നിശ്ചല തരംഗം.
തരംഗത്തിന്റെ പരിഛേദതലം തരംഗത്തോടൊപ്പം സഞ്ചരിക്കാതെ സ്ഥിരമായി നില്‍ക്കുന്ന തരത്തിലുള്ള തരംഗം. മുന്നോട്ടു സഞ്ചരിക്കുന്ന തരംഗം ഒരു തടസത്തില്‍ തട്ടി അതേ പഥത്തിലൂടെ പിന്നോട്ടു വരുമ്പോഴാണ് നിശ്ചലതരംഗം ഉണ്ടാകുന്നത്. പ്രതിഫലിച്ചു വരുന്ന തരംഗവും മുന്നോട്ടു നീങ്ങുന്ന തരംഗവും മാധ്യമത്തിലെ ഒരു ബിന്ദുവില്‍ സൃഷ്‌ടിക്കുന്ന മൊത്തം കമ്പനം സ്ഥിരമായിരിക്കുന്നതിനാലാണ് നിശ്ചലമായി തോന്നുന്നത്. പൂജ്യം മുതല്‍ പരമാവധി വരെയുള്ള എല്ലാ ആയാമങ്ങളുമുള്ള സ്ഥാനങ്ങള്‍ ഇതില്‍ ക്രമമായി കാണാം. പരമാവധി ആയാമത്തോടെ കമ്പനം ചെയ്യുന്ന സ്ഥാനത്തിന് പ്രസ്‌പന്ദം ( antinode) എന്നും പൂജ്യം ആയാമമുള്ള സ്ഥാനത്തിന് നിസ്‌പന്ദം ( node) എന്നും പറയുന്നു.