
ശാസ്ത്രജ്ഞർ അവരുടെ എല്ലാ ശാസ്ത്രീയ പ്രവർത്തനങ്ങളിലും നൈതിക മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം. ഗവേഷണ പ്രബന്ധങ്ങൾ, തിസീസുകൾ, കോൺഫറൻസ് അവതരണങ്ങൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, തുടങ്ങിയവയിലൂടെ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ സത്യവും യഥാർത്ഥവുമാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ടെത്തലുകൾ ശാസ്ത്രജ്ഞരുടെ ആത്മാർത്ഥമായ ശ്രമങ്ങളുടെ ഫലമാണെന്ന് അനുമാനിക്കുന്നു. പക്ഷേ, ശാസ്ത്രസമൂഹം ശാസ്ത്രീയ പെരുമാറ്റവുമായി ബന്ധപ്പെട്ട ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും സ്വയം അർപ്പിക്കുന്നുവെങ്കിൽ മാത്രമേ ശാസ്ത്രവ്യവസ്ഥകളിലുള്ള ഈ വിശ്വാസം നിലനിൽക്കുകയുള്ളൂ. പൊതുവിൽ, തുറന്ന മനസ്സ്, റെക്കോർഡ് സൂക്ഷിക്കൽ, ആനുകാലിക റിപ്പോർട്ടിംഗ്, സമഗവേഷകരുടെ അവലോകനം (peer review) എന്നിവയുടെ ശക്തമായ പാരമ്പര്യങ്ങൾ ഭൂരിപക്ഷം ശാസ്ത്രജ്ഞരെയും പ്രൊഫഷണൽ നൈതികതയുടെ പരിധിക്കുള്ളിൽ നിർത്തുന്നു. എങ്കിലും, ചില ശാസ്‌ത്രജ്ഞർ സ്വന്തം ഗവേഷണഫലങ്ങൾക്ക് അനാവശ്യമായ അംഗീകാരം ലഭിക്കാനുള്ള ഉത്‌കണ്‌ഠ നിമിത്തം വിവരങ്ങൾ മറച്ചുവെക്കും; ചിലപ്പോൾ വിവരങ്ങൾ മാറ്റിയെഴുതും, അതുമല്ലെങ്കിൽ ചിലരെ സന്തോഷിപ്പിക്കുന്നതിന് വിവരങ്ങൾ പുറത്ത് വിടാതിരിക്കും.
ചിലപ്പോഴൊക്കെ, നല്ല ഗവേഷണ രീതികളെപ്പറ്റിയുള്ള അറിവില്ലായ്മയും ഉത്തമ രീതികൾ അവലംബിക്കാത്തതും അധാർമ്മിക ഫലങ്ങൾക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, ഉയർന്ന പദവികളോ പ്രമോഷനുകളോ കരസ്ഥമാക്കുക എന്നതായിരിക്കാം ലക്ഷ്യം. ചില ഗവേഷക വിദ്യാർത്ഥികൾ അവരുടെ തീസിസ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ മനഃപൂർവ്വം വഞ്ചനാപരമായ കാര്യങ്ങൾ അവലംബിക്കുന്നു. ഇത്തരത്തിലുള്ള ധാർമ്മിക ലംഘനങ്ങൾ, വഞ്ചന, അല്ലെങ്കിൽ മനഃപൂർവ്വമുളള തെറ്റായ പെരുമാറ്റം എന്നിവ ശാസ്ത്രത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും. അതിനാൽ, ശാസ്ത്രസമൂഹവും പൊതുജനങ്ങളും ഈ രീതികളെ ശക്തമായി അപലപിക്കേണ്ടതുണ്ട്.

ശാസ്ത്രഗവേഷണത്തിലെ തട്ടിപ്പും തെറ്റായ പെരുമാറ്റവും
ശാസ്ത്രഗവേഷണത്തിൽ, തട്ടിപ്പ് അഥവാ കൃത്രിമം (fraud) എന്തെന്ന് കൃത്യമായി നിർവചിക്കാൻ പ്രയാസമാണ്. തെറ്റായതോ സ്ഥിരീകരിക്കാത്തതോ ആയ ഡാറ്റയെ വസ്തുതാപരമായ ഡാറ്റയായി കൈമാറുന്നതോ മറ്റുള്ളവരുടെ ഗവേഷണഫലം സ്വന്തം പേരിലാക്കി കൈമാറുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. വഞ്ചനയും വിവരങ്ങളുടെ തെറ്റായ അവതരണവും ശാസ്ത്രത്തിന് വളരെ ദോഷകരമാണ്. ഒരു ചെറിയ ശാസ്ത്രീയ തട്ടിപ്പ് പോലും പ്രസ്തുത ശാസ്ത്രജ്ഞന്റെ വിശ്വാസ്യതയെയും പ്രശസ്തിയെയും ഗുരുതരമായി ബാധിക്കും ഇത് അവരുടെ സഹപ്രവർത്തകരുടെയും ആ പ്രത്യേക ശാസ്ത്രജ്ഞൻ ഉൾപ്പെടുന്ന സ്ഥാപനത്തിന്റെയും വിശ്വാസ്യതയ്ക്ക് വലിയ ഹാനിയാണ് വരുത്തി വെക്കുക.
ശാസ്ത്രജ്ഞർ അതിമാനുഷരല്ലെന്നും സാധാരണ മനുഷ്യരുടെ എല്ലാ വികാരങ്ങളും അവരിൽ അന്തർലീനമാണെന്നും മനസ്സിലാക്കണം. സ്ഥാനമാനങ്ങൾക്കോ പണത്തിനോ വേണ്ടി കൃത്രിമമായി ഫലങ്ങൾ ഉണ്ടാക്കാനോ പരീക്ഷണങ്ങൾ നടത്താനോ പ്രേരിപ്പിക്കുന്ന ചില ശാസ്ത്രജ്ഞരുടെ വാർത്തകൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള മനഃപൂർവമായ തട്ടിപ്പുകൾ ശാസ്ത്രത്തിന് അസ്വീകാര്യമാണ്. എങ്കിലും, ആരെങ്കിലും തട്ടിപ്പ് നടത്തുന്നതിനാൽ, എല്ലാ ശാസ്ത്രീയ കണ്ടെത്തലുകളും കുഴപ്പമാണെന്ന് പറഞ്ഞ് ഒരുമിച്ച് തള്ളിക്കളയാനാവില്ല. മിക്ക സംഗതികളിലും ഫലങ്ങളുടെ ആവർത്തനത്തിലൂടെ വഞ്ചനകൾ ഒടുവിൽ കണ്ടെത്തുക തന്നെ ചെയ്യും! വാസ്തവത്തിൽ, ശാസ്ത്രത്തിൽ കണ്ടെത്താനാവാത്ത വഞ്ചനകൾ വിരളമാണ്. അതുപോലെതന്നെ, രേഖപ്പെടുത്തപ്പെട്ട തട്ടിപ്പുകൾ ശാസ്ത്രത്തിന്റ സ്വയം തിരുത്തൽ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഭൂരിഭാഗം ശാസ്ത്രജ്ഞരും ആദർശവാദികളും അവരിൽ നല്ലൊരു പങ്കും ശാസ്ത്രീയ സത്യത്തിന് വേണ്ടി ജീവിക്കുന്നവരുമാണ്. അങ്ങിനെയല്ലാത്തവർ വഴിതെറ്റി ഗവേഷകരാകുമ്പോഴാണ് മിക്കവാറും പ്രശ്നങ്ങളുണ്ടാകുക. ശാസ്ത്രഗവേഷണവുമായി ബന്ധപ്പെട്ട് തികച്ചും അധാർമ്മികവും അസ്വീകാര്യവുമായ ചില രീതികൾ നോക്കാം.

ഗവേഷണ പ്രബന്ധങ്ങൾ
തട്ടിപ്പിന്റെ ഒരു പ്രധാന മേഖല ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്. പ്രൊഫഷണൽ സൊസൈറ്റികളുടെ ഒരു പ്രധാന പ്രവർത്തനം ഗവേഷണ ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നതാണന്ന് നമുക്കറിയാം. പക്ഷേ, പ്രൊഫഷണൽ സമൂഹങ്ങളിൽ വിഭാഗീയ പ്രവർത്തനങ്ങൾ വ്യാപകമാകുന്നതും പലപ്പോഴും, ഗവേഷണ ജേണലുകളുടെ നിയന്ത്രണം അധികാര ഗ്രൂപ്പുകൾ പിടിച്ചെടുക്കുന്നതും അപൂർവമല്ല. അത്യന്തം അപലപനീയമായ ഒരു കാര്യമാണിത്. ഭാവി ശാസ്ത്രജ്ഞർ അവരുടെ അഭിമാനകരമായ പ്രബന്ധങ്ങൾ അയക്കുന്നതിന് മുമ്പ് ജേണലുകളുടെ ‘ഇംപാക്ട് ഫാക്ടർ’(Impact Factor) അല്ലെങ്കിൽ റാങ്കും ഗവേഷണ ജേണലിന്റെ മുൻകാല പ്രകടനവും പരിഗണിക്കണം. നിലവിലുള്ള ‘പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ നശിക്കുക’ (publish or perish) എന്ന മനോഭാവവും നിരവധി അപ്രതീക്ഷിത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരിക്കലും, സംശയാസ്പദമായ സമ്പ്രദായങ്ങൾ സ്വീകരിച്ചുകൊണ്ട് ‘പ്രസിദ്ധീകരിക്കുകയും നശിക്കുകയും’ (publish and perish) ചെയ്യരുത്. പ്രബന്ധങ്ങളുടെ കർത്തൃത്വം, രചനാ മോഷണം, സമഗവേഷകരുടെ അവലോകനം (peer review) എന്നിവ സാധാരണ പ്രശ്‌നങ്ങളാണ്. ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുമ്പോഴും പ്രസിദ്ധീകരണത്തിനായി ഒരു ജേണൽ തിരഞ്ഞെടുക്കുമ്പോഴും താഴെപ്പറയുന്ന പ്രശ്നങ്ങൾ പരിഗണിക്കുക; നിങ്ങളുടെ ശ്രമങ്ങൾ തീർച്ചയായും “പ്രസിദ്ധീകരിക്കാനും അഭിവൃദ്ധിപ്പെടാനും” (publish and flourish) മാത്രമായിരിക്കണം!

പ്രബന്ധങ്ങളുടെ കർത്തൃത്വം
വഞ്ചനാപരമായ കർത്തൃത്വ പ്രശ്നങ്ങൾ (authorship) ഗുരുതരമാണ്. പ്രബന്ധത്തിലേക്ക് ഒരു സംഭാവനയും ചെയ്യാത്ത വ്യക്തികളുടെ പേരുകൾ സഹ-രചയിതാക്കളായും ചിലപ്പോൾ മുതിർന്ന എഴുത്തുകാരായും നൽകുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ജൂനിയർ ശാസ്ത്രജ്ഞർ തയ്യാറാക്കുന്ന ഗവേഷണ പ്രബന്ധത്തിൽ സഹ-രചയിതാക്കളായി വകുപ്പ്/ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുടെ പേരുകൾ ഉൾപ്പെടുത്തുന്ന പ്രവണതയുണ്ട്. എല്ലാ സബ്-ഓർഡിനേറ്റ് ശാസ്ത്രജ്ഞരും പേപ്പറുകൾ എഴുതുമ്പോൾ സഹ-രചയിതാവായി അവരുടെ പേരു കൂടി ഉൾപ്പെടുത്തണമെന്ന് ചില സ്ഥാപന മേധാവികൾ നിർബന്ധിക്കുന്നു. ചിലപ്പോൾ, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പേരുകൾ സംതൃപ്തിക്ക് വേണ്ടിയോ ലേഖനത്തിന് കൂടുതൽ വിശ്വാസ്യത നൽകുന്നതിനു വേണ്ടിയോ ഉൾപ്പെടുത്തുന്നത് കാണാം. പ്രബന്ധസൃഷ്ടിയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടില്ലെങ്കിൽ ആരെയും രചയിതാവായി നാമകരണം ചെയ്യേണ്ടതില്ല. അങ്ങിനെ ചെയ്യുന്നുവെങ്കിൽ അത് എത്തിക്സിന് വിരുദ്ധമാണ്.
പേപ്പറുകളുടെ തനിപ്പകർപ്പുകളുടെ പ്രസിദ്ധീകരണം
“പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ നശിക്കുക”(publish or perish) എന്ന സിൻഡ്രോം കാരണം, ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാർത്ഥികളും അവരുടെ ഗവേഷണ പ്രവർത്തനങ്ങളിൽ നിന്ന് കഴിയുന്നത്ര പേപ്പറുകൾ ഞെക്കി ഞെരുക്കി എഴുതി ചൂഷണം ചെയ്യുന്ന പ്രവണതയുണ്ട്. തീസിസ് വർക്കിൽ നിന്ന് ഗവേഷണ പ്രബന്ധങ്ങൾ എഴുതുമ്പോഴാണ് ഈ പ്രവണത കൂടുതലായി കാണുക. വ്യത്യസ്ത രൂപങ്ങളിൽ ഒരേ ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത പേപ്പറുകൾ എഴുതുന്നത് അനീതിയാണ്, അത് ‘വഞ്ചന’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇത് ശാസ്ത്രത്തിന്റെ പുരോഗതിക്ക് നല്ലതല്ല. ഇപ്പോൾ, ഈ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി തീർന്നതിനാൽ , പല റിക്രൂട്ടിംഗ് ബോഡികളും ജേണൽ പേപ്പറുകൾക്ക് ഇംപാക്ട് ഫാക്ടർ വേണമെന്ന് നിർബന്ധിക്കുന്നു. അതുപോലെ, ഒരു ലേഖനത്തിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ, ഒന്ന് സ്പെഷ്യലിസ്റ്റ് പ്രേക്ഷകർക്കും മറ്റൊന്ന് സാധാരണ പ്രേക്ഷകർക്കും വേണ്ടി എഴുതുകയും അവ രണ്ട് വ്യത്യസ്ത ജേണലുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നതും ശരിയല്ല.

സമഗവേഷകരുടെ അവലോകനം
‘പിയർ റിവ്യൂയിംഗ്’ (peer reviewing) എന്നതിന് ഒരു യോജിച്ച മലയാളം വാക്ക് കാണുന്നില്ല, അത്കൊണ്ട് സമഗവേഷകരുടെ അവലോകനം എന്ന് പറയുകയാണ്. ഒരേ വിഷയത്തിൽ അല്ലെങ്കിൽ സമാന വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർ പ്രബന്ധങ്ങൾ അവലോകനം ചെയ്യുക എന്ന രീതി കാലങ്ങളായി നിലവിലുള്ളതാണ്. ഇങ്ങിനെ അവലോകനം നടത്തുന്നയാളെ ‘റഫറി’ എന്നും വിളിക്കും. ‘പിയർ റിവ്യൂയിംഗ്’ എന്നതിന് ‘പിയർ റഫറിയിംഗ്’ എന്നും പറയും.
സമഗവേഷകർ പ്രബന്ധങ്ങൾ ഗൗരവമായി അവലോകനം ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടുമിക്ക ജേണൽ സ്ഥാപനങ്ങളും പ്രസിദ്ധീകരണത്തിനായി ഗവേഷണ പ്രബന്ധങ്ങൾ സ്വീകരിക്കുന്നത്, സാധാരണഗതിയിൽ സമന്മാർ ചെയ്യുന്ന ഗുണനിലവാരത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിന് ശേഷം മാത്രമാണ്. ശരിയായി ചെയ്താൽ, പിയർ റിവ്യൂയിംഗ് ജേണലുകളിൽ കുറച്ച് ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നു. നിരൂപകർ അജ്ഞാതരായി തുടരണം എന്നത് അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ്. ചില ജേണലുകളുടെ കാര്യത്തിൽ, ഈ അജ്ഞാതത്വവും രഹസ്യസ്വഭാവവും കടലാസ്സിൽ മാത്രം അവശേഷിക്കുന്നു എന്നതാണ് വസ്തുത! നിരൂപകർ പലപ്പോഴും സ്വാധീനമുള്ള എഴുത്തുകാരുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു എന്നത് ഖേദകരമാണ്. സമഗവേഷകരുടെ അവലോകനം അത് അർഹിക്കുന്ന ഗൗരവത്തോടെ ചെയ്യണം. ഒരു സാഹചര്യത്തിലും നിലവാരമില്ലാത്ത പേപ്പറുകൾ സ്വീകരിക്കുകയും പുറമേയുള്ള പരിഗണനകളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യരുത്.
വിരുദ്ധ താൽപ്പര്യങ്ങൾ
എഡിറ്റോറിയൽ തീരുമാനങ്ങൾ പക്ഷപാതപരമായേക്കാവുന്ന വിരുദ്ധ താൽപ്പര്യങ്ങൾ (conflict of interest) പുലർത്തുന്ന വ്യക്തികൾ, അതായത്, രചയിതാക്കൾ, തൊഴിൽദാതാക്കൾ, നിരൂപകർ, എഡിറ്റർമാർ, ഫണ്ടിംഗ് ഏജൻസികൾ, ജേണൽ സ്ഥാപനങ്ങൾ മുതലായവ ഉൾപ്പെട്ടിരിക്കുമ്പോൾ പ്രസിദ്ധീകരണത്തിൽ താൽപ്പര്യം വ്യത്യസ്തമാകും. അക്കാദമികമോ, വ്യക്തിപരമോ, സാമ്പത്തികമോ, രാഷ്ട്രീയമോ, മതപരമോ ആയ പരിഗണനകൾ എഡിറ്റോറിയൽ തീരുമാനങ്ങളെയും പേപ്പറുകൾ തയ്യാറാക്കുന്ന രീതിയെയും ബാധിക്കാൻ പാടില്ല. ഉദാഹരണത്തിന്, രചയിതാക്കൾ അല്ലെങ്കിൽ അവരുടെ തൊഴിൽദാതാക്കൾ അവരുടെ പേപ്പറിന്റെ പ്രസിദ്ധീകരണത്തിൽ പ്രത്യേക താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഉടലെടുക്കാം. ഒരു ജേണൽ സ്ഥാപനത്തിൽ, എഡിറ്റർമാർ, നിരൂപകർ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, എഡിറ്റോറിയൽ സ്റ്റാഫ്, രചയിതാക്കൾ എന്നിവർക്ക് വിരുദ്ധ താത്പര്യങ്ങളെക്കുറിച്ച് ഒരു നയം ഉണ്ടായിരിക്കണം, ഇവ ആനുകാലികമായി അവലോകനം ചെയ്യുകയും വേണം.
ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോൾ, മിക്ക ജേണലുകളും രചയിതാക്കളോട് വിരുദ്ധ താൽപ്പര്യങ്ങളെക്കുറിച്ച് ഒരു സത്യപ്രസ്താവന നടത്താൻ ആവശ്യപ്പെടുന്നു, ‘ഗവേഷകർ വിരുദ്ധ താൽപ്പര്യങ്ങളൊന്നും അവകാശപ്പെടുന്നില്ല’, നിഷ്പക്ഷവും നേരായതുമായ ഗവേഷണം ഉറപ്പുനൽകുന്ന രചയിതാവിന്റെ സ്ഥിരീകരണമാണിത്. ‘ വിരുദ്ധ താൽപ്പര്യങ്ങളൊന്നുമില്ല’ എന്ന് പ്രഖ്യാപിക്കുന്നതിലെ ആശയം, ഫലങ്ങളുടെ തെറ്റായ അല്ലെങ്കിൽ വളച്ചൊടിച്ച റിപ്പോർട്ടിംഗിൽ നിന്നോ അവയുടെ വ്യാഖ്യാനത്തിൽ നിന്നോ പേപ്പറിനെ സംരക്ഷിക്കുക എന്നതാണ്. ഗവേഷണത്തിന് ഒരു ബാഹ്യഏജൻസിയാണ് ധനസഹായം നൽകുന്നതെങ്കിൽ, ഗവേഷണം പക്ഷപാതരഹിതമാണെന്ന് രചയിതാവ് ഒരു പൊതുപ്രസ്താവന പുറപ്പെടുവിക്കണം. ഏജൻസിയുടെ സംഭാവനയെ അംഗീകരിച്ചുകൊണ്ട് അക്കാദമിക് പ്രസിദ്ധീകരണത്തിന് ആവശ്യമായ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഉദാഹരണത്തിന്, മെഡിക്കൽ ഗവേഷണ മേഖലയിൽ, മെഡിക്കൽ ഗവേഷകരും ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനുകളും തമ്മിൽ വലിയ താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഉണ്ടാകാം. ഒരു മരുന്നിന്റെയോ ചികിത്സയുടെയോ ഫലങ്ങൾ പെരുപ്പിച്ചു കാണിക്കാൻ കോർപ്പറേഷൻ ഗവേഷകനെ സ്വാധീനിക്കുന്നതാണ് ഏറ്റവും സാധാരണമായ ഒരു സംഗതി. ഈ വൈരുദ്ധ്യങ്ങൾ ഒഴിവാക്കുന്നതിന്, ഗവേഷകർ, ഗ്രാൻ്റ് ഏജൻസികൾ, സൂപ്പർവൈസർമാർ, പ്രസാധകർ എന്നിവർ സംയുക്തമായി പ്രവർത്തിക്കുകയും സ്വന്തം കടമകൾ നിറവേറ്റുകയും വേണം.
ഗവേഷണത്തിന്റെ ദുഷ്പ്രയോഗം
മെഡിക്കൽ ഗവേഷണത്തിൽ പലർക്കും പല തരത്തിലാണ് താത്പര്യങ്ങൾ. ലാഭം കൊയ്യാൻ മാത്രം പ്രചോദിത ഗവേഷണം സ്പോൺസർ ചെയ്യുകയും സ്വന്തം ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡാറ്റ അടിച്ചമർത്തുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് അധാർമ്മികമാണ്.
പുകവലി നിരുപദ്രവകരമാണെന്ന് അവകാശപ്പെടുന്ന പുകയില സ്ഥാപനങ്ങളുടെ അവകാശവാദങ്ങളും അടിച്ചമർത്തപ്പെട്ടതോ വ്യാജമോ ആയ ഡാറ്റയെ അടിസ്ഥാനമാക്കി അവരുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച മരുന്ന് നിർമ്മാതാക്കളുടെ അവകാശവാദങ്ങളും സാധാരണ ഉദാഹരണങ്ങളാണ്. മിക്ക കേസുകളിലും, ആരോഗ്യ പാനീയങ്ങൾ, ടോണിക്കുകൾ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സമാനമായ ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങൾ സംശയാസ്പദമാണ്. മലിനീകരണമുണ്ടാക്കുന്ന സംരംഭങ്ങളിൽ നിന്നുള്ള ചില ‘കണ്ടെത്തലുകളും’ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ആണവ ഗവേഷണത്തിന്റെ അപകടങ്ങൾ സമൂഹത്തിന് മുന്നിൽ വേണ്ടത്ര വെളിപ്പെടുത്തുന്നില്ല. അതുപോലെ, ബയോടെക്നോളജിക്കൽ ഗവേഷണത്തിന്റെ ഉദ്ദേശ്യങ്ങളും രീതിശാസ്ത്രങ്ങളും വെളിപ്പെടുത്തുന്നതിൽ പല സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നു.
ശരാശരി ഗവേഷണവും രാഷ്ട്രീയ നിയമനങ്ങളും
മിക്ക മൂന്നാംലോകരാജ്യങ്ങളിലും ഇതൊരു വലിയ പ്രശ്നമാണ്. ശാസ്ത്രസ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും, പലപ്പോഴും, മെറിറ്റ് പരിഗണിക്കപ്പെടുന്നില്ല. അന്യായ നിയമനങ്ങൾ, അനാവശ്യ സ്ഥാനക്കയറ്റങ്ങൾ, അന്യായമായ അവാർഡുകൾ, അനുചിതമായ രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ ന്യായീകരിക്കാനാകാത്ത നടപടികളിൽ നിന്ന് ഉന്നത പഠന-ഗവേഷണ സ്ഥാപനങ്ങളെ മോചിപ്പിക്കണം. പലപ്പോഴും, ഡയറക്ടർമാരെയും വൈസ് ചാൻസലർമാരെയും, പ്രിൻസിപ്പൽമാരെയും നിയമിക്കുന്നത് മെറിറ്റിനേക്കാൾ മറ്റ് പല പരിഗണനകളുടെയും അടിസ്ഥാനത്തിലാണ്. ഇത്തരം വ്യതിയാനങ്ങൾ, ഒരു സ്ഥാപനത്തിൽ വ്യാപകമാണെങ്കിൽ, സത്യസന്ധരും മിടുക്കരുമായ ശാസ്ത്രജ്ഞരുടെ മനോവീര്യം തകരും. ശരാശരി ഗവേഷണഫലങ്ങളുടെ (mediocre) പുറത്ത് വലിയ അവകാശവാദങ്ങൾ പലരും നടത്താറുണ്ട്. വിദേശത്തുള്ള താരതമ്യേന അറിയപ്പെടാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള അവാർഡുകളോ മികവിന്റെ സർട്ടിഫിക്കറ്റുകളോ വലിയ സംഭവങ്ങളായി ഉയർത്തികാണിക്കുന്ന പതിവുണ്ട്. മെറിറ്റ് അല്ലെങ്കിൽ റിസർച്ച് സ്കോളർഷിപ്പിന് പകരം മറ്റ് ചില പരിഗണനകളാണ് കണക്കാക്കുന്നതെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയാൽ, അവർ ഗൗരവമായ ഗവേഷണം നിർത്തും. ഇത് ശാസ്ത്രജ്ഞർക്കിടയിൽ നിരാശ മാത്രമല്ല, ശാസ്ത്ര സംവിധാനത്തിന്റെ ജീർണ്ണതക്കും വഴി വെക്കും. ശാസ്ത്ര സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും, നിയമനങ്ങളും തീരുമാനങ്ങളും ജാതി, മതം, നിറം, ലിംഗഭേദം, രാഷ്ട്രീയം, അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്നോ ഭരണത്തിൽ നിന്നോ സ്വാധീനമുള്ള വ്യക്തികളിൽ നിന്നുള്ള ശുപാർശകളാൽ നയിക്കപ്പെടരുത്.
അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾക്കായി മുറവിളി
മിക്ക വികസിത രാജ്യങ്ങളിലും, ഭരണപരമായ ഉത്തരവാദിത്തങ്ങൾ അവരുടെ ഗവേഷണ താൽപ്പര്യങ്ങളുടെ സമയം അപഹരിക്കുമെന്നതിനാൽ മുതിർന്ന ശാസ്ത്രജ്ഞരും പ്രൊഫസർമാരും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ചേരാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, ആരെങ്കിലും അഡ്മിനിസ്ട്രേറ്റീവ് പദവികൾ വഹിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, മിക്ക ഗവേഷണ സ്ഥാപനങ്ങളും മുതിർന്ന ശാസ്ത്രജ്ഞർ/പ്രൊഫസർമാർക്കിടയിൽ ഡിപ്പാർട്ട്‌മെന്റ് മേധാവി, ഡയറക്ടർ, ഡീൻ, രജിസ്ട്രാർ, വൈസ് ചാൻസലർ തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ റൊട്ടേഷൻ ഏർപ്പെടുത്തിയിരിക്കയാണ്. ഇന്ത്യയിലും, ചില ശാസ്ത്ര സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ക്രമനിയമനം (റൊട്ടേഷൻ) ഏർപ്പെടുത്തുന്നുണ്ട്, പലപ്പോഴും തെറ്റായ കാരണങ്ങൾ കൊണ്ടാണെന്ന് മാത്രം! ഇന്ത്യയിൽ, സയൻസ് അഡ്മിനിസ്ട്രേഷൻ സമ്പ്രദായത്തിലെ അധികാരശ്രേണി കാരണം, കൂടുതൽ അധികാരവും കുറഞ്ഞ ശാസ്ത്രവും നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾക്കായുള്ള മുറവിളി വളരെ തീവ്രമാണ്, ആരെങ്കിലും വകുപ്പിന്റെ തലവനോ ഡയറക്ടറോ ആയാൽ, അയാൾ/അവൻ ഏതു വിധേനയും ആ പോസ്റ്റ് മുറുകെ പിടിക്കാൻ ശ്രമിക്കും, ഇൻ-ചാർജ് ആയാലും കുഴപ്പമില്ല!
ഇന്റർഡിസിപ്ലിനറി കൺവെർജൻസും (അനുബന്ധ വിഷയങ്ങൾ തമ്മിലുള്ള സഹകരണം), ഇൻട്രാഡിസിപ്ലിനറി കൺവെർജൻസും (പല വിഷയങ്ങളിലെ പ്രത്യേകതകൾ ഒരുമിച്ച് കൊണ്ടുവരുന്നത്) വിദ്യാഭ്യാസ വിചക്ഷണർ ആവശ്യപ്പെടുന്നു. പക്ഷേ, ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളുടെ ഇന്നത്തെ സജ്ജീകരണത്തിൽ ഇന്റർ ഡിസിപ്ലിനറി സംയോജനം അസാധ്യം എന്ന് തന്നെ പറയാം. തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വകുപ്പുകളും, ഫാക്കൽറ്റികളും, സർവകലാശാലകളും രൂപീകരിക്കുന്നത് ഇപ്പോൾ ഒരു പ്രവണതയാണ്. ചിലപ്പോൾ ഒരു കോളേജിന് പോലും സാധ്യതയില്ലാത്ത സ്ഥാപനങ്ങൾ സർവകലാശാലയായി മാറുന്ന അത്യന്തം തെറ്റായ നടപടികളും കാണാം. കേരളത്തിലുമുണ്ട് നല്ല ഉദാഹരണങ്ങൾ. ഇത് കൊണ്ടൊന്നും ശാസ്ത്രം വളരില്ല, കൂടുതൽ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സൃഷ്ടിക്കാനുള്ള മോഹമാണ് ഈ പ്രവണതകൾക്ക് പിന്നിലെ പ്രധാന കാരണം.

തീസിസ് ചെയ്യുന്നതിലെ അശാസ്ത്രീയ പ്രശ്നങ്ങൾ
സ്വതന്ത്ര ഗവേഷണം നടത്താൻ വിദ്യാർത്ഥി പരിശീലനം നേടി എന്നതിന്റെ സർട്ടിഫിക്കറ്റാണ് തീസിസ്. ഒരു തീസിസ് സാധാരണയായി വ്യക്തമായ ഘടകങ്ങളും ആവശ്യമായ സർട്ടിഫിക്കറ്റുകളും ഉള്ള ഒരു ഗവേഷണ റിപ്പോർട്ടാണ്. എല്ലാ ശാസ്ത്ര മേഖലകളിലും ‘ഡോക്ടർ ഓഫ് ഫിലോസഫി’ ബിരുദം ലഭിക്കുന്നതിന് ഒരു തീസിസ് നിർബന്ധമാണ്. കൃഷിയിലും അനുബന്ധ ശാസ്ത്രങ്ങളിലും , ബിരുദാനന്തര ബിരുദം നേടുന്നതിന്, വിദ്യാർത്ഥി ഒരു ഗവേഷണ പ്രോജക്റ്റ് നടത്തുകയും തീസിസ് സമർപ്പിക്കുകയും വേണം. എം. ഫിൽ., എം. ടെക്., എം.ഡി. ബിരുദങ്ങൾക്കും ഒരു തീസിസ് അല്ലെങ്കിൽ പ്രബന്ധം ആവശ്യമാണ്. ഒരു ഗവേഷണ വിദ്യാർത്ഥി ഒരു ഗവേഷണ ഗൈഡിന് കീഴിൽ പ്രവർത്തിക്കും, ചിലപ്പോൾ ഗവേഷണ സൂപ്പർവൈസർ അല്ലെങ്കിൽ പ്രധാന ഉപദേശകൻ (major advisor) എന്നും വിളിക്കപ്പെടുന്നു. വിദ്യാർത്ഥിയെ സഹായിക്കാൻ, പ്രധാന ഉപദേശകൻ അധ്യക്ഷനായി ഒരു മൾട്ടി ഡിസിപ്ലിനറി ഉപദേശക സമിതിയും ഉണ്ടാകും. ഉപദേശക സമിതിയുടെ അധ്യക്ഷനാണ് വിദ്യാർത്ഥിയെ നയിക്കാൻ പ്രാഥമികമായി ഉത്തരവാദി. പ്രധാന ഉപദേശകരോ ഗൈഡുകളോ ആയി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് സ്വതന്ത്ര ഗവേഷണം നടത്തുന്നതിലും അദ്ധ്യാപനത്തിലും മുൻ പരിചയം ഉണ്ടായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച പിയർ-റിവ്യൂഡ് പേപ്പറുകളുടെ എണ്ണം അനുസരിച്ചാണ് ഇത് തീരുമാനിക്കുക.
ഒരു പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനുള്ള വിദ്യാർത്ഥിയുടെ പ്രാഥമിക താൽപ്പര്യം, നിശ്ചിത സമയത്തിനുള്ളിൽ തീസിസ് തയ്യാറാക്കുകയും തടസ്സരഹിതമായ അന്തരീക്ഷത്തിൽ ബിരുദം നേടുക എന്നതുമായിരിക്കും. പക്ഷേ, മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തടസ്സരഹിതമായ അനുയോജ്യ അന്തരീക്ഷം ഉണ്ടാകില്ല. കൂടാതെ ഗവേഷണ വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നിരവധി നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. ഫണ്ടിന്റെ ദൗർലഭ്യം, ലബോറട്ടറി സൗകര്യങ്ങളുടെ അഭാവം, അപൂർണ്ണമായ ഉപകരണങ്ങൾ, തൊഴിലാളികളുടെ കുറവ്, തുടങ്ങിയ പരിമിതികൾ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുമ്പോൾ, ഗവേഷണത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടാം. തീസിസ് വിഷയം തിരഞ്ഞെടുക്കുന്ന ഘട്ടം മുതൽ തന്നെ ഈ പ്രശ്നങ്ങൾക്ക് അർഹമായ പരിഗണന നൽകണം. നിലവിലുള്ള നിയന്ത്രണങ്ങൾക്കും സൗകര്യങ്ങൾക്കും കീഴിൽ പൂർത്തിയാക്കാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക. വിദ്യാർത്ഥി ഈ മേഖലയിൽ തുടക്കക്കാരനായതിനാൽ, ഗവേഷണത്തിന്റെ സങ്കീർണതകളെക്കുറിച്ചും ഗവേഷണ പ്രോജക്റ്റ് സുഗമമായി നടപ്പിലാക്കുന്നതിലെ തടസ്സങ്ങളെക്കുറിച്ചും കൂടുതൽ അറിവുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ, അനാശാസ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിദ്യാർത്ഥിയെ ധൈര്യപ്പെടുത്തുകയും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് ഗവേഷണ ഗൈഡിന്റെ കടമയാണ്. അതുപോലെ, വിദ്യാർത്ഥികൾക്ക് സങ്കീർണ്ണമായ ഗവേഷണ പ്രശ്നങ്ങൾ ഒരിക്കലും നൽകരുത്, അത് അന്യായമായ മാർഗങ്ങൾ അവലംബിക്കുന്നതിനുള്ള പ്രലോഭനങ്ങൾ നൽകുന്നു.
വിദ്യാർത്ഥികൾക്ക് നൽകുന്ന മാർഗനിർദേശത്തിന്റെ രീതി പലയിടങ്ങളിലും തെറ്റായാണ് പോകുന്നത്. പല സൂപ്പർവൈസർമാരും മാർഗനിർദേശം ഗൗരവമായി എടുക്കുന്നില്ല. തങ്ങളുടെ കീഴിലുള്ള ഗവേഷക വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രമാണ് പലർക്കും താൽപ്പര്യം. വകുപ്പിലോ സ്ഥാപനത്തിലോ നിലനിൽക്കുന്ന അധികാരഘടന കാരണം വിദ്യാർത്ഥികൾ പരാതിപ്പെടാൻ ഭയപ്പെടുകയും ജൂനിയർ അധ്യാപകർ നിസ്സഹായരാകുകയും ചെയ്യും. ഇതെല്ലാം വിദ്യാർത്ഥിയുടെ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഗവേഷണ ഫലം ശരിയായിരിക്കില്ലെങ്കിലും ഇത്തരം ഗവേഷണ ഗൈഡുകൾ തീസിസ് വിലയിരുത്തുന്നതിനും വാചാപരീക്ഷ നടത്തുന്നതിനും സൗകര്യപ്രദമായ പരീക്ഷകരെ കണ്ടെത്തുന്നതിൽ സമർത്ഥരാണ്. പ്രബന്ധം വിലപ്പോവില്ലെന്ന് പരിശോധകൻ കണ്ടെത്തിയാൽപ്പോലും, ഗൈഡുമായുള്ള അടുപ്പം മുതൽ പരീക്ഷകന്റെ ദയ വരെയുള്ള നിരവധി പരിഗണനകൾ കാരണം അവർ അത് നിരസിക്കാൻ സാധ്യത കുറവാണ്. ചില പരീക്ഷകർ തീസിസ് നിരസിക്കുന്നതിനോ ഭേദഗതികൾ നിർദ്ദേശിക്കുന്നതിനോ പകരം, ദയയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സമ്മർദ്ദത്താലോ ബിരുദങ്ങൾ നൽകാൻ ശുപാർശ ചെയ്യുന്നു.
അശാസ്ത്രീയമായ സമ്പ്രദായങ്ങൾ ചെയ്യാനുള്ള സാധ്യത പ്രകൃതി ശാസ്ത്രത്തേക്കാൾ സാമൂഹിക ശാസ്ത്രങ്ങളിൽ കൂടുതലാണ്, കാരണം അവർ സാധാരണയായി സർവേകൾ ഉൾപ്പെടുന്ന ക്രോസ്-സെക്ഷണൽ പഠനങ്ങൾ പോലുള്ള പരീക്ഷണേതര രീതികൾ (non-experimental methods) ഉപയോഗിക്കുന്നു. അതിൽ പിശകുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ, മനഃപൂർവവും അല്ലാത്തതുമായ തെറ്റുകൾ വ്യാപകമായേക്കാം. പ്രത്യേകിച്ച് സർവേകളും ദൃഷ്ടാന്ത പഠനങ്ങളും (case studies) നടത്തുമ്പോൾ. സ്ഥാപിതവും സമയബന്ധിതവുമായ രീതികൾ മാത്രം പിന്തുടരുക. സർവേകൾ നടത്തുമ്പോൾ, പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകരുടെ അഭിപ്രായമായി നിങ്ങളുടെ അഭിപ്രായം എഴുതരുത്. ഇത് പലപ്പോഴും പൊതുജനാഭിപ്രായ സർവേകൾ, പ്രീ-പോൾ സർവേകൾ, മനോഭാവ സർവേകൾ എന്നിവയുടെ ഒരു പ്രശ്നമാണ്. ഒരു പ്രത്യേക വിധത്തിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ‘സ്‌പോൺസർ ചെയ്‌ത സർവേകളും’ കാണാനിടയുണ്ട്.
സർവ്വേകളും ദൃഷ്ടാന്ത പഠനങ്ങളും ശാസ്ത്രീയമായ രീതികൾ പിന്തുടർന്ന് മാത്രം നടത്തുക. ഉദാഹരണത്തിന്, ക്രമരഹിതമായി (random) തിരഞ്ഞെടുത്ത 100 കർഷകരെയോ രോഗികളെയോ അഭിമുഖം നടത്താൻ ഗവേഷണ പ്രോജക്ടിൽ വ്യവസ്ഥയുണ്ടെങ്കിൽ നിങ്ങൾ ക്രമരഹിതമായി തിരഞ്ഞെടുത്ത 100 വ്യക്തികളെ കാണുകയും അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും വേണം. ചില വ്യക്തികളെ മാത്രം കാണുകയോ അല്ലെങ്കിൽ ക്രമരഹിതമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉപയോഗിക്കാതെ ഡാറ്റ കൃത്രിമമാക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരു വഞ്ചനയാണ് ചെയ്യുന്നത്. ഗവേഷണ ഗൈഡിനോ സൂപ്പർവൈസർക്കോ നല്ല ഗവേഷണ രീതികൾ നിർബന്ധമാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. സൂപ്പർവൈസർ രീതിശാസ്ത്രവും വിദ്യാർത്ഥികൾ സൃഷ്ടിച്ച ഡാറ്റയും പരിശോധിക്കണം.
സ്ഥിതിവിവരശാസ്ത്ര (സ്റ്റാറ്റിസ്റ്റിക്സ്) തത്വങ്ങളുടെ ലംഘനമാണ് ആശങ്കയുടെ മറ്റൊരു മേഖല. നിങ്ങൾ 400 കേസുകൾ പരിശോധിക്കുമെന്ന് കരുതുക. 400 കേസുകൾ പരിശോധിക്കുന്നതിനുപകരം, 100 കേസുകൾ പരിശോധിച്ച്, നിരീക്ഷിച്ച എല്ലാ മൂല്യങ്ങളെയും 4 കൊണ്ട് ഗുണിച്ച് 400 നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റ് ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ഒരു സാധാരണ തട്ടിപ്പാണ്. അതുപോലെ, ചില ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും പരീക്ഷണത്തിന്റെ തത്വങ്ങളെ– ക്രമരഹിതമാക്കൽ (randomization), ആവർത്തനം (replication), പ്രാദേശിക നിയന്ത്രണം (local control)– സൗകര്യപൂർവ്വം മാറ്റിമറിക്കും. എന്നാൽ, സ്റ്റാറ്റിസ്റ്റിക്കൽ സിദ്ധാന്തം ഉപയോഗിക്കുകയും ചെയ്യും. ഉദാഹരണത്തിന്, പരീക്ഷണ ഡിസൈൻ പ്രകാരം നാല് ആവർത്തനത്തിന് പകരം മൂന്ന് ആവർത്തനം മാത്രം ഉൾപ്പെടുത്തി ശരാശരി മൂല്യങ്ങൾ നാലാം ആവർത്തനമായി ഉപയോഗിക്കുന്നത് വഞ്ചനയുടെ വ്യക്തമായ രൂപമാണ്. അതുപോലെ, യഥാർത്ഥ പരീക്ഷണ പ്ലോട്ടിന്റെ വലുപ്പവും ഇടപെടലുകളുടെ (treatments)ക്രമരഹിതമാക്കലും തീരുമാനിക്കുന്നതിൽ സ്റ്റാറ്റിസ്റ്റിക്കൽ തത്വങ്ങളുടെ ലംഘനം ബോധപൂർവ്വം ചെയ്യപ്പെടുന്നു; പക്ഷേ, രീതിശാസ്ത്രം റിപ്പോർട്ടുചെയ്യുമ്പോൾ ഇവ മറച്ചുവെക്കപ്പെടുന്നു.
ഒരു ഗവേഷക വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം, ഗവേഷണം നടത്തുന്നതും തീസിസ് എഴുതുന്നതും കൂടുതൽ ശ്രദ്ധയും സഹായവും ആവശ്യമുള്ള മേഖലകളാണ്. വളർന്നുവരുന്ന ശാസ്ത്രജ്ഞർ ശാസ്ത്രീയവും സൂക്ഷ്മവുമായ പരീക്ഷണങ്ങളും ഗവേഷണ ഫലങ്ങൾ റിപ്പോർട്ടുചെയ്യുന്ന രീതികളും മാത്രം പഠിക്കുന്നത് വളരെ പ്രധാനമാണ്. ഗവേഷണ ഗൈഡ് ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഗൈഡ് ചില മുൻവിധി സിദ്ധാന്തങ്ങളുമായി യോജിക്കാൻ നിർബന്ധിക്കരുത്. ചിലപ്പോൾ, ഡാറ്റ കൃത്രിമത്വം മനഃപൂർവ്വം ചെയ്യപ്പെടുന്നു, പ്രത്യേകിച്ച് പരീക്ഷണങ്ങൾ എളുപ്പത്തിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ കഴിയാത്ത സന്ദർഭങ്ങളിൽ. വിദ്യാർത്ഥികൾ ഉൾപ്പെട്ടിരിക്കുന്ന നൈതികതയെക്കുറിച്ചും പരീക്ഷണത്തിന്റെ നല്ല തത്വങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ഏത് സാഹചര്യത്തിലും, ഗവേഷണ ഫലങ്ങളുടെ കൃത്രിമത്വത്തിനോ ഡാറ്റയുടെ കൃത്രിമമായ സൃഷ്ടിക്കോ വഴങ്ങരുത്.
സയൻസ് പ്രാക്ടിക്കലുകളിലെ എത്തിക്സ്
സ്‌കൂൾ കാലം മുതലേ സയൻസ് വിദ്യാർത്ഥികളെ വഞ്ചനയുടെയും മോശം പെരുമാറ്റത്തിന്റെ യും ‘കല’ ചിലയിടങ്ങളിലെങ്കിലും പഠിപ്പിക്കുന്നു എന്നത് അസ്വസ്ഥത ഉണ്ടാക്കുണ കാര്യമാണ്. പ്രാക്ടിക്കൽ ശാസ്ത്ര ക്ലാസുകളുടെ നടത്തിപ്പിൽ അശാസ്ത്രീയമായ പല രീതികളും പിന്തുടരുന്നു. പലപ്പോഴും, സിലബസ് നിർദ്ദേശിക്കുന്ന പരീക്ഷണങ്ങൾ നടത്താൻ എല്ലാ വിദ്യാർത്ഥികൾക്കും മതിയായ ഉപകരണങ്ങൾ ലഭ്യമായേക്കില്ല. ലഭ്യമാണെങ്കിലും, അവ ശരിയായി പ്രവർത്തിക്കുന്നില്ലായിരിക്കാം. ചിലപ്പോൾ, ക്ലാസ് സമയത്തിനുള്ളിൽ പ്രാക്ടിക്കൽ പൂർത്തിയാക്കാൻ അനുവദിച്ച സമയം മതിയാകില്ല. പക്ഷേ, എല്ലാ വിദ്യാർത്ഥികളും അവരുടെ പ്രായോഗിക റിക്കോർഡുകളിൽ ഈ പരീക്ഷണങ്ങളുടെ ‘ഫലങ്ങൾ’ രേഖപ്പെടുത്തേണ്ടതുണ്ട്! വാസ്തവത്തിൽ, ചില വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷണം നടത്തുന്നത്, മറ്റുള്ളവർ അവരുടെ സ്വന്തം റെക്കോർഡ് ബുക്കുകളിൽ ഫലങ്ങൾ പകർത്തുന്നു. പല അവസരങ്ങളിലും, അധ്യാപകൻ പരീക്ഷണം നടത്തുകയും വിദ്യാർത്ഥികൾ പരീക്ഷണം നടത്തിയതുപോലെ റെക്കോർഡുകൾ എഴുതുകയും ചെയ്യുന്നു! വിദ്യാർത്ഥികൾ പരീക്ഷണം നടത്തുന്ന സന്ദർഭങ്ങളിൽ പോലും, ഫലങ്ങളുടെ തിരിമറി സ്വതന്ത്രമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. ചിലപ്പോൾ നിരീക്ഷണങ്ങൾ സിദ്ധാന്തത്തോട് അടുത്ത് നിൽക്കുന്ന രീതിയിൽ മാറ്റുന്നു. നിരീക്ഷണങ്ങൾ ആത്മാർത്ഥമായും സത്യസന്ധമായും രേഖപ്പെടുത്തുന്നതിനേക്കാൾ പ്രാധാന്യം ഇതിനൊക്കെയാണെന്ന് അധ്യാപകർ തെറ്റായി കരുതുന്നു. അദ്ധ്യാപകരുടെയും അധികാരികളുടെയും ഇടയിലുള്ള ഇത്തരം മാനസികാവസ്ഥകൾ വിദ്യാർത്ഥികളുടെ മനസ്സിൽ ശാസ്ത്രത്തെ കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. അധ്യാപകരുടെ സഹായത്തോടെ വഞ്ചന, കൃത്രിമം, എന്നിവ ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കിയാൽ, അവർക്ക് ശാസ്ത്രത്തിലും ശാസ്ത്രീയ രീതികളിലുമുള്ള വിശ്വാസം നഷ്ടപ്പെടും.
സ്‌കൂളുകളിലും കോളേജുകളിലും ഈ അപലപനീയമായ സാഹചര്യത്തിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. ഈ അവസ്ഥയുടെ മുഖ്യമായ ഉത്തരവാദിത്വം സ്ഥാപനത്തിന്റെ ഭരണത്തിലുള്ളവർക്കാണ്. ഉപകരണങ്ങളും രാസവസ്തുക്കളും വാങ്ങുന്നതിനുള്ള ഫണ്ടുകളുടെ അപര്യാപ്തതയാണ് സാധാരണമായ പ്രശ്നം. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയിലെ നിസ്സംഗത, ഉപകരണങ്ങൾ നന്നാക്കാനുള്ള സൗകര്യങ്ങളുടെ അഭാവം, അപര്യാപ്തമായ സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവയും അന്യായമായ നടപടികളിലേക്ക് നയിച്ചേക്കാം. യഥാർത്ഥ അധ്യാപകർക്ക് പ്രാക്ടിക്കൽ നടത്തുന്നത് വലിയ തലവേദനയായിരിക്കും. ചില സ്ഥാപന മേധാവികൾ പ്രായോഗികതയ്ക്ക് വലിയ പ്രാധാന്യമൊന്നും നൽകില്ല, അത് സമയം പാഴാക്കലാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. പലയിടങ്ങളിലും പ്രാക്ടിക്കൽ എന്നാണ് പറയുന്നതെങ്കിലും ക്ലാസ് സിദ്ധാന്തത്തിന്റെ (theory) ആവർത്തനം തന്നെയായിരിക്കും. വിദ്യാർത്ഥികൾ ‘പ്രാക്ടിക്കൽ’ ആയി കാര്യമായിട്ടൊന്നും ചെയ്യുന്നുണ്ടാവില്ല. അധ്യാപകരുടെയും അധികാരികളുടെയും ഒത്താശയോടെയുള്ള പ്രായോഗിക പരീക്ഷകളിലെ അഴിമതിയാണ് മറ്റൊരു ദുര്യോഗം, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇത് തടയണം.
മറ്റൊരു സമീപകാല പ്രവണതയാണ് വിദ്യാലയങ്ങളുടെ വാഹക ശേഷി നോക്കാതെയുള്ള സീറ്റ് വർദ്ധന. സീറ്റ് വർദ്ധിപ്പിക്കുമ്പോൾ അധ്യാപകരുടെ എണ്ണവും സൗകര്യങ്ങളും വർദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ഉണ്ടാകാറില്ല. ഫലം അദ്ധ്യാപനത്തിന്റെ ഗുണശേഷി വീണ്ടും കുറയുന്നു. പ്രാക്ടിക്കലുകൾ വീണ്ടും പ്രശ്നത്തിലാകുന്നു.

പ്രോജക്റ്റുകൾ
തട്ടിപ്പിന്റെ മറ്റൊരു രംഗം ‘പ്രോജക്റ്റുകൾ’ ആണ്. പല സ്ഥാപനങ്ങളിലും, അവരുടെ അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി പ്രോജക്ടുകൾ നിർബന്ധമാക്കിയിട്ടുണ്ട്, വിദ്യാർത്ഥികൾ ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. പക്ഷേ, പ്രായോഗികമായി, പ്രോജക്റ്റുകൾക്ക് വേണ്ടത്ര ഗൗരവം നൽകുന്നില്ല. ചില സ്ഥാപനങ്ങളിൽ, അധ്യാപകർ പ്രോജക്റ്റ് വിശദാംശങ്ങൾ വായിച്ചു കൊടുക്കുന്നു, കൂടാതെ വിദ്യാർത്ഥികൾ നിർദ്ദേശിച്ച ഡാറ്റ ഉപയോഗിച്ച് പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ചിലപ്പോൾ, ‘പ്രേത എഴുത്തുകാരിൽ’(ghost writers) നിന്ന് നിങ്ങൾക്ക് റെഡിമെയ്ഡ് പ്രോജക്ട് റിപ്പോർട്ടുകൾ വാങ്ങാൻ കിട്ടും. ഒരു സ്ഥാപനത്തിൽ പ്രോജക്ടുകൾ ശരിയായി നടത്താൻ കഴിയുന്നില്ലെങ്കിൽ, ഇത്തരം പ്രോജക്ടുകളുടെ ആവശ്യകത അധികാരികൾ വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്. ഒരു വ്യാജ രേഖ അതിന്റെ അഭാവത്തേക്കാൾ വളരെ അപകടകരമാണ്!

വിസിൽ മുഴക്കാനും അറിയണം!
ഒരു കുറ്റകൃത്യം സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിസിലടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സമ്പ്രദായത്തിൽ നിന്നാണ് ‘വിസിൽ മുഴക്കൽ” (whistle blowing) എന്ന പദം ഉരുത്തിരിഞ്ഞത്. വിസിലിന്റെ ശബ്ദം മറ്റ് ഓഫീസർമാർക്കും പൊതുജനങ്ങൾക്കും വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകും. ശാസ്ത്രസ്ഥാപനങ്ങളിലും വിസിലടിക്കുന്ന ചിലരെ നിങ്ങൾക്ക് കാണാൻ സാധിക്കും. വിസിലടിക്കാർ ആന്തരിക വിസിലടിക്കാരോ ബാഹ്യ വിസിലടിക്കാരോ ആകാം. തങ്ങളുടെ സ്ഥാപനത്തിലെ സഹപ്രവർത്തകനോടോ മേലുദ്യോഗസ്ഥനോടോ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നവർ ആന്തരിക വിസിലടിക്കാരാണ്. എന്നാൽ, ബാഹ്യ വിസിലടിക്കാർ, മോശമായ പെരുമാറ്റം പുറത്തുള്ള വ്യക്തികളെയോ അധികാരികളെയോ അറിയിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ, വിവരങ്ങളുടെ തീവ്രതയും സ്വഭാവവും അനുസരിച്ച്, വിസിലടിക്കാർ തെറ്റായ പെരുമാറ്റം മാധ്യമങ്ങൾ, നിയമ നിർവ്വഹണ ഏജൻസികൾ, അല്ലെങ്കിൽ മറ്റ് ഏജൻസികൾ എന്നിവയിൽ റിപ്പോർട്ട് ചെയ്തേക്കാം. ഇപ്പോഴത്തെ രീതിയനുസരിച്ച് ഫേസ് ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ പലരും എഴുതുന്നതു കാണാം. പക്ഷേ, വിസിൽ മുഴക്കാൻ ആഗ്രഹിക്കുന്ന ആൾ അവന്റെ/അവളുടെ സഹപ്രവർത്തകരോ മേലുദ്യോഗസ്ഥരോ ചില നിയമങ്ങളോ ചട്ടങ്ങളോ നിയന്ത്രണങ്ങളോ ധാർമ്മികതയോ ലംഘിച്ചുവെന്ന് വിശ്വസിക്കാൻ കാരണമുണ്ടായിരിക്കണം.
മിക്ക വിസിൽബ്ലോവർമാരും നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് ധാർമ്മിക തത്വങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നു. പക്ഷേ, പലരും വിസിൽ മുഴക്കാൻ ധൈര്യപ്പെടാറില്ല. പ്രതികാരം ചെയ്യുമെന്ന ഭയവും ജോലിസ്ഥലത്തും പുറത്തുമുള്ള ബന്ധം നഷ്ടപ്പെടുമോ എന്ന ഭയവുമാണ് പ്രധാന കാരണം. എപ്പോഴും അനീതി കണ്ടാൽ മിണ്ടാതെ ഇരിക്കേണ്ട കാര്യമില്ല. പൂച്ചക്ക് ആരെങ്കിലും മണി കെട്ടിയെ പറ്റൂ. ഇത്തരം തുറന്നു പറച്ചിലുകൾ സിസ്റ്റത്തെ നന്നാക്കിയ ധാരാളം ഉദാഹരണങ്ങളുണ്ട്. പക്ഷേ, ധൈര്യവും ധാർമ്മിക നിലപാടുകളും ഉള്ളവർക്കേ വിസിൽ മുഴക്കാൻ കഴിയൂ.
വിസിൽ ബ്ലോവർമാർ സമൂഹത്തിന് ഒരു സേവനമാണ് ചെയ്യുന്നതെങ്കിലും, അവർക്കെതിരായ പീഡനം ആശങ്കാജനകമായ പ്രശ്നമാണ്. തുറന്നുകാട്ടപ്പെടുമ്പോൾ, പ്രതികാരത്തിനും ഉപദ്രവത്തിനും അവർ വിധേയരാകുന്നു. ഉദാഹരണത്തിന്, അഴിമതി, വഞ്ചന, രോഗികളോടുള്ള അനാശാസ്യം, ജോലിസ്ഥലത്തെ ലൈംഗികപീഡനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിച്ചമർത്താൻ തൽപ്പരകക്ഷികൾ ആഗ്രഹിക്കുന്നു. പൊതുതാൽപ്പര്യത്തിനു വേണ്ടി കഷ്ടപ്പെടുന്ന നിസ്വാർത്ഥവ്യക്തികളാണ് വിസിൽ ബ്ലോവർമാർ. അങ്ങിനെ ചെയ്യുന്നവർ പീഡനത്തിൽ നിന്ന് സംരക്ഷണം അർഹിക്കുന്നു. പക്ഷേ, മിക്ക സ്ഥാപനങ്ങളിലും പിരിച്ചുവിടൽ, സസ്‌പെൻഷൻ, തരംതാഴ്ത്തൽ, പ്രമോഷനുകൾ നിഷേധിക്കൽ, മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കടുത്ത മോശമായ പെരുമാറ്റം എന്നിവ വിസിൽ മുഴക്കിയതിനുള്ള ‘ശിക്ഷ’യായി ഏറ്റുവാങ്ങേണ്ടി വരുന്നു. ഇന്ത്യയിൽ, ‘വിവരാവകാശ നിയമം’ വന്നതിനു ശേഷം കുറച്ച് മാറ്റമുണ്ട്.
വിദ്യാർത്ഥികൾക്കും വിസിൽ മുഴക്കാം! അധ്യാപനത്തിലും ഗവേഷണത്തിലും മൂല്യനിർണ്ണയത്തിലും അനുചിതമായ രീതികളോ വഞ്ചനയോ കാണുമ്പോഴെല്ലാം അവർ വിസിൽ മുഴക്കാൻ ശ്രമിക്കണം. ഒറ്റുക്ക് ചെയ്യാൻ ഭയമുണ്ടെങ്കിൽ സംഘടനതലത്തിൽ ചെയ്യണം. ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ഇത് പരാജയപ്പെട്ടാൽ, പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യാം.
ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക, സത്യാനന്തര കാലമാണ്, സൂക്ഷിച്ച് ഇടപെട്ടില്ലങ്കിൽ ചിലപ്പോൾ വാദി പ്രതിയായെന്ന് വരും. ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ വ്യക്തമായ തെളിവുകളും ധാർമ്മികമായ ഒരു നിലപാടും നിങ്ങൾക്കുണ്ടായിരിക്കണം.

രചനാമോഷണം
ഒരു വ്യക്തി മറ്റൊരാളുടെ ബുദ്ധിപരമായ സൃഷ്ടികളിലെ ആശയങ്ങൾ, അഭിപ്രായങ്ങൾ, കലാരൂപങ്ങൾ, അല്ലെങ്കിൽ രചനകൾ അതേ രീതിയിലോ പരിഷ്കരിച്ച രൂപത്തിലോ അനുവാദത്തോടെയോ അല്ലാതെയോ സ്വന്തം സൃഷ്ടിയായി കൈമാറുന്നതിനെ ‘രചനാമോഷണം’ (plagiarism) എന്ന് വിളിക്കുന്നു, ‘സാഹിത്യ ചോരണം’ എന്നും പറയാറുണ്ട്. പലരും ഇതിനെ കോപ്പിയടി എന്ന് വിളിക്കുന്നുണ്ടെങ്കിലും ഇതു വെറും കോപ്പിയടിയല്ല. ‘Plagiarism’ എന്ന വാക്കിന്റെ ഉൽപ്പത്തി കാണിക്കുന്നതുപോലെ ഇത് തട്ടിക്കൊണ്ടുപോകലോ മോഷണമോ അല്ലാതെ മറ്റൊന്നുമല്ല (kidnapper എന്ന അർഥത്തിൽ Plagiarius എന്ന ലത്തീൻ പദത്തിൽ നിന്നാണ് plagiarism). വിദ്യാർത്ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും നടത്തുന്ന രചനാ മോഷണം അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ ഒരു പ്രധാന പ്രശ്നമാണ്. മറ്റുള്ളവരുടെ ആശയങ്ങളും പ്രസ്താവനകളും അംഗീകരിക്കുന്നതിൽ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരാജയം ഒരു അക്കാദമിക് കുറ്റകൃത്യമായി കാണണം. മനഃപൂർവമല്ലാത്ത ചോരണത്തിന് പലപ്പോഴും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാൽ രചനാമോഷണം എന്ന വാക്ക് വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നു! മിക്ക സന്ദർഭങ്ങളിലും, രചനാമോഷണം ആരോപിക്കാത്ത തരത്തിലുള്ള പ്രബന്ധങ്ങളും മറ്റും എങ്ങനെ എഴുതാമെന്ന് അവർക്ക് അറിയാത്തതോ ശരിയായി പഠിപ്പിക്കാത്തതോ ആകാം കാരണം.
രചനാമോഷണവും (plagiarism) ഗ്രന്ഥചോരണവും(piracy) ബന്ധപ്പെട്ടിരിക്കുന്നു, ഇവ പകർപ്പവകാശ ലംഘനത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളായി കണക്കാക്കപ്പെടുന്നു. പൈറസി പകർപ്പവകാശ ലംഘനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. എന്നാൽ രചനാമോഷണത്തിൽ, പകർപ്പവകാശ ലംഘനം എല്ലായ്പ്പോഴും ഉൾപ്പെട്ടേക്കില്ല. ഉദാഹരണത്തിന്, നിങ്ങൾ സാമ്പത്തിക നേട്ടത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ വേണ്ടി പകർപ്പവകാശമുള്ള രേഖ പുനർനിർമ്മിക്കുകയാണെങ്കിൽ, അത് ഗ്രന്ഥചോരണമാണ് (പൈറസി). എന്നാൽ, ചില ആവശ്യങ്ങൾക്കായി പൊതുസഞ്ചയത്തിൽ (പകർപ്പവകാശമില്ലാത്ത) ലഭ്യമായ ഒരു പുസ്തകമോ ലേഖനമോ പുനർനിർമ്മിക്കുകയാണെങ്കിൽ, അത് നിയമാനുസൃതമാണ്, അതിനെ പൈറസി എന്ന് വിളിക്കില്ല. അതേ സമയം, പകർപ്പവകാശമുള്ളതോ പകർപ്പവകാശമില്ലാത്തതോ ആയ ലിഖിതങ്ങൾ മുഴുവനായി അല്ലെങ്കിൽ ഭാഗികമായി മാറിയ രൂപത്തിൽ നിങ്ങളുടെ പേരിൽ സ്വന്തം സൃഷ്ടിയാണെന്ന മട്ടിൽ ഉപയോഗിച്ചാൽ, അത് രചനാമോഷണമാണ്. രചനാമോഷണവും (plagiarism) ഗ്രന്ഥചോരണവും (piracy) അനാശാസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളാണ്.
ബോധപൂർവമല്ലാത്ത രചനാ മോഷണം ഒഴിവാക്കാൻ ഭാഷാ പ്രാവീണ്യം ഒരു മുൻവ്യവസ്ഥയാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇംഗ്ലീഷിൽ ആത്മവിശ്വാസമില്ലെങ്കിൽ, നിങ്ങളുടെ സ്വന്തം വാക്കുകളിൽ എഴുതാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. അത്തരം സന്ദർഭങ്ങളിൽ, കോപ്പിയടിക്കുള്ള സാധ്യത കൂടുതലാണ്. കാലതാമസം, തയ്യാറെടുപ്പിനുള്ള മതിയായ സമയം, മോശം എഴുത്ത്, പ്രസിദ്ധീകരണങ്ങൾ നിർമ്മിക്കാനുള്ള സമ്മർദ്ദം, കോപ്പിയടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് രചനാ മോഷണം വർദ്ധിക്കുന്നതിനുള്ള മറ്റ് ചില കാരണങ്ങൾ. പക്ഷേ, മോഷണം നടത്തുന്നതിനുള്ള കാരണമായി ഇതൊന്നും പറയാൻ കഴിയില്ല! ആകസ്മിക രചനാമോഷണം അല്ലെങ്കിൽ മനഃപൂർവമല്ലാത്ത രചനാമോഷണം മനഃപൂർവമായ രചനാമോഷണം പോലെ തന്നെ അപലനീയമാണ്. എഴുത്തിൽ ഉൾപ്പെട്ടിരിക്കുന്ന ധാർമ്മികതയെക്കുറിച്ചും രചനാമോഷണത്തിന്റെ ആപത്തുകളെക്കുറിച്ചും വിദ്യാർത്ഥികളെ ബിരുദകാലത്ത് തന്നെ പഠിപ്പിക്കണം. വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഉപന്യാസങ്ങളും, മറ്റ് അസൈൻമെൻ്റുകളും പ്രോജക്ട് റിപ്പോർട്ടുകളും രചനാമോഷണം ഉൾപ്പെടാത്തവയാണെന്ന്
രചനാ മോഷണം: എത്ര തരം?
അക്കാദമിക് ലോകത്ത്, രചനാ മോഷണം പല തരത്തിൽ നടക്കുന്നു. ഉദാഹരണത്തിന്, വിദ്യാർത്ഥികൾ ഒരു അസൈൻമെന്റ്, സെമിനാർ പേപ്പർ, അല്ലെങ്കിൽ തീസിസ് എന്നിവ എഴുതുമ്പോൾ, അവർ പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും മുഴുവൻ ഖണ്ഡികകളും വാക്യങ്ങളും പകർത്തുകയും അവരുടെ സൃഷ്ടികൾക്കായി അവ ഉപയോഗിക്കുകയും ചെയ്തേക്കാം. പകർപ്പെടുക്കൽ, ആശയങ്ങൾ, ഗവേഷണ ഫലങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ ടേബിളുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, ഡിസൈനുകൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും സംയോജനം എന്നിവ രചനാ മോഷണത്തിന്റെ പരിധിയിൽ വരും. രചനാ മോഷണത്തിന്റെ വ്യാപ്തി ഒരൊറ്റ വാചകമോ അതിന്റെ ഒരു ഖണ്ഡികയോ, ഒരു ഭാഗമോ പകർത്തുന്നത് മുതൽ ഒരു മുഴുവൻ കൃതി തന്നെ സ്വന്തം കൃതിയായി പകർത്തുന്നതുവരെ വരാം. രചനാ മോഷണത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ഉദ്ധരണി അടയാളങ്ങളില്ലാതെ(“ ”) മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും വാക്യങ്ങളോ ഖണ്ഡികകളോ പകർത്തുക
- ‘കട്ട് ആൻഡ് പേസ്റ്റ്’ വഴി ഇൻ്റർനെറ്റ് ഉറവിടങ്ങളിൽ നിന്ന് പകർത്തുക
- മറ്റാരെങ്കിലും സൃഷ്‌ടിച്ചതോ ചെയ്‌തതോ ആയ ഒരു ജോലിയുടെ ക്രെഡിറ്റ് എടുക്കൽ
- കടമെടുത്ത സംഗതികളിൽ ലളിതമായ വ്യാകരണമോ പദക്രമമോ മാത്രം വരുത്തി അത് സ്വന്തം സൃഷ്ടിയായി പ്രതിനിധീകരിക്കുക.
- യഥാർത്ഥ ആശയങ്ങളുടെ അർത്ഥവും രൂപവും പുരോഗതിയും നിലനിർത്തിക്കൊണ്ട്, ചെറിയ മാറ്റങ്ങളോടെ മറ്റൊരു വ്യക്തിയുടെ സൃഷ്ടികളുടെ അപൂർണ്ണമായ പരാവർത്തനം (paraphrasing). പരാവർത്തനം അനുവദനീയമാണ്, പക്ഷേ, അത് പൂർണമായിരിക്കണം
- മറ്റുള്ളവരുടെ സൃഷ്ടികൾ സ്വന്തം സൃഷ്ടിയിലേക്ക് അനുവാദമില്ലാതെ കൂട്ടിച്ചേർക്കുന്നു
- മറ്റുള്ളവരോടുള്ള കടപ്പാട് രേഖപ്പെടുത്താതെ അവരുടെ സഹായത്തോടെ തയ്യാറാക്കിയ ഒരു ലിഖിത കൃതിയെ സ്വതന്ത്ര കൃതിയായി അവതരിപ്പിക്കൽ
- മുമ്പ് പ്രസിദ്ധീകരിച്ച നിങ്ങളുടെ കൃതികൾ (ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ) പുതുതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പുനസൃഷ്ടിക്കുക (self-plagiarism).
മനപൂർവമല്ലാത്ത രചനാമോഷണം ഒഴിവാക്കാൻ, സാങ്കേതിക രചന ഉൾപ്പെടെയുള്ള നല്ല അക്കാദമിക് രീതികൾ പരിചയപ്പെടുക, ശരിയായ ഭാഷയും ശൈലികളും ഉപയോഗിക്കുക, ശരിയായി പരാവർത്തനം ചെയ്യാൻ പഠിക്കുക, ശരിയായ പരാമർശങ്ങളും ആധാര സൂചികകളും തയ്യാറാക്കുക എന്നിവയൊക്കെ ഉൾപ്പെടുന്നു. നിങ്ങളുടെ രചനയിൽ അറിയാതെ കടന്നുകയറിയ ഭാഗങ്ങൾ കണ്ടെത്തുന്നതിനും ശരിയാക്കുന്നതിനും അനുയോജ്യമായ രചനാ മോഷണം പരിശോധിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ (Plagiarism checking software) ഉപയോഗിക്കുന്നതും നന്നായിരിക്കും.
ഉപസംഹാരം
ശാസ്ത്രഗവേഷണം പുതിയ അറിവുകൾക്കായുള്ള ഉദാത്തമായ അന്വേഷണമാണ്. അത് ബുദ്ധിപരമായ ഔന്നത്യം മാത്രമല്ല, സത്യസന്ധതയും ആവശ്യപ്പെടുന്നു. വെല്ലുവിളികളും വ്യതിചലനങ്ങളും നിറഞ്ഞ ഒരു ലോകത്ത്, ധാർമ്മികതയിലുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് യഥാർത്ഥ ശാസ്ത്രജ്ഞരെയും ഗവേഷകരെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തം എന്നീ അടിസ്ഥാനങ്ങളിൽ ശാസ്ത്രീയ ഗവേഷണം നിലകൊള്ളണം. ധാർമ്മികതയിലെ ഏതൊരു വിട്ടുവീഴ്ചയും—അത് രചനാമോക്ഷണം, ഡാറ്റാ കൃത്രിമത്വം, അനുചിതമായ പ്രബന്ധ രചന, രാഷ്ട്രീയ ഇടപെടൽ മുതലായവ—വ്യക്തിഗത വിശ്വാസ്യതയെ മാത്രമല്ല, ശാസ്ത്രീയ പുരോഗതിയുടെ അടിത്തറയെയും ദുർബലപ്പെടുത്തുന്നു. വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും ഒരുപോലെ കുറുക്കുവഴികൾ നിരസിക്കുകയും ഉയർന്ന ധാർമ്മിബോധവും സ്വന്തം തൊഴിലിന് ബാധകമായ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണം.
അധിക വായനക്ക്
- CSE [Council of Science Editors] 2025. CSE’s Recommendations for Promoting Integrity in Scientific Journal Publications, Editorial Policy Committee, Council of Science Editors, Mullica Hill, New Jersy, 93p. Available: >>>
- Thomas, C. G. 2021. Research Methodology and Scientific Writing (2nd ed.). Springer Nature & Ane Books, New Delhi, International Edition, 620p.
- Tiwari, P.N., Raman, T.S., and Gosh, S.K. (eds.) 1990. Scientific Values and Excellence in Science. Proceedings of a seminar held at the Indian National Science Academy, New Delhi (18 April 1989), Society for Scientific values, New Delhi, 52p.