plastics
പ്ലാസ്റ്റിക്കുകള്‍
ഇവ കൃത്രിമ പോളിമറുകളാണ്. തന്മാത്രാഘടനയനുസരിച്ച് ഇവയെ രണ്ടാക്കി തരംതിരിക്കാം. 1. thermoplastics: തന്മാത്രാഘടന നേര്‍ശൃംഖലാ രൂപത്തിലാണ്. ചൂടേല്‍ക്കുമ്പോള്‍ തന്മാത്രാബന്ധം അയയുകയും ശൃംഖലയിലെ തന്മാത്രകള്‍ക്കിടയ്‌ക്ക് ആപേക്ഷിക ചലനം സാധ്യമാവുകയും ചെയ്യുന്നു. ഇത് ഒരു വ്യുല്‍ക്രമണീയ മാറ്റമാണ്. അതായത് ചൂടേല്‍ക്കുമ്പോള്‍ മൃദുവാകുകയും തണുക്കുമ്പോള്‍ ദൃഢമാവുകയും ചെയ്യും. അതിനാല്‍ ചൂടാക്കി രൂപമാറ്റങ്ങള്‍ക്ക് വിധേയമാക്കാം. പൊതുവേ അക്രിസ്റ്റലീയങ്ങളാണ്. ഉദാ: ഈതൈല്‍ സെല്ലുലോസ്, പി വി സി. 2. thermosetting plastics: സങ്കീര്‍ണ്ണ തന്മാത്രാ ഘടനയുള്ളവ. തന്മൂലം താപനില ഉയര്‍ത്തിയാലും കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകുന്നില്ല. എന്നാല്‍ തക്കതായ താപനില എത്തുമ്പോള്‍ തന്മാത്രകള്‍ക്കിടയിലുള്ള ബന്ധം പൊട്ടുകയും രാസവിഘടനം ആരംഭിക്കുകയും ചെയ്യുന്നു. ഇത് അനുല്‍ക്രമണീയ പ്രക്രിയയാണ്. അതായത് ഒരിക്കല്‍ രൂപപ്പെടുത്തിയെടുത്തു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ചൂടാക്കി രൂപഭേദം വരുത്താന്‍ സാധ്യമല്ല. ഉയര്‍ന്ന താപരോധവും രാസവസ്‌തുക്കളെ ചെറുക്കാനുള്ള കഴിവും ഉണ്ട്. ഉദാ: ഫീനോളിക്കുകള്‍, പോളി എസ്റ്റര്‍, എപ്പോക്‌സി റെസിനുകള്‍.