
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം.
കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും കേളേജുകളിലെ ഗവേഷണ കേന്ദ്രങ്ങളിലുമായി പതിനായിരത്തോളം ശാസ്ത്ര ഗവേഷകർ പുതിയ ശാസ്ത്ര ഗവേഷണ അറിവുകൾ നിർമ്മിക്കുന്നുണ്ട്. ഈ നിർമ്മിക്കപ്പെടുന്ന സയൻസ് അറിവുകൾ സമൂഹത്തിൻ്റെ ഏറ്റവും താഴെ തട്ടിൽ പോലുമെത്തുമ്പോഴാണ് അവ സമൂഹത്തിൻ്റെ സാമ്പത്തിക സ്രോതസ്സായി രൂപം പ്രാപിക്കുന്നത്.
കാൽഷ്യം കാർബൈഡ് സെൻസറുകൾ കുസാറ്റിലെ ഗവേഷകർ വികസിപ്പിച്ചിട്ടുണ്ടെന്ന അറിവ് കുടുംബശ്രീയിലെത്തുമ്പോൾ അത് പഴങ്ങൾ മൂപ്പെത്താതെ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ദോഷകരമായ കാൽഷ്യം കാർബൈഡിൻ്റെ ഉപയോഗം ദിനേന കണ്ടെത്താനുള്ള ഉപാധിയായി രൂപപ്പെടുന്നു.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ ( എക്സോ പ്ലാനെറ്റ്) കണ്ടെത്തുന്ന പുതിയ ഗവേഷണ രീതികൾ സമൂഹത്തിൽ പരക്കുന്നതിനനുസരിച്ച്, സാഹിത്യത്തിലും സിനിമയിലും ഈ ആശയങ്ങൾ വ്യാപിക്കും. “മല്ലു വേൾഡ് -2” എന്നൊരു സയൻസ് ഫിക്ഷൻ സിരീസ് തന്നെ രൂപപ്പെടുകയും അതിലെ സയൻസ് ഫിക്ഷൻ ഉപദേശകരായി തിരുവനന്തപുരത്തെ സ്പേസ് സയൻസിലെ ഗവേഷകരെത്തുകയും ചെയ്തേക്കാം.
ഇങ്ങനെ അറിവിനെ സാമ്പത്തിക സ്രോതസ്സാക്കണമെങ്കിൽ ആദ്യം വേണ്ടത് നിർമ്മിക്കപ്പെടുന്ന സയൻസ് അറിവ് ജനങ്ങളിൽ എത്തുകയെന്നതാണ്. അതിനുള്ള പ്രധാന ചുവട് വെപ്പാണ് കേരള സയൻസ് സ്ലാം.

ഒരു സയൻസ് കമ്യൂണികേഷൻ എന്നതിനപ്പുറത്ത്, ഗവേഷകർ തന്നെ തങ്ങളുടെ കണ്ടുപിടുത്തങ്ങൾ സരസവും കൗതുകരവുമായ ഭാഷയിൽ സമൂഹത്തിനോട് നേരിട്ട് വിനിമയം ചെയ്യുന്നു എന്ന പ്രത്യേകത കൂടി സയൻസ് സ്ലാം എന്ന പ്ലാറ്റ്ഫോമിനുണ്ട്.
സമൂഹം അത് കൂടുതൽ ഉത്സാഹത്തോടെ സ്വീകരിക്കും എന്നതിൻ്റെ തെളിവാണ് നടന്ന് കഴിഞ്ഞ നാല് റീജിയണൽ സയൻസ് സ്ലാമുകളിലെ പരിപാടിയിലുടനീളം നീണ്ടുനിന്ന ജനപങ്കാളിത്തം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കയും ചേർന്ന് സംഘടിപ്പിച്ച ആദ്യത്തെ കേരള സയൻസ് സ്ലാമിനെ കേരളത്തിലെ ഗവേഷകരും വളരെ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്ന നാലു റീജിയണൽ സ്ലാമുകളായി 670 പേർ രജിസ്റ്റർ ചെയ്തതിൽ നിന്നും 140 പേർ എൻട്രി വീഡിയോകൾ അയച്ചു. അതിൽ നിന്നും പ്രാഥമിക വിലയിരുത്തലിനു ശേഷം 92 പേരെ നാല് റീജിയണിലെ സ്ലാമുകൾക്ക് തിരഞ്ഞെടുത്തു. അതിൽ 91 പേരും ആവേശത്തോടെ പങ്കെടുത്ത സ്ലാമുകളിൽ നിന്നും പൊതുജനങ്ങൾ ഉൾപ്പെട്ട ജൂറിയും അകാദമിക വിദഗ്ദരും ചേർന്ന് തിരഞ്ഞെടുത്ത 21 പേരാണ് ഫൈനലിൽ പങ്കെടുക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ മാത്രമല്ല, കേരളത്തിനു പുറത്തുള്ള ദേശീയവും അന്തർദേശീയവുമായ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള മലയാളി ഗവേഷകരും, ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ആദ്യമായി നടത്തപ്പെടുന്ന ഈ സയൻസ് സ്ലാമിൽ പങ്കെടുത്തപ്പോൾ പ്രേക്ഷകർ ആയിരത്തിലധികമുണ്ടായിരുന്നു. തമിഴ്നാട്ടിൽ ഉടനെ തന്നെ ഒരു സയൻസ് സ്ലാം നടത്തുമെന്ന് തമിഴ്നാട് സയൻസ് ഫോറം പ്രവർത്തകർ പ്രഖ്യാപിക്കുകയും ചെയ്തു.
ശാസ്ത്ര സെമിനാറുകൾക്കും പ്രഭാഷണങ്ങൾക്കും പ്രേക്ഷകരെ കിട്ടാൻ വലയുന്ന ഇക്കാലത്ത്, 8 മണിക്കൂറോളം തുടർച്ചയായി, ആവേശത്തിൻ്റെ തിര ഒട്ടും കെട്ടുപോകാതെ മനുഷ്യരെ പിടിച്ചിരുത്തിയ ഘടകം എന്താണ്? അതിൻ്റെ പ്രായോഗികമായ വിവർത്തനമായിരിക്കും ഉത്പാദിപ്പിക്കപ്പെടുന്ന അറിവിനെ, സാമ്പത്തിക പ്രക്രിയയിൽ കൂട്ടി ചേർത്ത് മുന്നോട്ട് പോകാൻ, ഒരു വിജ്ഞാനസമൂഹമെന്ന നിലയിൽ, കേരളത്തെ സഹായിക്കുക.
ഈ സയൻസ് സ്ലാം അതിലേക്കുള്ള ആദ്യ ചവിട്ട്പടിയായിരിക്കും.
ഫൈനൽ സ്ലാമിലെ 21 അവതരണങ്ങൾ
