
ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള ഗവേഷണം സരസമായി അവതരിപ്പിച്ച സ്നേഹാ ദാസിന് കേരള സയൻസ് സ്ലാം – 24 പുരസ്കാരം. തൃശൂർ അമല കാൻസർ റിസർച്ച് സെൻററിലെ ഗവേഷണ വിദ്യാർത്ഥിനിയാണ് സ്നേഹ. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ടെറാക്കോട്ട ഫലകവും ആണ് പുരസ്കാരം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംഘടിപ്പിച്ച സയൻസ് സ്ലാമിന്റെ മെഗാ ഫൈനൽ ആയിരുന്നു പാലക്കാട് ഐഐടിയിൽ നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടന്ന റീജിയണൽ സ്ലാമുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവതരണങ്ങളാണ് മെഗാ ഫൈനലിൽ പങ്കെടുത്തത്. കേരളത്തിലും പുറത്തുനിന്നുള്ള 20 ഗവേഷകർ വ്യത്യസ്ത മേഖലകളിലെ പഠനങ്ങൾ അവതരിപ്പിച്ചു.






ബിജീഷ് സി. ( കേരളത്തിലെ വിഷക്കൂണുകളും കൂൺ വിഷബാധയും), ആദിത്യാ സാൽബി ( ക്യാൻസർ ചികിത്സയ്ക്ക് നവീന മാർഗവുമായി നാനോ ഗോൾഡ്) എന്നിവർ രണ്ടാം സ്ഥാനം നേടി. ജല്ലിന്റെ മായാലോകം, സെലിൻ റൂത്ത് ( ജെൽ വസ്തുക്കളുടെ മായാലോകം) യദുകൃഷ്ണൻ പി. ( സസ്യ ലോകത്തെ സൺസ്ക്രീം ഉൽപാദനവും നിയന്ത്രണവും) എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇവർക്ക് യഥാക്രമം 20,000 രൂപ, 10000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും ലഭിച്ചു. വിദ്യാഭ്യാസ സംരംഭമായ Curiefy ആണ് വിജയികൾക്ക് 1.35 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്.
ഡോ. സി. ജോർജ് തോമസ് ഡോ. അനീഷ് ടി.എസ്. ഡോക്ടർ രാജീവ് പാട്ടത്തിൽ ഡോ. ഷൈജു, ഡോ. ജയശ്രീ, ഡോ. രോഷിതാ കുനിയിൽ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സ്ലാമിൽ പങ്കെടുത്ത പൊതുജനങ്ങളും വിധി നിർവഹണത്തിന്റെ ഭാഗമായി.





ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ, മുൻ ധനമന്ത്രി ഡോക്ടർ ടി. എം. തോമസ് ഐസക്ക്, പാലക്കാട് ഐ.ഐ.ടി. ഡയറക്ടർ ഇൻ ചാർജ് ഡോ. ദീപക്ക് രാജേന്ദ്രപ്രസാദ്, പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി. കെ. മീരാഭായി, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനുമോൾ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംഘാടകസമിതി കൺവീനർ ഡോ. ഡാലി ഡേവിസ്, ലൂക്കാ എഡിറ്റർ റിസ്വാൻ സി., അരുൺ രവി എന്നിവരും സംസാരിച്ചു.
കൊച്ചി കോഴിക്കോട് കണ്ണൂർ സർവ്വകലാശാലകൾ, വിമൻസ് കോളേജിൽ തിരുവനന്തപുരം, ഐഐടി പാലക്കാട്, Curiefy, ASAR സോഷ്യൽ ഇമ്പാക്ട് അഡ്വൈസർസ്, സയൻസ് കേരള യൂട്യൂബ് ചാനൽ എന്നിവരും സഹകരിച്ചു.






നഗരങ്ങളെ പ്രളയ അതിജീവനത്തിനു തയ്യാറെടുക്കാൻ സഹായിക്കുന്ന ഡിറ്റൻഷൻ വാട്ടർ കൺട്രോൾ, ക്യാൻസർ രോഗികളുടെ ഹൃദയ ആരോഗ്യത്തിന് സഹായകമാകുന്ന കൂണുകൾ, വേമ്പനാട് തടാകത്തിന്റെ പാരിസ്ഥിതികത്തകർച്ച, പുരയുടെ കൃഷിയിലൂടെ കാർബൺ സംഭരണം, മണ്ണിലെ മിത്ര ബാക്ടീരിയ ഉപയോഗിച്ച് നെൽകൃഷിയെ ഓരു വെള്ള ഭീഷണിയിൽ നിന്ന് മോചിപ്പിക്കുന്നതെങ്ങനെ, ആഫ്രിക്കൻ ഒച്ച് കേരളത്തിൽ ഒരു അധിനിവേശജീവിയായി മാറിയതെങ്ങനെ എന്നതിന്റെ ജനിതക പഠനം, അന്തരീക്ഷ ജലം ശേഖരിക്കാൻ കഴിവുള്ള ബയോ പോളിമർ, സൂര്യാഘാതത്തെ പ്രതിരോധിക്കാനുള്ള സൺസ്ക്രീൻ ഉണ്ടാക്കുന്ന സസ്യങ്ങളിലെ പ്രത്യേക ജീനുകൾ, ബാക്ടീരിയങ്ങളുടെ മെറ്റബോളിസത്തിൽ വരുത്തുന്ന മാറ്റത്തിലൂടെ പിരിയാത്ത തൈരും പാലും, ഉരുൾപൊട്ടൽ പ്രവചന സാധ്യത, നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ ഡിസൈൻ ചെയ്ത റേഡിയേഷൻ ബീമുകൾ സനാർബുദ ചികിത്സയിൽ വഹിക്കുന്ന പങ്ക്, മത്സ്യത്തിലെ ഫോർമാലിന്റെ അളവ് തിരിച്ചറിയാൻ നാനോ സാങ്കേതികവിദ്യ, നാനോ ഗോൾഡ് ഉപയോഗിച്ച് കീമോതെറാപ്പി അർബുദകോശങ്ങളിൽ കൃത്യതയോടെ പ്രയോഗിക്കൽ, ഗ്രാഫ് തിയറി ഉപയോഗിച്ച് സൗഹൃദങ്ങളെ പ്രതിനിധാനം ചെയ്യൽ, വിവിധ സംയുക്തങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ജെല്ലുകൾ, ഇലക്ട്രോ മെക്കാനിക്കൽ ഇംപേഡൻസ് ഉപയോഗിച്ച് കോൺക്രീറ്റ് നിർമിതികളുടെ ആരോഗ്യം നിരീക്ഷിക്കാനുള്ള സംവിധാനം, നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സ മെച്ചപ്പെടുത്തൽ, വിഷക്കൂണുകളുടെ വർഗീകരണം, ഓൾട്ടർ മാഗ്നെറ്റുകളുടെ സവിശേഷതകളും സാധ്യതകളും, നിയർഫീൽഡ് സ്കാനിങ് ഒപ്ടിക്കൽ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നാനോ പദാർത്ഥങ്ങളുടെ പഠനം എന്നീ വിഷയങ്ങളാണ് മെഗാ ഫൈനലിൽ അവതരിപ്പിച്ചത്.




















വീഡിയോ സയൻസ് കേരള ചാനലിൽ കാണാം