atmosphere
അന്തരീക്ഷം
1. വാതകങ്ങളും നീരാവിയും അടങ്ങിയ, ഭൂമിയെ പൊതിഞ്ഞിരിക്കുന്ന ആവരണം. ഗുരുത്വാകര്‍ഷണത്താലാണ് അന്തരീക്ഷം നിലനില്‍ക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ഉയരത്തിനാനുപാതികമായി വാതകങ്ങളുടെയും നീരാവിയുടെയും അനുപാതത്തിലും, അന്തരീക്ഷത്തിന്റെ ഭൗതിക ഗുണങ്ങളിലും വ്യതിയാനം ഉണ്ടാകുന്നു. ഇതിലെ വാതകങ്ങളുടെ ആകെ ദ്രവ്യമാനത്തിന്റെ 75%വും നീരാവിയുടെ 90%വും ഏറ്റവും അടിത്തട്ടായ ട്രാപോസ്‌ഫിയറിലാണ് ഉള്ളത്. ഇത് ഭൂമിയുടെ നിരപ്പില്‍ നിന്ന് 10-16 കി. മീ ഉയരത്തില്‍ വരെയുണ്ട്. അതിനു മുകളിലത്തെ തട്ടായ സ്‌ട്രാറ്റോസ്‌ഫിയര്‍ (16-50 കി. മീ. ഉയരം വരെ) ഓസോണിന്റെ സഹായത്താല്‍ ജീവജാലങ്ങള്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് രശ്‌മികളെ ആഗിരണം ചെയ്യുന്നു. അതിനു മുകളിലായി മീസോസ്‌ഫിയറും (50-85 കി.മീ) അതിനു മുകളിലായി അയണോസ്‌ഫിയറും (85-500-600 കി. മീ). പൊതുവായ വാതക അനുപാതം നൈട്രജന്‍ 78.08%, ഓക്‌സിജന്‍ 20.95%, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് .035%, ആര്‍ഗണ്‍ 0.93% ഇവയെ കൂടാതെ നിയോണ്‍, ഹീലിയം, ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് മുതലായവയും ഉണ്ട്. 2. പൊതുവേ ഏതൊരു ഖഗോളവസ്‌തുവിനെയും പൊതിഞ്ഞിരിക്കുന്ന വാതകാവരണത്തെ അന്തരീക്ഷമെന്ന് പറയാം. 3. അന്തരീക്ഷമര്‍ദ്ദത്തിന്റെ ഒരു യൂണിറ്റ്. 0.76 മീ. രസയൂപത്തിന്റെ മര്‍ദത്തിന് തുല്യം.