ദ്രാവക ക്രിസ്റ്റല്‍.
ദ്രാവകത്തെപോലെ ഒഴുകുവാന്‍ കഴിയുന്നതും ക്രിസ്റ്റലിലെന്ന പോലെ ക്രമബദ്ധമായ ഘടനയുള്ളതുമായ പദാര്‍ഥം. ചൂടാക്കിയാല്‍ സാധാരണ ദ്രാവകാവസ്ഥയിലേക്ക് മാറാതെ ഖരക്രിസ്റ്റല്‍ രൂപത്തില്‍നിന്ന് ദ്രാവകക്രിസ്റ്റല്‍ രൂപത്തിലേക്കു മാറുന്ന ചില കാര്‍ബണിക പദാര്‍ഥങ്ങള്‍ ഉണ്ട്. ഇതിനെ വീണ്ടും ചൂടാക്കിയാല്‍ മാത്രമെ സാധാരണ ദ്രാവകാവസ്ഥയിലാവൂ. വിവിധ തരത്തില്‍പ്പെട്ട ദ്രാവക ക്രിസ്റ്റലുകള്‍ ഉണ്ട്. ഇവയില്‍ ചിലതിനെ വൈദ്യുത ക്ഷേത്രം ഉപയോഗിച്ച് സുതാര്യാവസ്ഥയില്‍ നിന്ന് അതാര്യാവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റാം. ഈ സ്വഭാവം അടിസ്ഥാനമാക്കി ദ്രാവക ക്രിസ്റ്റല്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ഡിസ്‌പ്ലേ ഉപകരണങ്ങളാണ് ദ്രാവക ക്രിസ്റ്റല്‍ ഡിസ്‌പ്ലേ.