[dropcap]പ[/dropcap]ന്തുകൾ, റാക്കെറ്റുകൾ,കളിസ്ഥലത്തിന്റെ പ്രതലം, ജാവലിൻ, പോൾ വാൾട്ടിന് ഉപയോഗിക്കുന്ന കഴ (പോൾ) തുടങ്ങി നാനാതരം ഉപകരണങ്ങളിലും വന്നിട്ടുള്ള മാറ്റം അത്ഭുതാവഹമാണ്. ഈ മാറ്റങ്ങൾ കായിക രംഗത്ത് റെക്കോർഡുകൾ വലിയ അളവിൽ മെച്ചപ്പെടുത്തുകയുമുണ്ടായി.ജീവിതത്തിന്റെ സർവ മേഖലകളിലും ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇന്ന് വലിയ സ്വാധീനം ചെലുതുന്നുണ്ടല്ലോ. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ഉദ്ഘാടനം മുതൽ സമാപനച്ചങ്ങുവരെ ശാസ്ത്രസാങ്കേതിക വിദ്യയുടെ കയ്യൊപ്പ് പതിഞ്ഞതായി നാം കണ്ടു. കായിരംഗത്ത് ആധുനിക സാങ്കേതികവിദ്യ വഹിക്കുന്ന പങ്കിനെപ്പറ്റി വായിക്കൂ…
1912 മുതലാണ് ലോകറെക്കോർഡുകൾ എഴുതി സൂക്ഷിക്കാൻ ആരംഭിച്ചത്; അതും പുരുഷന്മാരുടെത് മാത്രം. പ്രസ്തുത വർഷം പോൾ വാൾട്ടിന് പുരുഷന്മാരുടെ ലോക റെക്കോർഡ് നാല് മീറ്റർ നാല് സെന്റിമീറ്റർ മാത്രമായിരുന്നു. എന്നാൽ ഇത്, സാങ്കേതിക വിദ്യയുടെ വളർച്ചയെ തുടർന്ന് 1994 ൽ ആറു മീറ്റർ പതിനാലു സെന്റിമീറ്റർ ആയി. 2014 ൽ രണ്ട് സെന്റിമീറ്റർ കൂടി വർധിച്ചു. ഇന്ന് ലോക റെക്കോർഡ് ആറു മീറ്റർ പതിനാറു സെന്റിമീറ്റർ. ഈ വളർച്ചയുടെ പ്രധാന കാരണം പോളിൽ വന്ന മാറ്റമാണ്. 1912ൽ ചാടാൻ ഉപയോഗിച്ചത് മുളയുടെ കഴയായിരുന്നു. തുടർന്ന് ഭാരം കുറഞ്ഞ ലോഹ പോളിലും, ഇപ്പോൾ ഫൈബർ പോളിലും എത്തിനിൽക്കുന്നു. ഫൈബർ പോൾ നിർമിക്കുന്നത് പ്രധാനമായും ഫൈബർ ഗ്ലാസും കാർബൺ ഫൈബറും ഉപയോഗിച്ചാണ്. ഉരുകിയ ഗ്ലാസ്സിനെ ചെറു സുഷിരങ്ങളിൽക്കൂടി കടത്തിവിട്ടാണ് ഫൈബർ ഗ്ലാസ് നിർമിക്കുന്നത് .കാർബൺ ഫൈബറാകട്ടെ പോളി അക്രിലോനൈട്രിലിന്റെ (polyacrilonitrile) പൈറോളിസിസ് വഴിയും.
കുറച്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ ഫുട്ബാളിന്റെ പുറന്തോട് തുകൽ നിർമിതമായിരുന്നു. എന്നുവച്ചാൽ മഴയത്ത് കളിക്കാൻ പറ്റില്ല. പന്ത് ചീത്തയാകുമെന്നു മാത്രമല്ല ഭാരം വർധിക്കുന്നതിനാൽ കളിക്കാനുമാവില്ല! എന്നാൽ അഞ്ചുവർഷം മുമ്പ് ദക്ഷിണാഫ്രിക്കയിൽ വച്ചുനടന്ന ലോകകപ്പ് മത്സരം പലതും മഴയത്തായിരുന്നു. അവർ ഉപയോഗിച്ചത് എതുകാലാവസ്ഥയിലും ഉപയോഗിക്കാവുന്ന പന്തായിരുന്നു (All weather football). ഇത് നിർമിക്കുന്നത് പോളിയൂറിതെൻ (Polyurethane) രാസവസ്തുകൊണ്ടാണ്. മഴയും വെയിലും മഞ്ഞുമൊന്നും ഇതിനു ഒരു പ്രശ്നമേയല്ല. എതുകാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒന്നായിരിക്കുന്നു ഇന്ന് ഫുട്ബോൾ !
[box type=”note” align=”” class=”” width=””]ഇത്തരത്തില്‍ അനേകം ആധുനിക സാങ്കേതികവിദ്യകളാണ് വിവിധ കായികരംഗങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. ഗോള്‍ലൈന്‍ സാങ്കേതികവിദ്യ, എല്‍ ഇഡി ക്രിക്കറ്റ് സ്റ്റമ്പുകള്‍, ബാഡ്മിന്റണിലെ ലൈന്‍ കോള്‍ സാങ്കേതികവിദ്യ തുടങ്ങി ഉദാഹരണങ്ങള്‍ നിരവധിയാണ്. ശാസ്ത്രസാങ്കേതിക രംഗത്തിന്റെ പുരോഗതിയനുസരിച്ച് കായികരംഗവും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.[/box]