

പി.എം. സിദ്ധാർത്ഥൻ എഴുതുന്ന പംക്തി

20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ
പ്രാചീന വസ്തുക്കളെ ഒട്ടും തന്നെ നശിപ്പിക്കാതെ അതിലുള്ള ഡി.എൻ.എ പുറത്തെടുക്കാനാകുമോ ? ഈ പ്രശ്നത്തെ യുവ ഗവേഷകയായ എലേന എസ്സൽ പരിഹരിച്ചത് എങ്ങനെയെന്ന് വായിക്കാം

സയൻസ് വാച്ച് എന്നത് ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഗവേഷണങ്ങളെ ലൂക്കയുടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു ലേഖനപംക്തിയാണ്. മാസത്തിലോ രണ്ടാഴ്ചയിലോ ഒന്ന് എന്ന തോതിലാണ് ഈ പംക്തി പ്രസിദ്ധീകരിക്കുക. ലേഖനങ്ങൾ കാലാനുക്രമണമായിരിക്കണം എന്നില്ല. വായനക്കാർക്ക് പ്രതികരണങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താവുന്നതാണ്.
20,000 വർഷം പഴക്കമുള്ളൊരു പല്ല് ലോക്കറ്റ്
ഫോസ്സിലുകൾക്കായി ഉൽഖനനം ചെയ്യുമ്പോൾ ചിലപ്പോൾ വളരെ പഴക്കമുള്ള എല്ലിൻ കഷണങ്ങളും പല്ല്, തലയോട്ടിയുടെ ഭാഗങ്ങൾ എന്നിവയൊക്കെ കിട്ടാറുണ്ട്. അവയിൽ ചിലപ്പോൾ അതിന്റെ ഉടമസ്ഥരുടെ ഡി.എൻ.എ. ഉണ്ടാവാം. ഏകദേശം 15000 മുതൽ 10 ദശലക്ഷം വർഷങ്ങൾ വരെയോ അതിൽ കൂടുതലോ പഴക്കമുള്ള ഫോസ്സിലുകളിൽ ഉണ്ടാവാറുള്ള ഡി.എൻ.എയെ പ്രാചീന ഡി.എൻ.എ (ancient dna) എന്ന് പറയുന്നു. 10 ദശലക്ഷം പഴക്കമുള്ള, ഒരിക്കലും ഉരുകിയിട്ടില്ലാത്ത ഐസിന്റെ (permafrost) ഉള്ളിൽ നിന്ന് കണ്ടെടുത്ത മാമത്തിന്റെ ഡി.എൻ.എ. ആണ് ഇതേവരെ കണ്ടെടുത്ത പ്രാചിന ഡി.എൻ.എ യിൽ ഏറ്റവും പഴക്കമുള്ളത്.
പ്രാചീന ഡി.എൻ.എയെ അവ ഉൾകൊള്ളുന്ന വസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുക വളരെ വിഷമമുള്ള പ്രവർത്തിയാണ്. ഈ വസ്തുക്കൾ പലപ്പോഴും എല്ലോ പല്ലോ മറ്റോ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളോ ലോക്കറ്റുകളോ കരകൗശല വസ്തുക്കളോ (artefacts) ആയിരിക്കാം. എല്ലോ പല്ലോ കൊണ്ടുള്ളവയാണെങ്കിൽ അവ വളരെ നേർത്ത സുഷിരങ്ങൾ (pores) ഉള്ളവ ആയിരിക്കും. അത് ധരിച്ച ആളിന്റെയോ അത് കൈകാര്യം ചെയ്തവരുടെയോ ഡി.എൻ.എ വിയർപ്പിലൂടെയോ മറ്റ് ശരീരദ്രവങ്ങളിലൂടെയോ ആ സുഷിരങ്ങൾ വഴി ആ ആഭരണങ്ങൾക്കുള്ളിൽ പ്രവേശിച്ചിരിക്കും.
ഒരു ലോക്കറ്റോ മറ്റെന്തെങ്കിലും ആർട്ടിഫാക്ടോ കിട്ടിയാൽ ഉടൻ ഗവേഷകന്റെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ, അതാരുണ്ടാക്കി? അതാരൊക്കെ ധരിച്ചിരിക്കാം എന്നൊക്കെയാണ്. പ്രാചിന ഡി.എൻ.എ ലഭിച്ചസ്ഥലങ്ങളിൽ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ സഹായിക്കുന്ന മറ്റ് വസ്തുക്കളൊന്നും ഉണ്ടായിരിക്കില്ല. മരിച്ചവരെ കുഴിച്ചിടുന്ന സമ്പ്രദായമൊക്കെ വന്നത് വളരെ പിന്നീടാണല്ലോ? അപ്പോൾ അതിനുള്ള ഏക വഴി ആ പ്രാചിന ഡി.എൻ.എ പുറത്തെടുത്ത് അതിനെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ലഭിച്ച മനുഷ്യരുടെ ഡി.എൻ.എയുമായി താരതമ്യം ചെയ്യുകയാണ്.
ഈ പ്രാചീന ഡി.എൻ.എ. യെ എങ്ങനെ പുറത്തെടുക്കും? സാധാരണയായി ആ വസ്തുക്കളെ ഒരു ചെറിയ ഡ്രിൽ കൊണ്ട് തുരന്ന് കിട്ടുന്ന എല്ലിന്റെയോ പല്ലിന്റേയോ അല്പം പൊടി എത്തിലീൻ ഡയാമിനെടെട്രാ അസെറ്റിക് ആസിഡിൽ (Ethylenediaminetetraacetic acid – EDTA) ലയിപ്പിച്ചാൽ അതിലെ കാൽസ്യം ലയിച്ച് പോകുകയും ഡി.എൻ.എ വിമുക്തമാവുകയും ചെയ്യും. എന്നാൽ എത്രയോ കാലപ്പഴക്കമുള്ള, നൂറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ പൂർവികർ ധരിച്ചിരുന്ന ആ അപൂർവ വസ്തുവേ ഇത്തരത്തിൽ വിനാശകരമായ, ഭാഗികമായെങ്കിലും നശിപ്പിക്കുന്ന രീതിയിൽ ഡ്രിൽ ചെയ്യാൻ പലരും മടികാണിക്കാറുണ്ട്.
ഇത്തരം അപൂർവ വസ്തുക്കളെ ഒട്ടും തന്നെ നശിപ്പിക്കാതെ അതിലുള്ള ഡി.എൻ.എ എങ്ങനെ പുറത്തെടുക്കാം എന്ന പ്രശ്നം ജർമനിയിലെ (ലിപ്സിഗ് ) മാക്സ് പ്ലാങ്ക് ഇന്സ്ടിട്യൂറ്റ് ഓഫ് എവൊല്യൂഷനറി ആന്ത്രോപോളജി യിലെ ( Max Planck Institute for Evolutionary Anthropology ) മത്തിയാസ് മേയറിന്റെ ടീമിന്ന് ഒരു കീറാമുട്ടിയായിരുന്നു. അവിടെ മത്തിയാസ് മേയറിന്റെ ലാബിൽ തന്റെ മാസ്റ്റേഴ്സ് തീസീസിന് പ്രവർത്തിച്ചുകൊണ്ടിരുന്ന യുവ ഗവേഷക എലേന എസ്സൽ ഈ വെല്ലുവിളി ഏറ്റെടുത്തു.

എലേന എസ്സലിന്റെ ബ്രേക്ക് ത്രൂ സംഭാവന
മുൻപ് തന്നെ ഉപയോഗിച്ച്കൊണ്ടിരുന്ന ഫോസ്ഫർ എക്സ്ട്രാക്ഷൻ രീതിയിൽ മാറ്റം വരുത്തിയാണ് എലേന തന്റെ ശ്രമം തുടങ്ങിയത്. ഡി.എൻ.എ. യുടെ അരികുകളിൽ (രണ്ടുവശത്തുമുള്ള പിരിയൻ സ്ട്രാൻഡ്) ഫോസ്‌ഫേറ്റ് തന്മാത്രകൾ ഉള്ളതിനാൽ കൂടുതൽ ഫോസ്‌ഫേറ്റ് അയോണുകൾ നൽകി ഡി.എൻ.എ യെ പുറത്തെടുക്കുന്ന രീതിയാണത്. അതിൽ എല്ലാവർക്കും അറിവുള്ള വളരെ ലളിതമായ ഒരു തത്വം കൂടി ഉപയോഗിച്ചു എന്നതാണ് ഏലേന എസ്സലിന്റെ ബ്രേക്ക് ത്രൂ സംഭാവന.
പ്രാചീന ഡി.എൻ.എ നേർത്ത സുഷിരങ്ങളിൽ ഉണ്ടെന്ന് കരുതുന്ന എല്ലിൻ കഷണം ഫോസ്‌ഫേറ്റ് ലായനിയിൽ മുക്കി ഫോസ്‌ഫേറ്റ് അയോണുകൾ നൽകുന്നതോടൊപ്പം അതിനെ സാവധാനത്തിൽ ചൂടാക്കുകയും ചെയ്തു. ഏത് വസ്തുവും ചൂടാക്കിയാൽ അതിലെ തന്മാത്രകൾക്ക് ഊർജം കൂടും, അവ കമ്പനം ചെയ്യും. ചലിക്കും. ഇളകും. വിവിധ താപനിലകളിൽ ക്രമാനുഗതമായി പുറത്തുള്ളവ ആദ്യവും വളരെ ഉള്ളിലുള്ളവ അവസാനമായും ലായനിയിലേക്ക് ചേരും. പ്രാചീന ഡി.എൻ.എ തന്മാത്രകൾ ഏറ്റവും ഉള്ളിൽ ആയിരിക്കാൻ സാധ്യതയുള്ളതിനാൽ അവ ഉയർന്ന താപനിലയിലാകും ലായനിയിലേക്ക് ചേരുക. പല സാമ്പിളുകളെ ഫോസ്‌ഫേറ്റ് ലായനിയിലിട്ട് പല താപനിലകളിൽ ചൂടാക്കി ഓരോ പ്രാവശ്യവും ലായനി മാറ്റി ഡി.എൻ.എ. ഉണ്ടോ എന്ന പരിശോധിക്കുകയാണ് അവർ ചെയ്തത്. (ചിത്രം 1 കാണുക)

പല വർഷങ്ങളിലെ ശ്രമവും തോൽവിയും മറികടന്ന് അവസാനം എലേന ഈ രീതി കുറ്റമറ്റതാക്കിയെടുത്തു .
ആദ്യകാല പരീക്ഷണങ്ങളും നിരാശയും
ഇനി പുതിയ രീതി പരീക്ഷിക്കണമല്ലോ? 1970 – 90 കാലഘട്ടത്തിൽ ഫ്രാൻസിലെ ക്വിൻസേ ഗുഹകളിൽ നിന്ന് കണ്ടെടുത്തിരുന്നു വസ്തുക്കളിന്മേലാണ് അവർ ഇത് ആദ്യം പരീക്ഷിച്ചത്. ആ വസ്തുക്കൾ ഉണ്ടാക്കിയ എല്ലിന്റെയോ പല്ലിന്റെയോ ഡി.എൻ.എ യിലൂടെ ഏത് മൃഗത്തിന്റേതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും പ്രാചീന ഡി.എൻ.എ ഒന്നും ലഭിച്ചില്ല. പകരം അത് കണ്ടെടുത്തവരുടെയോ കൈകാര്യം ചെയ്തവരുടെയോ ഡി.എൻ.എ വേണ്ടത്ര കിട്ടുകയും ചെയ്തു!!
1970 – 90 കളിൽ പ്രാചീന ഡി.എൻ.എ യെ കുറിച്ച് വേണ്ടത്ര അറിവുണ്ടായിരുന്നില്ല എന്ന എലീന പറയുന്നു. അതിനാൽ മണ്ണിനടിയിൽ നിന്ന് ഫോസിലുകൾ അത് കിട്ടിയവർ കയ്യുറകൾ ധരിക്കാതെ തിരിച്ചും മറിച്ചും പല കൈകൾ മാറിയും പരിശോധിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് അവരുടെ ഡി.എൻ.എ ധാരാളമായി അതിൽ പറ്റിപ്പിടിച്ചത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നുണ്ടായിരുന്നു – എല്ലിൻ ഫോസിലുകൾ കിട്ടിയവർ പലപ്പോഴും എല്ലാണോ കല്ലാണോ എന്ന് തിരിച്ചറിയാൻ അത് നക്കി നോക്കും.
അങ്ങനെ ആദ്യത്തെ പല റൗണ്ടുകളിലും ആളുകൾ കൈ മാറിയും നോക്കിയും മലിനമാക്കപ്പെട്ട വസ്തുക്കൾ എലേന എസ്സലിന്ന് നിരാശയാണ് സമ്മാനിച്ചത്. അവരുടെ വാക്കിൽ, ‘ഞങ്ങൾ ആധുനിക മനുഷ്യരുടെ ഡി.എൻ.എ മാലിന്യത്തിൽ മുങ്ങിത്താഴുകയായിരുന്നു’.

ഭാഗ്യം മാക്സിം കോസ്‌ലിക്കിന്റെ രൂപത്തിൽ
അങ്ങനെയിരിക്കെ റഷ്യൻ സയൻസ് അക്കാദമിയുടെ സൈബീരിയൻ ബ്രാഞ്ചിലെ ആർക്കിയോളജിസ്റ് ആയ മാക്സിം കോസ്‌ലിക്കിൻ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ മതിയാസ് മേയറിന്റെ ലാബ് സന്ദർശിക്കാനായി വന്നു. എലീന എസ്സലിന്റെ പുതിയ രീതിയെക്കുറിച്ചും ആദ്യം ഉണ്ടായ നിരാശാജനകങ്ങളായ അനുഭവങ്ങളെക്കുറിച്ചും കേട്ടപ്പോൾ അയാൾ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും മണ്ണ് നിറഞ്ഞ ചെറിയ ഒരു പ്ലാസ്റ്റിക് ബാഗെടുത്ത് എലേനക്ക് കൊടുത്ത്, ഇതിൽ ഡെനിസോവ ഗുഹയിൽ നിന്നും കിട്ടിയ ഒരു ലോക്കറ്റ് ഉണ്ടെന്നും വേണമെങ്കിൽ ഇതുപയോഗിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാമെന്നും നിർദേശിച്ചു.

എലേന ലാബിലെ ക്ലീൻ മുറിയിൽ പ്ലാസ്റ്റിക് ബാഗിലെ മണ്ണെല്ലാം ഒരു ക്ലീൻ ഡിഷിൽ ചൊരിഞ്ഞപ്പോൾ മണ്ണ് പിടിച്ച് കിടക്കുന്ന, ഒരു വശത്ത് ഒരു തുളയുള്ള ഒരു ലോക്കറ്റ് കിട്ടി. തൻ വികസിപ്പിച്ചെടുത്ത രീതിയിൽ ആ ലോക്കറ്റിൽ ഉണ്ടാകുമെന്ന് കരുതിയ ഡി.എൻ.എ വേർതിരിച്ചെടുത്ത് വിശ്ലേഷണം (sequencing) ചെയ്തപ്പോൾ അവൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല – അവസാനമായി കിട്ടിയത് ഏകദേശം 20,000 വർഷം പഴക്കമുള്ള ഒരു സ്ത്രീയുടേതായിരുന്നു. ഡെനിസോവ ഗുഹയുടെ കുറച്ച് കിഴക്ക് ഭാഗത്തായി ഏകദേശം അതെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ഡി.എൻ.എയുമായി വളരെ സാമ്യമുള്ളതായിരുന്നു ആ സ്ത്രീയുടെ ഡി.എൻ.എ. അതോടൊപ്പം ലഭിച്ച മറ്റൊരു ഡി.എൻ.എ, ആ പല്ലിന്റെ ലോക്കറ്റ് ഉണ്ടാക്കിയിരുന്ന മാനിന്റെതായിരുന്നു. വാപിറ്റി എന്ന് പേരുള്ള ഒരുതരം മാൻ (elk).

വിയന്ന സർവകലാശാല യിലെ പ്രൊഫ .റോൺ പിനാസി യുടെ അഭിപ്രായത്തിൽ എസ്സൽ വികസിപ്പിച്ചെടുത്ത ഈ ഡിഎൻഎ വേ ർതിരിച്ചെടുക്കൽ രീതി പുരാവസ്തു ശാസ്ത്രം, പരിണാമ-നരവംശ ശാസ്ത്രം എന്നീ മേഖലകൾക്ക് വലിയ സഹായമാണ്. പക്ഷേ, പുരാവസ്തുക്കൾ വളരെ ശ്രദ്ധയോടെ കയ്യുറയും മാസ്കുമൊക്കെ ഉപയോഗിച്ചു കൊണ്ട് ശേഖരിച്ചെങ്കിൽ മാത്രമേ അത് ഉപയോഗപ്പെടൂ.

പ്രാചീന ഡി.എൻ.എ വേർതിരിച്ചറിയുന്നതെങ്ങനെ?
നമുക്ക് തീർച്ചയായും ചില സംശയങ്ങൾ ഉണ്ടാവാം. ഒന്നാമതായി വേർതിരിച്ചെടുത്ത ഡി.എൻ.എ പ്രാചീന ഡി.എൻ.എ ആണെന്ന് എങ്ങനെ അറിയാം? മറ്റൊന്ന് പ്രാചീന ഡി.എൻ.എയും ആധുനിക ഡി.എൻ.എയും തമ്മിൽ വേർതിരിച്ചറിയുന്നതെങ്ങനെ? എലേന എസ്സൽ അതിന് രണ്ടിനും ഉത്തരം നൽകുന്നുണ്ട്.
ചോദ്യം: പ്രാചീന ഡി.എൻ.എയും ആധുനിക ഡി.എൻ.എയും തമ്മിൽ വേർതിരിച്ചറിയുന്നത് എങ്ങനെ?
എലേന എസ്സൽ: കാലം വളരെ അധികം കഴിയുമ്പോൾ ഡി.എൻ.എയിൽ മാറ്റം വരികയും(dna degrades) അവയുടെ അഗ്രഭാഗത്ത് C (സൈറ്റോസിൻ) ക്ക് പകരം T (തൈമിൻ) കൂടുതലാവുകയും ചെയ്യുന്നു. ക്രമേണ സൈറ്റോസിൻ യുറാസിൽ ആവുകയാണ് സംഭവിക്കുന്നത്. യുറാസിൽ സിക്യുൻസിങ്ങിൽ തൈമിൻ ആയി കാണപ്പെടുന്നു ഡി.എൻ.എയുടെ അകംഭാഗങ്ങളിൽ C , T എന്നിവയുടെ തോത് സാധാരണപോലെ ആയിരിക്കുമ്പോൾ അഗ്ര ഭാഗങ്ങളിൽ മുകളിൽ പറഞ്ഞ മാറ്റങ്ങൾ കാണാം. C ക്ക് ബദലായി T കാണപ്പെടുന്ന ഡി.എൻ.എ കഷണങ്ങൾ പ്രാചീന ഡി.എൻ.എ യുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമാണ്. അഗ്രങ്ങളിൽ ഇത്തരം ബദലുകൾ കാണാത്ത ഡി.എൻ.എ കഷണങ്ങൾ ആണുള്ളതെങ്കിൽ അവ പ്രാചീന ഡി.എൻ.എ അല്ല എന്ന് തീർച്ചയായും തീരുമാനിക്കാം. അങ്ങനെയാണ് ഒരേ വസ്തുവിൽ നിന്ന് പ്രാചീനവും ആധുനികവും ആയ ഡി.എൻ.കൾ കിട്ടിയാൽ അവതമ്മിൽ വേർതിരിക്കുന്നത്.

ചോദ്യം : നിങ്ങൾ മാക്സ് കോഷ്‌ലികിന്ന് തന്ന പല്ല് ലോക്കറ്റിന്റെ പ്രായം നിശ്ചയിച്ചതെങ്ങനെ?
എലേന എസ്സൽ: ആദ്യമായി ഞങ്ങൾ നോക്കിയത് C ക്ക് ബദലായി T ഉണ്ടായിട്ടുണ്ടോ എന്നാണ്. മുൻപ് പറഞ്ഞത് പോലെ സിക്യുൻസ് ചെയ്യുമ്പോൾ C ക്ക് ബദലായി T കാണപ്പെടുന്നുണ്ടെങ്കിൽ അത് തീർച്ചയായും പ്രാചീന ഡി.എൻ.എ ആണ്. അതാണ് പ്രാചീന ഡി.എൻ.എ യുടെ അടയാളം. മാക്സ് കോഷ്‌ലികിന്ന് തന്ന പല്ല് ലോക്കറ്റിൽ നിന്ന് ലഭിച്ച ഡി.എൻ.എ യിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഞങ്ങളുടെ മുന്പിലുള്ളത് പ്രാചീന ഡി.എൻ.എ ആണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.
പിന്നീട് ഞങ്ങൾ ആ പ്രാചീന ഡി.എൻ.എ യുടെ പ്രായം കണക്കാക്കാൻ റി ജനറ്റിക് ഡേറ്റിങ് രീതി ഉപയോഗിച്ചു. ഇതിൽ ഞങ്ങൾക്ക് ലഭിച്ച മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ.യിൽ ഉണ്ടായ മ്യൂട്ടേഷനുകളെ നമുക്കറിവുള്ള ഡി.എൻ.എ.സാമ്പിളുകളിലെ മ്യൂട്ടേഷനുകലുമായി താരതമ്യം ചെയ്യുന്നു.അങ്ങനെയാണ് അത് ഏകദേശം 20,000 വര്ഷം പഴക്കമുള്ളതാണെന്ന് തീർച്ചയാക്കിയത്. അവസാനമായി ഞങ്ങൾ ആ പ്രാചീന ഡി.എൻ.എ യെ അറിയപ്പെടുന്ന പ്രാചീന ജനതയുടെ ഡി.എൻ.എ.യുമായി താരതമ്യം ചെയ്തു. അത് അതേ കാലഘട്ടത്തിലെയും അതേ പ്രദേശത്തെയും രണ്ട് സാമ്പിളുകളുമായി മാച്ച് ചെയ്തു. ഈ വിധമാണ് ഞങ്ങൾ അതിന്റെ കാലപ്പഴക്കവും ദേശവും തീർച്ചയാക്കിയത്.
NOTE: ഈ പല്ല് ലോക്കറ്റും അതിലെ ഡി.എൻ.എയും ഏകദേശം 19,000 മുതൽ 25,000 വർഷം പഴക്കമുള്ളതാണ് എന്ന് മറ്റ് ചില ലേഖനങ്ങൾ പറയുന്നുണ്ടെങ്കിലും എലേന എസ്സൽ 20,000 വർഷം എന്നാണ് ഒരഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
അധിക വായനയ്ക്ക്
- Ancient human DNA recovered from a Palaeolithic pendant- Elena Essel, et al. Nature Volume 618, pages 328-332(2023) >>>
പാലിയോ ജിനോമിക്സ് – LUCA TALK വീഡിയോ കാണാം
