്. അതിലൂടെയാണ് കുട്ടി ലോകത്തെ വീക്ഷിച്ചുതുടങ്ങുന്നത്. അടിസ്ഥാന അറിവുകളോടുചേർന്ന് വരുന്നവയെല്ലാം ചോദ്യങ്ങളുയർത്താതെതന്നെ സ്വീകരിക്കപ്പെടുകയെന്നതാണ് പിന്നീട് സംഭവിക്കുക. കുട്ടി പിന്നീട് വളരുന്ന സാംസ്കാരികാന്തരീക്ഷവും മിക്കവാറും വിശ്വാസപരമായി ലഭിച്ച ധാരണകളെ ഉറപ്പിക്കുന്നതാവും. 

വിദ്യാഭ്യാസത്തിലൂടെ പുതിയ ശരിയായ അറിവുകൾ ശരിയാംവിധം ലഭിക്കുമ്പോൾ മാത്രമാണ് മനസ്സിലുറച്ച അബദ്ധ ധാരണകൾ മാറുക. അഥവാ, ചെറുപ്രായത്തിൽ അടിഞ്ഞുകൂടിയ വിശ്വാസ മാലിന്യങ്ങളെ ഉരച്ചുകളയുന്ന പ്രക്രിയയാണ് സ്‌കൂൾ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടത്. അതിന് പാഠപു സ്‌തകങ്ങളിലെ ശാസ്ത്രം, വിവരങ്ങൾ എന്ന നിലയിൽ പരിചയപ്പെട്ടാൽമാത്രം പോരാ. ആ അറിവ് അതുവരെ വെച്ചുപുലർത്തിയ ധാരണകളിൽനിന്ന് വ്യത്യസ്ത‌ം മാത്രമല്ല, യുക്തിഭദ്രവും തെളിവുകളോടുകൂടിയതും ഏറ്റവും സ്വീകാര്യവുമാണെന്ന് അനുഭവപ്പെടണം. അറിവ് രൂപപ്പെട്ടവഴിയും കാര്യ-കാരണ ബന്ധവും ബോധ്യമാകുന്നതിലൂടെയും പ്രവർത്തനാനുഭവം സ്യഷ്ടിച്ചുമേ അത് സാധ്യമാകു. അതിനുള്ള വഴികളാണ് സ്‌കൂൾതലങ്ങളിൽ സയൻസ് പഠിപ്പിക്കുമ്പോൾ ഉണ്ടാകേണ്ടത്. എന്നാൽ, സ്കൂളുകളിലെ സയൻസ് പഠനങ്ങളിൽ മിക്കപ്പോഴും അതുണ്ടാകാറില്ല. അത് കേവലം വിവരങ്ങളും സിദ്ധാന്തങ്ങളും നിയമങ്ങളുമായി യാന്ത്രികമായി പഠിക്കുകയാണ്. മതപഠനപുസ്‌തകങ്ങളിലെ അറിവുപോലെ നിശ്ചലമായതും പരീക്ഷകളിലൊഴികെ മറ്റൊന്നിലും പ്രയോഗിക്കാതെ വേറിട്ടു വെക്കേണ്ടതുമാണ് ശാസ്ത്ര രംഗത്തെ അറിവുകളുമെന്നാണ് മിക്ക കുട്ടികളും കരുതുന്നത്. അതിനാൽ, വിശ്വാസങ്ങൾ അതേപടി നിലനിൽക്കും. പഠനം കഴിഞ്ഞ് പിന്നീടുള്ള ഘട്ടങ്ങളിൽ ചിലപ്പോൾ പഠിച്ച ശാസ്ത്രംതന്നെ മറക്കും. ശാസ്ത്രം ഓർമ്മയിലുണ്ടെങ്കിൽത്തന്നെ വിശ്വാസങ്ങളും ശാസ്ത്രവുമായി ബന്ധമുണ്ടെന്ന് സമർഥിക്കാനുള്ള സാധ്യത ആരായാനാവും അവർക്ക് താൽപര്യം. 

നമ്മുടെ സാമൂഹികബോധം രൂപപ്പെടുത്തുന്നതിൽ കലയും സാഹിത്യവും സിനിമയും ഉൾപ്പെട്ട സാംസ്കാരികരൂപങ്ങൾക്ക് വലിയ പങ്കുണ്ട്. ഓരോ നാട്ടിലും വളർന്നു വന്ന സാംസ്കാരികരൂപങ്ങൾ അവിടുത്തെ വിശ്വാസത്തെയും ആചാരത്തെയും അടിസ്ഥാനമാക്കിയാണെന്നു മാത്രമല്ല,അവയെ അടിസ്ഥാനമാക്കിയോ അതിലെ മൂല്യങ്ങളിലൂന്നിയോ ആണ് മിക്ക പുതുകാല രചനകളും ഉണ്ടാകുന്നത്. ഇവയെല്ലാം വിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. 

ശാസ്ത്രത്തിന്റെ വഴിയിൽ ജനങ്ങളെ നയിക്കാൻ പിന്നെ ശേഷിയുള്ളത് മാധ്യമങ്ങൾക്കാണ്. എന്നാൽ, വാർത്തകളായും ലേഖനങ്ങളായും പരിപാടികളായും പത്ര-ദൃ ശ്യ-ശ്രവ്യ മാധ്യമങ്ങൾ അനുവാചകരിൽ എത്തിക്കുന്ന വിവരങ്ങളിൽ ശാസ്ത്രത്തിന്റെ അളവ് വളരെ കുറവാണ്. ഉള്ളതുതന്നെ സാങ്കേതിവിദ്യകളെ പരിചയപ്പെടുത്തുന്നവയും ശാസ്ത്രരംഗത്തെ കൗതുകകാര്യങ്ങളും മാത്രമാണ്. ശാസ്ത്രമെന്ന നിലയിൽ കപടശാസ്ത്ര വിവരങ്ങൾ പരസ്യ രൂപേണ സ്ഥിരമായി മാധ്യമങ്ങളിൽ വരുന്നു. സോഷ്യൽ മീഡിയ വന്നപ്പോഴാകട്ടെ, അതുപയോഗിച്ച് ശാസ്ത്രവിരുദ്ധ കാര്യങ്ങൾ അതിതീവ്രമായാണ് പ്രചരിപ്പിക്കുന്നത്. 

കുടുംബത്തിലുള്ളവരും പുറത്തുള്ളവരും പങ്കെടുക്കുന്ന വിവാഹം, മരണം പോലുള്ള സന്ദർഭങ്ങൾ മതാചാരങ്ങളാൽ ബന്ധിതമാണെന്ന് മാത്രമല്ല, അവയുടെ ഇടം, രീതി എല്ലാം നിശ്ചയിക്കുന്നത് ജാതി-മത സംഘങ്ങളും സ്ഥാപനങ്ങളുമാണ്. ജാതി -മത സംഘടനകളും ആചാരങ്ങളും ഈ ചടങ്ങുകൾക്ക് അനിവാര്യമാണെന്ന ചിന്ത അതുൽപാദിപ്പിക്കുന്നുണ്ട്. പേരിനോടൊപ്പമുള്ള ജാതി-മത ചിഹ്നങ്ങളാണ് മറ്റൊന്ന്. അയാളെ ജാതി-മത സ്വത്വബോധത്തിൽ ഉറപ്പിക്കുന്നതാണി ചിഹ്നങ്ങൾ. 

സെക്കുലറിസത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനവും ജാതി-മത ഭേദമില്ലാതെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതുമാണ് മതാധിഷ്‌ഠിത സാമൂഹിക ബോധത്തിൽ നിന്ന് പലരെയും മോചിപ്പിക്കുന്നത്. എന്നാൽ, അവിടെയും മതരാഷ്ട്രീയം ശക്തമാകുകയും മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രമേയങ്ങൾ രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്രമാകുകയും ചെയ്‌തുവെന്നതാണ് സമീപകലത്തെ സവിശേഷത. ഇതും ശാസ്ത്രബോധം വ്യാപരിക്കുന്നതിനെ സമീപകാലത്ത് തടസ്സപ്പെടുത്തിയ ഒന്നാണ്. 

സമൂഹത്തിലാകെ പടരുന്ന അനിശ്ചിതത്വങ്ങൾ ഒട്ടേറെപ്പേരെ അന്ധവിശ്വാസങ്ങളിലേക്കും വിധിവിശ്വാസത്തിലേക്കുമെല്ലാം തള്ളിവിടുന്നുണ്ട്. ജീവിതസുരക്ഷ ഉറപ്പാക്കപ്പെടുമ്പോഴാണ് യുക്തിപരമായും വസ്തു‌നിഷ്‌ഠമായും കാര്യങ്ങളെ കാണാൻ എളുപ്പമാകുക. അതിനുള്ള പ്രവർത്തനമാകട്ടെ, രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ ശാസ്ത്രബോധം ആവശ്യമാണുതാനും അതിനാൽ, ശാസ്ത്രബോധ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള ഡയലക്ടിക്കൽ ബന്ധം തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാവണം ശാസ്ത്രബോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇത്തരത്തിലുള്ള സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ മുറിച്ചുകടക്കാം എന്നാണ് നാം ആലോചിക്കേണ്ടത്. 

ശാസ്ത്രപ്രചാരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നാല് കാര്യങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കണം. 

  1. അറിവ് വികസിച്ച വഴി അഥവാ ചരിത്രം 
  2. പ്രവർത്ത നാനുഭവം സൃഷ്ടിക്കൽ 
  3. അതിന്റെ പ്രയോഗക്ഷമത എവിടെയെല്ലാം 
  4. ബന്ധപ്പെട്ട പരമ്പരാഗത ധാരണകളെ എങ്ങനെ നിഷേധിക്കുന്നു, അതിനേക്കാൾ എന്തുകൊണ്ട് ശരിയാണ് എന്നത്. 

ശാസ്ത്ര വിരുദ്ധതാ സങ്കല്‌പങ്ങളെയും അന്ധവിശ്വാസങ്ങളെയും അവയുടെ അടിസ്ഥാന സങ്കലങ്ങളെ വിശദീകരിച്ചും പ്രയോഗരാഹിത്യത്തിലും സാമൂഹിക വിരുദ്ധതയിലുമൂന്നി തുറന്നു കാണിക്കണം. അതായത്, ജ്യോതിഷം, വാസ്‌തു തുടങ്ങിയ എല്ലാ അബദ്ധവിശ്വാസങ്ങളും തിരസ്ക്കരിക്കപ്പെടാൻ അവ ആധാരമാക്കുന്ന സങ്കല്പങ്ങൾ ശാസ്ത്രീയധാരണകളിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയണം. അവമൂലം സമൂഹത്തിൽ സംഭവിക്കുന്ന അപചയങ്ങളും ദുരിതങ്ങളും അറിയണം. 

കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുള്ള പ്രവർത്തനങ്ങൾക്കുതന്നെയാവണം മുൻഗണന. ചെറു പ്രായത്തിൽത്തന്നെ ശാസ്ത്ര പ്രവർത്തനങ്ങളിലെ കൗതുകങ്ങളിലൂടെ ശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടാക്കണം. പഠിക്കുന്ന ശാസ്ത്ര സങ്കല്‌പങ്ങൾ ബോധ്യമാക്കുന്ന പ്രവർത്തനമാണ് അടുത്ത ഘട്ടത്തിൽ വേണ്ടത്. മൂന്നാം ഘട്ടത്തിൽ ആവശ്യമായ ഘട്ടങ്ങളിലെല്ലാം ശാസ്ത്രം പ്രയോഗിക്കാനും ശാസ്ത്രവിരുദ്ധത തിരിച്ചറിയാനുള്ള കഴിവും വളരണം. ഇതിനായി, വിദ്യാഭ്യാസരംഗത്തെ ഇടപെടലിനൊപ്പംതന്നെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഊന്നൽ വേണം. 

ശാസ്ത്രബോധത്തിനായുള്ള സാംസ്കാരിക ഇടപെടലാണ് മറ്റൊരു പ്രധാനതലം. ശാസ്ത്രവും ശാസ്ത്രബോധത്തിൻ്റെ ആവശ്യകതകൾ വിവരിക്കുന്ന കലയും സാഹിത്യവും സിനിമയുമെല്ലാം ഉണ്ടാകണം. നിലവിലുള്ള കലാരൂപങ്ങളുടെ രീതിയും അവസരങ്ങളും ഉപയോഗപ്പെടുത്തി അതിനുള്ളിലെ കഥാതന്തുക്കളിൽ ഇടപെടുന്നതും പ്രധാനമാണ്. അതായത്, ശാസ്ത്ര ബോധത്തിലൂന്നിയ സാംസ്കാരിക പ്രവർത്തനമെന്നത് തികച്ചും വേറിട്ടും സമാന്തരമായും മുന്നേറേണ്ടതല്ല. ആ സാംസ്കാരിക രൂപങ്ങളിൽ അഭിരമിച്ച് പരമ്പരാഗത വിശ്വാസങ്ങളിൽ കുടുങ്ങി കിടക്കുന്നവരോട് സംവദിക്കാൻ ആ രൂപങ്ങളിലൂടെത്തന്നെ ഇടപെടുന്നതാണ് നല്ലത്. 

നിത്യജീവിതം ശാസ്ത്രത്തിലൂടെ എങ്ങനെ കൂടുതൽ തെളിമയുള്ളതും സുഖകരമാക്കാമെന്നു മനസ്സിലാക്കുന്നതും പ്രധാനമാണ്. കൃഷി, മാലിന്യ സംസ്ക്‌കരണം. ഊർജ സംരക്ഷണം, ജലവിനിയോഗം, വീട് പരിപാലനം, പൊതുസ്ഥലങ്ങളുടെ സംരക്ഷണം ഇവയെല്ലാം ശാസ്ത്രീയമായി എങ്ങനെ ചെയ്യണമെന്ന് പരിശീലനം ഉണ്ടാവണം. കേവലം സാങ്കേതികവിദ്യകളായി അവ വാങ്ങുകയല്ല, അതിന്റെ ശാസ്ത്രം മനസ്സിലാക്കി ഉപയോഗിപ്പിക്കുകയും പ്രയോഗിപ്പിക്കുകയുമാണ് വേണ്ടത്. 

മതാധിഷ്ഠിതവും ശാസ്ത്ര വിരുദ്ധവുമായ ആചാരങ്ങളിൽനിന്ന് മുക്തമാകുക എന്നത് ശാസ്ത്ര ബോധത്തിന് വളരെ പ്രധാനമാണ്. എന്നാൽ, ഇത് പ്രചാരണത്തിലൂടെ നേടാവുന്ന കാര്യമല്ലെന്നും തിരിച്ചറിയണം. പകരം അവ്വിധം മുക്തമാക്കിയ ജീവിതങ്ങളെ പൊതുമണ്ഡലത്തിൽ കൂടുതൽ കൂടുതൽ ദൃശ്യമാക്കുക എന്നതാണ് വഴി. ശാസ്ത്രബോധത്തിനായി നിലകൊള്ളുന്നവരെല്ലാം അത്തരം സംസ്കാരം കുടുംബത്തിലേക്ക് പ്രസരിപ്പിക്കാനും സമൂഹത്തിൽ ദൃശ്യമാക്കാനും തയ്യാറാകണം. ജാതി-മത ചിഹ്നമില്ലാത്ത പേരുകൾ, ജാതി-മത രഹിതമായ സർട്ടിഫിക്കറ്റുകൾ, സിവിൽ വിവാഹങ്ങൾ (ജാതിയും മ തവും ജാതകം പോലുള്ള ആചാരങ്ങളും പരിഗണിക്കാതെ രജിസ്റ്റർ ചെയ്തുള്ള വിവാഹങ്ങൾ), കുടുംബത്തിലെ ജനാധിപത്യം (ലിംഗസ മത്വവും കുട്ടികളുടെ അവകാശവും പരിഗണിക്കുന്നവ), സെക്കുലറായ കുടുംബ ഉത്സവങ്ങൾ, വ്യക്തികളിൽ അടിച്ചേൽപ്പിക്കപ്പെട്ട ശൈശവം മുതൽ മരണം വരെ നീളുന്ന മതാചാരങ്ങളിൽനിന്ന് മാറിനിൽക്കൽ ഇവയെല്ലാം സ്വയം സന്നദ്ധമായി ഉണ്ടാകണം. സെൻസസ് നടക്കുമ്പോൾ മതരഹിതരുടെ കണക്കും ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുന്ന സ്ഥിതി വേണം.

ശാസ്ത്രബോധത്തിനായുള്ള പ്രചാരണം ദൈവനിഷേധത്തിനുവേണ്ടിയുള്ള പ്രചാരണമാകാതെ സൂക്ഷിക്കണം. ബഹുഭൂരിപക്ഷത്തിൻ്റെയും മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ള, ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ഉപാധിയായി പലരും ഉപയോഗിക്കുന്ന ഒന്നാണ് ദൈവവിശ്വാസം. അതുകൊണ്ട്, അതിനെതിരായ പ്രചാരണം നമ്മോട് അകൽച്ച പാലിക്കാനും നമ്മുടെ ശ്രമങ്ങളെ തടയിടാനും മാത്രമേ അവരെ അതിന് പ്രേരിപ്പിക്കൂ. മാത്രമല്ല, ദൈവസങ്കല്പം കൃത്യമായി നിർവചിക്കപ്പെടാത്തതിനാലും പലരും പല വിധത്തിലാണ് അതിനെ സ്വാംശീകരിക്കുന്നതെന്നതിനാലും സയൻസിൻ്റെ രീതിക്ക് വഴങ്ങുന്നതല്ല അതിൻ്റെ പരിശോധന എന്നോർക്കണം. 


ശാസ്ത്രഗതി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ – NSD TALK
Next post സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ
Close