അലെന്റോയ്‌സ്
ആമ്‌നിയോട്ടിക കശേരുകികളുടെ ഭ്രൂണത്തില്‍, പിന്‍കുടലിന്റെ മധ്യഭാഗത്തുനിന്ന് വളരുന്ന സഞ്ചിപോലുള്ള ഭാഗം. സംയോജകകല കൊണ്ട് ആവരണം ചെയ്യപ്പെട്ട ഇതിന് നല്ലവണ്ണം വികസിച്ച രക്തചംക്രമണ സംവിധാനമുണ്ട്. ഉരഗങ്ങളിലും പക്ഷികളിലും ഇത് ഭ്രൂണത്തിന്റെ പുറത്തേക്ക് വളരും. ഇതിലൂടെയാണ് ഭ്രൂണത്തിന്റെ ശ്വസനം നടക്കുന്നത്. വിസര്‍ജ്യവസ്‌തുക്കള്‍ ഇതിനകത്ത് ശേഖരിക്കപ്പെടുന്നു. സസ്‌തനികളില്‍ അലെന്റോയ്‌സിന്റെ രക്തക്കുഴലുകള്‍ മറുപിള്ളയുടെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ടിരിക്കും. ശ്വസനത്തിനു പുറമേ, പോഷകാംശങ്ങള്‍ ലഭിക്കുന്നതും വിസര്‍ജ്യവസ്‌തുക്കള്‍ പുറത്തേക്കു കളയുന്നതും ഇതിലൂടെയാണ്.