
ഒന്നിനോടൊന്നു കിടപിടിക്കുന്ന സയൻസ് അവതരണങ്ങളുടെ വെടിക്കെട്ടായി ‘കേരള സയൻസ് സ്ലാം 2024’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നടന്ന ദക്ഷിണമേഖലാ സയൻസ് സ്ലാം ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമായി. മത്സരിച്ച 24 പേരിൽനിന്ന് മികച്ച അവതരണം നടത്തിയ ആറുപേരെ ഡിസംബർ 14-നു പാലക്കാട് ഐഐറ്റിയിൽ നടക്കുന്ന ഫൈനൽ സ്ലാമിലേക്കു തെരഞ്ഞെടുത്തു.






കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ ബയോകെമിസ്ട്രി വകുപ്പിലെ ഫാത്തിമ റുമൈസ, തിരുവനന്തപുരം ഗവ. വനിതാ കോളെജിലെ രസതന്ത്രവിദ്യാർത്ഥിനി എം. ഗൗരി, ആക്കുളത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഗവേഷകൻ ആർ. ശ്രീലേഷ്, വെറ്ററിനറി സർവ്വകലാശാലയിലെ കോളെജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിലെ ആർ. രജീഷ്, ചെങ്ങന്നൂർ കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കെ. വൈശാഖ്, കോഴിക്കോട് എൻഐറ്റിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ എൻജിനീയറിങ്ങിലെ സി. അല്ലിൻ എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.

പഴകിയ പ്രമേഹമുള്ളവരിലെ മുറിവുണക്കുന്ന ഡ്രസ്സിങ് ജെൽ, മത്സ്യത്തിൽ ഫോർമാലിനുണ്ടോ എന്നു വെറുംകണ്ണാൽ നിറമാറ്റത്തിലൂടെ മനസിലാക്കാവുന്ന ഡിറ്റക്ഷൻ കിറ്റ്, ഉരുൾപൊട്ടൽസാധ്യതയുള്ള വിവിധ മേഖലകൾ നിർണ്ണയിക്കാൻ സഹായിക്കുന്ന ജലപ്രവാഹപ്രക്രിയയുടെ സൂക്ഷ്മതലപഠനം, പാൽ പുളിപ്പിക്കുന്ന ബാക്ടീരിയയെ വായുവിൽ പ്രവർത്തിക്കുന്നവയാക്കിമാറ്റി ക്ഷീരവ്യവസായം വളർത്തുന്നത്, മുലപ്പാലും അയണും കുഞ്ഞുങ്ങളിലെ വിളർച്ചയും സബന്ധിച്ച പഠനം, നിർമ്മിതികളുടെ ആരോഗ്യം നിർണ്ണയിക്കാനുള്ള ആധുനികസങ്കേതം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടവർ അവതരിപ്പിച്ച വിഷയങ്ങൾ.

സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായ കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മെംബർ സെക്രട്ടറിയും കണ്ണൂർ സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസെലറുമായ പ്രൊഫ. എ. സാബു വിജയികൾക്കും മറ്റ് അവതാരകർക്കും സർട്ടിഫിക്കറ്റ് നല്കി. രാവിലെ കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ജെ. എസ്. അനില സ്ലാം ഉദ്ഘാടനം ചെയ്തു. ജൂറി അംഗങ്ങളായ കെ. കെ. കൃഷ്ണകുമാർ, ഡോ. വി. രാമൻകുട്ടി, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ പ്രൊഫസർ ഡോ. കാന സുരേശൻ, പാലക്കാട് ഐഐറ്റിയിലെ ഡോ. ദീപക് രാജേന്ദ്രപ്രസാദ്, കേരള സർവ്വകലാശാലയിലെ ഡോ. ടി. എസ്. പ്രീത, ലൂക്ക എഡിറ്റർ റിസ്വാൻ, പരിഷത്ത് സംസ്ഥാനനിർവ്വാഹകസമിതിയംഗം അരുൺ രവി, എന്നിവർ സംസാരിച്ചു.

ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമാണു ‘കേരള സയൻസ് സ്ലാം 2024’. സംസ്ഥാനത്ത് ആദ്യമായാണു സയൻസ് സ്ലാം നടക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളും കൊച്ചി സർവ്വകലാശാലയിലെ ശാസ്ത്രവിദ്യാഭ്യാസസംരഭമായ ക്യൂരിഫൈയും സയൻസ് സ്ലാമിൽ പങ്കാളികളാണ്. സ്ലാമിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടന്നത്. പങ്കെടുത്ത 25 അവതാരകരിൽ 15-ഉം പെൺകുട്ടികളായിരുന്നു.
ആദ്യ സ്ലാം കൊച്ചി സർവ്വകലാശാലയിൽ നടന്നു. ആദ്യറൗണ്ടിലെ മറ്റു സ്ലാമുകൾ കണ്ണൂർ, കോഴിക്കോട് സർവ്വകലാശാലകളിൽ നടക്കും. പാലക്കാട് ഐഐറ്റിയിലാണു സമാപനം. ആദ്യറൗണ്ടിൽ 92 ഗവേഷകർ മാറ്റുരയ്ക്കുന്നു. ഇവരിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേരാണ് ഫൈനലിൽ മത്സരിക്കുക. സാധാരണപ്രേക്ഷകരാണു വിധി നിർണ്ണയിച്ചത്. ശാസ്ത്രീയത പരിശോധിക്കാൻ അക്കാദമികവിദഗ്ദ്ധരും ഉണ്ടായിരുന്നു.
























മറ്റ് അവതരണങ്ങളെപ്പറ്റി:
ലാബിൽ പോകാതെ ട്യൂമറും കാൻസർവളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോ ഇലക്ട്രിക് ബയോസെൻസറുകളും ആൽസ്ഹൈമേഴ്സ് നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്ന നാനോസാങ്കേതികവിദ്യയുംവരെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ അരങ്ങിലെത്തി. ‘കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…?’, ‘ഇവിടെ തുപ്പുക! രോഗത്തെ തുപ്പിത്തോല്പിക്കാം’ എന്നിങ്ങനെ കൗതുകകരവും സരസവുമായ ശീർഷകങ്ങളിലായിരുന്നു അവതരണങ്ങൾ. നിർമ്മിതികളുടെ ഗുണമേന്മ സംബന്ധിച്ച അവതരണത്തിനു പേര് ‘പഞ്ചവടിപ്പാലം മുതൽ പാലാരിവട്ടം വരെ!’
വേരുകളിലിരുന്ന് അതുവഴിയുള്ള രോഗബാധ തടയുന്ന അദൃശ്യപോരാളികളെ (Micro-Warfare) കുരുമുളകിന്റെ ദ്രുതവാട്ടം തടയാൻ ഉപയോഗിക്കുന്നത്, ടിഷ്യൂ കൾച്ചർ വഴി സസ്യകോശത്തിൽ സ്വർണനാനോകണികകൾ നിർമ്മിക്കുന്നത്, ആഴ്സനിക് പോലുള്ള ലവണങ്ങളെയും ഈകോളി ബാക്റ്റീരിയകളെയും നീക്കം ചെയ്യാനും ജലത്തിലെ ഇരുമ്പുമാലിന്യങ്ങൾ ഉപയോഗിക്കുന്നത് എന്നിങ്ങനെ വൈവിദ്ധ്യമാർന്നതായി സ്ലാമിലെ വിഷയങ്ങൾ.
സൂപ്പർകണ്ടക്റ്റിങ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രധാന ഘടകങ്ങളായ ജോസഫ്സൺ ജങ്ഷൻസിൽ ഉപയോഗിക്കുന്ന നേർത്ത ഓക്സൈഡ് ഫിലിമിന്റെ പരിമിതി മറികടക്കുന്ന ഗ്രഫീൻബദലായിരുന്നു ശ്രദ്ധേയമായ മറ്റൊരു വിഷയം. ഉയർന്ന ഗുണനിലവാരമുള്ള സൂപ്പർകണ്ടക്റ്റിങ് ഉപകരണങ്ങൾ നിർമ്മിക്കാൻ സാധ്യത നൽകുന്നതാണ് “ദ്വിമാന ജോസെഫ്സൺ ജംഗ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം സാങ്കേതികവിദ്യകൾ” എന്ന ഈ വിഷയം.
ജല ഐസോടോപ്പുകളും ഗണിതശാസ്ത്ര മാതൃകയും ഉപയോഗിച്ച് പശ്ചിമഘട്ട പർവതനിരകളിലെ ഭൂഗർഭജലം ഒഴുകുന്ന പാതകൾ മനസിലാക്കിയ പഠനമാണ് മറ്റൊന്ന്.
ഫോൺ ആപ് ഉപയോഗിച്ച് പോഷകാഹാരോപദേശം നല്കുകയും വിവരശേഖരണം നടത്തുകയും ചെയ്ത് കുട്ടികളുടെ ബിദ്ധിവികാസം പഠിക്കുന്ന ഗവേഷണവും മൂന്നു മുതൽ ആറു വരെ മാസം പ്രായമുള്ള കുട്ടികളിലെ അനീമിയെപ്പറ്റിയുള്ള പഠനവും പോലെ നിത്യജീവിതവുമായി നേരിട്ടുബന്ധപ്പെട്ട കാര്യങ്ങൾ ഏറേ പ്രേക്ഷകാശ്രദ്ധ നേടി. ഇവ മുതൽ അപൂർവ്വ ഔഷധസസ്യമായ കരാളകത്തിന്റെ പ്രത്യുൽപ്പാദനം കൂട്ടാനും കൊറോണ വൈറസിനെപ്പോലും നിർവ്വീര്യമാക്കാവുന്ന ഔഷധസംയുക്തങ്ങൾ ഇരട്ടിപ്പിക്കാനുമുള്ള നാനോകണികകളുടെ ഉപയോഗംവരെ അവതരിപ്പിക്കപ്പെട്ടു.
വരൾച്ചയെ അതിജീവിക്കാൻ കാട്ടുപാവലിനുള്ള കഴിവു പഠിച്ച് ആ ജീൻ ഉൾച്ചേർത്ത് സസ്യങ്ങളുടെ വരൾച്ചാതിജീവനശേഷി മെച്ചമാക്കാമെന്ന കണ്ടെത്തലായിരുന്നു മറ്റൊന്ന്. ഗർഭാശയമുഖ അർബുദത്തിനു കാരണമായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ബാധിക്കുന്നതു തടയുന്ന വാക്സീൻ ശരീരത്തിലെ സൂക്ഷ്മാണുവ്യവസ്ഥ(മൈക്രോബയോട്ട)യിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവതരണത്തിൽ ഉണ്ടായിരുന്നു.
ഭാവിയിന്ധനമായ ഹൈഡ്രജൻ വേർതിരിക്കാൻ മികച്ച ഉൽപ്രേരകമായി സൂക്ഷ്മജീവികളെ ഉപയോഗിക്കൽ, പഴകി ഉപേക്ഷിക്കുന്ന സ്റ്റീലിൽനിന്നു വൈദ്യുതി, കൂട്ടുലോഹങ്ങൾ ദ്രവിക്കുന്നതു തടയാൻ ബാക്ടീരിയ, പ്രക്ഷേപണത്തിലെ ആവൃത്തികുറഞ്ഞ ശബ്ദങ്ങൾ നിയന്ത്രിക്കാനുള്ള ഗവേഷണം, മുറിയിലെ ബൾബുവെളിച്ചത്തെ വൈദ്യുതിയാക്കുന്ന ഡിഎസ്‌എസ് എല്ലുകളുടെ ശേഷി ഉയർത്തൽ, കൈയെഴുത്തുസംഖ്യകളെ വേഗം തിരിച്ചറിയാൻ AI മെഷീനുകളെ വേദഗണിതത്തിനു സഹായിക്കാനാകുമോ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഷയങ്ങൾ സ്ലാമിൽ കൗതുകവും വിജ്ഞാനവും പകർന്നു.