
കേരളത്തിലെ ആദ്യ സയൻസ് സ്ലാമിന് നവംബർ 9 ന് കുസാറ്റിൽ തുടക്കമാകുകയാണ്.
“കൊച്ചി ഒരു ദ്വീപായി മാറുന്നോ?” ആഗോളതാപനം കൊച്ചിയെ എങ്ങനെയൊക്കെ ബാധിക്കാമെന്ന ആശങ്കയ്ക്കുള്ള ശാസ്ത്രീയമറുപടി ശനിയാഴ്ച കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ നടക്കുന്ന കേരള സയൻസ് സ്ലാം 2024-ൽ ഉണ്ടാകും. ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും സയൻസ് സ്ലാം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണു പരിപാടി.
ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമാണ് കേരള സയൻസ് സ്ലാം 2024. അതിന്റെ ആദ്യറൗണ്ടിന്റെ തുടക്കമാണ് കൊച്ചിയിൽ നടക്കുന്നത്. ആദ്യറൗണ്ടിലെ മറ്റു സ്ലാമുകൾ തിരുവനന്തപുരം വിമൻസ് കോളെജിലും കണ്ണൂർ, കോഴിക്കോട് സർവ്വകലാശാലകളിലും നടക്കും. പാലക്കാട് ഐഐഅറ്റിയിലാണു സമാപനം. കേരളത്തിൽ ആദ്യമാണു സയൻസ് സ്ലാം നടക്കുന്നത്.
25 അവതരണങ്ങൾ
കൊച്ചി സ്ലാമിൽ 25 ഗവേഷകർ മാറ്റുരയ്ക്കും. ഇവർക്കുപുറമെ, 72 കോളെജ് വിദ്യാർത്ഥികളും 30 അദ്ധ്യാപകരും 23 ഗവേഷകരും 13 സ്കൂൾ വിദ്യാർത്ഥികളും 121 മറ്റുള്ളവരും അടക്കം 256 പേർ പ്രേക്ഷരായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളടക്കം ആദ്യറൗണ്ടിൽ 92 ഗവേഷകരുടെ അവതരണങ്ങളാണു നടക്കുന്നത്. ഇവരിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുക. സാധാരണപ്രേക്ഷകരാണു വിധി നിർണ്ണയിക്കുന്നത്. ശാസ്ത്രീയത പരിശോധിക്കാൻ അക്കാദമികവിദഗ്ദ്ധരും ഉണ്ടാകും.

കുസാറ്റ് സയൻസ് സ്ലാമിൽ വിശേഷങ്ങളേറെ..
തന്ത്രശാലിയും ചതിയനും അവസരവാദിയും കള്ളനുമെന്ന് അപവാദം കേൾക്കുന്ന കുറുക്കന്റെ ശാസ്ത്രരഹസ്യങ്ങളുടെ വെളിപ്പെടുത്തൽ മുതൽ ആഫ്രിക്കൻ ഒച്ചിന്റെ കഥയിലൂടെ അധിനിവേശത്തിന്റെ ജനിതകപാഠം വരെ കൗതുകങ്ങൾ നിറഞ്ഞതാണ് അവതരണങ്ങൾ. നമ്മുടെ ചർമ്മസംരക്ഷണംപോലും മലിനീകരണം സൃഷ്ടിക്കുമെന്ന് അറിഞ്ഞാലോ? ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരിക്കുഞ്ഞൻ തരികളായ മൈക്രോ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനീകരണമാണ് ഒരു ഗവേഷണവിഷയം.
ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള അന്വേഷണം, ശരീരചലനങ്ങളിൽനിന്നു വൈദ്യുതിയുണ്ടാക്കി കാര്യങ്ങൾ നടത്താൻ വസ്ത്രത്തിന്റെ ഭാഗമാക്കാവുന്ന ട്രൈബോഇലക്ട്രിക നാനോജെനറേറ്ററുകൾ ഉപയോഗിക്കാനുള്ള സാദ്ധ്യത, കാൻസർചികിത്സാരംഗത്ത് നൂതനമുന്നേറ്റം ലക്ഷ്യമാക്കി നാനോ ഗോൾഡ് വസ്തുക്കളുടെ പ്രവർത്തനം എന്നിങ്ങനെ വൈവിദ്ധ്യമാർന്നതാണ് സ്ലാമിൽ അവതരിപ്പിക്കുന്ന വിഷയങ്ങൾ.
കുട്ടനാട്ടിലെ ഓരുവെള്ള ഭീഷണിക്കു പരിഹാരമാവുന്ന മിത്രബാക്ടീരിയകളിലൂടെ ഭക്ഷ്യസുരക്ഷയ്ക്കു പരിസ്ഥിതിസൗഹൃദബദൽ, കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയയ്ക്കു ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ, കൂട്ടുകെട്ടിന്റെ ഗ്രാഫ്, ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി, വിഷാദരോഗം മനസിന്റെ താക്കോൽ സൂക്ഷിപ്പികാരായ സൂക്ഷ്മജീവികളുടെ പണിയോ, ജുഗുലാർ വേനസ് പൾസ്: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം എന്നിങ്ങനെ പോകുന്നു അവതരണങ്ങളുടെ തലക്കെട്ടുകൾ.
മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോപദാർത്ഥങ്ങളുടെ ഇമേജിങ്ങിനെയും ട്രൈബോ ഇലക്ട്രിക് സ്മാർട്ട് പരവതാനികളെയും എൽഇഡി നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന കരിമണൽ മൂലകങ്ങളെയും സമുദ്രാടിത്തട്ടിലെ രഹസ്യങ്ങളറിയാൻ ശബ്ദം ഉപയോഗിച്ചുള്ള ഫോട്ടോയെടുപ്പിനെയും സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങളായ കണക്ടഡ് വെഹിക്കിളുകൾ നിരത്തിനെ മാറ്റിമറിക്കുന്നതുമെല്ലാം സ്ലാമിൽ കൗതുകവും വിജ്ഞാനവും പകരും.
ഏലൂരിലെ ജലത്തെ രക്ഷിക്കാൻ നീല-പച്ച പായലിനെ ഉപയോഗിക്കുന്നതും ആഗോളതാപനം കുറയ്ക്കാൻ കാർബൺ സംഭരണത്തിന് പുരയിടക്കൃഷി പ്രയോജനപ്പെടുന്നതും പ്രമേഹം കാഴ്ചയെടുക്കാതിരിക്കാനുള്ള വഴികളും പോലെ നിത്യജീവിതവുമായി നേരിട്ടുബന്ധപ്പെട്ട കാര്യങ്ങൾമുതൽ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ തിരയുന്നതും വാൽനക്ഷത്രത്തിൽ ഐസുവെള്ളമായി ജീവാണുക്കൾ ഉണ്ടാകുമോ എന്ന് അന്വേഷിക്കുന്നതും വരെ കേൾക്കാനുള്ള അവസരമാണ് സയൻസ് സ്ലാം.


























കുസാറ്റിലെ അവതരണങ്ങൾ
No | പേര് | വിഷയം |
---|---|---|
1 | Mimisha M Menakath | സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഒരു എത്തിനോട്ടം |
2 | ഡോ. കീർത്തി വിജയൻ | അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ |
3 | വർഗ്ഗീസ് റെജി | പുതിയ ലോകങ്ങളെ കണ്ടെത്താം |
4 | ആദിത്യ സാൽബി | കാൻസർ ചികിത്സയ്ക്ക് ഒരു നവീന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ |
5 | കുട്ടിമാളു വി.കെ | നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ? |
6 | ഡോ. ദിവ്യ സിന്ധു ലേഖ | ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി – Plan B Attacks on Networks |
7 | ഡോ. രേഷ്മ ടി.എസ് | ഭക്ഷ്യ സുരക്ഷയിലേക്ക് ഒരു പരിസ്ഥിതി സൗഹൃദ ബദൽ |
8 | അർജുൻ സുരേഷ് | കുറുനരി മോഷ്ടിക്കരുത് !! |
9 | ധന്യ കെ.എം | കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയക്ക് ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ? |
10 | എ.കെ. ശിവദാസൻ | മൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോപദാർത്ഥങ്ങളുടെ ഇമേജിങ് |
11 | Bibily Baby | LED നിർമ്മാണത്തിന് Rare Earth മൂലകങ്ങൾ ഉപയോഗിച്ചുള്ള ഫോസ്‌ഫറുകൾ |
12 | അനുഗ്രഹ അന്ന തോമസ് | ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം. |
13 | നവ്യ റോസ് ജോർജ്ജ് | Jugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം |
14 | റിയ കെ.അലക്സ് | നിങ്ങളുടെ ചർമ്മസംരക്ഷണം – പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖമോ ? |
15 | സജിത സിറിൾ | പുരയിടക്കൃഷി: കാർബൺ സംഭരണത്തിന് |
16 | സൂസൻ എൽദോസ് | സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ connected vehicles |
ഉച്ചഭക്ഷണം – സംഗീത പരിപാടി |
17 | ലക്ഷ്മിപ്രിയ വിജയൻ | നിങ്ങളുടെ ഭാവി കണ്ടുകൊണ്ട് നിങ്ങളുടെ കാഴ്ച സംരക്ഷിക്കുക: പ്രമേഹരോഗികളുടെ നേത്ര പരിചരണം |
18 | ജയശ്രീ എസ്. | പായൽ: ഇത്തിരി കുഞ്ഞൻ ഒത്തിരി കേമൻ |
19 | ഫിദ ഫർഹ | കുറഞ്ഞ റെസല്യൂഷനുള്ള എംആർഐ സ്കാനുകളിൽ നിന്ന് ഉയർന്ന റെസല്യൂഷൻ ഇമേജുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ രീതി |
20 | സജ്ന പീടിയകത്തൊടി | കൊച്ചി ഒരു ദ്വീപായി മാറുന്നോ ? |
21 | Riswina Nissar | Prostate cancer protective role of Paeoniflorin |
22 | വിജോയ് കെ.വി | ട്രൈബോ ഇലക്ട്രിക് സ്മാർട്ട് പരവതാനികൾ : ലാബിൽ നിന്നും വിപണിയിലേക്ക്! |
23 | മുബീന റാഫി | ചലിക്കുന്നതാണോ? സംശയം വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാം |
24 | തസ്കീന എ.എ. | ഇനിയും ചുരുളഴിയാത്ത ധൂമകേതൂ…അവിടെ സൂക്ഷ്മാണുക്കൾക്കൊരിടമുണ്ടോ? |
25 | ഋഷികേശ് | വിഷാദരോഗവും സൂക്ഷ്മജീവികളും |